ബോംബിന്  കാവല്‍!

By Chilla Lit Space  |  First Published Jul 26, 2021, 8:13 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വിനോദ് ആനന്ദ് എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

'ഭൂമിയും ആകാശവും പുഴകളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അനവധി ജീവജാലങ്ങളും ചേര്‍ന്നതാണീ പ്രപഞ്ചം. പുഴകള്‍ക്ക് പറയാന്‍ എന്തോരം കഥകളുണ്ടാകും. കടല്‍ വിസ്മയം. ആകാശം പ്രപഞ്ചത്തിന്റെ മേല്‍ക്കൂര. പുലരിയും അസ്തമയവും പ്രതീക്ഷ' 

സീനിയര്‍ അക്കൗണ്ടന്റ് ഭാസ്‌കര വാദ്ധാ്യരുടെ വലിയ അറിവുകള്‍ക്ക് മുന്നില്‍ വണങ്ങിക്കൊണ്ട് ഞാന്‍ ബാങ്കില്‍ നിന്നിറങ്ങി എടിഎമ്മിന് മുന്നിലേക്ക് നടന്നു.

ഭദ്രന്‍ പിള്ളയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. കഴിഞ്ഞ മാസം എനിക്കായിരുന്നു എടിഎമ്മിന് മുന്നിലെ രാത്രി കാവല്‍. ഓരോ മാസവും പിള്ളയും ഞാനും മാറി മാറി വരും. ജോലിക്ക് കയറിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും കഴിഞ്ഞ മാസം മുതലാണ് എന്നെ രാത്രി കാവലിന് ഏര്‍പ്പാടാക്കിയത്. അതിന് മുമ്പ് പഴയൊരു മിലിട്ടറിക്കാരനും ഭദ്രന്‍ പിള്ളയുമായിരുന്നു ആ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. 

ഭദ്രന്‍ പിള്ള പഴയ ആളാണ്. രാത്രി ഡ്യൂട്ടിയിലായിരുന്ന മിലിട്ടറിക്കാരനെ ഒന്നൊന്നര മണിയായപ്പോള്‍ ഒരുത്തന്‍ വന്ന് കമ്പിപ്പാരയ്ക്ക് അടിച്ച് വീഴ്ത്തി. അടികൊണ്ട് മിലിട്ടറി ബോധം കെട്ടു വീണു. മെഷ്യന്‍ തകര്‍ക്കാനുള്ള ശ്രമം പാരാജയപ്പെട്ടതിനെ തുടര്‍ന്ന് പണമെടുക്കാനാവാതെ മോഷ്ടാവ് മടങ്ങി. അതീപ്പിന്നെ മിലിട്ടറി ജോലിയുപേക്ഷിച്ചു. 

മിലിട്ടറിക്ക് പകരമായാണ് ഞാന്‍ രാത്രി ജോലി ചെയ്ത് തുടങ്ങിയത്. ഇരുപത് കൊല്ലം പ്രവാസിയായി ജീവിച്ചിരുന്നപ്പോഴോ അതിന് ശേഷമോ സെക്യൂരിറ്റിയാകാനുള്ള യാതൊരു യോഗ്യതയും നേടിയിട്ടില്ലെങ്കിലും പ്രാരബ്ധങ്ങള്‍ ബുദ്ധിമുട്ടിച്ചപ്പോള്‍ അങ്ങനെയും ഒരു യോഗ്യത നേടിയെടുത്തു. 

'സ്ഥലം ഇത്തിരി പെശകാ അണ്ണാ, സൂക്ഷിച്ചൊക്കെ നിന്നോണം' എന്ന് ഭാസ്‌കര വാദ്ധാ്യര് കൂടെക്കൂടെ ഓര്‍മിപ്പിക്കും. വാചക കസര്‍ത്തും പരിജ്ഞാനവും കൊണ്ടാണ് സീനിയര്‍ കാഷ്യര്‍ കെ. ഭാസ്‌കരനെ വാദ്ധാ്യരെന്ന് വിളിക്കുന്നത്. ആള് വടക്കനാണ്. ട്രാന്‍ഫര്‍ ആയി തിരുവനന്തപുരത്ത് എത്തിപ്പെട്ടശേഷം കുടുംബവുമൊത്ത് ഇവിടെ സ്ഥിര താമസം തുടങ്ങി. 


പകല്‍ എടിഎമ്മിന് മുന്നില്‍ തിരക്കോട് തിരക്കാണ്. അതാലോചിക്കുമ്പോള്‍ അല്പസ്വല്പം റിസ്‌ക്കാണേലും രാത്രി ഡ്യൂട്ടിയാണ് നല്ലതെന്ന് തോന്നും. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോള്‍ മകള്‍ റിസള്‍ട്ട് വന്ന വിവരം വിളിച്ച് പറഞ്ഞു. പ്ലസ് ടുവിന് റാങ്കുണ്ടെന്നറിഞ്ഞ സന്തോഷത്തില്‍ ജംഗ്ഷനിലെ കടയില്‍ പോയി മധുരം വാങ്ങി ബാങ്കിലെല്ലാവര്‍ക്കെല്ലാം കൊടുത്തു. ജോലി കഴിഞ്ഞിറങ്ങി, കിട്ടിയ ബസില്‍ കയറി മ്യൂസിയം ജംഗ്ഷന്‍ ചെന്നിറങ്ങി. അവിടെ നിന്ന് ഭദ്രന്‍ പിള്ളയുടെ വീട്ടിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. 

