Malayalam Short Story : ആകാശവീഥികളില്‍ വര്‍ക്കിച്ചന്‍, പുഷ്പ പിള്ള മഠത്തില്‍ എഴുതിയ കഥ

By Chilla Lit Space  |  First Published Feb 1, 2022, 2:26 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പുഷ്പ പിള്ള മഠത്തില്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ജനുവരി രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ പിച്ചി പൂത്തതുപോലെ നിറഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളെ നോക്കി മുറ്റത്തുകൂടി നടക്കുമ്പോള്‍ വര്‍ക്കിച്ചന് ചെറുതായൊന്നു കാലിടറി.

അത്താഴത്തിനു ശേഷമുള്ള  പതിവു നടത്തത്തിലായിരുന്നു അയാള്‍.

രാത്രി ഏറെയായെങ്കിലും അയല്‍വീടുകളില്‍ അപ്പോഴും ഉറക്കം തൂങ്ങി നിന്നിരുന്ന ലൈറ്റുകളില്‍ നിന്നുമുള്ള ക്ഷീണിച്ച വെളിച്ചം ഇലക്കൂട്ടങ്ങള്‍ക്കിടയിലൂടെ ചിതറിയെത്തുന്നുണ്ട്.

മുറ്റത്തിന് തൊട്ടുതാഴെയുള്ള നാട്ടുതോട്ടിലെ വാസക്കാരനായ നീര്‍ക്കോലിയുടെ തൊണ്ടയില്‍ നിന്നും തന്റേതല്ലാത്ത ഏതോ ശബ്ദത്തിലൊരു പോക്കാച്ചിതവള പ്രാണനുവേണ്ടി അലറിവിളിച്ചു കരയുന്നു.

വര്‍ക്കിച്ചന്‍ വീണ്ടും മുകളിലേക്കു തലയുയര്‍ത്തി. വടക്കുപടിഞ്ഞാറേ ആകാശത്തു നിന്നും തെക്കുകിഴക്കു ഭാഗത്തേക്ക് എല്ലാ രാത്രിയിലും നിശബ്ദമായി മെല്ലെ നീങ്ങുന്നൊരു ഫ്‌ലൈറ്റ് ഉണ്ട്. കൃത്യസമയമാണതിന്റെ വരവിന്. ആ യന്ത്രപ്പറവ കടന്നു പോയിക്കഴിഞ്ഞാലുടന്‍ വര്‍ക്കിച്ചന്‍ നടത്തം നിര്‍ത്തി അകത്തുകയറുകയാണ് പതിവ്.

ഒഴുകി നീങ്ങുന്ന അതിന്റെ മിന്നുന്ന ലൈറ്റുകള്‍ അയാള്‍ കൗതുകത്തോടെ നോക്കി നിന്നു.

'വിശാലമായ ഈ ഭൂമിയിലെ അനന്തകോടി പ്രകാശ ബിന്ദുക്കള്‍ക്കിടയില്‍ തന്റെ ഈ കൊച്ചുവീട്ടിലെ വെളിച്ചവും വിമാനത്തിനുള്ളിലെ യാത്രക്കാര്‍ ആസ്വദിക്കുന്നുണ്ടാവുമെന്ന് അയാള്‍ വെറുതെ ചിന്തിച്ചു. ഈ ജീവിതയാത്ര അവസാനിക്കുംമുന്‍പ് എന്നെങ്കിലുമൊരിക്കല്‍ തന്റെ റബേക്കാമ്മയുമൊത്തു ഇങ്ങനെയൊരു ആകാശയാത്ര സാധ്യമാകുമോ?

'അത്യാഗ്രഹം അല്ലാതെന്താ!'

വര്‍ക്കിച്ചന്‍ സ്വയം പുച്ഛിച്ചെന്നത് പോലെ ചിരിച്ചു.

ആഗ്രഹമായാലും അത്യാഗ്രഹമായാലും റബേക്കാമ്മയെ ഒരു നാനോ കാറില്‍ എങ്കിലും നാടു ചുറ്റി കാണിക്കണം.

'നേരമൊരുപാടായില്ലേ. മഞ്ഞു വീണുതുടങ്ങീട്ടൊണ്ട്. തണുപ്പുകൊള്ളാണ്ട് ഇങ്ങോട്ട് കേറിപ്പോര്'-കോട്ടുവായിട്ടുകൊണ്ട് റബേക്കാമ്മ തിണ്ണയിലേക്കിറങ്ങിവന്നു.

