Malayalam Short Story| പൂങ്കുന്നം കഥാ അവാര്‍ഡ് ജേതാവ് കെ ചന്തുവിന്റെ ചില ദിവസങ്ങള്‍

By Chilla Lit Space  |  First Published Nov 29, 2021, 8:07 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   സല്‍മാന്‍ കൊടക്കല്ല് എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

കഴിഞ്ഞ തവണത്തെ പൂങ്കുന്നം അവാര്‍ഡ് ലഭിച്ചത് യുവസാഹിത്യകാരനായ കെ ചന്തുവിനായിരുന്നു. അതും അദ്ദേഹത്തിന്റെ ആദ്യ നോവലിന്. അവാര്‍ഡോടെ കെ. ചന്തുവിന്റെ സന്തോഷം ഹിമാലയം കണക്കെ പൊങ്ങി. 

ആ മനുഷ്യക്കൂട്ടങ്ങള്‍ക്കിടയില്‍ അവാര്‍ഡ് സന്തോഷം അദ്ദേഹത്തിന്റെ കുപ്പിശരീരത്തില്‍ എത്രത്തന്നെ അടച്ചു മൂടാന്‍ ശ്രമിച്ചാലും നിറഞ്ഞ് പൊട്ടിയൊലിക്കും. തുടര്‍ന്ന് മനുഷ്യക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അടര്‍ന്ന് വീഴുന്ന മധുരിതമായ പ്രശംസകളില്‍ അദ്ദേഹം പുളകിതനാകും. ഈ പ്രവണത തുടര്‍ന്നും തുടര്‍ന്നും ആവര്‍ത്തിച്ചു. അങ്ങനെ, കെ. ചന്തു പല മനുഷ്യക്കൂട്ടങ്ങള്‍ക്കിടയില്‍ പലവട്ടം പുളകിതനായി. ചില നേരങ്ങളില്‍ മനുഷ്യക്കൂട്ടമില്ലാതെയും അദ്ദേഹം പുളകിതനായി.

കാലം ദിവസങ്ങളെ ഓരോന്നായി മറിച്ച് കൊണ്ടിരുന്നു. മനുഷ്യക്കൂട്ടങ്ങളുടെ മധുരിതമായ പ്രശംസകള്‍ സാവധാനം ഒടുങ്ങി, 'അടുത്ത കൃതി എന്നാ?... ഏതാ?...' എന്ന ലളിതമായ ചോദ്യങ്ങളായി അവ ജ്വലിക്കുവാന്‍ തുടങ്ങി. അതോട് കൂടി, പുതിയൊരു കഥയ്ക്കായുള്ള തിരച്ചില്‍ കെ. ചന്തു തുടങ്ങുകയും ചെയ്തു. 

ആദ്യ നോവല്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തെ ചുറ്റിപറ്റിയായിരുന്നു. ഇനിയും സുഹൃത്തുക്കള്‍ ഒരുപാടുണ്ടെങ്കിലും, അവരുടെ ജീവിതങ്ങളിലൊന്നും ഒരു കഥ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. 

അടുത്ത നോവലിനുള്ള കഥാതന്തുവിനായി കെ. ചന്തു രാത്രികളില്‍ കുത്തിയിരുന്നു. പല കഥാതന്തുകളും അദ്ദേഹത്തിന് മുമ്പില്‍ വെളിവായെങ്കിലും, ഒന്നും അദ്ദേഹത്തിന് തൃപ്തമായിരുന്നില്ല. കഴിഞ്ഞ നോവലിന് പ്രദേശിക അവാര്‍ഡ് ലഭിച്ചു, ഇനിയുള്ള തന്റെ നോവലിന് സംസ്ഥാനതല അവാര്‍ഡ് തന്നെ ലഭിക്കണമെന്നായിരുന്നു കെ. ചന്തുവിന്റെ അഭിലാഷം. 

