ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രമേശന്‍ പൊയില്‍ താഴത്ത് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആഗ്രഹങ്ങള്‍ക്കൊപ്പം ശരീരം ഓടിക്കിതച്ച് വരില്ലെന്നറിഞ്ഞ്, മറ്റാരും തുണയ്ക്കില്ലാതെ കുറേ കാലങ്ങള്‍ ഏകാന്തമായി ജീവിക്കേണ്ടി വരുന്ന ഒട്ടും സുഖകരമല്ലാത്ത യാത്ര തുടങ്ങിയിട്ട് ഒരുപാടായി. ശയ്യാവലംബിയായ ഭാര്യയും വീട്ടുവേലയ്ക്ക് ഗൗരിയും ഉള്ളത് കൊണ്ട് ഒറ്റയ്ക്ക് ജയിലില്‍ കഴിയുന്നത് പോലെ കഴിഞ്ഞു പോകുന്നു എന്ന് പറയാനാവില്ല. കൂടെ ആളുകള്‍ ഉണ്ടാവുകയും അതേസമയം ഓരോരുത്തരും ഏകാന്തമായി ആ വീട്ടില്‍ ദിനചര്യകള്‍ ആവര്‍ത്തിക്കുന്നു എന്നത് ദുഷ്‌കരമായ കാര്യം.
ഔറംഗബാദ്കാരി ഗൗരി അവളുടെ ഭര്‍ത്താവിന്റെ കൂടെ ആശുപത്രിയില്‍ പോയതാണ്. കുറേ വര്‍ഷം മുമ്പ് ഞങ്ങളുടെ കാര്‍ പോര്‍ച്ചിന്റെ പണിക്കു വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രശാന്ത് സോളങ്കിയുടെ ഭാര്യ. മുപ്പത്താറ് വയസേ ഉള്ളുവെങ്കിലും കെട്ടിട ജോലി ചെയ്തു ക്ഷീണിച്ചവശയായി കാഴ്ചയില്‍ പ്രായക്കൂടുതല്‍ തോന്നും. പ്രശാന്തിന് നാല്‍പ്പത് വയസ്സ്, കഠിനാദ്ധ്വാനിയാണ്, മിതഭാഷിയും.
കാര്‍ പോര്‍ച്ചിന്റെ പണിക്കാര്‍ക്ക് പതിനൊന്ന് മണിക്കുള്ള ചായ കൊടുക്കുന്നതിനിടയിലാണ് തളര്‍ന്നു വീണ എന്റെ ഭാര്യ സരോജയെ ഗൗരി ഓടിച്ചെന്ന് താങ്ങിപ്പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. അന്നു തൊട്ട് ഗൗരി ഞങ്ങളുടെ വീട്ടിലെ ഒരംഗമായി, പ്രശാന്ത് വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരനും. വയ്യാതെ കിടക്കുന്ന സരോജയ്ക്ക് താങ്ങും തണലുമായി വീട്ടിലെ ജോലികള്‍ എല്ലാമെടുത്തു നിശ്ശബ്ദയായി ഗൗരി ഞങ്ങളുടെ കൂടെ കഴിഞ്ഞു. കുറേ നാളുകളില്‍ കഷ്ടപ്പാടുകളുടെ കരുവാളിച്ചകള്‍ അപ്രത്യക്ഷയായപ്പോള്‍ ഗൗരി ഒരു സുന്ദരിയായി. ഞങ്ങളെ അറിയാത്തവര്‍ മൂന്നു പേരെയും ആദ്യമായി കാണുകയാണെങ്കില്‍ ഗൗരിയെ വീട്ടിലെ അംഗമെന്നുതന്നെയേ കരുതുകയുള്ളു.
