ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അയാള്‍ അഭിമുഖം കഴിഞ്ഞ് മുറിയുടെ പുറത്തേയ്ക്കിറങ്ങി. മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുന്നു. മനസ്സില്‍ ശരിയെന്നു കരുതിയിരുന്ന പല മാനദണ്ഡങ്ങളും മാറ്റേണ്ടിയിരിക്കുന്നു.
പത്രപ്രവര്‍ത്തനം ജീവിതമാര്‍ഗ്ഗം എന്നതില്‍ കൂടുതല്‍ ഒരു അഭിനിവേശമായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിനാക്കം കൂട്ടി അതിശക്തമായി മനസ്സില്‍ പടര്‍ന്നിറങ്ങിയ ആശയങ്ങള്‍ക്ക് രൂപകല്പന നല്‍കി പത്രത്താളുകളില്‍ അവയ്ക്ക് ജീവന്‍ പകരാമെന്നായിരുന്നു സങ്കല്പിച്ചിരുന്നത്. പക്ഷേ, ഒന്നിനും കുറുക്കുവഴികള്‍ ഇല്ലെന്ന് പെട്ടെന്ന് തന്നെ ബോദ്ധ്യമായി.
അങ്ങനെയാണ് സാധാരണ ന്യൂസ് റിപ്പോര്‍ട്ടിലുപരിയായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. പ്രശസ്തരായവരുടെ അഭിമുഖമായിരുന്നു അതിനായി കണ്ടെത്തിയ വഴി. അതും അത്ര എളുപ്പമല്ലെന്ന് വളരെ താമസിയാതെ മനസ്സിലായി. പ്രശസ്തി വര്‍ദ്ധിക്കുന്തോറും സമയം കുറയുമെന്നുള്ള തത്വം സത്യമാണെന്നുള്ള തിരിച്ചറിവുണ്ടായി.
പ്രശസ്തരുടെ സമയത്തിന്റെ വില വലുതാണ്. ആദ്യം പറഞ്ഞുറപ്പിച്ച രണ്ട് അഭിമുഖങ്ങളും പാളിപ്പോയി. പറഞ്ഞ സമയത്ത് അയാള്‍ എത്തിച്ചേര്‍ന്നെങ്കിലും അവര്‍ക്ക് അത്യാവശ്യമായി വേറെ ചില പരിപാടികള്‍ അവസാന നിമിഷത്തില്‍ വന്നു കയറിയതിനാല്‍ അയാളെ ഒഴിവാക്കേണ്ടിവന്നു. എതിര്‍ക്കാന്‍ കഴിയാതെ അവിടെ നിന്നും ഇറങ്ങി വരേണ്ടി വന്നു.
പിന്നീട് വളരെയധികം കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഒരു അവസരമായിരുന്നു ചന്ദ്രസേനന്‍ സാറുമായുള്ള അഭിമുഖം. പ്രസിദ്ധന്‍, യാത്രാകുതുകി, എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ അനന്യസാധാരണമായി മാറിയിരുന്നു. പറഞ്ഞറിഞ്ഞ് ഒരു പുസ്തകം വാങ്ങി വായിച്ചുനോക്കി. അഭൂതപൂര്‍വ്വമായ ഒരു അനുഭൂതിയായി മാറി അത്. അങ്ങനെയാണ് അദ്ദേഹവുമായി ഒരഭിമുഖം നടത്തണമെന്ന ആഗ്രഹം മുളച്ചത്.
വിചാരിച്ചതിലും എളുപ്പത്തില്‍ സാറിനെ കണ്ടുമുട്ടാനുള്ള തിയതി കിട്ടി. തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു വഴിത്തിരിവായി അയാള്‍ അതിനെ കരുതി.
അയാള്‍ ചന്ദ്രസേനന്‍ സാറിനെ കാണുവാനായി അദ്ദേഹത്തിന്റെ മുറിയില്‍ കയറി. മനസ്സ് നിറഞ്ഞ് ആരാധിക്കുന്ന ഒരു എഴുത്തുകാരനെ ആദ്യമായി നേരിട്ട് കാണുകയാണ്. അദ്ദേഹം സഞ്ജയനോട് ഇരിക്കുവാന്‍ പറഞ്ഞു. പക്ഷേ, ഇരിക്കുന്നതിന് മുന്‍പ് അയാള്‍ അദ്ദേഹത്തിന്റെ കാലുകള്‍ തൊട്ട് വന്ദിച്ചു. മൂത്തവരെ ബഹുമാനിയ്ക്കുക എന്നത് കൊച്ചിലെ തന്നെ പഠിച്ചതാണ്.
തുടക്കത്തിലെ പരിചയപ്പെടലിനു ശേഷം ചോദ്യോത്തരവേളയിലേയ്ക്ക് കടക്കാമെന്ന് ചന്ദ്രസേനന്‍ അയാളോട് പറഞ്ഞു. അയാള്‍ ചോദ്യങ്ങള്‍ എഴുതികൊണ്ടു വന്ന കടലാസ് പുറത്തെടുത്തു.