ഞാന്‍ ചെല്ലുമ്പോള്‍ പിള്ള ഉണര്‍ന്ന് കട്ടന്‍ ചായ കുടിക്കയായിരുന്നു. എന്നെ കണ്ട് പിള്ളയുടെ മകന്‍ ഒരു കസേരയെടുത്ത് മുറ്റത്തേക്കിട്ടു. പിള്ളയുടെ ഭാര്യ വിഷാദം കലര്‍ന്ന നേര്‍ത്ത ചിരിയോടെ എനിക്ക് കട്ടന്‍ ചായയുമായി വന്നു. ഞാന്‍ സന്തോഷ വര്‍ത്തമാനമറിയിച്ച് എല്ലാവര്‍ക്കും മധുരം വെച്ച് നീട്ടി. പിള്ളയും മകനും കഴിച്ചു. 'അവള്‍ക്ക് കഴിക്കാന്‍ പാടില്ല' പിള്ളയുടെ ഉറക്കച്ചടവുള്ള ശബ്ദത്തില്‍ അവര്‍ അനുഭവിക്കുന്ന എല്ലാ വേദനകളുമുണ്ടായിരുന്നു. 

'ഇവനിലാണ് പ്രതീക്ഷ' അല്പ സമയത്തെ മൗനത്തിന് ശേഷം മകനെ നോക്കി പിള്ള പറഞ്ഞു. 

'വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് ഇന്നത്തെക്കാലത്ത് വല്ല കാര്യമുണ്ടോ? ജോലി കിട്ടാന്‍ തലവിധി വേണം' ഞാന്‍ ആ പയ്യനോട് പേര് ചോദിച്ചു. 'വിവേക്' അവന്‍ പറഞ്ഞു. ശാന്തതയും വിനയവുമായിരുന്നു അവന്റെ മുഖത്തിനെപ്പോഴും. 

പോകാനിറങ്ങുന്നേരം പിള്ള അല്പദൂരം നടന്നു വന്നു. 'ഭാര്യയുടെ  വയറ്റിലെ ട്യൂമര്‍ നീക്കാന്‍ എത്രയും പെട്ടന്ന് ഓപ്പറേഷന്‍ നടത്തണമെടോ. തന്റെ കയ്യില്‍ നിന്ന് വാങ്ങിയ അന്‍പതിനായിരമുണ്ടായിരുന്നത് ഇന്നലെ ഹോസ്പിറ്റലില്‍ പോയപ്പോള്‍ തീര്‍ന്നു 'അയാള്‍ വിതുമ്പി. ഞാന്‍ സമാധാനിപ്പിച്ച് നടന്നകലുമ്പോള്‍ അയാള്‍ മകന്‍ കാണാതെ കണ്ണീരൊപ്പി. 

നാളെ മുതല്‍ വീണ്ടും രാത്രി ജോലിയാണ്.എടിഎം കൗണ്ടറിന് മുന്നില്‍ ആകെയുള്ളത് ഗുണശേഖരന്‍ മുതലാളിയുടെ സുഭാഷ് റെസ്റ്റോറന്റും പിന്നെ അതോട് ചേര്‍ന്നുള്ള അയാളുടെ സഹോദരന്റെ പലചരക്ക് കടയുമാണ്. രാത്രി പത്ത് മണിയാകുമ്പോള്‍ രണ്ടിനും പൂട്ട് വീഴും. പിന്നെ അവിടെയെങ്ങും ഒരു പോസ്റ്റ് വെട്ടം പോലുമുണ്ടാകില്ല. 

രാത്രിജോലി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മകള്‍ക്ക് ഉന്നത പഠനത്തിനായുള്ള ഇന്റര്‍വ്യൂ കാര്‍ഡ് കയ്യില്‍ കിട്ടിയത്. നാളെ രാവിലെ ഒന്‍പത് മണിക്ക് കൊല്ലത്ത് വെച്ചാണ് ഇന്റര്‍വ്യൂ. ഒപ്പം പോകാതെ നിവൃത്തിയില്ല. വെളുപ്പിന് തമ്പാനൂരില്‍ നിന്ന് ഒരു സൂപ്പര്‍ ഫാസ്റ്റുണ്ട്. അപ്പോള്‍ തന്നെ ഭദ്രന്‍ പിള്ളയെയും പ്യൂണ്‍ രവിയെയും വിളിച്ച് കാര്യം പറഞ്ഞു. ഇടയ്ക്ക്,ആര്‍ക്കെങ്കിലും ഒരു ദിവസം അവധിയോ സമയ മാറ്റമോ വേണ്ടി വന്നാല്‍ രവിയോടൊത്ത് കൂടിയാലോചിച്ച് മാറ്റം വരുത്തും. 'ഡ്യൂട്ടി ഈസ് കമ്മിറ്റ്‌മെന്റ് റ്റു ടു ദ റെസ്‌പോന്‍സിബിലിറ്റി' എന്നാണ് ഭാസ്‌കര വാദ്ധ്യാര്‍ പറയാറ്. 

ഒരാലോചനയും കൂടാതെ ഭദ്രന്‍ പിള്ള രാത്രി ജോലിക്ക് പോകാമെന്നേറ്റു. വിദേശത്ത് നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ, മകളുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ബാങ്കില്‍ ഇട്ടിരുന്ന പണം അടുത്ത മാസം കാലാവധി തികയ്ക്കുമ്പോള്‍ ഓപ്പറേഷന്‍ ആവശ്യത്തിന് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് പിള്ളയുടെ കണ്ണുകള്‍ നിറഞ്ഞു. 

രാവിലെ ഏഴ് മണിയോടെ കൊല്ലത്തെത്തിയ ഞങ്ങള്‍ പത്ത് മണിയോടെ ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങിയുടന്‍ മറ്റൊരു സൂപ്പര്‍ ഫാസ്റ്റില്‍ കയറി തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. ബസിലിരിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രാവശ്യം രവി വിളിച്ചത് ബസിന്റെ ഒച്ചയില്‍ കേള്‍ക്കാനായില്ല. തമ്പാനൂരിറങ്ങി തിരികെ വിളിച്ച് വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. 