അഭിലാഷത്തിന്‍ പുറത്തേറി അദ്ദേഹം രാപകല്‍ ഭേദമെന്യേ കഥാതന്തുകള്‍ പരതിക്കൊണ്ടേയിരുക്കുന്നതിനിടയില്‍ കൂട്ടുകാരുടെ കൂടെ അദ്ദേഹം നടത്തിയ ഒരു യാത്രയുടെ സാഹസികമായ സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് വന്നു. അത് നല്ലൊരു കഥാതന്തുവാണെന്ന് അദ്ദേഹം അങ്ങ് ഉറപ്പിക്കുകയും ചെയ്തു. നല്ലൊരു ഘടനയും, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളും, കുറച്ച് ഫാന്റസിയും ഉള്‍ചേര്‍ത്ത്, കഥാപാത്രത്തിന്റെ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്, ഓരോ സംഭവങ്ങളും കോര്‍ത്തിണക്കി, സമ്പുഷ്ടമായ ഭാഷയില്‍ ഇണക്കിച്ചേര്‍ത്ത് എഴുതി തീര്‍ത്താല്‍ സംസ്ഥാന അവാര്‍ഡിനുള്ള സാധ്യതയുടെ ത്രാസ് സ്വല്‍പമൊന്ന് താഴുമെന്ന് അദ്ദേഹം മനസ്സില്‍ കണക്ക് കൂട്ടുകയും ചെയ്തു.

നോവല്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പെങ്ങളുടെ വീടുപാര്‍ക്കലിന്റെ ദിവസം വന്നെത്തിയത്. 

പൊതുവെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവനാണ് കെ. ചന്തു. ഇത് ഒരു നിലക്കും പോകാതിരിക്കാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹം വീടുപാര്‍ക്കലില്‍ പങ്കെടുക്കാന്‍ മനസ്സില്ലാ മനസ്സോടെ പോയി. അദ്ദേഹത്തിന് അറിയുന്നവരും, അറിയാത്തവരുമായി പരിപാടിയില്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു. പലരോടായി അദ്ദേഹം സംസാരിച്ചു. സംസാരിച്ചവെരെല്ലാം അദ്ദേഹത്തിന്റെ കൃതിയെ വാനോളം പുകഴ്ത്തി. നാനാഭാഗങ്ങളില്‍ നിന്നുമ്മുള്ള പുകഴ്ത്തലിനാലും, പുതിയ കൃതി എന്തായി എന്നുള്ള ചോദ്യത്തിന് പണിപ്പുരയിലുള്ള പുസ്തകം ഉത്തരമായി അദ്ദേഹത്തിന്റെ കൈവശമുള്ളതിനാലും വീടുപാര്‍ക്കല്‍ പരിപാടി ശുഭമായി മുന്നോട്ട് നീങ്ങി, ബിരിയാണി ഉണ്ട ശേഷം അദ്ദേഹത്തിന് യാതൊരു പരിചയവുമില്ലാത്ത തടിച്ചൊരുവന്‍ ഗമയോടെ വന്ന് അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നത് വരെ.

ഇരുന്ന ഉടനെ ഒരുവന്‍ അദ്ദേഹത്തോടായി ഉരുവിട്ടു 'ചോറ് രസ്സണ്ട്, ന്നാലും എന്തോര് കൊഴപ്പണ്ട്... ലേ?...' 

ആ  വാക്കുകളെ കെ. ചന്തു ഗൗനിച്ചതേയില്ല. ഒരുവന്‍ കെ. ചന്തുവിനെയൊന്ന് പാളി നോക്കി, എന്നിട്ടൊന്ന് കുലുങ്ങിചിരിച്ച ശേഷം ചോദിച്ചു 'ങ്ങള് ആ അവാര്‍ഡ് കിട്ടിയ ആളല്ലേ?... ഞാന്‍ ആരുടെക്കെയോ സ്റ്റാറ്റസ് കണ്ടിരുന്നു...' 