''വിശ്വാസം - അതാണ് ഇയാളുടെ പ്രധാന വിഷയം. അല്ലേ?'' സഞ്ജയന് തന്റെ ആദ്യത്തെ ചോദ്യം ചോദിയ്ക്കാന്‍ സാധിക്കുന്നതിന് മുന്‍പേ സാറ് ആരംഭിച്ചു.
അയാള്‍ക്ക് അത്ഭുതമായി. തന്റെ വിശ്വാസങ്ങളെ പറ്റിയുള്ള വിശ്വാസം ഇദ്ദേഹത്തിന് എങ്ങനെ മനസ്സിലായി?
''താന്‍ എഴുതിയ ലേഖനം ഞാന്‍ വായിക്കുകയുണ്ടായി. നന്നായിരുന്നു. അതുകൊണ്ടാണ് തന്നെ കാണാമെന്ന് ഞാനും തീരുമാനിച്ചത്.'' അയാളുടെ മുഖത്ത് വിടര്‍ന്ന ഭാവവ്യത്യാസം കണ്ടിട്ടാവണം സാറ് അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ കാരണം വ്യക്തമാക്കിയത്.
അദ്ദേഹം തന്റെ ലേഖനം വായിച്ചു എന്ന് കേട്ടപ്പോള്‍ സഞ്ജയന്റെ മനസ്സ് കുളിര്‍ത്തു. ''അതേ സാര്‍. എന്താണ് വിശ്വസിക്കേണ്ടത് എന്ന് പലപ്പോഴും പലര്‍ക്കും സംശയം ഉണ്ടാവുന്ന കാര്യമാണ്. പത്രങ്ങളില്‍ ഒരു ദിവസം വായിക്കുന്ന വാര്‍ത്ത പിറ്റേന്ന് അവര്‍ തന്നെ തിരുത്തിപ്പറയുന്നത് കാണാറില്ലേ. എഴുതുന്നവര്‍ക്ക് ഒരു ചളിപ്പും ഇല്ലെങ്കിലും വായിക്കുന്നവര്‍ക്ക് ഒരു കുഴച്ചില്‍ അനുഭവപ്പെടില്ലേ?''
''പത്രത്തില്‍ വായിക്കുന്നത് അതിന്റെ വായനാമൂല്യത്തില്‍ എടുത്താല്‍ പോരെ? അവരവര്‍ക്ക് സത്യമെന്ന് അനുഭവപ്പെടുന്നത് വിശ്വസിച്ചാല്‍ മതിയല്ലോ.''
''സത്യമെന്ന് ബോദ്ധ്യപ്പെടാന്‍ അത് അനുഭവിച്ചറിയേണ്ടി വരില്ലേ?''
''കേട്ടറിവ്, കണ്ടറിവ്, അനുഭവിച്ചറിവ്, ഈ മൂന്നു തരത്തിലും നമുക്ക് അറിവുകള്‍ ലഭ്യമാകുമല്ലോ. മരണമെന്നുള്ളത് ഒരു സത്യമല്ലേ. അത് നമുക്ക് കണ്ടും കേട്ടും മനസ്സിലാക്കാവുന്നതല്ലേയുള്ളു. അനുഭവിച്ചറിയണമെന്ന് നിര്‍ബ്ബന്ധമില്ലല്ലോ, എന്താ?''
അത് ശരിയാണെന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
സാറ് തുടര്‍ന്നു. ''മറ്റുള്ളവര്‍ പറഞ്ഞ് കേട്ടുള്ള അറിവ് സത്യമല്ലായെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. അനുഭവസ്ഥര്‍ പറയുന്നതിനെ വിശകലനം ചെയ്ത് അതില്‍ നിന്നും സത്യത്തെ കണ്ടുപിടിക്കുന്നതിനുള്ള കഴിവ് സഞ്ജയനുണ്ടെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. ആ കഴിവ് ഉപയോഗിക്കാതിരിക്കുന്നതാണ് വിവരമില്ലായ്മയായി മാറുന്നത്. കേട്ടറിവും വിശ്വസിക്കാമെന്ന് അപ്പോള്‍ മനസ്സിലാകും.''
താന്‍ വിചാരിക്കുന്നതാണ് ശരി എന്ന് തോന്നിയിരുന്ന കാലമായിരുന്നു. അയാള്‍ തന്റേതായ വിശ്വാസങ്ങളില്‍ അടിപതറാതെ നിന്നു. ബാല്യകാലത്ത് രാവിലെ കുളിച്ച് വീടിനടുത്തുള്ള ശിവക്ഷേത്രത്തില്‍ മുടങ്ങാതെ പോയിരുന്നതാണ്. പിന്നീടെപ്പോഴൊ അതില്‍ വിശ്വാസമില്ലാതായി.
വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും അമ്മയേയും കൊണ്ട് അമ്പലങ്ങളില്‍ പോകുന്നത് സഞ്ജയന്‍ തന്നെയായിരുന്നു. അത്രയും സമയം അമ്മയുടെ കൂടെ ചെലവഴിക്കാനുള്ള ഒരു ഉപാധിയായിരുന്നു അത്. അന്ന് അവര്‍ പോയത് കുറച്ചകലെയുള്ള ഉള്‍വിളിക്കാവില്‍ ആയിരുന്നു. വൈകുന്നേരങ്ങളിലാണ് കാവിലെ പ്രധാന പൂജ. അവിടുത്തെ പ്രത്യേകത കാവിലെ പൂജ നടത്തുന്നത് ഒരു സ്ത്രീ ആണെന്നുള്ളതായിരുന്നു.