'പാതിരാത്രി എടിഎമ്മില്‍ വീണ്ടും കവര്‍ച്ചാ ശ്രമം..തലക്കടിയേറ്റ് വീണ ഭദ്രന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' 

ഷോക്കേറ്റതുപോലെ കുറേ നേരം റോഡരുകില്‍ ചലനമറ്റു നിന്ന ശേഷം മകളെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിട്ട്, ആദ്യം ബാങ്കിലേക്കും പിന്നെ ഭദ്രന്‍ പിള്ളയെ അഡ്മിറ്റാക്കിയ ഹോസ്പിറ്റലിലേക്കും ചെന്നു. ഹോസ്പിറ്റലില്‍ പിള്ളയുടെ മകനും ചില ബന്ധുക്കളുമുണ്ടായിരുന്നു. 'ഭാഗ്യമുള്ളത് കൊണ്ട് മാത്രം പരിക്കുകളൊന്നും ഗുരുതരമല്ല' പരിചയമുള്ള പിള്ളയുടെ ഒരു ബന്ധു അടുത്ത് വന്നു പറഞ്ഞു. 

'1942ല്‍ ജര്‍മ്മന്‍ എഞ്ചിനീയര്‍ വാള്‍ട്ടര്‍ ബ്രഞ്ച് ആണ് ഈ സിസിടിവി കണ്ടു പിടിച്ചത് ' സിസിടിവിയുടെ ഉത്ഭവത്തേയും ക്യാമറ തകര്‍ക്കപ്പെട്ടതിനേയും പറ്റി ഭാസ്‌കര വാദ്ധ്യാര്‍  വാതോരാതെ സംസാരിക്കുമ്പോഴാണ് ഞാന്‍ ചെന്ന് കയറിയത്. 

ശക്തമായ പിടി വലി നടന്നിട്ടുണ്ടെന്ന് രവി പറഞ്ഞു. 'ക്യാമറ ആദ്യമേ തകര്‍ത്തു. അടി കൊണ്ട് ചോര ഒലിച്ചിട്ടും പിള്ള പിടി വിട്ടില്ല. അവസാനം കണ്ണില്‍ മുളക്‌പൊടി വാരിയിട്ട് കടന്നു കളഞ്ഞു. ഏതായാലും നിങ്ങള്‍ക്ക് കിട്ടേണ്ട പണിയായിരുന്നു ഭായ് ഇത് ' ഞാന്‍ ഒരുതരം മരവിപ്പോടെ എല്ലാം കേട്ടു നിന്നു. ഭദ്രന്‍ പിള്ളയ്ക്ക് സുഖമാകുന്നത് വരെ ഞാന്‍ തന്നെ രാത്രി ജോലി തുടരണമെന്നതായിരുന്നു അപ്പോള്‍ എന്നെ അലട്ടിയ പ്രധാന പ്രശ്‌നം. അതുവരെയില്ലായിരുന്ന ഒരു ഭയവുമായി ഞാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് പതിയെ ചുവടുകള്‍ വെച്ചു.

ബാക്കിയുള്ള പകലില്‍ ഉറക്കം പിടി തരാതെ മാറി നിന്നു. സാധാരണ രാത്രി ജോലി കഴിഞ്ഞ് വന്നാല്‍ ഈ നേരമാകുമ്പോഴേക്കും കൂര്‍ക്കം വലിച്ചുറങ്ങിയിട്ടുണ്ടാകും. മകളേയും കൊണ്ട് അതിരാവിലെ യാത്ര പോകാനുള്ള കാര്യമോര്‍ത്ത് തലേന്ന് രാത്രിയിലും ഉറക്കം ശരിയായിരുന്നില്ല. അടുക്കളയില്‍ ഭാര്യ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്. മകള്‍ യാത്ര കഴിഞ്ഞ് വന്ന ക്ഷീണത്തില്‍ സെറ്റിയിലിരുന്ന് മയങ്ങുന്നു. 

'ഭദ്രന്‍ പിള്ളയുടെ പരിചയം കൊണ്ട് മാത്രം മോഷ്ടാവിനെ കീഴടക്കാനായി' അടുക്കളയില്‍ ചെന്ന് കുടിക്കാന്‍ വെള്ളമെടുത്തപ്പോള്‍ ഭാര്യയോട് പറഞ്ഞു. ഭാര്യ ഒന്നും മിണ്ടിയില്ല. 'ഞാനായിരുന്നെങ്കില്‍ നിശ്ചയമായും മോഷ്ടാവ് പണവുമായി മടങ്ങുമായിരുന്നു.'

ശ്രദ്ധ മാറിയതുകൊണ്ടാകാം കൈ തട്ടി അവളുടെ കയ്യിലിരുന്ന ചില്ല് പാത്രം താഴെ വീണുടഞ്ഞു. തുടര്‍ന്നും അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നി ഞാന്‍ കിടക്കയില്‍ പോയിരുന്നു. ഇരുന്ന് മടുത്തപ്പോള്‍ വീണ്ടും കിടന്നു. തിരിഞ്ഞും മറിഞ്ഞും ചിന്തകള്‍ക്കിടയിലൂടെ ഇഴഞ്ഞ് നീങ്ങുന്നതിനിടയില്‍ പിന്നീടെപ്പോഴോ ബോധം മറഞ്ഞു. ഉറക്കം നല്ലൊരു ഔഷധമെന്ന് പറയുന്നത് എത്രയോ ശരിയാണ്. നന്നായി ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പിരിമുറുക്കങ്ങള്‍ തനിയെ അഴിഞ്ഞു. 

