Malayalam Short Story : അന്‍ഷുവിന്റെ ലൈംഗികഗ്രന്ഥം, സാബു ഹരിഹരന്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Feb 9, 2022, 5:13 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സാബു ഹരിഹരന്‍ എഴുതിയ ചെറുകഥ

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

'Whoever envies humanity has the abherence towards mankind without compassion' - Soren Pavese

ആദ്യമേ പറയട്ടെ, ഉദ്ധരണി വായിച്ച് മനസ്സിലാക്കാന്‍ കഷ്ടപ്പെടണമെന്നില്ല. മലയാളത്തിലുള്ള കഥയ്ക്ക്, എന്തിനാ ഇംഗ്ലീഷില്‍ ഒരു ഉദ്ധരണി എന്ന് ചില വിവരമുള്ള വായനക്കാര്‍ മനസ്സില്‍ ചോദിക്കുന്നുണ്ടാവുമിപ്പോള്‍. ഈ മാതിരി ഒരെണ്ണം കഥ പറയുന്നതിന് മുന്‍പ് നിരത്തി വെച്ചാലെ കഥയ്ക്ക് ഒരു നിലവാരം വരൂ എന്ന് വിശ്വസിക്കുന്ന ചില വായനക്കാരുടെ കണ്ണില്‍ വാരി വിതറാന്‍ എഴുതി വെച്ചെന്നേയുള്ളൂ! 

എഴുതി വെച്ചിരിക്കുന്നതില്‍ 'abherence' എന്നൊരു വാക്ക് ശ്രദ്ധിച്ചോ? അങ്ങനെയൊരു വാക്ക് ഇംഗ്ലീഷ് ഭാഷയിലില്ല! അതെന്റെ സംഭാവനയാണ് (അര്‍ത്ഥം എന്ത് വേണമെന്ന കാര്യത്തില്‍ ഇതുവരെയൊരു തീരുമാനമായിട്ടില്ല). പറയുമ്പോള്‍ മുഴുവനും പറയണമല്ലോ, ഈ പറയുന്ന Soren Pavese എന്ന പേരും സാങ്കല്‍പ്പികമാണ്. അങ്ങനെ ഒരാളില്ല! ഇനി കഥയിലേക്ക് കടക്കാം. കഥയുടെ തലക്കെട്ട് ശ്രദ്ധിച്ചു കാണുമല്ലോ? നിങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണീ കഥ വായിക്കുന്നതെന്നെനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. നിങ്ങളെ നിരാശപ്പെടുത്തരുത് എന്ന് അതിയായ ആഗ്രഹവുമുണ്ട്.

കഥ തുടങ്ങുന്നത് ഒരു തണുത്ത പ്രഭാതത്തിലാണ് (തലേന്ന് നല്ല മഴയായിരുന്നു). വേണമെങ്കില്‍ വീണനാദം ബിജിഎം ആയി സങ്കല്‍പ്പിച്ചോളൂ! 

പ്രഭാതത്തില്‍ പത്രം വായിക്കരുതെന്ന് എന്റെ സുഹൃത്ത് പലവട്ടം തലയ്ക്ക് കൈ വെച്ച് താക്കീത് തന്നിട്ടുള്ളതാണ്. ദിവസമാരംഭിക്കുന്നത് ശുഭവാര്‍ത്തകളോടെ ആവുന്നതാണുത്തമമത്രേ. അതു പോലെ തന്നെ രാത്രി ഉറങ്ങാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് വാര്‍ത്തകള്‍ കേള്‍ക്കുകയോ, വായിക്കുകയോ, കാണുകയോ ചെയ്യരുതെന്നും. അതൊക്കെയും ഹൃദയപേശികള്‍ക്കും വാല്‍വുകള്‍ക്കും അനാവശ്യപിരിമുറക്കമുണ്ടാക്കുമെന്നാണവന്റെ അഭിപ്രായം. ചെറുപ്പം മുതല്‍ക്കെയുള്ള എന്റെ ശീലമെങ്ങനെ പെട്ടെന്ന് മാറ്റാനാകും? 

ഈ കഴിഞ്ഞ ചൊവ്വാഴ്ച ദിവസം. പതിവു പോലെ രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

ആഹാ! ധാരാളം രസകരമായ വാര്‍ത്തകള്‍! ബോംബേറ്, കത്തിക്കുത്ത്, അനാശാസ്യം, രാഷ്ട്രീയ തൊഴിലാളികളുടെ ചില മരമണ്ടന്‍ പ്രസ്താവനകള്‍, ഒരിക്കലും നടപ്പിലാക്കാന്‍ സാധ്യതയില്ലാത്ത പദ്ധതികള്‍... 

