ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അഞ്ചു വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം മുമ്പുള്ള ശരത്കാലത്തെ ഇതേ ദിവസമാണ് ബീച്ചിനോട് ചേര്‍ന്നുള്ള ഈ പാര്‍ക്കില്‍ ഞാന്‍ ആദ്യമായി അവളെ കണ്ടത്. അലസാരായ കമിതാക്കളും വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു പോകുന്ന ജീവനക്കാരും വന്നിരിക്കാറുള്ള മനോഹരമായ ഈ പാര്‍ക്കിന്റെ മധ്യഭാഗത്തെ വൃത്താകൃതിയിലുള്ള ജലധാരയില്‍ അന്ന് മഴവില്ല് വിരിയുകയും വശ്യമായ കാറ്റ് അടിച്ചു കയറുകയും ചെയ്തിരുന്നു.
രണ്ടോ മൂന്നോ കൂട്ടുകാരികളുടെ കൂടെയാണ് ഉല്ലാസത്തോടെ വര്‍ത്തമാനം പറഞ്ഞു കൊണ്ട്, ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴിയോടെ അവള്‍ പാര്‍ക്കിലൂടെ നടന്നു വന്നത്. അപ്പോള്‍ കടല്‍തിരകളെ തഴുകി വന്ന കാറ്റ് അവളുടെ മുടിയിഴകളെ പ്രത്യേക താളത്തില്‍ ചലിപ്പിച്ചിരുന്നു. നഗരത്തില്‍ ഭയങ്കരമായ ബിസിനസ്സ് ചെയ്യുന്ന ഏതെങ്കിലും പണച്ചാക്കിന്റെ മകളെ പോലെയോ സര്‍ക്കാര്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേരക്കുട്ടിയെ പോലെയോ അവള്‍ തോന്നിച്ചു.
ഒഴിവു ദിവസങ്ങളില്‍ ഇടക്ക് വന്നിരിക്കാറുണ്ടെങ്കിലും ഉപ്പുമണമുള്ള ഈ പാര്‍ക്കിന് അത്രയും വശ്യതയുണ്ടായിരുന്നു എന്ന് തോന്നിയത് അന്നായിരുന്നു. അവള്‍ ജലധാരക്ക് താഴെയുള്ള നരച്ച സിമന്റ് തറയില്‍ ഇരുന്ന് ഐസ്‌ക്രീം നുണഞ്ഞു.
ഓഫീസില്‍ ഇരിക്കുമ്പോഴും അവളുടെ നുണക്കുഴിയും തുടുത്ത കവിളുകളും തിളങ്ങുന്ന കണ്ണുകളും ഫയല്‍കൂമ്പാരത്തിനിടയില്‍ തെളിഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവള്‍ ഈ പട്ടണത്തിലെ വലിയൊരു സമ്പന്നന്റെ മകളാണ് എന്ന ചിന്ത അതിനിടയിലും എന്നെ അസ്വസ്ഥമാക്കി.
അങ്ങനെയുള്ള ഏതോ ഒരു ദിനത്തിലാണ് ഒരു ബനിയന്‍, ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു, അകത്തിടുന്ന വെളുത്ത ബനിയന്‍ മേടിക്കാന്‍ ഞാന്‍ തൊട്ടടുത്ത വസ്ത്രാലയത്തിലേക്ക് പോയത്. അവിടെ ഒരേ കളറിലുള്ള സാരിയുടുത്ത കുറേ പെണ്‍കുട്ടികളിലൊന്നില്‍ ഞാന്‍ ആ നുണക്കുഴി പിന്നെയും കണ്ടു. അവള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ വരുന്നവരെ ഹൃദ്യമായി സ്വീകരിക്കുകയും അവരോട് നന്നായി സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
'സാര്‍ വരൂ.. താങ്കളെ ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്?'
തൊട്ടടുത്ത് നിന്ന് അവളുടെ മധുരമായ ശബ്ദം കാതുകളെ സംഗീതസാന്ദ്രമാക്കിയപ്പോള്‍ ഒരു നിമിഷം എന്നില്‍ വല്ലാത്തൊരു നിശ്ചലത പ്രകടമായി.