വൈകുന്നേരം സുഭാഷില്‍ കയറി കുടിച്ച ചായയുടെ കാശ് വാങ്ങി മേശയിലിടുമ്പോള്‍ ഗുണശേഖരന്‍ മുതലാളി എന്നെ തറച്ചൊന്ന് നോക്കി. 'തനിക്കും അടവുകള്‍ വല്ലതും അറിയാമോടോ?' മെലിഞ്ഞ ശരീര പ്രകൃതമുള്ള എന്റെ ദേഹത്തേക്ക് നോക്കി ഊറി ചിരിച്ചുകൊണ്ടായിരുന്നു ഗുണശേഖരനത് പറഞ്ഞത്. ഞാന്‍ മുഖത്ത് ചെറിയൊരു ചിരി വരുത്തി തല കുലുക്കി. 'ഭദ്രന്‍ പിള്ളയ്ക്ക് നല്ല പരിചയമുണ്ട്. ഇലയനങ്ങിയാലറിയും. അങ്ങേര് ഡ്യൂട്ടില് ഉണ്ടേല്‍ ഞങ്ങള്‍ക്കുമൊരു സമാധാനമാണ് ' ഗുണശേഖരന്‍ അത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഞാന്‍ റോഡിനപ്പുറം കടന്നിരുന്നു. 

കാര്‍ഡിട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മാത്രം പണം നല്‍കുമെന്നുരുവിട്ടുകൊണ്ട്  തലയെടുപ്പോടെ നില്‍ക്കുകയാണ് അവിടെ ചെറിയ മുറിക്കുള്ളില്‍ ആ യന്ത്രം. ഞാന്‍ പോയി കസേരയിലിരുന്നു. പുരുഷന്മാരും സ്ത്രീകളുമടക്കം ആറേഴ് പേര്‍ അതിനകം പണമെടുത്ത് മടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ സുഭാഷില്‍ രാത്രി ഭക്ഷണക്കാരുടെ തിരക്ക് വര്‍ദ്ധിച്ചു. റോഡിലൂടെ തുരുതുരെ പോവുകയായിരുന്ന വാഹനങ്ങളില്‍ ചിലത് ജംഗ്ഷനിലെത്തി തിരിഞ്ഞ് ഇടത്തേക്കും വലത്തേക്കും വീതം വെച്ച് പോയി. പരിചയമുള്ളവരില്‍ ചിലര്‍ അടുത്ത് വന്ന് ഭദ്രന്‍ പിള്ളയുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തി കടന്ന് പോയി. ബാങ്കിനരികെ സിസിടിവിയും മറ്റും സജ്ജീകരിച്ചിരിക്കുന്ന  ഒരു ചെറിയ മുറിയുണ്ട്. അവിടെ ടീവി സ്‌ക്രീനില്‍ എടിഎമ്മും ബാങ്ക് പരിസരവും മാറിമാറി തെളിയുകയും റിക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. രാത്രി അവിടെ പോയിരുന്നാണ് ഭക്ഷണം കഴിക്കാറ്. ഇടക്കെപ്പോഴോ രവി വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പതിവുപോലെ പത്ത് മണിയായപ്പോള്‍ സുഭാഷിലെ ലൈറ്റുകള്‍ അണഞ്ഞു. 'ആശാനേ..ഒരു കണ്ണ് വേണേ' ഷട്ടറിട്ട് കാറിലേക്ക് കയറും മുന്‍പ് ഗുണശേഖരന്‍  ഓര്‍മ്മപ്പെടുത്തി.

ഒരുത്തന്‍ വന്ന് കാര്‍ഡുകള്‍ മാറിമാറിയിട്ട് പണമെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടിപ്പോള്‍ നേരം കുറേയായി. 'ഇതെന്താ ഇതേല്‍ പണമില്ലാഞ്ഞിട്ടാണോ അതോ കാര്‍ഡ് വര്‍ക്കാകാഞ്ഞിട്ടാണോ?' ഊരിപ്പോകാന്‍ തുടങ്ങിയ പാന്റ് മുകളിലേക്ക് വലിച്ച് കയറ്റിക്കൊണ്ട്  ടിയാന്‍ അന്വേഷിച്ചു. ഞാന്‍ വീണ്ടും ശ്രമിപ്പോള്‍ സ്‌ക്രീനില്‍ 'പ്ലീസ് ചെക്ക് യുവര്‍ പിന്‍ നമ്പര്‍' എന്ന സന്ദേശം തെളിഞ്ഞു.  

'അങ്ങനെ വരാന്‍ വഴിയില്ലല്ലോ' എന്നായി അയാള്‍. നാളെ പകല്‍ വന്ന് ഒരിക്കല്‍ക്കൂടി ശ്രമിച്ചിട്ട് നടന്നില്ലേല്‍ ബാങ്കില്‍ പരാതിപ്പെട്ടാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പെട്ടെന്ന് ചൂടായി. 'അതുവരെ ആവശ്യമുള്ള പണം തന്റെ തന്ത കൊണ്ട് തരുമോടോ?..' നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ക്ഷമയോടെ സംസാരിക്കാന്‍ ശ്രമിച്ചു.  അത്യാവശ്യമെങ്കില്‍ ജംഗ്ഷനിലെ എടിഎമ്മില്‍ പോയി ശ്രമിച്ചു നോക്കാന്‍ പറഞ്ഞ് ഞാന്‍ മാറി നിന്നു. 'അതിന് എനിക്ക് തന്റെ ഉപദേശമൊന്നും വേണ്ട' അയാള്‍ ദേഷ്യത്തോടെ പുലമ്പിക്കൊണ്ട് പിന്നെ ജംഗ്ഷനിലേക്ക് നടന്നു പോയി. 