അപ്പോള്‍, ഒരുവനെയൊന്ന് ഗൗനിച്ച്, അതെയെന്ന് തലകുലുക്കി കെ. ചന്തു മാന്യമായി പറഞ്ഞു 'ചോറ് പ്രശ്‌നോന്നുല്ലല്ലോ...'  

'അത് നല്ല ചോറ് തിന്നാത്തത് കൊണ്ടാ...' ഒരുവന്റെ മറുപടി പെട്ടെന്നായിരുന്നു.

'ന്നാലും പറയുമ്പൊ രസമുണ്ടെന്ന് പറഞ്ഞാ പോരെ... വെറ്‌തെയെന്തിനാ... ഓരോന്ന് പറയണേ?...' കെ. ചന്തു ഉപദേശമെന്നോണം മാന്യത കൈവിടാതെ പറഞ്ഞ് തീര്‍ത്തു.

'അതെങ്ങനെ ശര്യാവാ... ഇപ്പൊ, എന്താ പറയാ... ഹാ... ങ്ങളൊരു സാഹിത്യകാരനല്ലേ, അപ്പൊ ഒരു സാധനം വായിച്ചാ അതിനെ പറ്റി നല്ലതും, മോശോം നിങ്ങള് പറയില്ലേ... അതേ പോലെന്നെ ഞാനും ഇപ്പൊ ചെയ്തത്, ഫുഡിനെ പറ്റിയായെന്ന് മാത്രം... അല്ലാതെ വെറുതേ പറഞ്ഞതൊന്നല്ല' ഒരുവന്‍ കെ. ചന്തുവിന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കി, ഉപദേശം അത്ര രസിച്ചില്ല എന്ന മട്ടില്‍ പറഞ്ഞു. 

'പക്ഷേ, ഈ ഫുഡ് വെച്ചത് എനിക്കറിയുന്ന വെപ്പുകാരനാണ്, അതോല്ല ഇതുപോലുള്ള പരിപാടിക്ക് നല്ല വെപ്പുകാര് തന്നെയായിരിക്കും ഫുഡ് വെക്കല്‍, അല്ലെ?...' കെ. ചന്തു ഒരുവനോട് സങ്കോചത്തോടെ ചോദിച്ചു.

'ങ്ങളിപ്പറഞ്ഞതൂം ശര്യല്ല... അവര് വെക്കുന്നത് എപ്പഴും നല്ലതായിക്കൊള്ളണം എന്നുണ്ടോ?... ഇപ്പൊ, നിങ്ങളൊരു സാഹിത്യകാരനല്ലേ?... സാഹിത്യത്തിലെ വല്ല്യ ആളുകള്‍ എഴുതുന്നത് എല്ലാതും നല്ലതായിക്കൊള്ളണം എന്നുണ്ടോ?...'

ഒരുവന്റെ ചോദ്യത്തില്‍ കെ. ചന്തു ചെറുതായൊന്ന് അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു -'അതൊരിക്കലും ശര്യല്ല... അവരെല്ലാം മെനെക്കെട്ടാണ് ഓരോന്നും എഴുതുന്നത്... അവരെഴുതുന്നത് മഹത്തരവുമാണ്. പക്ഷേ, എല്ലാവര്‍ക്കും എല്ലാം ദഹിച്ചോളണം എന്നില്ല, അതുവെച്ച് ദഹിക്കാത്തവര്‍ കുറ്റം പറയോ?... ബുദ്ധിയുള്ളവര്‍ അങ്ങനെ ചെയ്യില്ല എന്നുള്ളതാണ് എന്റെ നിഗമനം...' 

കെ. ചന്തു നിറുത്തിയപ്പോള്‍ ഒരുവന്‍ തുടങ്ങി 'ങ്ങള് ഇപ്പറയണത് ഞാനൊരിക്കലും വിശ്വസിക്കൂല്ലാ, അംഗീകരിക്കൂല്ല്യാ...' ഇതും പറഞ്ഞ് ഒരുവനും സംസാരം നിറുത്തി. 