ദീപാരാധന സമയമായതിനാല്‍ ധാരാളം ആളുകള്‍ ശ്രീകോവിലിന് മുന്നില്‍ നിന്ന് തൊഴുതിരുന്നു. കൂടുതലും പെണ്ണുങ്ങള്‍. അമ്മ നടയ്ക്കലേയ്ക്ക് നീങ്ങി നിന്നു. സഞ്ജയന്‍ കുറേ മാറി നിന്നു. അയാള്‍ ചുറ്റിനും ഉള്ളവരെ നോക്കിക്കാണുകയായിരുന്നു. നല്ല ഭംഗിയുള്ള ചില പെണ്‍കുട്ടികള്‍ കണ്ണുമടച്ച് പ്രാര്‍ത്ഥിക്കുന്നു. കൂട്ടുകാര്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ കല്യാണം ആലോചിക്കാം. അയാള്‍ മനസ്സില്‍ കരുതി.
പക്ഷേ, ദീപാരാധന കഴിഞ്ഞ് നട തുറന്നതോടെ അയാളുടെ ചിന്തകളെയൊക്കെ മാറ്റിമറിച്ചുകൊണ്ട് ആ പെണ്‍കുട്ടികള്‍ തലമുടി അഴിച്ചിട്ട് ആടാന്‍ തുടങ്ങി. അയാള്‍ പതുക്കെ അവിടെ നിന്നും മാറിയകന്നു നിന്നു. അമ്മ ആ കാവിനെ പറ്റി പറയാറുള്ളത് അയാള്‍ ഓര്‍ത്തു. ചോറ്റാനിക്കരയമ്പലത്തിലെ പോലെ ഉള്‍വിളിക്കാവിലും തലയ്ക്കുള്ളിലെ അസ്വസ്ഥത മാറ്റാനാണ് സ്ത്രീകള്‍ വരുന്നത്. അത് സത്യമാണെന്ന് അപ്പോള്‍ ബോദ്ധ്യമായി.
പ്രാര്‍ത്ഥന കഴിഞ്ഞു വന്ന അമ്മയേയും കൂട്ടി തിരിച്ച് വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഉള്‍വിളിക്കാവിലെ പൂജാരിയമ്മയെ പറ്റി അമ്മ വാ തോരാതെ സംസാരിക്കുകയായിരുന്നു. അമ്മ പറയുന്നത് കേട്ടിരുന്നു എന്നല്ലാതെ അതൊന്നും വിശ്വസിക്കാന്‍ അയാളുടെ മനസ്സ് അനുവദിച്ചില്ല.
അയാള്‍ കേട്ടറിഞ്ഞത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. കണ്ടറിഞ്ഞത് ഒരു പരിധി വരെ വിശ്വസിക്കാം. സ്വയം അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ വിശ്വാസയോഗ്യമായി കരുതുവാന്‍ പാടുള്ളു. തന്റെ സിദ്ധാന്തം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാനൊന്നും അയാള്‍ തുനിഞ്ഞിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ ചന്ദ്രസേനന്‍ സാറ് പറയുന്നത് കേട്ടപ്പോള്‍ തന്റെ വിശ്വാസങ്ങളിലെ അപാകത അയാള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചു. ഉള്‍വിളിക്കാവിലും അവിടുത്തെ പൂജാരിയമ്മയിലും വിശ്വാസം ഉള്ളവരാണല്ലോ അവിടെ വരുന്നത്. അവരുടെ അനുഭവം അവരെ ആ വിശ്വാസത്തിലേയ്ക്ക് നയിക്കുകയാണ്. അപ്പോള്‍ പിന്നെ അതിലൊരു സത്യം ഉണ്ടാകില്ലേ?
''കാണുന്നതെല്ലാം സത്യമാകണമെന്നില്ല.'' സാറിന്റെ വാക്കുകള്‍ അയാളെ പൂര്‍വ്വകാല ചിന്തകളില്‍ നിന്നും ഉണര്‍ത്തി. അയാള്‍ സാറ് പറയുന്നതിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
''മാജിക് കാണിക്കുന്നവര്‍ പറയാറുണ്ടല്ലോ - അവര്‍ കണ്‍കെട്ടും കൈയടക്കവും ശീലമാക്കിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന്. അപ്പോള്‍ അവര്‍ കാണിക്കുന്നത് നമ്മള്‍ കണ്ടാലും വിശ്വസിക്കരുതല്ലോ. പക്ഷേ, ഈ ലോകത്ത് പല കാര്യങ്ങളും നമുക്ക് കണ്‍മുന്നില്‍ കണ്ടാലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായിട്ടുണ്ട്. അതെല്ലാം അത്ഭുതങ്ങളുടെ അതിര്‍ വരമ്പത്ത് നിന്ന് നമ്മളെ സ്തബ്ധരാക്കും. അതിലെല്ലാം സത്യമുണ്ടെന്ന് കൂടുതല്‍ വിശകലനം ചെയ്താല്‍ അറിവാകും. ധാരാളം യാത്രകള്‍ ചെയ്യുമ്പോള്‍ ഇങ്ങനെയുള്ള പലതും കണ്ട് മനസ്സിലാക്കാന്‍ സാധിക്കും.''
