Malayalam Short Story : രക്തരക്ഷസ്, ഒരു നാടന്‍ പ്രേതകഥ!

By Chilla Lit Space  |  First Published Jan 17, 2022, 3:30 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

നടുമുറിയിലായിരുന്നു അവളുടെ താമസം. സുന്ദരി, സുമുഖ. നമുക്കവളെ സുസ്മിതയെന്ന് വിളിക്കാം. അതാകുമ്പോ കുറച്ച് കൂടെ സൗകര്യത്തിന് 'സുസു'ന്ന് ചുരുക്കി വിളിക്കേം ചെയ്യാം, മാത്രല്ല ലോകത്തുള്ള സകല ദരിദ്രവാസി പ്രേതങ്ങള്‍ക്കും അതിലും ദാരിദ്ര്യം പിടിച്ച വല്ല പേരുമായിരിക്കും. അങ്ങനൊരു അവസ്ഥ നമ്മുടെ സുസുന് ഉണ്ടാവരുത്.

ഇനി കഥയിലേക്ക് കടക്കാം.

എനിക്ക് മുന്നേ അല്ലെങ്കില്‍ എന്റെ ഉപ്പൂപ്പന്റെ ഉപ്പാക്കും മുന്‍പേ സുസു അവിടെ താമസം ആരംഭിച്ചതാണ്. സംഗതി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഭൂതവും പ്രേതവുമൊക്കെയാണെങ്കിലും ആരേയും കൊന്ന് ചോര കുടിച്ച ചരിത്രം മുപ്പത്തിയാര്‍ക്ക് ഇല്ല.

എങ്കിലും അവള്‍ കുടുംബത്തെ പുരുഷഅന്തേവാസികളോട് സ്‌നേഹക്കൂടുതല്‍ വച്ചു പുലര്‍ത്തി.

അതായത്, അവള്‍ അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നു നടക്കുകയും പുരുഷന്മാരെ ഇക്കിളിപ്പെടുത്തുകയും ചെയ്യും. ഇക്കിളി ആയത് കൊണ്ടും, സുസു സുമുഖയായത് കൊണ്ടും പുരുഷജനങ്ങള്‍ സുസുവിനെതിരെ യാതൊരു വിധ നീക്കങ്ങള്‍ക്കും മുതിര്‍ന്നില്ല.

അങ്ങനെയൊരു കാലഘട്ടത്തിലാണ് അത് സംഭവിച്ചത്, കുടുംബത്തെ ഏറ്റവും സുന്ദരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന യുവാവിനെ അര്‍ദ്ധരാത്രി ഒന്നേ മുക്കാലിനോടടുത്ത സമയം നോക്കി സുസു കയറി പൊള്ളക്ക് പിടിച്ചു. വെറും പിടിയല്ല അതൊരു ഒന്നൊന്നര കൊലപാതക ശ്രമമായിരുന്നു. സുന്ദരനായ ആ യുവാവ് അര്‍ദ്ധരാത്രിക്ക് ദുനിയാവ് മുഴങ്ങുമാറ് അലറി. ഞങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സ്ത്രീജനങ്ങള്‍ ആ നേരത്ത് വാതിലില്‍ ചറപറ മുട്ടുകയും, അതുകേട്ട് കൊലപാതകം നടത്താനുള്ള താല്‍പ്പര്യം പോയ സുസു ബോറടിയോടെ ആ ശ്രമം ഉപേക്ഷിച്ചു പോകുകയും, സുന്ദരനായ യുവാവ് ഉടുത്ത മുണ്ട് തലവഴി വാരിയിട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു.

അതിന് ശേഷമാണ് സുസുനെതിരെ നടപടി എടുക്കുന്നതിനെ കുറിച്ച് പലവിധ ചര്‍ച്ചകളും നടന്നത്. 

വല്ല ആല്‍മരത്തിലും കൊണ്ട് തറക്കാം. അല്ലെങ്കില്‍ കുടത്തില്‍ അടച്ച് കടലില്‍ ഒഴുക്കാം. അതുമല്ലെങ്കില്‍ വല്ല പെട്ടിയിലുമാക്കി കുരിശില്‍ തറക്കാം. പല നിര്‍ദ്ദേശങ്ങള്‍ വന്നു. 

പക്ഷേ ഇതൊന്നും ചെയ്യാനുള്ള ധൈര്യം കൂട്ടത്തില്‍ ആര്‍ക്കുമില്ല. സ്വല്‍പം ധൈര്യവുമായി വീട്ടിലും പരിസരപ്രദേശങ്ങളിലും ചുറ്റി തിരിഞ്ഞിരുന്ന സുന്ദരനാണെങ്കില്‍ ഇപ്പോള്‍ സദാ സമയവും മൂടി പുതച്ച് ഇരിപ്പാണ്..

 

.............................