ഓ.. അവളുടെ പേര്, അത് നിങ്ങളോട് പറയേണ്ടതുണ്ട്. അതൊരു പക്ഷെ അവള്‍ക്കും അവളുടെ ബന്ധുക്കള്‍ക്കും വിഷമമുണ്ടാക്കിയേക്കാം. എന്നാലും അത് നിങ്ങളെ അറിയിക്കാതിരിക്കാന്‍ മാത്രം അശ്രദ്ധനല്ല ഞാന്‍. ഡാനിയ നിക്കോളാസ്.
പിന്നെയും ഞങ്ങള്‍ കണ്ടു.
ഇടയ്ക്ക് ഷോപ്പിന് താഴെ, പ്രായമുള്ള ഉദ്യോഗസ്ഥര്‍ നേരംപോക്കിന് വേണ്ടി ഇരിക്കുന്ന കഫെയില്‍ നിന്ന് കാപ്പി കുടിച്ചു. മഴവില്ല് വിരിയുന്ന ഉയര്‍ന്ന ജലധാരയുള്ള പാര്‍ക്കില്‍ ഒരുമിച്ചിരുന്ന് സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഡാനിയ എപ്പോഴും പൊട്ടിച്ചിരിക്കുകയും തമാശ പറയുകയും വില കൂടിയ വസ്ത്രങ്ങളും ചെരിപ്പും ധരിക്കുകയും ചെയ്തു.
'ഇന്നലെ ഇറങ്ങിയ പുതിയ സിനിമക്ക് പോയാലോ?'
അവള്‍ ഇടയ്ക്കിടെ പുതിയ സിനിമകളെയും അതിലെ നായകന്‍മാരെയും മനോഹരമായി വിവരിച്ചു പറഞ്ഞ് അതില്‍ അതിയായ സന്തോഷം കണ്ടെത്തി. എനിക്ക് പൊതുവെ സിനിമ ഇഷ്ടമായിരുന്നില്ലെങ്കില്‍ കൂടിയും ഒതുങ്ങിയ ശരീരാകൃതിയുള്ള അവള്‍ക്ക് വേണ്ടി ഇടക്ക് ഞാന്‍ സിനിമക്ക് കയറി.
എന്നില്‍ ഒട്ടും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാത്ത, വിരസമായ തമാശകള്‍ കേട്ട് ഡാനിയ പൊട്ടിച്ചിരിക്കുകയും അനുരാഗസീനുകളില്‍ എന്നെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുകയും ചെയ്തു. ഒരു ദിവസം സിനിമക്കിടയില്‍ ഉറങ്ങിപ്പോയ അവളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഇടവേളയില്‍ പുറത്തെ വിശാലമായ റെസ്റ്റോറന്റില്‍ നിന്നും പുലാവും ചാറ്റും കഴിച്ചു. അവള്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവളായിരുന്നു. എന്നാല്‍ ചിലപ്പോള്‍ ചെറിയ കാര്യത്തിന്, തീര്‍ച്ചയായും അത് വളരെ അപ്രധാനമായ ഒരു കാര്യമായിരുന്നു. ഒരുപക്ഷെ അവഗണിക്കാനാവുന്ന അത്രയും ലളിതമായ കാര്യത്തിന് അവള്‍ എന്നോട് പിണങ്ങുകയും കോഫി ഷോപ്പില്‍ നിന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോകുകയും ചെയ്തു.