അധികമൊന്നും സംസാരിക്കാതെ അവള്‍ വീട്ടിലെ ജോലികളെല്ലാം ചെയ്ത് വളരെ വൃത്തിയോടെ ഉത്തരവാദിത്തത്തോടെ അവിടെ കഴിഞ്ഞു കൂടി. എവിടെ നിന്നോ വന്നു ചേര്‍ന്ന വലിയ വരദാനമായി തോന്നി ഞങ്ങള്‍ക്ക് അവളുടെ സാന്നിദ്ധ്യം.
അമ്മയുടെ ചികിത്സക്ക് എത്ര വേണമെങ്കിലും പൈസ അയച്ചു തരാന്‍ ത്രാണിയുള്ള വിദേശത്ത് സെറ്റില്‍ ആയ മക്കള്‍, വീട്ടു ജോലിക്ക് ഗൗരി, നല്ല സൗകര്യമുള്ള വീട്, കാര്‍, റിട്ടയര്‍ഡ് ജീവിതത്തിന് ഇനി എന്ത് വേണം? ഏകാന്തതയുടെ ഒരു അസൗകര്യം ഒഴിവാക്കിയാല്‍ വേറെ എന്താണൊരു കുറവ്? ആലോചിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി,
കോരിച്ചൊരിയുന്ന മഴയത്ത് പുര കെട്ടി മേയാത്ത വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ മഴ നനയാതിരിക്കാന്‍ കയറിച്ചെന്ന പോലെയോ എന്നോര്‍ത്ത് വീണ്ടും ചിരി വന്നു. ചിരി അടക്കിയില്ല. ആത്മനിന്ദയില്‍ പൊതിഞ്ഞെടുത്ത ചിരിയായത് കൊണ്ടാവണം പിന്നീടത് ഒരുപാട് പടര്‍ന്നില്ല.
വെറുതെ മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരുപാട് പ്രയാസപ്പെട്ട് മകന്റെ ഇഷ്ടങ്ങള്‍ പോലും അവഗണിച്ച് വിദേശത്ത് പഠിക്കാന്‍ പറഞ്ഞയച്ചതും പിന്നീട് അവന്‍ അവിടെ തന്നെ സെറ്റില്‍ ആയതിനും ഞാന്‍ തന്നെയല്ലേ കാരണക്കാരന്‍. ഏതായാലും അവന്‍ അവിടത്തെ പെണ്ണിനെ കല്യാണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നു എന്നതിലല്ലേ ഞാന്‍ ആനന്ദിക്കേണ്ടത്?
ഗൗരി വരുന്നത് വൈകുന്നത് കൊണ്ടാണ് കുടിക്കാന്‍ എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് ചെന്നത്. പോകുന്നതിന് മുമ്പ് ചായയുണ്ടാക്കാനുള്ളതെല്ലാം പ്രത്യേകം എടുത്ത് വെച്ചിട്ടുണ്ട്. ചായയില്‍ ശര്‍ക്കര വേണോ? പഞ്ചസാര വേണോ എന്നു ചോദിച്ചാല്‍ എപ്പോഴും മാറ്റിപ്പറയുന്നത് കൊണ്ടാവണം, രണ്ടും എടുത്ത് വെച്ചിട്ടുണ്ട്. ഇപ്പോഴും പെട്ടെന്ന് ഒരു തീരുമാനമെടുക്കാനായില്ല. ഏതായാലും രണ്ടും നല്ല കരിമ്പിന്റെ ചാര്‍ പിഴിഞ്ഞെടുത്ത് ഘനീഭവിപ്പിച്ചതാവണം എന്നത് കൊണ്ട് മേന്മയില്ലെന്ന് പറയാനാവില്ല. വലത്തേ അറ്റത്തെ ചുവന്ന മൂടിയുള്ള കുപ്പി തുറന്ന് നോക്കിയപ്പോള്‍ പഞ്ചസാര. ഇവനാണ് ആഢ്യന്‍. ശര്‍ക്കര ഒരു പക്ഷേ ദളിതനാവണം. വളര്‍ന്നു വരുന്ന രീതികള്‍ വ്യത്യസ്തമാകുമ്പോള്‍ എങ്ങനെ ഒരു മനുഷ്യജീവി മറ്റൊരുവനില്‍ നിന്ന് വേറെ ഗുണങ്ങളുള്ളവന്‍ ആകുന്നു എന്നതിന് ആരെങ്കിലും ഒരു തിസീസ് അവതരിപ്പിച്ചു ഡോക്‌റേറ്റ് വാങ്ങിക്കാണണം എന്ന് മനസ്സില്‍ ഓര്‍ത്തു.