ഇതൊക്കെയും വായിച്ചു മൂന്നാം പേജിനു താഴെ വലതുകോണില്‍ കണ്ണെത്തിയപ്പോഴേക്കും ഒരു പരസ്യത്തില്‍ കാഴ്ച്ച ഒട്ടിപ്പിടിച്ചു. 

'സമ്പൂര്‍ണ്ണ ലൈംഗിക ഗ്രന്ഥം.' 

വലിയ പരസ്യമാണ്. മനുഷ്യന്‍ ഒരു വികാരജീവിയെന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. അതു കൊണ്ട് വികാരമുള്ള ഏതൊരു മനുഷ്യനും ആ പരസ്യം ശ്രദ്ധിച്ചു പോവും. ആറ് വാല്യങ്ങളിലായിട്ടാണ് ജ്ഞാനം ഒതുക്കിവെച്ചിരിക്കുന്നത്. ഈ വാല്യം വാല്യം എന്നു പറയുമ്പോള്‍ ഒരോന്നിനും ഏതാണ്ട് ഒന്ന്..ഒന്നര കിലോ തൂക്കം വരുമായിരിക്കും. ഞാന്‍ മനസ്സു കൊണ്ട് പുസ്തകം തൂക്കി നോക്കി. 

ചരിത്രം, ഇതിഹാസം, പുരാണം, ശരീരശാസ്ത്രം, മനശ്ശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നു വേണ്ട സകലതും ഈ ആറ് വാല്യങ്ങളില്‍ കുത്തിനിറച്ചിരിക്കുന്നു എന്നാണവകാശവാദം. എന്നു വെച്ചാല്‍ ലൈംഗികതയുടെ അവസാനവാക്ക്! ഇതിനപ്പുറം ഇനി ഒരുത്തനും ഒന്നും എഴുതരുത് എന്ന ഉദ്ദേശ്യത്തോടെ എഴുതി വെച്ചിരിക്കുവാണ്. അടുത്ത മാസം വരെ മുപ്പത് ശതമാനം വിലക്കുറവ്. ആനന്ദലബ്ദിക്കിനിയെന്തുവേണം? 

ആയകാലത്ത് ഇത്തരം ഒരു പുസ്തകം ആരുമെഴുതിയില്ലല്ലോ എന്നൊരു ചെറിയ മനസ്താപം പൊടുന്നനെ എനിക്കുണ്ടായി. സാരമില്ല, റിട്ടയര്‍മെന്റ് ആയതിനാല്‍ വായിക്കുവാന്‍ ഇതില്‍പരം നല്ലൊരു വിഷയമില്ല. വാങ്ങി മുന്‍വശത്തെ ഷെല്‍ഫില്‍ വെച്ചാല്‍ വിരുന്നുകാരുടേയും ബന്ധുക്കളുടേയും അര്‍ത്ഥം വെച്ചുള്ള ചിരി കാണേണ്ടി വരും. അതിലശേഷം താത്പര്യമില്ല. പക്ഷെ ബെഡ്‌റൂമിലുള്ള അലമാരയില്‍ ഒരു മുതല്‍ക്കൂട്ടായി ഒതുങ്ങി ഇരിക്കും. രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലെങ്കില്‍ രാത്രി അത്താഴം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ പെട്ടെന്ന് ഒരു വല്ലാത്ത സംശയം തോന്നിയാല്‍ ഉടനെ ഓടിച്ചെന്നു നോക്കാന്‍ പുസ്തകമുണ്ട്. ഈ വാല്യങ്ങള്‍ മുഴുവനും വായിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വിഷയത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. അത്രയും വിജ്ഞാനം അതിലുണ്ട്. വില രണ്ടായിരത്തോളം വരും. എങ്കിലും കുഴപ്പമില്ല. ചിന്തിച്ച് ഏതാണ്ടിത്രേടം വരെ ആയപ്പോഴാണ് 'അപകടം' വന്നു പിന്നാലെ തോളിന്റെ മുകളില്‍ കൂടി എത്തിനോക്കിയത്.

'ഇതും നോക്കി അങ്ങനെ ഇരുന്നോ! ങും!'

ആ പറഞ്ഞതു സ്‌നേഹത്തോടെ ഉപദേശിച്ചതാണെന്നു കരുതരുത്. ആക്ഷേപിച്ചതാണ്. അധിക്ഷേപിച്ചതാണ്. 

