ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശൈലജ വര്‍മ്മ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ആകാശത്തിന്റെ പ്രശാന്ത സുന്ദരമായ നീല നിറം പതുക്കെപ്പതുക്കെ മാറി കറുത്തിരുണ്ടു. വെള്ളപഞ്ഞിക്കെട്ടുകളായി ഓടി നടന്നു കളിച്ചിരുന്ന വെണ്‍ മേഘങ്ങള്‍ പേടിച്ച് എവിടെയോ പോയൊളിച്ചു.
ചെറിയ ജനാലയിലൂടെ മുറിക്കകത്തേയ്ക്ക് ഇഴഞ്ഞു വന്നിരുന്നു ഇത്തിരി വെട്ടം. ആ കുടുസ്സു മുറിയില്‍ നിഴലുംവെട്ടവും ഇഴപിണഞ്ഞു കിടന്നിരുന്നു. കുഞ്ഞിളം മനസ്സില്‍ ഭയം ഒരു പാമ്പായി ഇഴഞ്ഞിഴഞ്ഞു കയറി. 'അയ്യോ'..... എന്ന് വിളിച്ചവള്‍ കാലു ശക്തിയായികുടഞ്ഞു. എന്നിട്ട് തറയിലിരുന്ന് മുഖം കാല്‍മുട്ടിലമര്‍ത്തി ഏങ്ങലടിച്ചു കരഞ്ഞു.
ഇന്ന് തിങ്കളാഴ്ച്ച. അമ്മ പണിക്കു പോകുമ്പോള്‍ പിന്നേം അവള്‍ ഒറ്റയ്ക്കാകും. സ്വന്തം അച്ഛനെപ്പോലെ അമ്മ ആശ്രയിക്കുന്ന, വിശ്വസിക്കുന്ന അപ്പുറത്തെ വീട്ടിലെ അപ്പൂപ്പന്‍ വരും. അവളുടെ ഓണ്‍ലൈന്‍ ക്ലാസ്സിനു അപ്പൂപ്പന്റെ ഫോണ്‍ ഉപയോഗിക്കാമെന്ന്, അപ്പൂപ്പന്‍ സൗമ്യനായി അമ്മയോടു പറയുന്നത് കേട്ടപ്പോള്‍ വളരെ സന്തോഷിച്ചു. പഠിത്തം മുടങ്ങില്ലല്ലൊ.
പടം പൊഴിക്കാറായ പാമ്പിനെപ്പോലെ ഒതുങ്ങി, തക്കം പാര്‍ത്തിരിക്കുന്ന പിശാചാണു ആ വയസ്സന്‍ എന്ന് അവളോ അമ്മയോ വിചാരിച്ചില്ല. ചാരുകസേരയില്‍ ചാഞ്ഞുകിടക്കുകയായിരുന്നു അപ്പോള്‍ അപ്പൂപ്പന്‍.
ഉഗ്രവിഷം മനസ്സില്‍ കൊണ്ടുനടക്കുന്ന അപ്പൂപ്പനെപ്പറ്റി ഓര്‍ത്തപ്പോള്‍ പത്തി വിടര്‍ത്തി ആഞ്ഞുകൊത്താന്‍ നില്‍ക്കുന്ന പാമ്പിനെ മുന്നില്‍ കണ്ടാലെന്ന പോലെ അവള്‍ വിറച്ചു, മുഖം ഭയം കൊണ്ട് വിളറി വെളുത്തു.
പേടിച്ച് ചുറ്റും നോക്കി അവള്‍ തന്റെ നിറം മങ്ങിയ ഇറക്കം കുറഞ്ഞ ചുവന്ന ഫ്രോക്ക് രണ്ടു കൈകൊണ്ടും താഴേയ്ക്ക് വലിച്ചു വലിച്ചിട്ടുകൊണ്ടേയിരുന്നു.
അമ്മ പോയിക്കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക് എത്തുമ്പോള്‍ അപ്പൂപ്പന്റെ ഭാവം മാറും. മയങ്ങിയിരുന്നിരുന്ന കണ്ണുകള്‍ തുറിക്കും. പാമ്പു നാവ് നീട്ടുന്നതു പോലെ നാവ് നീട്ടി വക്രിച്ചൊരു ചിരിയുണ്ട്. പിന്നെ...