ഇത്രയൊക്കെ മോശമായി അയാള്‍ പെരുമാറിയിട്ടും  ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കാന്‍ പോലുമായില്ല, മോശം. എന്നെ ഈ പണിക്ക് കൊള്ളില്ലെന്ന് വീണ്ടും പറഞ്ഞുകൊണ്ട് ഞാന്‍ അയാളുടെ പരാതി റിക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തി വെച്ചു. 

പെട്ടെന്ന് ഒരാംബുലന്‍സ് റോഡിനെ കീറിമുറിച്ചുകൊണ്ട് പാഞ്ഞ് പോയി. തൊട്ട് പിറകെ അതേവേഗതയില്‍ ഒരു പോലീസ് ജീപ്പ്. റോഡിലേക്കിറങ്ങി നോക്കിയപ്പോള്‍ ജംഗ്ഷനില്‍ നിര്‍ത്തിയ ജീപ്പിന് ചുറ്റും ചെറിയൊരാള്‍ക്കൂട്ടം കണ്ടു. ഉറങ്ങുന്ന തെരുവിനെ ഉണര്‍ത്തിക്കൊണ്ട്  ഇടയ്ക്കിടെ റോഡിലൂടെ പിന്നെയും വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. 

ഞാന്‍ ഇരുപത് വര്‍ഷക്കാലത്തെ പ്രവാസജീവിതത്തെപ്പറ്റി ആലോചിച്ച് സമയം കളഞ്ഞു. രാത്രിയെന്നോ പകലെന്നോയില്ലാതെ ഏതു നിമിഷവും വന്നേക്കാവുന്ന ആര്‍ബാബിന്റെ വിളി കാതോര്‍ത്ത്, മുഷിഞ്ഞ സോക്‌സിന്റെ ഗന്ധം ശ്വസിച്ച്, മൂട്ടയും കുറയും അടവെച്ചിരുന്ന മുറികളില്‍ വിങ്ങലടക്കി കഴിഞ്ഞിരുന്ന നാളുകള്‍. വിവാഹവും മകളുടെ ജനനവും തുടങ്ങി ഇന്നലെ മകളോടൊത്ത് യാത്ര ചെയ്തത് വരെ ഒരു പുസ്തകത്തിന്റെ ഇടത്താളുകള്‍ പരതി വായിക്കും പോലെ ഓര്‍ത്തെടുത്ത്, മടക്കി വെച്ചു.

ഭദ്രന്‍ പിള്ളയെ ഡിസ്ചാര്‍ജ്ജ് ചെയ്ത വിവരം രവി പറഞ്ഞാണറിഞ്ഞത്. തകര്‍ന്ന  ക്യാമറ നന്നാക്കാന്‍ ആള് വന്ന കാരണം ഒരു മണിക്കൂര്‍ വൈകിയാണ് ബാങ്കില്‍ നിന്നിറങ്ങിയത്. തിരികെ പോണ വഴി ഭദ്രന്‍പിള്ളയെ ചെന്ന് കണ്ടു. പിള്ളയ്ക്ക് തലയിലൊരു കെട്ടുണ്ട്. 'പിടി വീഴ്ത്തും മുന്‍പേ അവന്‍ പിറകീന്നടിച്ച് വീഴ്ത്തി. വേദന കൊണ്ട് ഒച്ച ഉയര്‍ന്നപ്പോള്‍ ഓടിയൊളിച്ചു' ഭദ്രന്‍ പിള്ള അന്നത്തെ സംഭവം വിവരിച്ചു. 'ഗതികെട്ടവന് പിന്നെയും ഗതികേട് എന്ന് പറയില്ലേ. ഇപ്പോള്‍ അതാണ് എന്റെ അവസ്ഥ. ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും' 

അയാളെ സമാധാനിപ്പിക്കുകയല്ലാതെ എനിക്ക് വേറെ നിര്‍വ്വാഹമില്ലായിരുന്നു. വിഷയം മാറ്റാന്‍ ഞാന്‍ വിവേകിനെ തിരക്കിയപ്പോള്‍ അയാളുടെ മുഖം വിടര്‍ന്നു. 'സത്യം പറയാലോ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി മടുത്തിട്ടാകും കുറച്ച് ദിവസങ്ങളായി അവനിപ്പോള്‍ എന്തോ പണിക്ക് പോകുന്നുണ്ട്. ചെറുപ്പക്കാരല്ലേ നാണക്കേടുപേക്ഷിച്ചിറങ്ങിയാല്‍ ഇപ്പോള്‍ നല്ല കാശ് കിട്ടും' മകന്റെ ആത്മാര്‍ത്ഥതയില്‍ പിള്ള അഭിമാനം കൊണ്ടു. 

ഓപ്പറേഷന് നല്‍കാമെന്നേറ്റ തുക രണ്ട് ദിവസത്തിനകം റെഡിയാകുമെന്നറിയിച്ചപ്പോള്‍ പിള്ള ചാരുകസേരയിലിരുന്ന് നന്ദിയോടെ തൊഴുതു. 'എടോ..പിന്നെയൊരു കാര്യം, താന്‍ ഡ്യൂട്ടിയില്‍ വളരെ സൂക്ഷിക്കണം. ബോംബിന് കാവല്‍ നില്‍ക്കുന്ന ജാഗ്രതയോടെ വേണം രാത്രി ജോലിക്ക് നില്‍ക്കാന്‍' ഇറങ്ങാന്‍ നേരം പിള്ള ആത്മാര്‍ത്ഥതയോടെ ഉപദേശിച്ചത് ശരിക്കും ഉള്ളില്‍ തൊട്ടുവെന്ന് മനസ്സിലായത് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ്. പിള്ള പറഞ്ഞ ബോംബായിരുന്നു മനസ്സില്‍. സൂക്ഷിച്ചില്ലെങ്കില്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന പണബോംബ്.