ആ ഒടുക്കത്തെ 'ങും!' ശ്രദ്ധിച്ചോ? അതാണ് ലോകത്തേറ്റവും അപകടം പിടിച്ച ശബ്ദം. അതിനു ഒരോ സമയത്തും ഒരോ അര്‍ത്ഥങ്ങളാണ്. പലതും ഇതേവരെ മനസ്സിലായിട്ടുമില്ല. മനസ്സിലാക്കിയതോ ഭീകരവും! നമ്മള്‍ എല്ലാം ടോണില്‍ നിന്നും 'ടക്കനെ' പിടിച്ചെടുക്കണം. ആ ഒരു കഴിവ് സ്വായത്തമാക്കുന്നത് നന്നെ ചെറുപ്പത്തിലാണെങ്കിലും വിവാഹശേഷമാണ് അത് അതിന്റെ പൂര്‍ണ്ണതയിലെത്തുക. 

ഞാന്‍ പ്രായപൂര്‍ത്തിയായവനാണ്. മൂക്കിനു താഴെ വളരുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള രോമങ്ങളുടെ തുമ്പ് ദിവസവും കത്രിച്ചു കളയുന്നവനാണ്. വല്ലപ്പോഴും വില്‍സ് സിഗററ്റ് വലിച്ച് ഇതേ രോമങ്ങള്‍ക്ക് കാപ്പിപ്പൊടി നിറം കൊടുക്കാറുമുണ്ട്. അങ്ങനെയുള്ള ഒരാളെയാണ് വളരെ നിസ്സാരമായി അധിക്ഷേപിച്ചിട്ട് ആ സ്ത്രീ തിരിഞ്ഞു നടക്കുന്നത്.

'ഇതതല്ല' എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനു മുന്‍പ് അപകടം അടുക്കളയിലേക്ക് അകന്നു കഴിഞ്ഞിരുന്നു. 

ഞാന്‍ വീണ്ടും പരസ്യത്തിലേക്ക് തല പൂഴ്ത്തി. പരസ്യം വീണ്ടും വായിച്ചു. ബഹുവര്‍ണ്ണ ചിത്രങ്ങള്‍, മനശ്ശാസ്ത്രജ്ഞരുടെ കുറിപ്പുകള്‍, ചരിത്രകാരന്മാരുടെ കുറിപ്പുകള്‍...

ഒടുവില്‍ വായന ചെന്നു നിന്നത് ഒരു പേരിലാണ്. 

'അന്‍ഷുമാന്‍'. 

എഴുത്തുകാരന്റെ പേരാണ്. ഇത്രയും വിചിത്രമായ ഒരു പേര് ഒരു മലയാളി ചുമന്നു കൊണ്ട് നടക്കുന്നല്ലോ എന്നല്ല എനിക്ക് തോന്നിയത്. ഇതല്ലെ ആ പഴേ അന്‍ഷു? എന്നാണ്. കേരളത്തില്‍ ഒരു പക്ഷെ 'അന്‍ഷുമാന്‍' എന്നൊരു പേരു അവനു മാത്രമേ ഉണ്ടാവൂ. ക്രിക്കറ്റ് ഭ്രാന്തനായ ഒരച്ഛന്‍ മകനു ചാര്‍ത്തി കൊടുത്ത ആരാധനയുടെ അടയാളമായിരുന്നു ആ പേര്.

ഞാന്‍ ഓര്‍മ്മകളുടെ കാസറ്റ് റിവൈന്‍ഡ് അടിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയകെട്ടിടത്തിന്റെ വലിയ തൂണുകളില്‍ ചാരിയിരുന്ന് ഒരു പൊടിമീശക്കാരന്‍ കവിതകള്‍ എഴുതുന്നത് കണ്ടു. അവസാന വര്‍ഷമായിട്ടും അവന്റെ മീശയ്ക്ക് വേണ്ടത്ര കരുത്തും കറുപ്പും ഉണ്ടായില്ല. 'നിനക്ക് നല്ല കട്ടി മീശ ഉണ്ടാവട്ടെ' എന്നൊരു ആശീര്‍വാദം ഓട്ടോഗ്രാഫിലെഴുതി വെച്ച് ഞാന്‍ പടിയിറങ്ങി വഴി പിരിഞ്ഞു പോയതും കണ്ടു. അതൊക്കെയും ചരിത്രം. അതൊക്കെ ഒരു കാലം. ഞാന്‍ നെടുവീര്‍പ്പിട്ട് നൊസ്റ്റാള്‍ജിയ മുഴുവന്‍ ഒതുക്കി.