കെ. ചന്തുവിന്റെ ബുദ്ധിയുള്ളവരെന്നെ പ്രയോഗം ഒരുവനെ വ്യക്തിപരമായി ബാധിച്ച പോല്‍ ഒരുവന്റെ മുഖം വല്ലാതെ കനം പിടിച്ചിരുന്നു. കുറച്ച് നേരം അവര്‍ക്കിടയില്‍ മൗനം മറകെട്ടി. അപ്പോള്‍, കെ. ചന്തുവിന്റെ ശ്രദ്ധ ചുറ്റിലേക്കും നീങ്ങി. തന്നെ അറിയുന്ന കുറച്ചാളുകള്‍ ചുറ്റും തങ്ങളുടെ സംസാരം ശ്രവിക്കുന്നതായി അപ്പോഴാണ് കെ. ചന്തു മനസ്സിലാക്കിയത്. 

പൊടുന്നനെ, ഒരുവന്‍ ഒരു വെല്ലുവിളിയെന്നോണം കെ. ചന്തുവിനോട് പറഞ്ഞു 'നിങ്ങള് അവാര്‍ഡ് കിട്ടിയൊരു സാഹിത്യകാരനെല്ലേ, നിങ്ങളിനിയെഴുതുന്ന അടുത്ത കൃതിക്ക് കൂടി ഇപ്പൊ കിട്ടിയ അവാര്‍ഡിനേക്കാളും വലിയൊരു അവാര്‍ഡ് കിട്ടിയാല്‍ നിങ്ങള് പറയുന്നത് ഞാനംഗീകരിക്കാം. പറ്റൂന്നൊന്ന് തെളിയിക്ക്... എന്തേ?...' തനിക്കറിയാവുന്ന ആളുകള്‍ ചുറ്റിലും കൂടിയിരിക്കെ, മറുത്തൊന്നും ആലോചിക്കാതെ, പറയാതെ കെ. ചന്തു വെല്ലുവിളി സ്വീകരിച്ചപോല്‍ തലയൊന്ന് കുലുക്കി. 

സാഹിത്യ മണ്ടശിരോമണികളോടുള്ള യുദ്ധത്തില്‍ സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും വേണ്ടി പോരടിക്കാന്‍ കെ. ചന്തു വീറ് കാട്ടി നെഞ്ച് വിരിച്ചു. പെങ്ങളുടെ വീട്ടില്‍ നിന്ന് മടങ്ങാന്‍ നേരം സദസ്സിനിടയില്‍ നിന്നും കെ. ചന്തുവിനെ ഉറക്കെ വിളിച്ചു വരുത്തി ഒരുവന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങിയിട്ട്, എല്ലാവരും കാണെ വളിഞ്ഞൊരു ഇളി അദ്ദേഹത്തിന് ഇളിച്ച് കൊടുത്തു. ഒരുവന്റെ കൂര്‍ത്ത വളിഞ്ഞ ഇളി നേരെ കെ. ചന്തുവിന്റെ ഹൃദത്തിലേക്കാണ് വന്ന് തറച്ചു നിന്നത്.