കസര്‍ത്ത് തുടങ്ങണമെന്ന് കുറച്ച് നാളായി ആലോചിച്ച് തുടങ്ങിയിട്ട്. തുടക്കം ഇന്നാകട്ടെയെന്ന് കരുതി എണീറ്റുടന്‍ ചില വ്യായാമ മുറകള്‍ പരീക്ഷിച്ചു. പറമ്പിന് ചുറ്റും രണ്ട് മൂന്ന് റൗണ്ട് നടക്കുകയും ഓടുകയും ചെയ്തു. ആകെയൊരു ഉണര്‍വ്വ് തോന്നി. പ്രോത്സാഹനമാണ് മാറ്റത്തിലേക്കുള്ള മരുന്നെന്ന് മകള്‍ വാക്കുകളിലൂടെ ഓര്‍മ്മപ്പെടുത്തിയത് ഞാന്‍ അക്ഷരംപ്രതി ശരി വെച്ചു. 

തലേ ദിവസം പണമെടുക്കാനാകാതെ മടങ്ങിപ്പോയ ആള്‍ അന്ന് രാത്രിയും വന്ന് ശ്രമം തുടര്‍ന്നു. പണം ലഭിക്കാതായപ്പോള്‍ തലേദിവസത്തേക്കാള്‍ മോശമായി സംസാരം തുടങ്ങി. 'താനൊക്കെ എന്തിനാണെടോ ഇതിന് മുന്നില്‍ വന്ന് കാവല്‍ നില്‍ക്കണത്? വെറുതെ ഒരുപയോഗവുമില്ലാതെ. തനിക്കെവിടെയെങ്കിലും പോയിക്കെടന്നുറങ്ങാന്‍ പാടില്ലേ?' എനിക്ക് ദേഷ്യം ഇരച്ച് കയറി. ഞാന്‍ ഒരാളലോടെ അയാളുടെ മടിക്കുത്തില്‍ ചുറ്റിപ്പിടിച്ചു. 'പിടി വിട് സാറേ..'എന്നായി പിന്നീടയാള്‍. അയാള്‍ പിടി വിടുവിക്കാന്‍ ശ്രമിക്കുന്തോറും ഞാന്‍ മുറുക്കിക്കൊണ്ടിരുന്നു. 

രാവിലെ ബാങ്ക് തുറന്നപ്പോള്‍ പണമെടുപ്പിച്ച്, എടിഎമ്മിന് പുതിയ പിന്‍ നമ്പറിനായി അപേക്ഷയും സമര്‍പ്പിച്ച ശേഷമാണ് ഞാന്‍ അയാളെ പോകാന്‍ അനുവദിച്ചത്. കാവല്‍ ജോലിയില്‍ ആദ്യമായി സംതൃപ്തി തോന്നിയ നിമിഷമായിരുന്നു അത്.
 
മകള്‍ക്ക് തുടര്‍ പഠനത്തിനുള്ള അഡ്മിഷന്‍ ശരിയായി. ദിവസവും കൊല്ലത്ത് പോയി വരികയോ ഹോസ്റ്റലില്‍ നില്‍ക്കുകയോ വേണം. പോയി വരുന്നതായിരുന്നു മകള്‍ക്കിഷ്ടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് എപ്പോഴും ട്രെയിനും ബസുമുള്ളതുകൊണ്ട് അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ഭദ്രന്‍പിള്ളക്ക് കൊടുക്കാമെന്നേറ്റ പണം ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തതിന്റെ പിറ്റേന്ന് തന്നെ ഓപ്പറേഷനുള്ള ഡേറ്റ് കിട്ടിയെന്ന് ഭദ്രന്‍പിള്ള വിളിച്ച് പറഞ്ഞു. ഒരു നേര്‍ത്ത നിശ്വാസം പോലെ അയാളുടെ വാക്കുകളില്‍ പ്രതീക്ഷയുടെ കടലിരുമ്പുന്നത് എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു. 


പതിവ് പോലെ അന്നും സുഭാഷില്‍ രാത്രി ഭക്ഷണം കഴിക്കുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു. ജംഗ്ഷനില്‍ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നതുകൊണ്ട് രുചിയറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വരുന്നവരാണ് മിക്കവരും. ഒന്നോ രണ്ടോ പേര്‍ പണമെടുത്ത് മടങ്ങിപ്പോയി. ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോള്‍ സുഭാഷിന് മുന്നില്‍ ഇരുട്ട് പരന്നിരുന്നു. ആ ദിവസം നഗരം പെട്ടെന്നങ്ങ് നിദ്ര പൂണ്ടത് പോലെ. ചെറിയൊരു മഴക്കോളുണ്ട്. കാറ്റിന് ശക്തിയേറിയതോടെ നേരത്തേ പറഞ്ഞുറപ്പിച്ച പോലെ തെരുവ് വിളക്കുകള്‍ കെട്ടു. സൈറണ്‍ മുഴക്കിപ്പായുന്ന ഫയര്‍ എഞ്ചിന്‍ ശബ്ദം കേള്‍ക്കാം.  