പണ്ട് കോളേജില്‍ വെച്ച്, കൊടി പിടിച്ചവരൊക്കെ മന്ത്രിമാരോ കുറഞ്ഞപക്ഷം എം എല്‍ എ മാരോ ആവുമെന്നായിരുന്നു ധാരണ. അതു പോലുള്ളൊരു ധാരണ പ്രകാരം, അന്‍ഷു വലിയൊരു കവിയാകും എന്നായിരുന്നു എന്റെ വിശ്വാസം. കോളേജ് മാഗസിനില്‍ അവന്റെ ഒരു കവിത അച്ചടിച്ചു വന്നിരുന്നു. പതിവു കവിതാ വിഷയങ്ങളെ വിട്ടു അവന്‍ മരപ്പട്ടിയെ കുറിച്ചായിരുന്നു എഴുതിയത്. രാത്രികളില്‍ കുഞ്ഞുങ്ങളുമായി മതിലിലൂടെ പതിയെ പമ്മി നടന്നു പോകുന്ന ഒരു പാവം മരപ്പട്ടി. താഴെത്തട്ടിലെ മനുഷ്യജീവിതങ്ങളുമായി ബന്ധപ്പെടുത്തി, ആരെക്കെയൊ അതിനെ വലിയ കവിതയായി വാഴ്ത്തിയതും ഓര്‍മ്മ വന്നു. കവിത പൂച്ചയെ കുറിച്ചോ പട്ടിയെ കുറിച്ചോ ആയിക്കോട്ടെ, വാഴ്ത്താനാരുമില്ലെങ്കില്‍ പിന്നെന്തു കാര്യം? 

അന്‍ഷു വ്യത്യസ്തനായിരുന്നു, എപ്പോഴും. എന്റെ ഒരു കഥയാണന്ന് മഷിപുരണ്ടത്. വിപ്ലവമായിരുന്നു വിഷയം. അതിനെപ്പോഴും മാര്‍ക്കറ്റുണ്ടല്ലോ? ഒരു കൊടി, രണ്ടു വിളി, മൂന്ന് കത്തിക്കുത്ത്, പിന്നൊരു ഒളിവ് താമസം ഒക്കെ ചേര്‍ത്ത് ഒരു അരസികന്‍ കഥ. ഞാന്‍ അന്‍ഷൂനെ കുറിച്ചോര്‍ത്തു, അവന്റെ മരപ്പട്ടി കവിതയെ കുറിച്ചോര്‍ത്തു. അവന്‍ സ്‌നേഹിച്ച വെളുത്ത ക്രിസ്ത്യാനി പെണ്‍കുട്ടിയെ കുറിച്ചോര്‍ത്തു, കൂട്ടത്തില്‍ എന്റെ മൗനപ്രണയങ്ങളെക്കുറിച്ചും. 

ചിന്തകളുടെ ഗുണമതാണ്. രഹസ്യമായി എത്ര നേരം വേണമെങ്കിലും ചിന്തിച്ചു കൊണ്ടേയിരിക്കാം! 

ചിന്തകള്‍ മാറ്റി വെച്ച് പത്രത്തില്‍ കാണുന്ന പബ്ലിഷറുടെ നമ്പറില്‍ വിളിച്ചു. ഒന്നു രണ്ടു വട്ടം കൈമാറി ഒടുവില്‍ അന്‍ഷുവിന്റെ ഫോണ്‍നമ്പര്‍, വിലാസം ഒക്കെ ഒപ്പിച്ചു. അവനെ ചെന്നൊന്നു കാണാം. അവനിപ്പോഴും മീശ വളര്‍ന്നിട്ടുണ്ടാവുമോ? ആ ചോദ്യം എന്റെ മുന്നില്‍ നട്ടെല്ല് വളച്ചു നിന്നു. അവനിപ്പോള്‍ മീശ ഉണ്ടാവും. ഉണ്ടാവണം.

'ഒന്നു പുറത്ത് പോയിട്ട് വരാം'

ഞാന്‍ വീട്ടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഇപ്പോഴവള്‍ക്കൊരു പ്രാര്‍ത്ഥനയെ ഉള്ളു. പട്ടി കടി കിട്ടാതെ തിരിച്ചു വീട്ടിലേക്ക് തിരിച്ചു വരണേ എന്ന്. നാട് മുഴുവന്‍ നായ്ക്കളാണ്. പ്രഭാതസവാരി പോലും നിര്‍ത്തിവെച്ചത് ആ ഒറ്റ കാരണത്തിലാണ്. പഴേ പോലെ ഓടാന്‍ ആരോഗ്യവുമില്ല. എന്നാല്‍ നായ്ക്കള്‍ക്കാവട്ടെ ആരോഗ്യത്തിനു ഒരു കുറവുമില്ല. കര്‍ണ്ണാടകയില്‍ നായയെ പൂജിക്കുന്ന ഒരു ക്ഷേത്രമുണ്ടത്രെ. ആരും ചെയ്തുപോകും! നമ്മുടെ കേരളത്തിലും വേണം അതു പോലൊന്ന്. 