''സാറിന്റെ അനുഭവത്തില്‍ ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ വല്ലതും കാണുകയുണ്ടായോ?'' അയാള്‍ക്ക് പണ്ടു മുതലേ അത്ഭുതങ്ങളില്‍, പ്രത്യേകിച്ച് ദിവ്യാത്ഭുതങ്ങളില്‍ താല്പര്യം കുറവായിരുന്നു. ഒരു പക്ഷേ ഒട്ടും തന്നെ അതില്‍ വിശ്വസിക്കാന്‍ അയാളുടെ അഹംബോധം അനുവദിച്ചില്ല.
''അത്ഭുതങ്ങളില്‍ സഞ്ജയന് തീരെ വിശ്വാസമില്ല, അല്ലേ?'' ചന്ദ്രസേനന്‍ അയാളെ വളരെ എളുപ്പത്തില്‍ അപഗ്രഥനം ചെയ്തിരുന്നു. ''മനുഷ്യന്‍ എന്നുള്ളത് തന്നെ ഒരു മഹാത്ഭുതമാണെന്ന് വിശ്വസിക്കുവാനാണ് എനിയ്ക്കിഷ്ടം. എന്താണ് തന്റെ അഭിപ്രായം?''
അയാളുടെ മനസ്സില്‍ മനുഷ്യശരീരത്തെ പറ്റി സ്‌കൂളില്‍ പഠിച്ചതെല്ലാം തികട്ടിവന്നു. വളരെ സങ്കീര്‍ണ്ണമായ ഒന്നാണ് അതെന്ന് അയാള്‍ക്കറിയാം. എങ്കിലും അതൊരു അത്ഭുതമാണെന്ന് സമ്മതിച്ചു കൊടുക്കാന്‍ ചെറിയ ഒരു വിഷമം.
''മനുഷ്യന്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ...''
''അതേ, ആ 'എങ്കിലും' ആണ് സഞ്ജയനെ പലതിലും ഉള്ള വിശ്വാസമില്ലായ്മയിലേയ്ക്ക് നയിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങളില്‍ ഉറച്ച് വിശ്വസിച്ചാലേ മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയുള്ളു. ഒരു പ്രാവശ്യം ഹിമാലയത്തിലേയ്ക്ക് യാത്ര ചെയ്തു നോക്കൂ. ഇവിടെയിരുന്ന് ചിന്തിക്കുമ്പോള്‍ കപടമെന്ന് തോന്നുന്ന പല വസ്തുതകളും സത്യമാണെന്ന് അറിവാകും.''
''ഹിമാലയസാനുക്കളില്‍ ഇത്ര പ്രത്യേകതകളുള്ള എന്താണ് കാണുവാന്‍ സാധിക്കുന്നത്? മഞ്ഞുമലകളില്‍ താമസിക്കുന്ന മഞ്ഞുമനുഷ്യരെയാണോ സാര്‍ ഉദ്ദേശിക്കുന്നത്?'' സംശയനിവാരണത്തിന് പറ്റിയ സന്ദര്‍ഭം വൃഥാവിലാക്കേണ്ടെന്ന് സഞ്ജയന്‍ തീരുമാനിച്ചു.
''ഹിമാലയത്തിന് മുകളില്‍ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ ഉയരങ്ങളില്‍ ഇരുന്ന് പല തരത്തില്‍ മനസ്സിനേയും ശരീരത്തേയും അതികഠിനമായ പരിതസ്ഥിതികള്‍ക്ക് വിധേയമാക്കി അതുമായി രമ്യപ്പെടുത്തി എടുത്ത സന്ന്യാസിമാരെ കാണുവാന്‍ സാധിക്കും. അവര്‍ നിഷ്പ്രയാസമായി ചെയ്യുന്ന അഭ്യാസമുറകള്‍ കണ്ടാല്‍ ഇവിടുത്തെ മാന്ത്രികര്‍ വെറും ശിശുക്കളാണെന്നു തോന്നിപ്പോകും.''
''ഇങ്ങനെ പലതും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, വിശ്വാസയോഗ്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.''
''അതു നമ്മുടെ വിദ്യാഭ്യാസരീതിയുടെ സവിശേഷത കൊണ്ടാണ്. നമ്മുടെ ദേശത്തിന് പൈതൃകമായി ലഭിച്ചിട്ടുള്ള പല സാംസ്‌കാരികതത്വങ്ങളും വളര്‍ന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നതിനു പകരം അതിനെല്ലാം മതങ്ങളുടെ ചായം പൂശി ഭ്രഷ്ട് കല്പിക്കുന്ന ഒരു രീതിയാണ് നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.''
ചന്ദ്രസേനന്‍ പറയുന്നതില്‍ സത്യമില്ലാതില്ല എന്ന് സഞ്ജയനും തോന്നിയിരുന്നു. അതുകൊണ്ട് അയാള്‍ സാറ് സംസാരിക്കുന്നതിനെ അനുകൂലിച്ച് തലയാട്ടിയിരുന്നു.