'മ്മടെ മോന്......?' ശര്‍ക്കയിട്ട് തിളപ്പിച്ച ചായ ആറ്റി സരോജയ്ക്ക് കൊടുക്കുമ്പോള്‍ വാതം കൊണ്ട് കോടിയ മുഖം കൊണ്ട് പറഞ്ഞത് അവ്യക്തമായേ കേട്ടുള്ളൂ. വീണ്ടും ഒന്നു രണ്ടാവര്‍ത്തി ചോദിച്ചിട്ടും ശ്രമം പരാജയപ്പെട്ടപ്പോള്‍ സ്പൂണില്‍ ഒഴിച്ചു കൊണ്ടിരുന്ന ചായയോടും അവള്‍ അനിഷ്ടം കാണിച്ചു.
എപ്പോഴും എന്തെങ്കിലും പറയാന്‍ ശ്രമിക്കും പക്ഷേ മനസ്സിലാക്കി എടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാലും ചിലതൊക്കെ അവള്‍ ഗൗരിയോട് പറയും. ഗൗരി തിരിച്ചും പറയും. എന്നിരുന്നാലും മകനെ കുറിച്ച് ചോദിക്കുന്ന ചോദ്യത്തിന്റെ പൊരുള്‍ എന്തെന്ന് ഇത്രയും കാലമായിട്ടും മനസ്സിലായിട്ടില്ല. ഞാന്‍ ഉത്തരമൊന്നും പറയാത്തത് കൊണ്ടാവാം അവള്‍ ആ ചോദ്യം ഇടക്കിടെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്ന് ഡോക്ടറുടെ അടുത്ത് പോയത് തന്നെ സരോജയുടെ നിര്‍ബന്ധത്തിലാണ്. അതിനെപ്പറ്റി ആലോചിച്ചിരിക്കെ, 'ഗൗരി.....?' എന്ന് ചോദ്യരൂപേണ സരോജ ശബ്ദിച്ചു.
തലയണകള്‍ ഒതുക്കി വെച്ചു അവളെ നേരെ കിടത്തി 'ഡോക്ടറെ കാണാന്‍ പോയതല്ലേ അവളിപ്പം വരും' എന്നു പറഞ്ഞു. അപ്പോഴും അവളുടെ മുഖത്ത് ഒരുപാട് വികാരങ്ങള്‍ വന്നു മറയുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച് ഒന്നും അവളോട് പറയാനില്ലാത്തത് കൊണ്ട് ഞാനിങ്ങ് പോന്നു.
സത്യത്തില്‍ അവള്‍ക്കെന്താണ് അസുഖമെന്ന് അറിയില്ല, അക്കാര്യത്തില്‍ സരോജയ്ക്കും ഗൗരിയ്ക്കും എന്തോ സ്വകാര്യമുണ്ടെന്ന് തോന്നുന്നു. ഏതായാലും മൂന്നോ നാലോ തവണയായി ഈ ഡോക്ടറെ കാണല്‍ തുടരുന്നു. ഏതോ സ്ത്രീവിഷയമാകാം എന്നൂഹിച്ച് കൂടുതലൊന്നും ചോദിച്ചില്ല.