സുഭാഷിന് മുന്നില്‍ സ്‌കൂട്ടര്‍ വെച്ച്, ഹെല്‍മെറ്റും മഴക്കോട്ടും ധരിച്ച് ഓടിക്കയറിയ ആളുടെ മുഖം വ്യക്തമായിരുന്നില്ല. പണമെടുത്തുകൊണ്ടിരുന്നപ്പോള്‍ ഒന്ന് രണ്ട് പ്രാവശ്യം അയാള്‍ എന്നെ തിരിഞ്ഞ് നോക്കി, ഞാന്‍ അയാളെയും. എവിടെയോ നായ്ക്കള്‍ ഓരിയിട്ടു. ആയിരമോ രണ്ടായിരമോ എടുത്ത ശേഷം  മടങ്ങി ചെന്ന് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, അയാള്‍ വീണ്ടും തിരികെ വന്നു. 'ഒരു സ്പാനര്‍ കിട്ടുമോ?' പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. ഇല്ലെന്ന് പറയാന്‍ മനസനുവദിച്ചില്ല. ഞാന്‍ സിസിടിവി മുറി തുറന്ന് സ്പാനര്‍ തിരഞ്ഞു. പിറകില്‍ നിന്ന് തലയിലേക്ക് പതിക്കാന്‍ പാഞ്ഞടുത്ത നിഴലിനെ സകല ശക്തിയുമെടുത്ത് തടയുമ്പോള്‍ വെപ്രാളം കൊണ്ട് നിലവിളിച്ചുപോയി. 

അലറിക്കൊണ്ട് അയാള്‍ എന്റെ നേര്‍ക്ക് വീണ്ടും പാഞ്ഞടുത്ത് മരക്കഷ്ണം ചുഴറ്റിയ ശേഷം സിസിറ്റിവി ഇരിക്കുന്ന മുറിയിലേക്ക് ഓടിക്കയറി ക്യാമറകളുടെ പ്രവര്‍ത്തനം വിഛേദിക്കാന്‍ ശ്രമം നടത്തി. അയാളെ പിടിച്ച് വലിച്ച് പുറത്തേക്കിട്ടപ്പോള്‍ ടോര്‍ച്ചും മൊബൈലും എവിടേക്കോ തെറിച്ച് വീണു. ഏതോ ആക്ഷന്‍ സിനിമയിലെ ശബ്ദമില്ലാത്ത അടിപിടി രംഗം പോലെ നിഴലുകള്‍ മല്‍പ്പിടുത്തം നിശബ്ദം കോറിയിട്ടു. എന്റെ ഒരു പ്രഹരം കൈയ്യില്‍ പതിച്ച് അയാളുടെ കയ്യിലെ മരക്കഷ്ണം തെറിച്ച് ദൂരേക്ക് വീണു. അടുത്ത പ്രഹരം കാലുകളില്‍. കൈകള്‍ കൊണ്ട് വായുവിലൂടെ ആഞ്ഞാഞ്ഞ് വീശിയ്യപ്പോള്‍ ഞാന്‍ കാല്‍ കൊണ്ട് തട്ടിയിട്ട്, പിറകിലൂടെ പിടി വീഴ്ത്തി കൈകള്‍ വരിഞ്ഞ് മുറുക്കി. നിലത്ത് കിടന്ന മണലില്‍ മറിച്ചിട്ട്, ഹെല്‍മെറ്റ് വലിച്ചൂരി ശ്വാസം മുട്ടിച്ചു. ഉറച്ച ശരീരമില്ലാത്തതിനാല്‍ അയാളെ വലിച്ചിഴച്ച് വെട്ടത്തേക്ക് കൊണ്ടുപോകാന്‍ എളുപ്പമായിരുന്നു. 

നിവരാന്‍ കൂട്ടാക്കാതെ കമിഴ്ന്ന് തന്നെ കിടക്കുകയായിരുന്നു അയാള്‍. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോള്‍ ശ്വാസഗതി വേഗത്തിലായി. അതി നിശ്ശബ്ദതതയില്‍ ഇപ്പോള്‍ എന്റേയും അയാളുടേയും നെഞ്ചിന്റെ പിടച്ചില്‍ ശബ്ദം മാത്രം.

'അങ്കിള്‍..' വിറയാര്‍ന്ന ശബ്ദത്തില്‍ കാലില്‍ വീണ് കരയുന്ന ഭദ്രന്‍ പിള്ളയുടെ മകന്റെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ അമ്പരന്നു. 

എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമങ്ങളും അടുത്തിടെ ജംഗ്ഷനില്‍ നടന്ന പിടിച്ച് പറി സംഭവങ്ങളുമൊക്കെ മിന്നല്‍ വേഗത്തില്‍ എന്റെ മനസ്സിലൂടെ പാഞ്ഞു പോയി. അവന്റെ മൊബൈലില്‍ തുടരെ വിളിച്ചുകൊണ്ടിരുന്നത് ഭദ്രന്‍ പിള്ളയാണെന്നറിഞ്ഞപ്പോള്‍ അവനെ ചുറ്റി വരിഞ്ഞിരുന്ന എന്റെ കൈകള്‍ അറിയാതെ  അയഞ്ഞു. 