ദിവസങ്ങളോരോന്നായി കൊഴിഞ്ഞെങ്കിലും, 'തനിക്കിനി ഒരാവാര്‍ഡും കിട്ടില്ലടോ' എന്ന് വിളിച്ചോതും പോലുള്ള ഒരുവന്റെ വളിഞ്ഞ ഇളി കെ. ചന്തുവിനെ ഇടതടവില്ലാതെ ശല്യപ്പെടുത്തി. എഴുതാനിരിക്കുമ്പോഴെല്ലാം ആ വളിഞ്ഞ ഇളിയാണ് മുന്നിലേക്ക് ആദ്യം വരിക. അതിനെ കഷ്ടപ്പെട്ട് വകഞ്ഞ് മാറ്റി അദ്ദേഹം എഴുത്ത് തുടങ്ങുമ്പോഴേക്കും, അടുത്ത വളിഞ്ഞ ഇളി മുന്നില്‍ വന്നെത്തും, അതിനെയും വകഞ്ഞ് മാറ്റി അദ്ദേഹം തന്റെ എഴുത്ത് തുടരും. വീണ്ടും ആ വളിഞ്ഞ ഇളി മുന്നില്‍ പ്രത്യക്ഷമാകും. എന്നാലും, കഷ്ടപ്പെട്ട് കെ. ചന്തു തന്റെ ദുര്‍ഘട എഴുത്ത് തുടരും. 

ദിവസങ്ങള്‍ മാറി മറിഞ്ഞു, കുപ്പിശരീരത്തില്‍ നിന്നും ആ വളിഞ്ഞ ഇളി അദ്ദേഹത്തിന്റെ ആത്മ ധൈര്യം അല്‍പസ്വല്‍പമായി ഊറ്റിക്കുടിക്കുവാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍, അദ്ദേഹത്തിന് തന്റെ എഴുത്തിലുള്ള സംതൃപ്തി നഷ്ടപ്പെട്ടു. അവാര്‍ഡ് ലഭിക്കുമെന്ന് കണക്ക് കൂട്ടിയ അദ്ദേഹത്തിന് അതിലുള്ള വിശ്വാസം പതിയെ ചോര്‍ന്ന് തുടങ്ങി. എഴുതുന്നെതെല്ലാം കോമാളിത്തരമാകുന്നുണ്ടോ എന്ന് വരെ അദ്ദേഹം സംശയിച്ചു. കഥയുടെ പലയിടങ്ങളിലും അദ്ദേഹം ഇനിയെന്ത് എന്ന ചോദ്യവുമായി ഇടിച്ചുനിന്നു. കഥയിലെ സംഭവങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനാവാതെ പല സ്ഥലങ്ങളിലും അദ്ദേഹം ഇരുന്ന് പുകഞ്ഞു. 

തുടര്‍ച്ചയായി കുറച്ച് ദിവസങ്ങള്‍ ഒന്നും എഴുതാനാവാതെ കടലാസ്സിന് മുമ്പില്‍ പേനയുമെടുത്ത് കെ. ചന്തു കുത്തിയിരുന്നു, പിന്നെ കടലാസ്സില്‍ കുത്തി വരക്കാനും, എഴുതി വെച്ച കടലാസ്സുകള്‍ കീറി കളയാനും തുടങ്ങി. 

ഒരു ദിവസം, കഥയുടെ ഒന്നും മുന്നില്‍ തെളിഞ്ഞ് വരാതിരിക്കുന്ന സമയത്ത് ദേഷ്യം വന്ന് പേനയുടെ മുനകൊണ്ട് തലയൊന്ന് അതിശക്തമായി ചൊറിഞ്ഞതാണ്, പൊടുന്നനെ കെ. ചന്തുവിന്റെ മുമ്പില്‍ കഥയുടെ പുതിയൊരിടം എവിടെ നിന്നോ പൊന്തി വന്നു. അന്നേരം, കെ. ചന്തു വല്ലാതെ സന്തോഷിച്ചു. അവാര്‍ഡ് കിട്ടിയപ്പോളുള്ള സന്തോഷത്തിനേക്കാളും പതിന്‍മടങ്ങായിരുന്നു കെ. ചന്തുവിന്റെ അപ്പോഴെത്തെ സന്തോഷം.