വല്ലപ്പോഴും ഗൗരിയെ കാണാന്‍ വരുന്ന പ്രശാന്തിനെ മരുമകനെ പോലെ കരുതി വീട്ടില്‍ ഒരു മുറിയില്‍ രണ്ട് പേരെയും താമസിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചത് അവളാണല്ലോ. അങ്ങനെ കഴിഞ്ഞാലും അര്‍ഹിക്കാത്തത് എന്തോ തട്ടിയെടുത്തപോലെ കുറ്റ ബോധത്തോടെയാണ് അടുത്ത ദിവസം അവര്‍ പെരുമാറുക. അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം പ്രശാന്ത് എന്തെങ്കിലും കാരണം പറഞ്ഞ് നേരത്തേ പുറപ്പെടും.
മുറ്റത്തെ കറുപ്പും വെളുപ്പും കലര്‍ന്ന പേവര്‍സ് ബ്ലോക്ക് പ്രശാന്ത് വിരിച്ചതാണ്. മുറ്റത്ത് കട്ട വിരിക്കുന്ന കോണ്‍ട്രാക്ട് ജോലിയില്‍ നല്ല കൂലി കിട്ടുന്നുണ്ടെങ്കിലും ഒരുമിച്ചുള്ള കുടുംബ ജീവിതം അവര്‍ക്ക് സ്വപ്നമാണ്.
അവശയാണെങ്കിലും കിടക്കയില്‍ കിടന്ന് സരോജ ഗൗരിയോട് കാണിക്കുന്ന അവളറ്റ സ്‌നേഹം അവരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരക്കുട്ടികളെ ലാളിക്കാന്‍ അവസരം നഷ്ടപ്പെട്ടത് ഇങ്ങനെ സ്‌നേഹിച്ച് തീര്‍ക്കുകയാണോ? ഏതായാലും അവര്‍ക്കിടയിലെ കെമിസ്ട്രി ഭാഷകള്‍ക്കതീതവും ശാരീരിക വിഷമതകളെ ഉല്ലംഘിക്കുന്നതുമാണ്.
ചാരുകസേരയില്‍ ഇരുന്നു ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഇന്ത്യയെ കുറിച്ചുള്ള ഏറ്റവും പുതിയ ലേബര്‍ റിപ്പോര്‍ട്ട് വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗൗരി ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്. പോകുമ്പോള്‍ കൂടെ പ്രശാന്ത് പോയിരുന്നെങ്കിലും ഡോക്ടറെ കാണിച്ചതിന് ശേഷം അവളെ ബസ് കയറ്റിവിട്ടതാകണം. ഏകയായി ഗൗരി എത്തിക്കഴിഞ്ഞപ്പോള്‍ കട്ടിലില്‍ മയങ്ങിക്കിടന്ന സരോജയില്‍ ചലനങ്ങളായി. ഗൗരി നേരെ ചെന്നതും കട്ടിലിന്നരികിലേക്കാണ്. അവര്‍ക്കിടയില്‍ ഒരുപാട് കൊച്ചു കൊച്ചു വിഷയങ്ങള്‍ ഉണ്ടാവണം.
ഉച്ചയൂണിനും പതിവ് മയക്കത്തിനും ശേഷം കിഴക്കയില്‍ ദേവീക്ഷേത്രത്തില്‍ സന്ധ്യാനേരം സരോജയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോകണം എന്നാലോചിച്ചിട്ട് കുറേ നാളായി. ജീവിത യാത്രയിലുടനീളം എത്തിസ്റ്റ് ആയാണ് കഴിച്ചു കൂട്ടിയതെങ്കിലും വാര്‍ദ്ധക്യ വേളയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതാവുമ്പോള്‍ അമ്പല ദര്‍ശനം ഒരു നേരമ്പോക്കാണ്.
