ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അച്യുത് എ രാജീവ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരു കരിയിലയില്‍
എരിഞ്ഞടങ്ങുമായിരുന്ന
അഗ്‌നിനാളമാണ്
കാറ്റിന്റെ തുടര്‍ച്ചയായ
പീഡകളില്‍ ഭ്രാന്തെടുത്ത്
കാടാകെ ചുട്ടെരിച്ച
കാട്ടുതീ.
ഇരുണ്ട നിറത്തിന്റെ പേരില്‍
പരിഹസിക്കപ്പെട്ട
മേഘങ്ങളുടെ കണ്ണീര് കണ്ട്
ലോകത്തോടുള്ള
ആകാശത്തിന്റെ
പരുഷമായ വിരട്ടലാണ്
ഇടിമിന്നല്‍.
കരയെ ഇനിമേല്‍
തൊട്ടുപോകരുതെന്ന്
ചൊല്ലി
മുന്നില്‍ നിരന്നുനിന്ന
കരിങ്കല്‍കൂട്ടങ്ങളെ
മറികടന്നുള്ള
കടലിന്റെ ആലിംഗനമാണ്
കടല്‍കയറ്റം.
ഭൂമിയുടെ വസ്ത്രമായ
പച്ചക്കാടുകളെ
ബലമായുരിഞ്ഞ
ധാര്‍ഷ്ട്യത്തോടുള്ള
രോഷത്താല്‍ വിറയാര്‍ന്ന
പ്രതികരണമാണ്
ഭൂമികുലുക്കം.
നാടെങ്ങും നടമാടുന്ന
ഹിംസകളില്‍
അരിശംപൂണ്ട്
കാറ്റ് കെട്ടിയാടിയ
സംഹാരരൂപിയായ
തെയ്യക്കോലമാണ്
ചുഴലിക്കാറ്റ്.
പുഴയ്ക്ക്
കൂടുതല്‍ പ്രിയമാരെയെന്ന
ഇരുകരകളുടെ
നിലയ്ക്കാത്ത തര്‍ക്കം കണ്ട്
രണ്ട് വശത്തേക്കും
പുഴ ഒഴുകി പരന്നതിന്റെ
പേരാണ് പ്രളയം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...