ഞാന്‍ ജീന്‍സെടുത്തു വലിച്ചു കയറ്റി. അതിപ്പോള്‍ എത്ര ഉഷ്ണമുള്ള കാലാവസ്ഥയായാലും ആ ഒരു ശീലത്തില്‍ മാറ്റമില്ല. റിട്ടയര്‍ ചെയ്തതോടെ ചെറുപ്പം ഒലിച്ചു പോകത്തൊന്നുമില്ലല്ലോ. പേഴ്‌സിനുള്ളില്‍ അഞ്ഞൂറിന്റെ കുറെ നോട്ടുകള്‍ തിരുകി. പോക്കറ്റില്‍ ഇരുപത്, അന്‍പത്, നൂറ് നോട്ടുകള്‍. കുറച്ച് നാണയത്തുട്ടുകള്‍. വെയില്‍ തടയാന്‍ ഒരു തൊപ്പി. കണ്ണാടിയില്‍ നോക്കി. ആകെ മൊത്തം ഒരവലക്ഷണം. എങ്കിലും ഞാന്‍ തയ്യാറായി കഴിഞ്ഞു.

നടന്നു. ബസ്സുകള്‍ മാറി കയറി. ഓട്ടോ പിടിച്ചു. സ്ഥലത്തെത്തി. ഇത്രയേ പറയേണ്ടതുള്ളൂ. ശേഷം അഞ്ചു മിനിട്ട് നടത്തം. അത്ര കൂടിയേ ഉള്ളൂ, അന്‍ഷൂന്റെ കൊട്ടാരത്തിലേക്ക്. 

കൊട്ടാരം കണ്ടു. ഓടിട്ട കൊട്ടാരമാണ്. മുറ്റത്ത് ധാരാളം ചെടികളുണ്ട്. അതിന്റെയൊക്കെ പേരുകള്‍ അറിയാമെങ്കിലും പറയുന്നില്ല. അതൊക്കെ വലിയ സാഹിത്യകാരന്മാര്‍ പറയട്ടെ, ചെടികളുടെയും, പക്ഷികളുടെയും പേരുകള്‍. കൊട്ടാരത്തിനു നീല ചായമാണ്. മുന്‍വശത്ത് ഒരു ബൈക്കിരുപ്പുണ്ട്. അവന്റെ മയില്‍ വാഹനം. പഴയ മോഡലാണ്. പക്ഷെ നല്ല ഓട്ടമുണ്ട്. ടയര്‍ നിറയെ ചെളിയും പൊടിയും എന്റെ ഉണ്ടക്കണ്ണുകള്‍ കണ്ടു പിടിച്ചു. 

ഞാന്‍, 'അന്‍ഷൂ' എന്നുറക്കെ വിളിച്ചു. വിളി വീട്ടിനകത്തേക്കോടി കയറി പോയി. കുറച്ച് നേരത്തേക്ക് ഒരു ഒച്ചയുമില്ല. ഞാന്‍, വീണ്ടും വിളിക്കാന്‍ തയ്യാറെടുത്തു. അപ്പോഴേക്കും ഒരിരുണ്ട ശരീരം ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വന്നു. ഇരുട്ടില്‍ നിന്നും ഇരുട്ടിറങ്ങി വരുന്നതു പോലെയായിരുന്നു. 

അന്‍ഷു! അവനിപ്പോള്‍ കട്ടിമീശമാത്രമല്ല, താടിയുമുണ്ട്. തലയിലും താടിയിലും എന്നേക്കാള്‍ നരയുണ്ട്. 

'ആരാ?'  എന്നവന്റെ കണ്ണുകള്‍ കൊണ്ടുള്ള ചോദ്യത്തിനു ഞാനെന്റെ പേരു പറഞ്ഞു. പിന്നെ അവന്റെ ഓര്‍മ്മകളെ കുലുക്കിയുണര്‍ത്താന്‍, മാഗസിനിലെ മരപ്പട്ടി കവിതയെ കുറിച്ചും എന്റെ വിപ്ലവ കഥയെ കുറിച്ചും. അപ്പോഴാണവന്റെ ഇടുങ്ങി പോയ പുരികം അയഞ്ഞത്, അവന്റെ മീശ മൂടിയ ചുണ്ടുകള്‍ക്കിടയിലൂടെ ഒരു ചിരി പുറത്തേക്ക് വന്നത്. എനിക്ക് സമാധാനമായി.

'നീ വാ'. അവന്‍ അടുത്ത നിമിഷം പഴയ അന്‍ഷുവായി.

അവന്‍ കസേരയിലും ഞാന്‍ വീടിന്റെ അരമതിലിലും ഇരുന്നു. നല്ല തണുപ്പുണ്ടവിടെ. എന്റെ മനസ്സു തണുത്തു. പിന്‍ഭാഗവും.