കാര്‍ ഓടിച്ച് ആനപ്പാറ വളവില്‍ ഓരത്തില്‍ നിര്‍ത്തുമ്പോഴാണ് പഴയ സുഹൃത്ത് അശോകനെ യാദൃശ്ചികമായി കണ്ടത്. സതീര്‍ത്ഥ്യനും കണ്ടിട്ടൊരു പാട് നാളായതിനാലും കയറിച്ചെന്ന് കുറച്ചു സംസാരിച്ചിട്ടാവാം ക്ഷേത്ര ദര്‍ശനം എന്നു കരുതി വീട്ടിലേക്ക് ചെന്നു. ഗൈനക്കോളജിസ്റ്റ് മോള്‍ ഓപി തിരക്കിലാണ്. സംസാരിച്ച് കുറേ നേരമായപ്പോള്‍ രോഗികളെല്ലാം പോയപ്പോള്‍ ഡോക്ടര്‍ മോള്‍ പുറത്തു വന്നു.
'അങ്കിള്‍ എപ്പോ വന്നു?' സാനിറ്റൈസറിന്റെ ഗന്ധം ഒഴിഞ്ഞു കിട്ടാന്‍ മറ്റെന്തോ വാസന സോപ്പ് ഉപയോഗിച്ചതുകൊണ്ടാവണം ഡോക്ടറുടെ വരവ് ആ മുറിയില്‍ നല്ല ഗന്ധം പരത്തി. പതിവ് കുശലാന്വേഷങ്ങള്‍ക്കൊടുവില്‍ 'ആന്റി?' എന്ന് ചോദിച്ചപ്പോള്‍ അതിനും ഉത്തരം കൊടുത്തു.
പെട്ടെന്നാണ് ഡോക്ടര്‍ സൗമ്യ, 'അങ്കിള്‍, ഞാന്‍ ഒന്നും ഒളിക്കുന്നില്ല, അവള്‍ ഇനി പ്രസവിക്കില്ല'
ഒന്നും മനസ്സിലാകാത്തത് കൊണ്ടാവണം അവള്‍ തുടര്‍ന്നു.
'ആന്റിയാണ് ഗൗരിക്ക് ഇന്‍ഫര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റിന് ശുപാര്‍ശ ചെയ്തത്. ബട്ട് ഹെര്‍ വുംബ് ഈസ് ആള്‍റെഡി റിമൂവ്ഡ് ത്രൂ ഹിസ്റ്ററെക്ടമി.'
പിന്നീട് എന്തെല്ലാമോ അവള്‍ പറഞ്ഞു. സരോജ ഗൗരിയെ കൊണ്ട് ഇംഗ്ലീഷില്‍ ക്യാപിറ്റര്‍ ലെറ്ററില്‍ ചികിത്സാ വിവരം INFERTILITY എന്ന് ഒരു വെള്ളക്കടലാസില്‍ എഴുതിച്ച് ഡോക്ടര്‍ സൗമ്യയെ അറിയിച്ചത് തൊട്ട് ഇന്ന് നടന്ന ഡീറ്റെയില്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വരെ. അവള്‍ പറഞ്ഞതെല്ലാം പുതിയ അറിവുകളായിരുന്നു. ഒന്ന് മനസ്സിലായി ഗൗരിയെ പ്രശാന്തിലൂടെ ഗര്‍ഭം ധരിച്ച് കാണാന്‍ ആ അമ്മമനസ് അതിയായി കൊതിച്ചു കാണണം.