ഉടന്‍ തന്നെ പൊന്തി വന്ന കഥയുടെ പുതിയ ഇടം ആര്‍ത്തിയോടെ കെ. ചന്തു എഴുതി തീര്‍ത്തു കഴിഞ്ഞതും, പഴയ അവസ്ഥയിലേക്ക് തന്നെ അദ്ദേഹം വീണ്ടും മടങ്ങി. ഒന്നും തെളിഞ്ഞ് വരുന്നില്ല. കഥയില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ല. കെ. ചന്തു പലതും ചെയ്ത് നോക്കി. കുറേ ചായ കുടിച്ചു. കുറേ ഭക്ഷണം ഭക്ഷിച്ചു, കുറേ പാട്ട് കേട്ടു. കുറേ വായിച്ചു. കുറേ കണ്ടു. കുറേ ഓടി അങ്ങനെ പലതും... ഒന്നും ശരിയായില്ല, കഥയുടെ ഒന്നും തന്നെ മുന്നില്‍ തെളിഞ്ഞ് വന്നില്ല. 

നേരത്തെ പേനയുടെ മുനകൊണ്ട് ചൊറിഞ്ഞപ്പോള്‍ കഥയുടെ പുതിയൊരിടം പൊന്തി വന്നതാലോചിച്ച് കെ. ചന്തു തലയൊന്ന് പേനമുന കൊണ്ട് ചൊറിഞ്ഞ് നോക്കി. ഒന്നും സംഭവിച്ചില്ല. വീണ്ടും ഒന്ന് ശക്തമായൊന്ന് ചൊറിഞ്ഞു, ഒന്നുമുണ്ടായില്ല. പ്രതീക്ഷിക്കും വിധം ഒന്നും സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ തല പെരുത്ത് വരാന്‍ തുടങ്ങി. അദ്ദേഹം കസേരയില്‍ ഇരുന്നും, കട്ടിലില്‍ മലര്‍ന്ന് കിടന്നും, ചെരിഞ്ഞു കിടന്നും, കമഴ്ന്ന് കിടന്നും തല പുകച്ചു. ഒന്നും സംഭവിച്ചില്ല. ഇനി തെളിഞ്ഞു വരുന്നതാകട്ടെ അവ സാധാരണ കഥയിലുള്ളത് പോലോത്തതാണല്ലോ എന്ന് സ്വയം പറഞ്ഞ് സ്വന്തത്തെ തന്നെ അദ്ദേഹം പഴി ചാരി. 

മുന്നില്‍ ഒന്നും തെളിഞ്ഞു വരാത്തതില്‍ അരിശം മൂത്ത് അദ്ദേഹത്തിന് തലയെല്ലാം മാന്തി പൊളിക്കുവാന്‍ തോന്നി. വായിച്ചു തീര്‍ത്ത സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃതികളും, ആ വളിഞ്ഞ ഇളിയും ഒന്ന് ചേര്‍ന്ന് മുന്നില്‍ നിരന്ന് ഞെളിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുമ്പോള്‍, കെ. ചന്തുവിന്റെ ഉള്ളം ഭയന്നു വിറച്ചു. സംസ്ഥാന അവാര്‍ഡ് ഒരു ഭൂതമായി മാറി അദ്ദേഹത്തെ ഭയപ്പെടുത്തി. സംസ്ഥാന അവാര്‍ഡിനെ പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ തല ഇടിച്ച് തകര്‍ക്കാന്‍ തോന്നി. തന്റെ കഥ വെറുമൊരു സാധാരണയില്‍ പെട്ടതാണെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃതികളെല്ലാം അസാധാരണമായിരുന്നെന്ന് അദ്ദേഹം മാനിച്ചതോടെ, തന്റെ കഥ വലിയൊരു ശൂന്യതയിലേക്ക് ചുരുങ്ങുന്നുണ്ടോയെന്ന് അദ്ദേഹം ഭീതിയോടെ ഊഹിച്ചു. പിന്നെ, കഥയുടെ ശൂന്യത കെ. ചന്തുവിന്റെ ഉള്ളില്‍ തിളഞ്ഞ് മറിഞ്ഞു. രാത്രികള്‍ ഉറക്കമറ്റതായി. ഭക്ഷണം ക്രമരഹിതമായി. ശരീരം ശോഷിച്ചു. മനസ്സ് കഥയുടെ ശൂന്യതയില്‍ ഉഴറി നടന്നു. 