'മകരമാസമല്ല്യോടീ. മഞ്ഞു വരാതിരിക്കുമോ? പക്ഷേങ്കി, പണ്ടത്തെ മഞ്ഞൊക്കെ വെച്ച് നോക്കുമ്പോ ഇതൊക്കെ എന്തോന്നാ? ഇപ്പൊ സമയോം കാലോം തെറ്റിയല്ല്യോ മഴേം മഞ്ഞും വേനലുമൊക്കെ.'

വര്‍ക്കിച്ചന്‍ നടത്തം നിര്‍ത്തി തിണ്ണയിലെ പിഞ്ചിതുടങ്ങിയ ചകിരി തടുക്കില്‍ കാലു തട്ടിക്കുടഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

അയാള്‍ മടിക്കുത്തില്‍നിന്നും താക്കൊലെടുത്ത് അലമാരി തുറന്നു. തുരുമ്പിന്റെ കുമിളകളാല്‍ അലംകൃതമായ അലമാരിയുടെ വിജാഗിരിയില്‍ നിന്നും കാലപ്പഴക്കത്തിന്റെ അസ്‌കിത ദീനരോദനമായി ശബ്ദമുതിര്‍ത്തു.

ഉള്ളില്‍ നിന്നും താന്‍ സൂക്ഷിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് പൊതിയെടുത്തു കട്ടിലിലേക്ക് കുടഞ്ഞു. ശ്വാസം മുട്ടി കവറിനുള്ളില്‍ ഇരുന്നിരുന്ന പല വലിപ്പത്തിലുള്ള മുഷിഞ്ഞ നോട്ടുകളും ചില്ലറത്തുട്ടുകളും ആശ്വാസത്തോടെ കിടക്കയിലേക്ക് വീണു. വര്‍ക്കിച്ചന്‍ റബേക്കാമ്മയെ നോക്കി അഭിമാനത്തോടെ ചിരിച്ചുകൊണ്ട് അവയ്ക്കരികിലേക്കിരുന്നു.

'ഇതെന്തോന്നാ ഇതിങ്ങനെ ഒന്നിരാടന്‍ രാത്രി എടുത്തു എണ്ണി നോക്കുന്നത്? ഞാന്‍ അതീന്നു വല്ലതും എടുത്തിട്ടുണ്ടോന്നറിയാന്‍ ആണോ?'

പുതപ്പെടുത്തു മൂടിപ്പുതച്ചുകൊണ്ട് റബേക്കാമ്മ തമാശ മട്ടില്‍ പറഞ്ഞു.

'നിനക്ക് വേണ്ടിയല്ല്യോടീ ഞാന്‍ ഇതൊക്കെ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത്. പിന്നെ എന്നാ വാര്‍ത്തമാനമാ നീയീപ്പറയുന്നേ?'

''ഞാന്‍ നിങ്ങളോട് എത്രതവണ പറഞ്ഞു ഈ കാശൊക്കെ കൊണ്ടെ വല്ല ബാങ്കിലും ഇടാന്‍! ഇക്കാലത്തു ഇതൊക്കെ ഇങ്ങനെ വീട്ടില് വെച്ചേക്കാമോ?'-റബേക്കാമ്മ ശബ്ദം താഴ്ത്തി രഹസ്യഭാവത്തില്‍ പറഞ്ഞു.

'ഊം..'-നെഞ്ചില്‍നിന്നും പുറത്തേക്കുവന്ന ദീര്‍ഘനിശ്വാസത്തിന് അകമ്പടിയെന്നോണം അയാള്‍ ഒന്ന് നീട്ടി മൂളിക്കൊണ്ട് പ്ലാസ്റ്റിക് പൊതി തല്‍സ്ഥാനത്തു വെച്ചു.

ആരോഹണാവരോഹണ ക്രമത്തില്‍ കൂര്‍ക്കം വലിച്ചുകൊണ്ട് ഉറങ്ങുവാന്‍ തുടങ്ങിയ റബേക്കാമ്മയുടെ സമീപം, ഇരുട്ടിലേക്ക് മിഴികള്‍ തുറന്നു വെച്ച് വര്‍ക്കിച്ചന്‍ വെറുതെ ഓരോന്നോര്‍ത്തുകിടന്നു.

തനിക്ക് എഴുപത്. റബേക്കാമ്മക്ക് അറുപത്തഞ്ചും. അവളുടെ ഇരുപതാം വയസ്സില്‍ മിന്നു കെട്ടി കൂടെ കൂട്ടിയതാണ്. അനാഥാലയത്തിലെ അന്തേവാസി ആയിരുന്ന അവള്‍ക്കു താന്‍ ആയിരുന്നു ഏകലോകം. സന്തോഷത്തേക്കാളേറെ കഷ്ടപ്പാടും ദാരിദ്ര്യവും പങ്കിട്ടു ജീവിച്ചു. പരാതികള്‍ പറയാന്‍ അറിയാത്ത പെണ്ണ്. 