കലുഷിതമായ മനസ്സോടെയാണ് മടങ്ങിയത്. ആദ്യം എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാത്തതിലുള്ള അരിശമായിരുന്നു, പിന്നീടത് ഏതോ ഒരു പെണ്ണിന് സന്താനഭാഗ്യം ഉറപ്പു വരുത്തുന്നതിനുള്ള ചികിത്സ എന്തിനെന്നായി. ഓരോന്നിനും ഉത്തരം കിട്ടുമ്പോള്‍ മറ്റൊരു ചോദ്യമായി, ഇതെന്തിന് എന്നില്‍ നിന്നൊളിച്ചു വെച്ചു? വീട്ടിലെത്തിയതിന് ശേഷം ഒന്നും സംസാരിക്കാതെ ഗൗരി വിളമ്പിയ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
പതിനാറ് വയസ്സില്‍ ഒരാള്‍ക്ക് അമ്പതായിരം വെച്ചു കിട്ടിയ പണത്തോടെ കുടുംബത്തോടൊപ്പം നാട്ടിലെ കടമെല്ലാം തീര്‍ത്തു ബീദിനടുത്ത കരിമ്പ് തോട്ടത്തില്‍ ജോലിക്ക് പോയതു മുതലുള്ള പൂര്‍വ്വ കാല കഥ സരോജയുടെ മുമ്പിലിരുന്നു പറയുന്ന രംഗമാണിത്. കണ്ണെത്താ ദൂരത്ത് സമൃദ്ധമായി വളര്‍ന്ന് കിടക്കുന്ന കരിമ്പിന്‍ ചെടികളെ വെട്ടിച്ചായ്ച്ച് വണ്ടിയില്‍ കയറ്റി അയയ്ക്കുന്ന സംഘത്തിലായിരുന്നു ഗൗരി. മുക്കാദം എന്ന സംഘ മൂപ്പന്‍ കണ്ണിമ വിടാതെ ഈ തൊഴിലാളികളെ പിന്തുടരും. ഒന്നു നിന്ന് തിരിയാനോ ഒരു നേരം വിശ്രമിക്കാനോ അയാളുടെ കടുത്ത നോട്ടം ആരേയും അനുവദിച്ചിരുന്നില്ല.
പാടത്ത് വരിവരിയായ് നില്‍ക്കുന്ന കരിമ്പിന്‍ തണ്ടുകളെ സൂര്യോദയം തൊട്ട് വെട്ടിമാറ്റി ആ പാടത്തെ തരിശാക്കി മുമ്പോട്ട് പോകുന്നതും സൂര്യാസ്തമയത്തിന് മുമ്പ് ഒരു വലിയ പാടം മുഴുവന്‍ തന്റേതാക്കുന്നതും സ്വപ്നം കണ്ട നാളുകള്‍. ഓരോ തണ്ട് വെട്ടി മാറ്റുമ്പോഴും ആ ഭൂമി തന്റേതാകുന്ന സംതൃപ്തി കരിമ്പിന്‍ ചാറ് പോലെ അവളെ ലഹരി പിടിപ്പിച്ചു. എത്ര വെട്ടിയാലും തീരാത്ത കരിമ്പ് പാടങ്ങള്‍. ശുദ്ധമായ ദാഹജലം പോലും ആഡംബരമാവുമ്പോള്‍ മാസ മുറയിലെ അസ്വസ്ഥതകള്‍ ഉണങ്ങിയ കരിമ്പിന്‍ ഇലകള്‍ക്ക് മാത്രം മനസ്സിലാകുന്ന നോവുകാലം. വെയിലിന്റെ ചൂട് മാത്രം സത്യമായുള്ള, മുമ്പ് വാങ്ങിയ പണയത്തുകയുടെ തിരിച്ചടവിന് വേണ്ടിയുള്ള ഒരു സീസണ്‍ കഴിയുന്നത് വരെയുള്ള വിശ്രമമില്ലാത്ത ജോലി. താമസം കരിമ്പിന്‍ പാടത്തിന്നരികിലെ താല്കാലിക ഷെഡില്‍. ദിനചര്യകളും പ്രാഥമികാവശ്യങ്ങളും കളിയും ചിരിയും എല്ലാം കരിമ്പിന്‍ പാടം സാക്ഷി.
'വിട്ടെറിഞ്ഞ് പോരാമായിരുന്നില്ലേ...!' കേള്‍വി ശക്തിക്ക് ഒട്ടും കുറവില്ലാത്തതിനാല്‍ ഗൗരിയുടെ കരളലിയിക്കുന്ന കഥ കേട്ടപ്പോള്‍ സരോജയുടെ കലങ്ങിയ കണ്ണുകള്‍ അതായിരിക്കണം ചോദിച്ചത്.