'നിന്റെ ബുക്കിന്റെ പരസ്യം കണ്ടു വന്നതാണ്!' മുഖവുരയൊന്നുമില്ലാതെ ആവേശത്തോടെ പറഞ്ഞു. അവന്‍ ശബ്ദമില്ലാതെ ചിരിച്ചു.

'നീ വല്യ കവിയാകും എന്നാണ് ഞാന്‍ വിചാരിച്ചത്...എന്താ നീ പിന്നീടൊന്നും എഴുതിയില്ലെ?'

ഒരു ചത്ത ചിരിക്ക് ശേഷം താടിയുഴിഞ്ഞു കൊണ്ടവന്‍ പറഞ്ഞു, 'എഴുതി. ഒരുപാട് കവിതകളെഴുതി. ഇപ്പോള്‍ എഴുതിയാല്‍ മാത്രം പോരല്ലോ...ഒന്നുകില്‍ തെറി കവിതകളെഴുതണം. അല്ലേല്‍ വിവാദമുണ്ടാക്കണം. അതൊന്നും പറ്റിയില്ലെടാ...'

'നീ പിന്നെ എന്തിനാ ഈ ലൈംഗിക വിജ്ഞാന...ആ സംഭവം എഴുതിയത്?'

'സത്യത്തില്‍...അതാര്‍ക്കും എഴുതാവുന്നതേയുള്ളൂ. മാര്‍ക്കറ്റ് സ്റ്റഡി ചെയ്ത ഒരു പബ്ലിഷര്‍ എന്നോടെഴുതാമോ എന്നു ചോദിച്ചു. ഞാനെഴുതി. അതിനു വേണ്ട കാശും തന്നു. പുസ്തകം വിറ്റു പോയാല്‍ ഇനിയും കിട്ടുമായിരിക്കും'

'ഇതിനായി കുറേ കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലെ?'

'ഉം...മൂന്ന് വര്‍ഷത്തിലധികം'

'പക്ഷെ...ഇനി നീ അറിയപ്പെടാന്‍ പോകുന്നത്...ഇങ്ങനെ ഒരു പുസ്തകം എഴുതിയ ഒരാളെന്നാവില്ലെ?...നിനക്ക് കവിതകളൊക്കെ ഇനിയും എഴുതിക്കൂടെ?'

'കവിത എഴുതി ആരും ഇവിടെ ജീവിച്ചിട്ടില്ല. അല്ലേല്‍ സിനിമാപ്പാട്ടെഴുതണം. അല്ലാതെ തന്നെ കേരളത്തില്‍ ദിവസവും ആയിരം കവിതകളെങ്കിലും കവികള്‍ എഴുതുന്നുണ്ട്. എവിടെയോക്കെയോ ഇരുന്ന് അതൊക്കെ വായിച്ച് വായിച്ച്...ഏതാ ശരിക്കും കവിത എന്നു കൂടി ആള്‍ക്കാര്‍ക്ക് മനസ്സിലാവാത്ത സ്ഥിതിയായി...അതൊക്കെ പോട്ടെ, നീ ഇപ്പൊ എന്തു ചെയ്യുന്നു?'

ഞാന്‍ നേരത്തെ റിട്ടയര്‍മെന്റ് വാങ്ങി സ്വസ്ഥം സുഖവാസം ആരംഭിച്ച കാര്യം പറഞ്ഞു.

'ചായ കുടിക്കുമോ?'

അതിനുത്തരം കൊടുക്കുന്നതിനു മുന്‍പ് അകത്തേക്ക് തല തിരിച്ച്, 'ഒരു ചായ എടുക്ക് ശ്രീ' എന്നവന്‍ നീട്ടി വിളിച്ചു പറഞ്ഞു.

'നിനക്ക് കുട്ടികള്‍?' എന്റെയാ ഒരു ചോദ്യത്തോടെ ഞാനൊരു സാദാ മലയാളിയായി.

അവന്‍ തലകുനിച്ചിരുന്നു. അതു വിധിക്കു മുന്നിലോ, അവന്റെ പുരുഷത്വത്തിനു മുന്നിലോ അതോ എന്റെ മുന്നിലോ എന്നറിയില്ല.

'നിനക്കോ?'

'രണ്ട് പെണ്‍കുട്ടികള്‍' എന്ന് പറയുമ്പോള്‍ ചോദിക്കണ്ടായിരുന്നു എന്നു തോന്നി.

ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു. ഇപ്പോള്‍ ഒരുപക്ഷെ കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ലൈംഗികതയെ കുറിച്ച് ഒരവസാനവാക്ക് പറയാന്‍ കഴിവുള്ള ഒരാളുടെ മുന്നിലാണ് ഞാനിരിക്കുന്നത്. അവനിപ്പോള്‍ ഇതൊക്കെയും ഒരു വലിയ തമാശയായിരിക്കും. ഒരു തരം മരവിപ്പായിരിക്കും.