ചന്ദ്രസേനന്‍ തുടര്‍ന്നു. ''പലതരം യോഗാഭ്യാസ വിദ്യകളിലൂടെ ഈ വക കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കും. സിദ്ധയോഗം, ക്രിയായോഗം, ഹഠയോഗം. ഇങ്ങനെ പല അഭ്യാസമുറകള്‍ ഉണ്ട്. കരാട്ടേയിലും കുംഗ്ഫൂവിലും മറ്റും താല്പര്യം കാണിക്കാമെങ്കില്‍ നമ്മുടെ തനതായ അഭ്യാസമുറകളിലും വിശ്വാസം അര്‍പ്പിക്കരുതേ!''
ഹഠയോഗം എന്ന് കേട്ടപ്പോള്‍ സഞ്ജയന്റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുകാരുമൊത്ത് കണ്ണൂരെ കടലായിയില്‍ പോയ കാര്യം ഓര്‍മ്മയില്‍ തെളിഞ്ഞു.
എല്ലാവരുടെയും ഒപ്പം കടലായി കൃഷ്ണനെ തൊഴുതതിന് ശേഷം അതിനടുത്തുള്ള വലിയ കുളം കാണുവാന്‍ പോകുകയുണ്ടായി. കുളത്തിന് ചുറ്റും ധാരാളം ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമായിട്ട് നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി കൂടെയുള്ളവര്‍ എല്ലാം കുളത്തിനോട് ചേര്‍ന്നു നിന്നു. മാറി നില്‍ക്കേണ്ട എന്ന് കരുതി അവരുടെ കൂടെ കൂടി.
കുളത്തിന് നടുവില്‍ അര്‍ദ്ധനഗ്‌നനായ ഒരാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അതെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതപ്പെടുന്നതിനിടയില്‍ ആരോ പറയുന്നതു കേട്ടു ആ ആള്‍ ഒരു ഹഠയോഗിയാണെന്ന്. എന്താണ് ഹഠയോഗം എന്ന് അറിയില്ലായിരുന്നു. അത്ഭുതങ്ങളിലുള്ള അവിശ്വാസം കാരണം അതും വെറുമൊരു പ്രഹസനം മാത്രമാണെന്ന് വിശ്വസിക്കാനായിരുന്നു മനസ്സ് ശഠിച്ചത്. വെള്ളത്തിനടിയില്‍ വല്ല സ്റ്റൂളോ മറ്റോ ഇട്ട് മറ്റുള്ളവരെ മണ്ടന്മാരാക്കുന്ന വിദ്യയാണെന്ന് പറഞ്ഞ് അത് മനസ്സില്‍ നിന്നും ദൂരീകരിച്ചു.
കണ്‍മുന്നില്‍ കണ്ടത് പോലും വിശ്വസിക്കാനുള്ള വിമുഖതയായിരുന്നു അന്നെല്ലാം. അതു പോലുള്ള സിദ്ധികളിലും സിദ്ധാന്തങ്ങളിലും അന്തര്‍ലീനമായ തത്വങ്ങളെ ചികഞ്ഞെടുത്ത് മനസ്സിലാക്കുവാനുള്ള ഒരു പക്വതയോ താല്പര്യമോ ഇല്ലായിരുന്നു.
ഇന്നിപ്പോള്‍ സാറിന്റെ മുന്നിലിരുന്ന് അതിനോട് സമമായ സംഗതികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ വിശ്വാസങ്ങള്‍ പലതും തെറ്റായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
''ഹഠയോഗികളേയും മറ്റും സാറ് കണ്ടിട്ടുണ്ടോ? അവരുടെ ഇത്തരം അമാനുഷിക കഴിവുകള്‍ നേരിട്ട് കണ്ട് സത്യമെന്ന് അനുഭവപ്പെട്ടിട്ടുണ്ടോ?'' സത്യം അറിയാനുള്ള ജിജ്ഞാസ ഇപ്പോഴെങ്കിലും വളര്‍ത്തിയില്ലെങ്കില്‍ പിന്നെ എന്തു കാര്യം എന്ന് സഞ്ജയന് തോന്നി.
പിന്നീട് ഏകദേശം ഒരു മണിക്കൂര്‍ നേരം സഞ്ജയന്‍ ശ്വാസം അടക്കി ചന്ദ്രസേനന്‍ സാര്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു. ഇടയില്‍ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തിന്റെ വാഗ്ധാരയെ മുറിക്കാനൊന്നും അയാള്‍ തുനിഞ്ഞില്ല. സംശയങ്ങള്‍ ദൂരീകരിക്കുന്നതില്‍ ഉപരി അദ്ദേഹത്തിന്റെ വിശാലമായ അനുഭവജ്ഞാനം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ.
ദിനംപ്രതി ചെയ്യുന്ന അനുഷ്ഠാനങ്ങളിലൂടെ ചിന്തകളെ ചിട്ടപ്പെടുത്തിയെടുത്ത ഒരു പ്രഭാഷണം കേട്ട പ്രതീതിയാണ് സഞ്ജയന് അനുഭവപ്പെട്ടത്.