ഉറക്കമിളച്ചിരുന്നൊരു രാത്രി കഥയുടെ ശൂന്യത അദ്ദേഹത്തിന്റെ തലച്ചോറില്‍ കിടന്ന് പുളഞ്ഞ് അദ്ദേഹത്തെ അസ്വസ്ഥമാക്കിയപ്പോള്‍, അദ്ദേഹം രണ്ട് കൈകൊണ്ടും തലയൊന്ന് പിടിച്ച് കുലുക്കിയ ശേഷം ശക്തമായൊന്നിടിച്ചു. അസ്വസ്ഥത നിലക്കുന്നില്ല. തല പൊട്ടിച്ചിതറുമെന്ന് അദ്ദേഹത്തിനപ്പോള്‍ തോന്നി. സഹിക്കാവുന്നതിനുമപ്പുറമായപ്പോള്‍, പേനയുടെ മുന കൊണ്ട് അദ്ദേഹം തലയില്‍ ആഞ്ഞൊന്ന് കുത്തി. അന്നേരം, തലയില്‍ നിന്നും അസ്വസ്ഥത മെല്ലെ മാഞ്ഞു പോകുന്നതും, ഒരാശ്വാസം തലയിലേക്ക് അരിച്ച് കയറുന്നതും അദ്ദേഹം വ്യക്തമായറിഞ്ഞു. കഥയുടെ പുതിയൊരു ഇടം എങ്ങു നിന്നോ അദ്ദേഹത്തിന് മുന്നില്‍ മെല്ലെ പൊങ്ങി വരികയും ചെയ്തു. അദ്ദേഹം സന്തോഷവാനായി. അവാര്‍ഡ് കിട്ടിയതിനേക്കാളും നൂറ് മടങ്ങ്! 

അദ്ദേഹം സന്തോഷവാനായി. സ്വന്തം ജീവനെക്കാളും വിലയുള്ളതായി ആ നിമിഷം അദ്ദേഹത്തിന് തോന്നിയതോടെ, പേനയുടെ മുനയില്‍ പറ്റിപ്പിടിച്ചിരുന്ന ചോര കണ്ടും അദ്ദേഹം സന്തോഷവാനായി. അദ്ദേഹം തന്റെ എഴുത്ത് തുടര്‍ന്നു. വീണ്ടും എഴുത്തിന്റെ പലയിടങ്ങളിലും ഇടിച്ച് നിന്നു. അപ്പോഴെല്ലാം അദ്ദേഹം പേനമുന കൊണ്ട് തലയില്‍ കുത്തി, അല്ലെങ്കില്‍ ചുമരില്‍ തല ആഞ്ഞിടിച്ചു. അദ്ദേഹത്തിന് മുന്നില്‍ കഥയുടെ പുതു പുതു അംശങ്ങളും, നവ നവമായ ആശയങ്ങളും ഓരോന്നായി അപ്പപ്പോള്‍ തെളിഞ്ഞു വന്നു. സ്വയം മറന്നദ്ദേഹം പൊട്ടി പൊട്ടിച്ചിരിക്കുവാനും ആരംഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തെ ഹരം കൊള്ളിക്കുന്നൊരു മായാലോകത്തേക്ക് അദ്ദേഹം കടന്നിരുന്നു. തന്റെ ഭൗതിക ശരീരം അദ്ദേഹത്തിന് അവിടെ അനുഭവഭേദ്യമാകുന്നേയുണ്ടായിരുന്നില്ല. അദ്ദേഹം കഥയെന്ന ലഹരിയുടെ മഹാ സാഗരത്തില്‍ നീരാടുകയായിരുന്നു.