'നീ വാ. നമുക്ക് ഈ പറമ്പൊക്കെ ഒന്നു കാണാം.' അവന്റെ പറമ്പിലൂടെ നടക്കാന്‍ ഞാനാണ് ക്ഷണിച്ചത്. അവന്‍ തോര്‍ത്തെടുത്ത് കഴുത്ത് തുടച്ച് കൊണ്ട് പുറത്തേക്കിറങ്ങി. എന്റെ തൊപ്പിയും ജീന്‍സും...അവലക്ഷണം...എനിക്ക് പക്ഷെ തൊപ്പിയൂരാന്‍ തോന്നിയില്ല. 

പാതി വെളുത്ത മുടി മറയ്ക്കാനുമതുപകരിക്കും. എല്ലാം മറയ്ക്കണം. അത് ശീലമായി പോയി.

മണ്ണിലിറങ്ങിയപ്പോള്‍ നല്ല സുഖം. മണ്ണിരകള്‍ മണ്ണു കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. അവറ്റകള്‍ക്ക് വേറേ പണിയൊന്നുമില്ലല്ലോ.

'ഇതു സ്ത്രീധനമായിട്ട് കിട്ടിയതാ' പറമ്പിലൂടെ കണ്ണോടിച്ചു കൊണ്ട് അന്‍ഷു പറഞ്ഞു.

'ഇപ്പോ കുറെ കപ്പേം വാഴേം ചേനേം ഒക്കെയുണ്ട്...ഇപ്പോ ജൈവമല്ലെ ഫാഷന്‍...ഇവിടെ അതേയുള്ളൂ' അതു പറഞ്ഞു അന്‍ഷു ചിരിച്ചു.

ഞാന്‍ കണ്ടു, കുത്തിനിര്‍ത്തിയ കപ്പത്തണ്ടുകള്‍, കുട പിടിച്ചു നിലക്കുന്ന ചേനകള്‍, കൈയാട്ടി കളിക്കുന്ന വാഴകള്‍, തലയിളക്കുന്ന ചേമ്പിലകള്‍. സുന്ദരം. ഉള്ളില്‍ ചെറുതായി അസൂയ മുളച്ചു തുടങ്ങിയോ എന്നു സംശയം.

'നീ കുട്ടികളെ കുറിച്ച് ചോദിച്ചില്ലെ?'

ഞാനൊന്നും മിണ്ടിയില്ല. അല്പം മുന്‍പ് ചോദിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല.

'കുറെ ടെസ്റ്റുകളൊക്കെ നടത്തി നോക്കി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരു കുഴപ്പവുമില്ല. പക്ഷെ ന്തോ...കുഞ്ഞുങ്ങളുണ്ടാകുന്നില്ല. ഞാനിങ്ങനെ ആര്‍ക്കോ വേണ്ടി...ചില പുസ്തകങ്ങളൊക്കെ എഴുതി...വെറുതെ..'-അവന്‍ തുടര്‍ന്നു,

'നമ്മള്‍ വിചാരിക്കും നമുക്കൊക്കെ എല്ലാമറിയാമെന്ന്. സത്യത്തില്‍ നമുക്കൊന്നും അറിഞ്ഞൂടടാ. എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കുന്നതെന്നും എങ്ങനെയാ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതെന്നും...എല്ലാം എങ്ങനെയൊക്കെയോ സംഭവിക്കുകയാണ്...കണ്ടോ ഒരു പൂ വിരിയുന്നത് പോലും എന്തിനെന്നോ എങ്ങനെയെന്നോ നമുക്കറിയാമോ?'

ആ ഒരു നിമിഷം അവന്‍ വീണ്ടും പഴയ കവിയായതു പോലെയെനിക്കു തോന്നി.

'നീ ചോദിച്ചില്ലെ എന്തിനാ ഇങ്ങനെ ഒരു പുസ്തകം എഴുതുന്നതെന്ന്?...ശരിക്കും ഇതല്ലായിരുന്നെടാ ഞാനെഴുതേണ്ടിയിരുന്നത്...ജീവനെ കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. പക്ഷെ ജീവിച്ചിരിക്കുന്നവര്‍ക്ക് പോലും ജീവനെ കുറിച്ചറിയാന്‍ താത്പര്യമില്ലല്ലോ...' അതു പറഞ്ഞവന്‍ ചിരിച്ചു. ആ ചിരി മുഴുക്കെയും വേദനയാണെന്ന് തോന്നി.
എനിക്ക് വിളറിയ ഒരു ചിരിയുമായി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

'മുന്‍പൊക്കെ ഞാനവളുമായി കുഞ്ഞിനെ കുറിച്ച് സംസാരിക്കുമായിരുന്നു...അവള് പാവമാ...ഇപ്പൊ അതു സംസാരിക്കാന്‍ കൂടി ഞങ്ങള്‍ക്ക് കഴിയില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം മറച്ച് പിടിച്ച്, രഹസ്യങ്ങളുമായി ജീവിക്കാന്‍ വയ്യ..'