ശേഷകാല ജീവിതത്തില്‍ സകലവിധ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട് അദ്ദേഹം സഞ്ജയനെ യാത്രയാക്കി. വീണ്ടും എപ്പോഴെങ്കിലും കാണുവാനുള്ള ഭാഗ്യം ഉണ്ടാകുമെന്ന വിശ്വാസത്തോടെ അയാള്‍ സാറിനെ കൈകൂപ്പി വണങ്ങി പുറത്തേയ്ക്കിറങ്ങി.
തിരിച്ച് വീട്ടിലെത്തുന്നതു വരെ സഞ്ജയന്റെ മനസ്സില്‍ താന്‍ അന്ന് കേട്ട് മനസ്സിലാക്കിയ പല സത്യങ്ങളുടേയും വിശ്വാസങ്ങളുടേയും ഒരു സമ്മിശ്ര സമ്മേളനം നടമാടുകയായിരുന്നു. സ്വയം ആലോചിച്ച് സ്വരുക്കൂട്ടിയെടുത്തിരുന്ന പല തത്വചിന്തകളും തെറ്റാണെന്ന ഒരു ബോധം ഉണ്ടായിരിക്കുന്നു.
വീട്ടിലെത്തിയപ്പോള്‍ അമ്മ അയാളെ കാണാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. അയാള്‍ ചന്ദ്രസേനന്‍ സാറിനെ കാണാന്‍ പോകുന്ന കാര്യം അമ്മയോട് പറയാതെയായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്. ഈ തിരക്കിനിടയില്‍ അമ്മയെ ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ കൊണ്ടുപോകാമെന്നേറ്റിരുന്നത് പാടേ മറന്നു പോയിരുന്നു.
അമ്മ യാത്രയ്ക്ക് തയ്യാറായി നില്‍ക്കുകയാണെന്നു കണ്ടു. അയാളും തിടുക്കത്തില്‍ കുളിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിച്ച് അമ്മയേയും കൊണ്ട് പുറപ്പെട്ടു. ഗുരുവായൂര്‍ക്കായതിനാല്‍ ധാരാളം ബസുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ അമ്പലനടയില്‍ എത്തി. അവിടം വരെ എത്താനല്ല പ്രയാസമെന്ന് അപ്പോള്‍ അയാള്‍ക്ക് മനസ്സിലായി. ഭഗവാനെ തൊഴാന്‍ അകത്തെത്തിപ്പെടാനാണ് പ്രധാനമായുള്ള പങ്കപ്പാട്.
രണ്ടാളും അകത്തു കയറാനുള്ള നിരയില്‍ അവസാനമായി നിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ പുറകിലും നീണ്ടൊരു നിര രൂപപ്പെട്ടു. ഇനി എത്ര നേരം നിന്നാലാണ് അമ്പലത്തിനുള്ളില്‍ എത്താന്‍ സാധിക്കുക എന്നായിരുന്നു അയാളുടെ ചിന്ത. നിന്ന് നിന്ന് ബോറടിക്കുമ്പോള്‍ അയാള്‍ അമ്മയോട് 'ഇനി കാക്കണ്ട. നമുക്ക് തിരിച്ച് പോകാം' എന്ന് പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴെല്ലാം അതിന് മറുപടിയായി അമ്മ പറയും ''എനിക്ക് നല്ല വിശ്വാസമുണ്ട്. നമുക്കിന്ന് ഗുരുവായൂരപ്പനെ കാണാന്‍ സാധിക്കും. ഭഗവാന്റെ ദര്‍ശനസുഖം ലഭിക്കാതെ തിരിച്ചുപോകേണ്ടി വരില്ല, തീര്‍ച്ച.''
പക്ഷേ, കുറേ കഴിഞ്ഞപ്പോള്‍ അയാളുടെ ക്ഷമ നശിച്ചു. ഇനി കാത്ത് നില്‍ക്കാന്‍ വയ്യെന്ന അവസ്ഥയിലായി. അമ്മയോട് നിര്‍ബ്ബന്ധമായി പറഞ്ഞു തിരിച്ചുപോകാമെന്ന്.
അമ്മയുടേയും വിശ്വാസത്തിന് ഇളക്കം പറ്റിയിട്ടാണോ അതോ മകനെ ഇനി മുഷിപ്പിക്കേണ്ടാ എന്ന് കരുതിയിട്ടോ എന്തോ അമ്മ നിന്നിരുന്ന നിരയില്‍ നിന്നും പുറത്തുകടന്നു. അമ്മയോടൊപ്പം അയാളും നടന്നു.
നിന്നിരുന്ന സ്ഥലത്ത് നിന്നും തെല്ല് വലത്തോട്ട് മാറി ഒരു പ്രവേശനകവാടം ഉള്ളത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അര്‍ദ്ധനഗ്‌നനായ പൂണൂല്‍ ധരിച്ച ഒരു ആള്‍ വേറെ നാലുപേരേയും കൊണ്ട് ആ വാതിലിനടുത്തേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു. അതാണ് വിഐപി കവാടം എന്ന് അയാള്‍ മനസ്സില്‍ കരുതി. ആ പ്രധാനികളേയും കൊണ്ട് ആ തിരുമേനി നിരകള്‍ക്ക് അതീതമായി അമ്പലത്തിനകത്തേയ്ക്ക് പോകുകയാണ്. അമ്മ അതൊന്നും ശ്രദ്ധിക്കാതെ ഒന്നുകൂടി അമ്പലത്തിന് നേരെ നിന്ന് ഭഗവാനെ തൊഴുതു.
കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ അയാളുടെ മനസ്സ് തേങ്ങി. എത്ര പ്രതീക്ഷയോടെ തന്റെയൊപ്പം ഇറങ്ങിത്തിരിച്ചതാണ് അമ്മ. ഭഗവാനെ കാണുവാന്‍ സാധിക്കാതെ മടങ്ങുന്നതില്‍ ആ മനസ്സ് വിഷമിക്കുന്നുണ്ടാകണം. പക്ഷേ, ഗുരുവായൂരമ്പലത്തിലെ നിരയുടെ ചിട്ടയെ മറി കടക്കാനുള്ള വിദ്യകളൊന്നും അയാളുടെ പക്കല്‍ ഇല്ലായിരുന്നു. അതെല്ലാം പ്രധാനികള്‍ക്കും ദേവസ്വത്തില്‍ പിടിപ്പുള്ളവര്‍ക്കും പറഞ്ഞിട്ടുള്ളതാണ്.
അമ്മയുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അയാള്‍ അമ്മയുടെ കൈയ്യും പിടിച്ച് അമ്പലത്തിന്റെ എതിര്‍ദിശയില്‍ നടന്നു.
''കുട്ടാ, അവിടെ നില്‍ക്കാ.'' പുറകില്‍ നിന്നും ഒരു വിളി.
അതു കേട്ട് അയാള്‍ നിന്നു. തിരിഞ്ഞു നോക്കി. നേരത്തെ കണ്ട തിരുമേനി അതാ അയാളെ കൈകാട്ടി വിളിക്കുന്നു. അയാളുടെ മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞു. അയാള്‍ അനങ്ങാതെ നില്‍ക്കുന്നത് കണ്ട് തിരുമേനി വീണ്ടും കൈകാട്ടി മാടി വിളിച്ചു. ''അമ്മയേം കൂട്ടി ഇങ്ങട് വരാ.''
അയാള്‍ ഉടനെ അമ്മയുടെ കൈയ്യും പിടിച്ച് തിരുമേനിയുടെ അടുക്കലേയ്ക്ക് ചെന്നു. തിരുമേനി ഒറ്റയ്ക്കായിരുന്നു. നേരത്തെ കൂടെ കണ്ടവരെല്ലാം അകത്തേയ്ക്ക് പോയികഴിഞ്ഞിരിക്കുന്നു.
''എന്റെ കൂടെ പോന്നോളു. ഉണ്ണിക്കണ്ണനെ കണ്ടിട്ട് മടങ്ങിയാല്‍ മതി.'' തിരുമേനിയുടെ പുറകേ അയാള്‍ അമ്മയേയും കൂട്ടി അമ്പലത്തിനകത്തേയ്ക്ക് കയറി. നേരെ നടയ്ക്കലേയ്ക്ക് തന്നെ അവര്‍ ചെന്നു. രണ്ടുപേരും കൈകൂപ്പി കണ്ണുകളടച്ച് ഭഗവാനെ തൊഴുതു.
സഞ്ജയന്‍ കണ്ണുകള്‍ തുറന്ന് തങ്ങളെ അവിടെ കൂട്ടിക്കൊണ്ട് വന്ന തിരുമേനിയെ തെരഞ്ഞു. പക്ഷേ, അദ്ദേഹത്തെ അവിടെയെങ്ങും കാണ്മാനില്ലായിരുന്നു. അപ്രതീക്ഷിതമായി തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പോലെ തന്നെ അദ്ദേഹം അപ്രത്യക്ഷനായിരിക്കുന്നു.
അയാള്‍ അമ്മയെ നോക്കി. അമ്മ കണ്ണുകളടച്ച് പ്രാര്‍ത്ഥന തുടരുകയാണ്. തിരുമേനിയോട് ഒരു നന്ദി പറയാനുള്ള അവസരം പോലും കിട്ടിയില്ല.
തിരുമേനി ... എന്തോ ഒന്ന് വിട്ട് പോയതായിട്ട് അയാള്‍ക്ക് തോന്നി. ആദ്യം കണ്ട ആള്‍ക്ക് പൂണൂല്‍ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ തങ്ങളെ കൂട്ടിക്കൊണ്ടു വന്ന ആള്‍ പൂണൂല്‍ ധരിച്ചിരുന്നില്ല. അതായിരുന്നു അയാളുടെ മനസ്സില്‍ ഉയര്‍ന്ന സംശയം. അപ്പോള്‍ പിന്നെ പൂണൂല്‍ ധരിക്കാത്ത ഈ മനുഷ്യന്‍ ആരായിരുന്നിരിക്കാം?
''മോനെ, വാ നമുക്കിനി പ്രദക്ഷിണം വച്ച് പുറത്തു കടക്കാം.'' അമ്മയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.