സംഗതി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഭൂതവും പ്രേതവുമൊക്കെയാണെങ്കിലും ആരേയും കൊന്ന് ചോര കുടിച്ച ചരിത്രം മുപ്പത്തിയാര്‍ക്ക് ഇല്ല.

 

അങ്ങനെ സാഹചര്യം തീരെ മോശവും, കലുഷിതവുമായിരിക്കുന്ന സന്ദര്‍ഭത്തില്‍ നാട്ടിലെ പ്രമുഖ ഗോസ്റ്റ് ഹണ്ടര്‍ വീട് സന്ദര്‍ശിക്കാനെത്തുന്നു. സംഭവം നമ്മള്‍ ഉദ്ദേശിക്കുന്നത്ര ചെറുതല്ല. സുസു അങ്ങനേം ഇങ്ങനേം ഉള്ള തരികിട പ്രേതമൊന്നുമല്ല എന്ന് അദ്ദേഹം കണ്ടെത്തി. 

പുള്ളിക്കാരി ഒരു രക്തരക്ഷസ്സ് ആണ്!

ഗോസ്റ്റ് ഹണ്ടറിന്റെ അഭിപ്രായത്തില്‍, കുറച്ചധികം പൈസ ചിലവാക്കിയാല്‍ രക്തരക്ഷസ്സിനെ വിസയും പാസ്‌പോര്‍ട്ടും എടുത്ത് വല്ല അമേരിക്കയിലേക്കും അയക്കാം. പൈസ കുറയുന്നതിന് അനുസരിച്ച് സുസു പോകുന്ന സ്ഥലങ്ങളിലും മാറ്റം വരാം. അതായത് ചുരുങ്ങിയ ചിലവിലാണ് സുസുവിനെ പറഞ്ഞു വിടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സുസു പാലക്കാട് വരെ ഒന്ന് പോയി പെട്ടെന്ന് തിരികേ വരും. കാശിറക്കിയാല്‍ ഓളെ ഉഗാണ്ടയിലെ കരിമ്പുപാടത്തില്‍ പണിക്കയക്കാം. 

പൈസയെങ്കി പൈസ, സുസു വല്ല അമേരിക്കയിലോ അഫ്ഗാനിലോ പോയി സസുഖം വാഴട്ടെ. വീട്ടിലുള്ള വേള്‍ഡ് ബാങ്ക് തീരുമാനം ഉറപ്പിച്ചു. പൈസയും വാങ്ങി ഗോസ്റ്റ് ഹണ്ടര്‍ തിരികേ പോകും മുന്‍പ് ഒന്നോര്‍മ്മിപ്പിച്ചു,

'രാത്രിയില്‍ പല അപശബ്ദങ്ങളും കേള്‍ക്കും ആരും പതറരുത്, പേടിക്കരുത്... ജീവഹാനി വരെ സംഭവിക്കാം, പക്ഷേ പേടിക്കരുത്... '

ബെസ്റ്റ്! ജീവഹാനി സംഭവിച്ചിട്ട് പിന്നെ എവിടെന്നെടുത്ത് പേടിക്കും. ഈ മണ്ടന്‍ പരിപാടി കൊളവാക്കി കയ്യില് തരോ..?' വേള്‍ഡ് ബാങ്ക് ആശങ്കപ്പെട്ടു.

ആശങ്ക തിരിഞ്ഞിട്ടെന്നോണം, ഗോസ്റ്റ് ഹണ്ടര്‍ വീണ്ടും ഒന്നൂടെ ഓര്‍മ്മിപ്പിച്ചു

'ഭയപ്പെടാതെ എല്ലാരും ഉറങ്ങിക്കോളൂ, രാത്രീ ഒന്നിനോടോ രണ്ടിനോടൊ അടുക്കുമ്പോള്‍ അവള്‍ ഇവിടം വിടും. ആ സമയം പുരുഷന്മാര്‍ അവള്‍ക്ക് മുന്നില്‍ പെടാതെ ശ്രദ്ധിക്കണം..'

സുന്ദരന്‍ ബാഗ് പാക്ക് ചെയ്ത് വീട് മാറി താമസം തുടങ്ങാന്‍ തീരുമാനിച്ചു.

അങ്ങനെ സമയം കടന്നുപോയി, രാത്രി കടന്നുവന്നു.

എങ്ങും ചീവിടുകളുടെ കാറിച്ച മാത്രം. ഏതോ നേരം ചീവിടുകള്‍ക്ക് ബോറടിച്ചു ഉറങ്ങാന്‍ പോയി. ശേഷം നിശബ്ദതയുടെ ആഘാതം ഓരോ മുറിയിലും തങ്ങി നിന്നു. ആരും ഉറങ്ങിയില്ല. പുരുഷന്മാര്‍ മുഴുവന്‍ കുടുംബം ഉപേക്ഷിച്ച് സ്ഥലംവിട്ടു. 

