ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അഭില എ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അരുതുകളുടെ വേലിക്കെട്ടുകളിലെ
അതിരില്ലായ്മ നുകര്‍ന്നപ്പോള്‍
സാക്ഷിയായ് പടര്‍ന്നു പന്തലിച്ച
കൈതപ്പൂവ് കണ്‍ചിമ്മിച്ചിരിച്ചു.
കലങ്ങി മറിഞ്ഞ തോട്ടുവെള്ളമന്നേരം
അപ്രിയമായതെന്തോയൊളിപ്പിച്ച്
പോക്കുവെയിലിനോടൊപ്പം
വഴിയോരക്കാഴ്ച കാണാനിറങ്ങി.
കാട്ടു പൊന്തകള്‍ക്കിടയിലൂടെ
എങ്ങോട്ടെന്നറിയാതൊഴുകുന്ന
ഒരൊറ്റയടിപ്പാതയപ്പോള്‍
ചോദ്യ ചിഹ്നമായ് നിന്ന് വിയര്‍ത്തു.
പായലുറഞ്ഞ ഉരുളന്‍ കല്ലുകള്‍
വഴുക്കലുകളുടെ പാനപാത്രവുമായ്
സാരോപദേശ കഥകള്‍ നുരഞ്ഞ
വീര്യം വിളമ്പിയതപ്പോഴായിരുന്നു.
അരുമയായ മാനത്തു കണ്ണി
കണ്ണുപൊത്തിക്കളിയുടെ
നിഗൂഢതയിലേയ്ക്കൂളിയിട്ടത്
നഗ്‌നസത്യങ്ങള്‍ തേടിയായിരുന്നു.
അവശതയുടെ അന്ത്യയാമങ്ങളില്‍
ചോരതുപ്പിച്ചുവന്ന മാനമപ്പോള്‍
ഇരുളെന്ന മഹാമൗനം കനക്കുന്ന
കരിന്‍പടത്തില്‍ മയങ്ങുകയായിരുന്നു.
നിതാന്തതയുടെ നേര്‍ത്ത സംഗീതമായ്
ചീവീടുകള്‍ കുരവയിടമ്പോള്‍
മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടവുമായ്
കൂമന്‍മാര്‍ വേട്ടയ്ക്കിറങ്ങിയിരുന്നു.
പുലരിയുടെ വെള്ളി വെളിച്ചത്തില്‍
തെളിഞ്ഞൊഴുകണമൊരിക്കല്‍ മാത്രം
നല്ലനാളെതന്നുണര്‍ത്തുപാട്ടായ്
അരുതുകളുടെ വേലിക്കപ്പുറത്തേയ്ക്ക്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...