അയാള്‍ അമ്മയോടൊപ്പം നടന്ന് അമ്പലത്തിന് വെളിയിലിറങ്ങി.
''ഞാന്‍ പറഞ്ഞില്ലേ ഇന്ന് ഭഗവാനെ ഉറപ്പായിട്ടും കാണുവാന്‍ സാധിക്കുമെന്ന്. അതെന്റെ ഉറച്ച വിശ്വാസമായിരുന്നു. വിശ്വാസങ്ങള്‍ തെറ്റാറില്ല.''
തിരിച്ച് പോകാനുള്ള ബസില്‍ ഇരിക്കുമ്പോഴും അയാള്‍ അമ്മയുടെ വിശ്വാസത്തിന്റെ ശക്തിയെ പറ്റിയാണ് ആലോചിച്ചിരുന്നത്. യാതൊരു പരിചയവുമില്ലാത്ത എവിടെ നിന്നോ വന്ന ഒരാള്‍ അമ്മയുടെ വിശ്വാസത്തിനെ സത്യമാക്കി മാറ്റിയിരിക്കുന്നു. വിഐപികളെ അകത്ത് കൊണ്ട് പോയി തൊഴാന്‍ ഏര്‍പ്പാടാക്കിയിരുന്ന തിരുമേനിയല്ലാതെ മറ്റൊരാള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് തങ്ങളെ അകത്തേയ്ക്ക് കൊണ്ട് പോയത് ഒരത്ഭുതമെന്നല്ലാതെ എന്ത് പറയാനാണ്?
അമ്മയുടെ ഉദ്ദേശ്യസിദ്ധിയ്ക്ക് ഉതകിയത് അമ്മയുടെ വിശ്വാസം തന്നെ. ചന്ദ്രസേനന്‍ സാറ് പറഞ്ഞത് വളരെ ശരിയാണെന്ന് അയാള്‍ക്ക് ഇപ്പോള്‍ മനസ്സിലായി. ഒരാളുടെ ശക്തമായ വിശ്വാസത്തില്‍ അധിഷ്ഠിതമാണ് അയാള്‍ക്ക് ആവശ്യമായ പല കാര്യങ്ങളുടേയും ഉദ്ദിഷ്ടപ്രാപ്തി.
അപ്പോള്‍ ഹിമാലയസാനുക്കളില്‍ സാറ് കണ്ടെന്നു പറയുന്ന പല ദിവ്യാത്ഭുതങ്ങളും സത്യമായിരിക്കണം. നമുക്ക് വിശദീകരിക്കാന്‍ പ്രയാസമുള്ള പലതും ഈ ലോകത്ത് നടക്കുന്നുണ്ടെന്നുള്ളത് വാസ്തവം. കണ്ട് മനസ്സിലാക്കാന്‍ ഇനിയും ധാരാളം കാര്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അവശേഷിക്കുന്നെന്നുള്ള അറിവ് യാത്രകള്‍ ചെയ്യാന്‍ മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നു.
ബസില്‍ നിന്നിറങ്ങി അമ്മയോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ സഞ്ജയന്‍ ചുറ്റിനും നോക്കി കാണുകയായിരുന്നു. ചിരപരിചിതമായ പ്രകൃതിദൃശ്യങ്ങള്‍ പലതും ആദ്യമായി കാണുന്ന ഒരു പ്രതീതി. അമ്പലനട മുറിച്ച് കടന്ന് നടക്കുമ്പോള്‍ അമ്പലത്തിനുള്ളിലേയ്ക്ക് അറിയാതെ നോക്കിപ്പോയി. ഈ വിഗ്രഹം ഇവിടെ തന്നെ പ്രതിഷ്ഠിക്കാന്‍ ഈ ഇരിപ്പിടത്തിനും ഈ പരിസരത്തിനും എന്തെങ്കിലും പ്രത്യേകതകള്‍ പൂര്‍വ്വികര്‍ കണ്ടുകാണും. ആ വിശ്വാസത്തിന്റെ മഹത്വം ആണ് ഇന്നീ കാണുന്ന ഉന്നതികള്‍ക്ക് അടിസ്ഥാനം.
അമ്പലനടയ്ക്കല്‍ ഉള്ള പൂജാസാമഗ്രികളുടെ കടയ്ക്ക് മുന്നില്‍ ചാരി വച്ചിരുന്ന ബോര്‍ഡില്‍ സഞ്ജയന്റെ കണ്ണുകള്‍ തറഞ്ഞു. വിനായക ട്രാവല്‍സിന്റെ അടുത്ത തീര്‍ത്ഥയാത്രയുടെ വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. കേദാര്‍നാഥ്, ഗംഗോത്രി, ബദരീനാഥ് എന്നിവിടങ്ങളിലേയ്ക്കാണ് അടുത്ത മാസം പകുതിയോടെ പോകുന്നത്.
അമ്മയോട് വീട്ടിലേയ്ക്ക് നടന്നുകൊള്ളാന്‍ പറഞ്ഞിട്ട് അയാള്‍ വിനായക ട്രാവല്‍സിന്റെ ഓഫീസിലേയ്ക്ക് കയറി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...