ഓട്ടോയും ടാക്‌സിയുമൊക്കെ ഓടിച്ചുണ്ടാക്കിയ വരുമാനം കൊണ്ട് നാലു പെണ്മക്കളെ ഒരു വിധത്തില്‍ കെട്ടിച്ചയച്ചു. പ്രാരബ്ധങ്ങള്‍ക്കിടയില്‍നിന്നും പുറത്തുവരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ റബേക്കാമ്മയുടെ കാര്യങ്ങള്‍ വേണ്ടതുപോലെ നടത്തിക്കൊടുക്കാനോ, അവളുടെ ആഗ്രഹങ്ങള്‍ എന്തെന്ന് വെറുതെയൊന്നു ചോദിക്കുവാന്‍ പോലുമോ കഴിഞ്ഞിട്ടില്ല. മക്കളുടെ വിവാഹ ശേഷം ഇഷ്ടികക്കളത്തില്‍ വിയര്‍പ്പു ചീന്തിയുണ്ടാക്കിയ വരുമാനം കൊണ്ട്, ഒന്ന് എന്ന ക്രമത്തില്‍ വീണ്ടും തുടങ്ങിയ സമ്പാദ്യമാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ വീര്‍പ്പുമുട്ടിയിരിക്കുന്നത്.

ഇനിയുള്ള കാലമെങ്കിലും അവള്‍ക്ക് നല്ല ചികിത്സ കൊടുക്കാമല്ലോ. ആഗ്രഹങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞു നിറവേറ്റിക്കൊടുക്കണം. പാവം. ഈ അസുഖത്തെ അവള്‍ എത്ര കാലം അതിജീവിക്കുമെന്നറിയില്ല. ഓപ്പറേഷന്‍ കൂടിയേ തീരൂ എന്ന് ഡോക്ടര്‍ അറിയിച്ചിരുന്നെങ്കിലും റബേക്കാമ്മ ഒരുതരത്തിലും അതിനു സമ്മതിച്ചിരുന്നില്ല. ദൈവം തമ്പുരാനോട് ഒരപേക്ഷയെ ഉള്ളു. അവള്‍ക്കു ശേഷമേ തന്നെ വിളിക്കാവൂ. മറിച്ചായാല്‍ അവള്‍ ഒറ്റക്ക് പിന്നെയുള്ള കാലം എങ്ങനെ?'

അയാള്‍ കണ്ണുകള്‍ തുറിച്ച്, ഇരുട്ടിന്റെ തിരശ്ശീല തള്ളിമാറ്റുവാന്‍ ശ്രമിച്ചുകൊണ്ട് അവരുടെ മുഖത്തേക്ക് തല ചരിച്ചു അലിവോടെ നോക്കി.

ഇരുട്ടില്‍ ഇണയെത്തേടി വഴിതെറ്റി വന്നുപെട്ട ഒരു മിന്നാമിനുങ്ങ് റബേക്കാമ്മയുടെ മുഖത്ത് പച്ചവെളിച്ചം തൂകി കടന്നു പോയി.

 

 

രണ്ട്
'സൂക്ഷിച്ചു പോണേ. വഴി മുഴുവനും തിട്ടയിടിഞ്ഞു കിടക്കുവാ' വര്‍ക്കിച്ചനുള്ള ഉച്ചഭക്ഷണപ്പൊതി സഞ്ചിയിലാക്കി കൊടുക്കുന്നതിനിടയില്‍ റബേക്കാമ്മ ഓര്‍മിപ്പിച്ചു.

'അതൊക്കെ ഞാന്‍ നോക്കിക്കോളാം ഞാന്‍ വരുമ്പോളേക്കും നീ തയ്യാറായി ഇരുന്നേക്കണം ഡോക്ടറുടെ അടുത്ത് പോകാന്‍. പിന്നെ, ആ അലമാരി തുറന്നിട്ടേച്ചു അപ്പുറത്ത് പോയി സീരിയലും കണ്ട് ഇരുന്നുകളയരുത്.'

'ഓഹ്.. ഉവ്വേ'

എല്ലാം സമ്മതിച്ചിരിക്കുന്നു എന്ന ഭാവത്തില്‍ മറുപടി കൊടുത്തുകൊണ്ട് അവര്‍ തന്റെ ഒട്ടും ഉള്ളില്ലാത്ത മുടി ഒന്നു കൂടി അഴിച്ചു കുടഞ്ഞുകെട്ടിക്കൊണ്ട് അയാളുടെ പോക്ക് നോക്കി നിന്നു.