'നീ ഇപ്പൊ വന്നത് നന്നായി...കുറെ നാളായി ആരോടെങ്കിലും ഇതു പോലെയൊക്കെ ഒന്നു സംസാരിച്ചിട്ട്...'

ഞങ്ങളപ്പോഴേക്കും പറമ്പിലൂടെയൊരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയിരുന്നു.

വീണ്ടും വീട്ടുമുറ്റത്തെത്തിയപ്പോള്‍ അരമതിലില്‍ ആവി ഉയരുന്ന രണ്ടു ഗ്ലാസ്സുകള്‍ ഇരിക്കുന്നത് കണ്ടു. സമീപത്തായി ഒരു സ്ത്രീയും. ഞാന്‍ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി മുന്‍പരിചയമുള്ളത് പോലെ അവര്‍ ചിരിച്ചു.

ചായ കുടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു,

'നിന്റെ പുസ്തകം...അതെനിക്ക് വേണം...ഞാന്‍ കാശ് കൊണ്ട് വന്നിട്ടുണ്ട്...'

അവന്‍ നിശ്ശബ്ദനായി അകത്തേക്ക് പോയി പുസ്തകങ്ങള്‍ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടു വന്നു. ഞാന്‍ ഉയര്‍ത്തി നോക്കി. ഭാരമില്ല എന്നു പറയാനാവില്ല. ഇനി അവിടെ നിന്നാലും എനിക്കും അവനും സംസാരിക്കാന്‍ ഒന്നുമുണ്ടാവില്ലെന്നു തോന്നി.

പിന്നീടധികനേരം അവിടെ നിന്നില്ല. ചായക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞു ഞാന്‍ നടന്നു. അവിടം വിടുന്നതിനു മുന്‍പ് ഞാനൊരു വട്ടം പിന്നിലേക്ക് തിരിഞ്ഞു നോക്കി. അപ്പോഴും അവനും ഭാര്യയും തിണ്ണയില്‍ തന്നെ നില്പ്പുണ്ടായിരുന്നു. വീട്ടിനരികിലായുള്ള തോട്ടത്തിലേക്ക് നോട്ടം നീണ്ടു. തലയാട്ടിക്കളിക്കുന്ന ചേമ്പിലകള്‍...കൊച്ചു കുട്ടികള്‍ കൈവീശി കാണിക്കുന്നത് പോലെ തോന്നി.

ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ കവറിനുള്ളിലെ പുസ്തകങ്ങളെ കുറിച്ചാലോചിച്ചു. ഈ പുസ്തകങ്ങള്‍ മുഴുക്കെയും ഞാന്‍ വായിക്കുമോ? അറിയില്ല. ഒരു പക്ഷെ, വായിക്കാന്‍ തുറന്നാല്‍ അന്‍ഷുവിന്റെ മുഖമായിരിക്കും തെളിയുക. അവന്റെ വാക്കുകളാവും കേള്‍ക്കുക. എന്റെ തലമുടി പോലെ എന്റെ ചിന്തകളും നരച്ചു പോയിരിക്കാം. ജീവനെ കുറിച്ച് ആരെങ്കിലുമെഴുതിയിട്ടുണ്ടാവുമോ? എഴുതിയാലും വായിക്കാനാരുമുണ്ടാവില്ല. എല്ലാം വെറുതെയാണ്. എങ്ങനെയോ സംഭവിച്ചു പോകുന്നതാണ്. അന്‍ഷു പറഞ്ഞതാണ് ശരി. അവന്‍ കവിയാണ്. അല്ലെങ്കിലും കവികള്‍ ശരികളെ പറഞ്ഞിട്ടുള്ളൂ. 

തിരികെ പോകാനുള്ള ബസ്സില്‍ കയറി ഞാനിരുന്നു.

പ്രിയ വായനക്കാരെ, എരിവും പുളിവും ചേര്‍ത്തൊരു വിഭവമാണ് ഞാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇതിങ്ങനെ ആയി പോയി. സദയം ക്ഷമിക്കുക. ഇനി ഞാനല്പനേരം പുറത്തേക്ക് നോക്കി ഇരിക്കട്ടെ.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!