''പീനേ കീ പാനീ ഭീ....' ഗൗരിക്ക് മുഴുമിപ്പിക്കാനായില്ല. അവരുടെ ഭാഷയിലെ അന്തരം അവര്‍ക്കിടയില്‍ ഒരു വിടവും സൃഷ്ടിച്ചില്ല. വീശുന്ന കാറ്റില്‍ കൈത്തലങ്ങളില്‍ പോറലേല്‍പ്പിക്കുന്ന കരിമ്പിന്‍ ചെടിയുടെ ഇലകള്‍ അവരെ വല്ലാതെ മാറ്റിയിരുന്നിരിക്കണം.
സരോജ വീണ്ടും എന്തോ ശബ്ദമുണ്ടാക്കി.
'ഉച്ചല്‍ പച്ചാസ് ഹസാര്‍ പ്രാപ്തിയാ, കൈസേ ഭഗ് ജാഉം?' ഗൗരി മറുപടിയായി ചോദിച്ചു. സരോജയുടെ ഓരോ ശബ്ദവും ഉത്തരങ്ങള്‍ അര്‍ഹിക്കുന്ന ചോദ്യമാണെന്നവള്‍ക്കറിയാം.
മുന്‍കൂര്‍ പണം വാങ്ങിക്കഴിഞ്ഞാല്‍ എങ്ങനെ ജോലിവിട്ട് ഓടിപ്പോവാനാകും എന്ന ചോദ്യം മനസ്സിലാക്കിയിട്ടാവണം കരച്ചിലടക്കാനാവാതെ സരോജ കൈ നെറ്റിയിലടിച്ചു. അത് കണ്ടിട്ടാവണം ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട്,
'പിഷ്വി നികലാ ഗയാ' എന്ന് പറഞ്ഞു സരോജയെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുനീര്‍ സരോജയുടെ തോളുകളെ നനച്ചു. സരോജയുടെ കോടിയ വായിലൂടെ ഉമിനീര് ഒഴുകി, കണ്ണീര്‍ അതില്‍ ചേര്‍ന്ന് അവളുടെ ബ്ലൗസ് കുതിര്‍ത്തു.
ആ രംഗം കൂടുതല്‍ കണ്ടു നില്‍ക്കാനാവാതെ ഞാന്‍ ആ മുറിയില്‍ നിന്നും പുറത്തു കടന്നു. മഹാരാഷ്ട്രയിലെ കരിമ്പ് തോട്ടത്തിലെ സ്ത്രീ തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായി ഗര്‍ഭപാത്രം അറുത്തെടുത്ത് മാറ്റുന്ന പഴയ പത്രവാര്‍ത്ത തേടി ഷെല്‍ഫിനടുത്തേക്ക് പതിയെ നടന്നു. ആഫ്രിക്കയിലെ ഏതോ ദരിദ്ര രാഷ്ടത്തെക്കുറിച്ചുള്ള പഴയ റിപ്പോര്‍ട്ടുകള്‍ ഷെല്‍ഫില്‍ പരിഹസിച്ചു കിടപ്പുണ്ടായിരുന്നു .
സരോജ ഉച്ചത്തിലെന്തോ ചോദിച്ചു. പതിവ് ചോദ്യം തന്നെ. എത്രയോ തവണ ചോദിച്ചിട്ടും മനസ്സിലാകാത്തത് കൊണ്ട് ഉത്തരം ലഭിക്കാനാവാതെ പോയ ചോദ്യം, പക്ഷേ ഇപ്പോള്‍ അത് വ്യക്തമായി, 'മ്മടെ മോനെത്ര മക്കളാ?'