പിന്നെ, കഥയുടെ നിഗൂഢമായ ഭാഷ അദ്ദേഹത്തിന് മുന്നില്‍ നിവര്‍ന്ന് വന്നു. കഥയുടെ പുതിയ ഇടങ്ങളും, പുതിയ മേഖലകളും, പുതിയ ശൈലികളും അദ്ദേഹത്തിന് മുന്നില്‍ തെളിഞ്ഞ് വന്നു. അദ്ദേഹം കഥയുടെ ഉള്ളിലേക്ക് കടന്ന് ചെല്ലുന്തോറും, കഥ അദ്ദേഹത്തിന്റെ ഉള്ളിലേക്കും അതിക്രമിച്ച് കടന്ന് കൊണ്ടിരുന്നു. അദ്ദേഹം നീല മഷി കൊണ്ട് കടലാസില്‍ കഥ എഴുതി തീര്‍ക്കുമ്പോള്‍, ചുവന്ന ചോര കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവില്‍ കഥ അദ്ദേഹത്തിന്റെ ജീവിത കഥ എഴുതി തീര്‍ക്കുകയായിരുന്നു...

അദ്ദേഹത്തിന്റെ പെങ്ങള്‍ എങ്ങെനെയെങ്കിലും ആങ്ങളയെ തന്റെ പുതിയ വീട്ടിലൊന്ന് രാപാര്‍പ്പിക്കണമെന്ന ലക്ഷ്യത്തോട് കൂടി അദ്ദേഹത്തിന്റെ മലര്‍ക്കെ തുറന്നിട്ട വീട്ടിലേക്ക് കയറി വന്നതാണ്, അവിടുത്തെ കാഴ്ച കണ്ടതും, പെങ്ങള്‍ ശ്വാസം നിലച്ച് ബോധമറ്റ് വീണു. 

ഏറെ നേരെത്തിന് ശേഷം, കെ. ചന്തുവിന്റെ ഫോണിന്റെ അലര്‍ച്ചയാല്‍ പെങ്ങളുണര്‍ന്നു. പെങ്ങള്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. പിന്നെ നാട്ടുകാരറിഞ്ഞു, വാര്‍ത്തയായി, ചാനലായി, ബഹളമായി, കാഹളമായി. ഒരു കുഞ്ഞ് പോലും ശബ്ദിക്കാത്ത കെ. ചന്തുവിന്റെ ഇടം ശബ്ദ കോലാഹളങ്ങളില്‍ മുങ്ങിക്കിടന്നു. 

കെ. ചന്തുവിനെ പുതിയ രീതികളിലൂടെ എല്ലാവരും കാണാനും, കേള്‍ക്കാനും തുടങ്ങി. പുതിയ കോണുകളിലൂടെ എല്ലാവരും അദ്ദേഹത്തെ വീക്ഷിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഗതകാലം പലരും പലരീതിയില്‍ വായിച്ചെടുത്തു, വ്യാഖ്യാനിച്ചു. കാലങ്ങള്‍ പോകവെ, കെ. ചന്തുവിന്റെ യുഗം അവസാനിച്ചുവെന്ന് പലരും വിശ്വസിച്ചു. 

ചുവന്ന തേനൊലിക്കുന്ന ചുവന്ന പൂ പോലുള്ള കെ. ചന്തുവിന്റെ തലയുടെ അടുത്ത് നിന്നും തടിച്ചൊരുവന്‍ കെ. ചന്തു എഴുതി തീര്‍ത്തിരുന്ന കൃതി അന്ന് ആരും കാണാതെ കൈയില്‍ പിടിച്ചിരുന്നു. അടുത്ത അവാര്‍ഡിന് അയച്ച് കൊടുക്കണമെന്ന് തടിച്ചൊരുവന്‍ അപ്പോള്‍ തന്നെ മനസ്സിലുറപ്പിച്ചു. 

click me!