ഓര്‍ത്തപ്പോഴേ അവളുടെ മെല്ലിച്ച ശരീരം തണുത്ത് മരവിച്ച് ജഡീകരിക്കുന്ന സ്ഥിതിയിലായി.
തുളസി പെട്ടെന്നു തന്നെ മുറിയിലുണ്ടായിരുന്ന പഴകി ദ്രവിച്ചു തുടങ്ങിയ കയറ്റുകട്ടിലിന്റെ അടിയിലേയ്ക്ക്ചുരുണ്ടു. അമ്മയുടെ പഴയൊരു സാരിയെടുത്ത് തലവഴി മൂടി ശ്വാസം പിടിച്ചു കിടന്നു.
അപ്പോഴതാ... വാതില്‍ തുറക്കുന്ന കര കര ശബ്ദം... അത് അവള്‍ക്ക് പാമ്പിന്റെ ശീല്‍ക്കാരം പോലെ തോന്നിച്ചു. ആഞ്ഞു കൊത്തുന്നതിനു മുമ്പ് ഇരയെ നിര്‍വ്വീര്യമാക്കുന്നത്. അവള്‍ കണ്ണിറുക്കിയടച്ചു. ചെവി രണ്ടു കൈത്തലംകൊണ്ടും മൂടി. ശ്വാസം പിടിച്ച്.. അനങ്ങാതെ... ചത്തപോലെ....
പാമ്പിന്റെ ചെതുമ്പലുകള്‍ പോലെ വരണ്ട് ചൊറിഞ്ഞ് സൂക്കേടു പിടിച്ച രണ്ട് കാല്‍പ്പാദങ്ങള്‍ അതാ. ഒരു കണ്ണുപകുതി തുറന്ന് നോക്കിയിട്ട് പെട്ടെന്നടച്ചു. ഒരു നിമിഷം.
ശബ്ദമൊന്നും കേള്‍ക്കുന്നില്ല. കണ്ണു മുഴുവന്‍ തുറക്കാനുള്ള ധൈര്യമില്ലാതെ, അവള്‍ വീണ്ടും ഒരു കണ്ണു അല്‍പ്പംതുറന്ന് ഓട്ടക്കണ്ണിട്ടു നോക്കി.
ഇല്ല, പോയിട്ടില്ല, അപ്പൂപ്പന്‍ അവിടെത്തന്നെ നില്‍ക്കുകയാണു. പുറത്തു പോകാത്ത ശ്വാസം നെഞ്ചില്‍ കുടുങ്ങിക്കിടന്നു. അപ്പൂപ്പന്‍ മുറിയിലെ ജനാല ശബ്ദമുണ്ടാക്കാതെ അടയ്ക്കുന്നതു കണ്ട് അവള്‍ ഒന്നുകൂടിചുരുണ്ടു.
ജനാലയുടെ മുകളില്‍ ഒരു പല്ലി ചത്തതു പോലെയിരിക്കുന്നതു കണ്ടതും തവിട്ടു നിറത്തിലുള്ളൊരു പ്രാണിജനാലയുടെ മുകളിലുള്ള ബള്‍ബിനടുത്തു വന്നിരുന്നതും ഒരുമിച്ചായിരുന്നു. കിഴവന്‍ അപ്പൂപ്പന്‍ പല്ലിയെപ്പോലെ തരം പാര്‍ത്തിരുന്ന് ഇരയെ ആക്രമിക്കുന്നു.
ആ കാലിലെ നരച്ചു ചുരുണ്ടു കെട്ടുപിണഞ്ഞു കിടക്കുന്ന, ചെവിപ്പാമ്പിനെപ്പോലെയുള്ള രോമങ്ങള്‍. ഒരു മാതിരി രൂക്ഷഗന്ധം മൂക്കിലടിച്ചു. അവള്‍ക്ക് ഓക്കാനം വന്നു. വായ രണ്ടു കൈ കൊണ്ടും പൊത്തി ശബ്ദം പുറത്തുവരാതിരിക്കാനവള്‍ പാടുപെട്ടു. തുളസി കണ്ണുകള്‍ ഇറുക്കിയടച്ച്, ശ്വാസം വിടാതെ മിണ്ടാതെ അനങ്ങാതെകിടന്നു.