വിദേശത്ത് സെറ്റില്‍ ആയ സുമിദ് ചന്ദ്രന് എത്ര മക്കളാണെന്ന് ഓര്‍മയില്‍വന്നില്ല. രണ്ടോ മൂന്നോ പേരക്കുട്ടികള്‍ ഉണ്ടെങ്കില്‍ തന്നെ സരോജയ്ക്ക് താലോലിക്കാന്‍ അവസരം കിട്ടുമോ എന്നറിയില്ല. ഐടി പ്രൊഫഷന്റെ മാസ്മരികലോകത്ത് ജന്മം തന്ന മാതാപിതാക്കളെ പോലും ശ്രദ്ധിക്കാനാവാതെ അവരുടെതായ സ്‌പേസ് സൃഷ്ടിക്കാനുള്ള പ്രയാണത്തിലാണവര്‍.
ഒന്നുമറിയാത്ത പ്രായത്തില്‍ മാസമുറയുടെ ഇടവേളകളിലൂടെ തൊഴില്‍ നേരം നഷ്ടപ്പെടാതിരിക്കാന്‍ ഹിസ്റ്റെറക്ടമിക്ക് വിധേയയായ ഗൗരിക്ക് ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാനുമാവില്ല. മഹാരാഷ്ട്രയിലെ കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന എണ്ണമറ്റ സ്ത്രീ തൊഴിലാളികളുടെ ഗര്‍ഭപാത്രങ്ങള്‍ ഏതവശിഷ്ടങ്ങളോടൊന്നിച്ച് കുഴിച്ച് മൂടപ്പെട്ട് മണ്ണോട് മണ്ണായി കാണുമെന്നറിയില്ല. ഗൗരിയുടെ സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ച ഒരു കുഞ്ഞിക്കാല് കാണാനും താലോലിക്കാനും കൊതിക്കുന്ന അമ്മമാരുടെ കണ്ണീരിന്റെ വില മനസ്സിലാക്കാത്ത ആധുനിക തൊഴില്‍ സംസ്‌കാരത്തെ എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കും പരിഹാരിക്കാനാവില്ല എന്ന് ഈ റിട്ടയര്‍ഡ് സോഷ്യല്‍ ഓഡിറ്റര്‍ക്ക് അറിയാത്തതല്ല.
പ്രശാന്ത് സോളങ്കിയുടെ ശ്രമങ്ങള്‍ ഈ റിപ്പോര്‍ട്ട് പോലെ ഗൗരിയില്‍ ഇനി ഒരു ജീവചലനവും സൃഷ്ടിക്കില്ലെന്ന് പഴയ ഹൈസ്‌കൂള്‍ ടീച്ചര്‍ക്കിപ്പോള്‍ അറിയാം. ഒരു പുതിയ തലമുറയെ സ്വപ്നം കാണുന്ന ഒട്ടനവധി അമ്മമാരില്‍ ഒരാള്‍ മാത്രമാണ് ഈ അമ്മ എന്നത് അവരുടെ ഞെട്ടലിന് ആഴം കൂട്ടി. തന്റെ കാഴ്ചയ്ക്ക് അപ്പുറത്ത് എത്ര അമ്മമാര്‍ ഇങ്ങനെ വിതുമ്പുന്നുണ്ടാവുമെന്ന് ആ അമ്മയ്ക്ക് നിശ്ചയമില്ല. നമ്മുടെ മഹാരാജ്യത്ത് ഇതു പൊറുക്കാനാവാത്ത മഹാപരാധമാണെന്ന് ചിന്തിക്കാന്‍ പോലും ഗൗരി പഠിച്ചിരുന്നില്ല, കാരണം അവള്‍ പതിനായിരങ്ങളില്‍ ഒരു സാധാരണക്കാരി മാത്രമാണ്.
ആ അറിവിന്റെ വലിയ പരിമിതിയില്‍ ഗൗരി സരോജയെ കെട്ടിപ്പിടിച്ച് എത്ര നേരം കരഞ്ഞുവെന്നറിയില്ല.