ഉച്ചയൂണിനുശേഷം ഇഷ്ടികക്കളത്തിന് സമീപത്തെ ഇത്തിരിതണലില്‍ ചെറിയൊരു മയക്കത്തിലായിരുന്ന വര്‍ക്കിച്ചന്‍ മൊബൈല്‍ ശബ്ദം കേട്ടു കണ്ണുതുറന്നു. മറുതലക്കല്‍ നിന്നും അയല്‍ക്കാരന്റെ ശബ്ദം, കാത് പൊള്ളിക്കുംവിധം തുളച്ചു കയറുന്നതായി അയാള്‍ക്ക് തോന്നി.

ഓപ്പറേഷന്‍ തീയേറ്ററിനു മുന്നിലെ കസേരയില്‍, സ്വപ്നങ്ങളും പ്രതീക്ഷകളും അടുക്കി സൂക്ഷിച്ച പ്ലാസ്റ്റിക് പൊതി നെഞ്ചോടടുക്കി നിഷ്‌ക്കളങ്കനായ ഒരു ബാലനെപ്പോലെ വര്‍ക്കിച്ചന്‍ ഇരുന്നു. ആളുകളോ ബഹളമോ ഓപ്പറേഷന്‍ തീയേറ്ററോ ഒന്നും അയാളുടെ പ്രജ്ഞയില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല.

ആളുകളോ ബഹളമോ ഓപ്പറേഷന്‍ തീയേറ്ററോ ഒന്നും അയാളുടെ പ്രജ്ഞയില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. കണ്‍മുന്നിലെ തണുത്തു മരവിച്ച ശൂന്യതയിലേക്ക് നോക്കി പ്രതിമ കണക്കെ ഇരിക്കുമ്പോള്‍ റബേക്കാമ്മയെയും വഹിച്ചുകൊണ്ടുള്ള സ്ട്രച്ചര്‍  മുന്നില്‍ക്കൂടി കടന്നു പോയത് ഏതോ സ്വപ്നത്തില്‍ എന്നതുപോലെ വര്‍ക്കിച്ചന്‍ കണ്ടു.

രണ്ടടി വീതി മാത്രമുള്ള നടപ്പാതയിലൂടെ റബേക്കാമ്മയുടെ നിശ്ചല ശരീരം വഹിച്ചുകൊണ്ട് വര്‍ക്കിച്ചന്റെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് നടക്കുന്നവര്‍, തോട്ടിലേക്ക് കാല്‍ തെറ്റി വീഴാതെ വളരെ കഷ്ടപ്പെട്ടു. ശവപേടകത്തിനു സമീപത്തുകൂടി നിര്‍വ്വികാരനായി എല്ലാം കൈവിട്ടു പോയവനെപ്പോലെ നടന്നുനീങ്ങുമ്പോള്‍, നടപ്പാതയിലെ പൂഴി മണ്ണിടിഞ്ഞു തന്റെ പ്രിയപ്പെട്ടവളുടെ ശരീരം തോട്ടില്‍ വീണുപോകാതിരിക്കാനെന്നോണം വര്‍ക്കിച്ചന്‍ കൈപ്പത്തികൊണ്ട് അതില്‍ താങ്ങു കൊടുക്കുന്നുണ്ടായിരുന്നു.

മാസത്തില്‍ രണ്ടുമൂന്നു തവണയെങ്കിലും റബേക്കാമ്മയെയുംകൊണ്ട് അടിയന്തിരമായി ആശുപത്രിയില്‍ പോകേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാറുണ്ടായിരുന്നു.അപ്പോഴൊക്കെയും അയല്‍ക്കാരുടെ സഹായത്താല്‍ ഒരുവിധത്തില്‍ താങ്ങിപ്പിടിച്ചു, തോട്ടിലേക്ക് വീഴാതെ വണ്ടിയിലെത്തിക്കുകയായിരുന്നു. വര്‍ക്കിച്ചന്‍ പല തവണ നിവേദനങ്ങളുമായി അധികാരികളുടെ മുന്നില്‍ കയറിയിറങ്ങി. മണ്ണിടിഞ്ഞു തൊട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന നടപ്പാതക്കൊപ്പം നല്ലൊരു റോഡ് എന്ന തങ്ങളുടെ പ്രതീക്ഷയും ഇടിഞ്ഞുപോകുന്നല്ലോയെന്നോര്‍ത്തു വര്‍ക്കിച്ചനും റബേക്കാമ്മയും വ്യാകുലരായി. 