സമയം ഒന്നിനോട് അടുത്തു. ഗോസ്റ്റ് ഹണ്ടര്‍ പറഞ്ഞതനുസരിച്ച്, ഒന്നില്‍ നിന്നും രണ്ടിലേക്കുള്ള സമയസൂചികയുടെ ചലനം നടക്കുമ്പോള്‍ സുസു ഇന്ത്യ വിടും.

നൂറ്റാണ്ടുകള്‍ നടുമുറിയില്‍ താമസിച്ചിരുന്ന അന്തേവാസിയാണ് നാട് വിടുന്നത്. അവസാനമായിട്ടൊന്ന് കാണാതെ പറഞ്ഞു വിടുന്നത് എങ്ങനെ?

വാതില്‍ പഴുതിലൂടെ ഓരോ കണ്ണുകളും സുസുവിന്റെ വരവും നോക്കി നിന്നു. സമയം 1.11 മിനിറ്റ് സൂചിയുടെ ചില്‍ ചില്‍.... നടുമുറിയുടെ വാതിലിന് നേരിയ അനക്കം, അനക്കം കൂടി കൂടി വന്നു. വാതില്‍ പതിയെ പാതിയും തുറന്നു.

ഓരോരുത്തരും കണ്ണുകള്‍ മുറുക്കെ ചിമ്മി. വേള്‍ഡ് ബാങ്ക് മാത്രം കണ്ണുകള്‍ തുറന്ന് പിടിച്ചു. കൊടുത്ത പൈസക്കുള്ള പണി നടന്ന് കിട്ടിയെന്ന് ഉറപ്പിക്കാന്‍ അത് വേണ്ടി വന്നു.....

 

...............................

നടുമുറിയുടെ വാതിലിന് നേരിയ അനക്കം, അനക്കം കൂടി കൂടി വന്നു. വാതില്‍ പതിയെ പാതിയും തുറന്നു.

 

പാതി തുറന്ന വാതിലില്‍ നിന്നും ഒരു ഇരുണ്ട നിഴല്‍ രൂപം പുറത്തേക്ക് വരാന്‍ ശ്രമിച്ചു. അത് തിരികേ പോയി. എന്തേലും എടുക്കാന്‍ മറന്നതാവും വേള്‍ഡ് ബാങ്ക് ആശ്വാസിച്ചു. നടുമുറിക്കുള്ളില്‍ നിന്നും പലവക ശബ്ദങ്ങള്‍ പുറത്ത് വന്നുകൊണ്ടിരുന്നു.

വീണ്ടും നിമിഷങ്ങള്‍ കടന്നുപോയി, നടുമുറിയുടെ വാതില്‍ പിന്നേയും ഇളകി. പതുക്കെ പതുക്കെ ഒരു നിഴല്‍ രൂപം പുറത്തേക്ക് ഇറങ്ങി...

'വോ പെരുച്ചാഴി... '

വേള്‍ഡ് ബാങ്ക് നിലവിളിച്ചു..

ഓരോ കണ്ണുകളും ആ കാഴ്ച കണ്ടു.  ഭീകരനായ ഒരു പെരുച്ചാഴി അമേരിക്കക്ക് പോകാന്‍ ബാഗും പാക്ക് ചെയ്തു നില്‍ക്കുന്ന മധുരമനോഹരമായ കാഴ്ച.

അര്‍ദ്ധരാത്രി ഗോസ്റ്റ് ഹണ്ടര്‍ ലൈനില്‍ വന്നു. ഇപ്പുറത്ത് നിന്നും സുന്ദരവചനങ്ങള്‍ ഒഴുകി.

'പുച്ഛിക്കരുത്.. ' ഹണ്ടര്‍ ഓര്‍മ്മിപ്പിച്ചു.

'പെരുച്ചാഴി ആണോടോ രക്തരക്ഷസ്സ്?'-വേള്‍ഡ് ബാങ്ക് അലറി

'എന്തുകൊണ്ട് ആയിക്കൂടാ, അവറ്റ ഏതു രൂപത്തിലും സ്ഥലംവിടും'

എന്നാലും പെരുച്ചാഴി. അല്‍പ്പം കൂടി പ്രൗഢിയുള്ള രൂപത്തില്‍ അമേരിക്കയ്ക്ക് പോകാമായിരുന്നു രക്തരക്ഷസ്സിന്. ഞങ്ങള്‍ മനസ്സില്‍ ചിന്തിച്ചു.

അതിനിടയില്‍ സുന്ദരന്റെ വിളി വന്നു.

'സംഭവം സത്യാവാം...'

അവന്‍ പറഞ്ഞു. 

''അന്ന് കഴുത്തില്‍ കയറി പിടിക്കുമ്പോ സുസുന് പെരുച്ചാഴിടെ രൂപമായിരുന്നു. ഞാന്‍ കണ്ടതാ'

മൂപ്പര് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. 

അന്നേരം വാതില്‍പ്പടിയില്‍ പിന്നെയും ഒരനക്കം കേട്ടു..!
 

click me!