'മോനേ നീ എവിടെയാടാ?' മുറിവിലേക്ക് പടരുന്ന നീറ്റല്‍ പോലെ ആ ശബ്ദം സ്പീക്കര്‍ ഫോണിലൂടെ അവന്‍ എന്നിലേക്കെത്തിച്ചു. ഫോണ്‍ വച്ചശേഷം എന്റെ അനുവാദമില്ലാതെ തന്നെ വന്യമൃഗത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു ചെറു ജീവിയെപ്പോലെ കിതച്ചുകൊണ്ടോടി, സ്‌കൂട്ടര്‍  സ്റ്റാര്‍ട്ടാക്കി അവന്‍ വേഗത്തില്‍ പായുന്നതാണ് കണ്ടത്. എനിക്ക് തല പെരുത്തു. വെള്ളമെടുത്ത് മുഖം കഴുകി. കുറച്ച് കുടിച്ചു. സിസിടിവി മുറി പൂട്ടി താക്കോലെടുത്ത് തിരികെ എടിഎമ്മിന് മുന്നില്‍ വന്നു. മഴയും കാറ്റും പാതി തോര്‍ന്നു. റിക്കോര്‍ഡ് ബുക്കെടുത്ത് മടിയില്‍ വെച്ച് ഏറെ നേരം ചിന്തിച്ചിരുന്നു. പിന്നെ മടക്കി വെച്ചു. രാവിലെ രവി വന്ന് റിക്കോര്‍ഡ് ബുക്ക് പരിശോധിച്ച് കൈപ്പറ്റിയ ശേഷം വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് രാത്രിയിലും മഴയും ചെറിയ കാറ്റുമുണ്ടായി. സുഭാഷില്‍ തിരക്ക് തീരെ കുറവായിരുന്നു. ആംബുലന്‍സും ഫയര്‍ ഇഞ്ചിനും ചീറിപ്പായാതെ, ആരെയും ഇന്നാവഴി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടില്‍ റോഡിലാകെ മഴവെള്ളം വീണ് കിടന്നു. കഴിഞ്ഞ കുറെ മണിക്കൂറുകളായി പണമെടുക്കാനായി ആരും ആ വഴി വന്നില്ല. പണത്തിനായി ആരും നെട്ടോട്ടമോടാത്ത ഒരു രാത്രിയാണ് കഴിഞ്ഞ് പോയതെന്ന് എനിക്ക് തോന്നി. 

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ ആരോ ഫോണ്‍ ചെയ്തു. 'കൊല്ലത്തേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. നിങ്ങളുടെ കുട്ടിക്ക് സാരമായ പരിക്കുണ്ട് ' എനിക്ക് കൈകാലുകളനങ്ങിയില്ല. ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോഡിലൂടെ പോയവര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടു. ഒരു ഓട്ടോയില്‍ കയറി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയപ്പോള്‍ മകള്‍ മയങ്ങി കിടക്കുകയായിരുന്നു. കൈകാലുകള്‍ക്ക് പരിക്കുണ്ട്. നിരവധിപേര്‍ ചുറ്റും പരിക്കേറ്റ് കിടക്കുന്നു. 'രക്തം നല്‍കാനായി ആരെങ്കിലും വന്നിട്ടുണ്ടോ? ' ഒരു സിസ്റ്റര്‍ ഓടിവന്ന് ചോദിച്ചു. ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ച് തിരിയുമ്പോള്‍ തന്നെ ആരോ അറിയിച്ചപ്രകാരം രക്തം നല്‍കാന്‍ സന്നദ്ധരായി ചില ചെറുപ്പക്കാര്‍ ഓടിയെത്തി. 

അക്കൂട്ടത്തില്‍ വിവേകിനെക്കണ്ട് ഞാന്‍ പെട്ടെന്ന് പിന്നോട്ടാഞ്ഞു. അവന്‍ എന്റെ അടുക്കലേക്ക് ഓടി വന്നു 'അയ്യോ അങ്കിളെന്താ ഇവിടെ?' ഞാന്‍ മറുപടിക്കായി പരതുമ്പോള്‍  സിസ്റ്റര്‍ വന്ന് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. 'കുട്ടിക്ക് ചെറിയ പരിക്കുകളേയുള്ളൂ. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകാം ' ഉച്ചയോടെ ഡോക്ടര്‍ വന്ന് അത്രയും പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്.

ദിവസങ്ങള്‍ക്കിപ്പോള്‍ ദൈര്‍ഘ്യം വളരെ കുറഞ്ഞിരിക്കുന്നു. ആഴ്ചകളും മാസങ്ങളും വേഗത്തില്‍ കടന്നുപോയി. മകള്‍ വീണ്ടും കോളേജില്‍ പോയിത്തുടങ്ങി. മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ്  ഭദ്രന്‍പിള്ള പിന്നെ ജോലിക്ക് വന്നത്. വന്നപ്പോള്‍ തന്നെ അയാള്‍ എന്നെ ഒരു പൊതി ഏല്‍പ്പിച്ചു 'തന്നോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. സഹായിക്കാന്‍ തന്നെപ്പോലെ ചിലരുള്ളതുകൊണ്ട് എല്ലാം നന്നായി നടന്നു' അയാള്‍ വളരെയേറെ സന്തോഷവനായി കാണപ്പെട്ടു. 

ഞാന്‍ പിള്ളയോട് മകനെക്കുറിച്ച് അന്വേഷിച്ചു.'എന്റെ മുഖത്ത് താന്‍ കണ്ട സന്തോഷം അതുകൊണ്ട് കൂടിയാണെടോ. അവന്‍ വിദേശത്ത് ജോലി കിട്ടി പോയിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു. അവന്റെ ആദ്യ ശമ്പളമാണ് തന്റെ കയ്യിലിരിക്കുന്നത്. ഇനി എല്ലാ കടങ്ങളും അവന്‍ വീട്ടുമെന്നാണ് പ്രതീക്ഷ. എങ്കിലും..ആരോരുമില്ലാതെ എന്റെ കുഞ്ഞ് ആ മരുഭൂമിയില്‍...ങ്ഹാ, എല്ലാം വിധി..' 

അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വിധി, അങ്ങനെ കരുതാനാണ് അപ്പോള്‍ ഞാനും ആഗ്രഹിച്ചത്. 

നിര്‍വീര്യമാക്കപ്പെടാത്ത ബോംബുകളെ ഉള്ളറകളില്‍ ഒളിപ്പിച്ച് കാവല്‍ നില്‍ക്കാന്‍ പണ്ടേക്ക് പണ്ടേ  പ്രാപ്തനായിരുന്നുവെന്ന് ഞാനപ്പോള്‍ വീണ്ടും ഓര്‍മ്മിച്ചു.

click me!