വീട്ടിലേക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്ന നിശ്ചയവുമായിട്ടാണ് വര്‍ക്കിച്ചന്‍ തന്റെ വിയര്‍പ്പുകണങ്ങളെ പ്ലാസ്റ്റിക് പൊതിയിലാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

പുതിയ റോഡിലൂടെ കാര്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ റബേക്കാ അന്തം വിട്ടു നില്‍ക്കണം. സ്വന്തം കാര്‍ എന്നതൊന്നും  പാവത്തിന് വിശ്വസിക്കാന്‍ സാധിക്കില്ല. അവരുടെ സന്തോഷങ്ങള്‍ തനിക്കു കണ്‍കുളിര്‍ക്കേ കാണണം.

സ്വന്തം കാറിന്റെ സൈഡ് സീറ്റിലിരുത്തി റബേക്കാമ്മയെ നാടുമുഴുവന്‍ ചുറ്റി കാണിക്കണം. ആശുപത്രിയിലും പള്ളിയിലുമൊക്കെ കൊണ്ടുപോകണം. മക്കളെ കെട്ടിച്ചയച്ച വീടുകളില്‍ കൊണ്ടുപോകണം.

തന്റെ സ്വപ്നം ഒരു വിഡ്ഢിത്തമാണോ അത്യാഗ്രഹം ആണോ എന്നൊക്കെ വര്‍ക്കിച്ചന് തോന്നുമായിരുന്നു. കൂലിപ്പണിക്കാരനായ താന്‍ ഒരു കാര്‍ സ്വന്തമായി വാങ്ങിയാല്‍ നാട്ടുകാര്‍ പരിഹസിക്കുമോ എന്നുള്ള ആശങ്കയും ഇല്ലാതില്ല. എങ്കിലും ആ ആശങ്കകള്‍ക്കും മേലെയായിരുന്നു വര്‍ക്കിച്ചന് റബേക്കാമ്മയുടെ സന്തോഷം എന്നത്..

വീടിനു പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് വര്‍ക്കിച്ചന്‍ ഉണര്‍ന്നത്.

നേരം ഉച്ചയോടടുത്തിരിക്കുന്നു. മരണവും ശവസംസ്‌കാര ചടങ്ങുകളുമൊക്കെയായി രണ്ടുമൂന്നു ദിവസമായി തീരെ ഉറങ്ങിയിരുന്നില്ല. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി വാതില്‍ തുറന്നപ്പോള്‍ കുടിവെള്ളം ആവശ്യപ്പെട്ടു കൊണ്ട് ആരോ ഒരാള്‍. അയാളുടെ ഉടുമുണ്ടിലും ദേഹത്തുമൊക്കെ മണ്ണ് പുരണ്ടിരിക്കുന്നു. അടുത്തെവിടെയോ പണിക്കു വന്നതാകും.

'ആരാ മുന്‍പ് കണ്ടിട്ടില്ലല്ലോ' 

വെള്ളം നിറച്ച കുപ്പി അയല്‍ക്കുനേരെ നീട്ടിക്കൊണ്ട് വര്‍ക്കിച്ചന്‍ ചോദിച്ചു.

'ചേട്ടാ ഞാനിവിടെ റോഡു പണിക്കു വന്നവരുടെ കൂട്ടത്തിലുള്ളതാ. മൂന്നാല് ലോഡ് കല്ല് ഇറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പണി തുടങ്ങി'

വര്‍ക്കിച്ചന്‍ സാവധാനം കട്ടിലില്‍ ഇരുന്ന് തലയിണക്കടിയില്‍ നിന്നും പഴയ ഡയറി എടുത്തു  തുറന്നു. ഡയറിത്താളുകള്‍ക്കിടയില്‍ നാലായി മടക്കിയ നിലയില്‍ സൂക്ഷിച്ചിരുന്ന കടലാസ് എടുത്തു നിവര്‍ത്തി. നാനോ കാര്‍!

അയാള്‍ ആ ചിത്രമെടുത്തു അതിലേക്കു തന്നെ നോക്കിയിരുന്നു.

പേഴ്‌സില്‍ നിന്നും റബേക്കാമ്മയുടെ പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള, ഫോട്ടോയെടുത്തു കാറിന്റെ ചിത്രത്തില്‍ ഇടതു സീറ്റിനോട് ചേര്‍ത്തു വച്ചുകൊണ്ട് വാത്സല്യത്തോടെ  അതിലേക്കു നോക്കി പറഞ്ഞു.

'അവിടിരുന്നോണം നീയ്. ഞാന്‍ വേഗം വരാം. അവിടെത്തീട്ട് വേണം ഒന്നിച്ചൊരു യാത്ര പോവാന്‍...'

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!