'നിങ്ങളൊരു മുരടനാണ്.' അങ്ങനെ പറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ അവള്‍ ഒരു അഹങ്കാരിയായും തന്നിഷ്ടക്കാരിയുമായി എനിക്ക് തോന്നി. പക്ഷെ അപ്പോഴേക്കും ഡാനിയാ നിക്കോളാസ് എന്നില്‍ മാദകമായി വലിഞ്ഞു കയറിയിരുന്നു. ഒരു ദിവസം ഞാന്‍ അടിവസ്ത്രം ധരിക്കാത്തത് കണ്ട് ദേഷ്യം വന്ന് അവള്‍ എന്റെ മുറിയില്‍ നിന്നിറങ്ങിയപ്പോള്‍ ആഹ്ലാദകരവും അനിവാര്യമായതുമായൊരു സുരതം നഷ്ടപ്പെട്ടതിനേക്കാള്‍ അവള്‍ പിണങ്ങിപ്പോയതായിരുന്നു എന്നെ വിഷമിപ്പിച്ചത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
അവളുമായുള്ള രതി ഞാന്‍ അത്രയേറെ ആഗ്രഹിച്ചിരുന്നതായിട്ടും. എനിക്കെന്തോ അടിവസ്ത്രം ഇഷ്ടമായിരുന്നില്ല. തുടകള്‍ക്കിടയിലെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് പോലെ അത് ഞാന്‍ വെറുത്തു. 'അടിവസ്ത്രം ധരിക്കാത്ത ആണുങ്ങളെ എനിക്കിഷ്ടമല്ല'- അവളുടെ ശബ്ദം തീക്ഷ്ണമായ ആവേശത്തോടെ മുന്നോട്ട് കുതിക്കുകയായിരുന്ന എന്നിലെ തൃഷ്ണയെ അപ്രതീക്ഷിതമായി തളര്‍ത്തി.
പിറ്റേന്ന് തന്നെ കുറച്ച് അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ അവളുടെ ഷോപ്പില്‍ പോയപ്പോള്‍ അവഗണനയുടെ മൂടല്‍ മഞ്ഞില്‍ എന്നെ നിര്‍ത്തി അവള്‍ മറ്റൊരു കസ്റ്റമറോട് തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
അവള്‍ ശരിക്കുമൊരു ധാര്‍ഷ്ട്യക്കാരിയായിരുന്നു എന്ന് തീര്‍ച്ചയായും പറയാവുന്ന കാര്യങ്ങളാണ് അന്നവിടെ നടന്നത്. എനിക്ക് വസ്ത്രങ്ങള്‍ എടുത്തു തരുമ്പോള്‍ വെളുത്ത് മെലിഞ്ഞ, പൂച്ചക്കണ്ണുള്ള അവളുടെ കൂട്ടുകാരി എന്നെ നോക്കി കളിയാക്കി ചിരിച്ചോ? ഞാന്‍ അടിവസ്ത്രം ഇടാത്ത കാര്യം അവള്‍ പറഞ്ഞിരിക്കുമൊ?
എനിക്ക് ജാള്യത അനുഭവപ്പെടുകയും അവളോട് അടക്കാനാവാത്ത കോപം ഇരച്ചു കയറുകയും ചെയ്തു.
ഒരുപക്ഷെ എനിക്ക് തോന്നിയതാണെങ്കിലോ? അവള്‍ പറഞ്ഞിട്ടില്ലെങ്കില്‍. എന്തുകൊണ്ടാണ് എനിക്ക് ഒരു കാര്യത്തിലും ഉറച്ചു നില്‍ക്കാന്‍ സാധിക്കാത്തത്? അവള്‍ ഇടക്ക് ഇതുപോലെ നിസ്സാര കാര്യത്തിന് പിണങ്ങുകയും, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമാശ പറഞ്ഞുകൊണ്ട് എന്നെ ചുംബിക്കുകയും ചെയ്യാറുണ്ട്.
ഫോണ്‍ ശബ്ദിച്ചപ്പോഴാണ് ഞാന്‍ ഇപ്പോഴും ഈ പാര്‍ക്കില്‍ ഇരിക്കുകയാണെന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകേണ്ടവനുമാണെന്ന് ബോധവാനായത്.
'ഹലോ. നിങ്ങള്‍ എവിടെയാണ്? വേഗം സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരൂ'- എന്റെ ഭാര്യയായിരുന്നു വിളിച്ചത്.
സമാധാനമായി എവിടെയെങ്കിലും ഇരിക്കുമ്പോഴോ ആരോടെങ്കിലും നര്‍മ്മസംഭാഷണം നടത്തുമ്പോഴോ, നേര്‍ത്ത മഞ്ഞു പെയ്യുന്ന സായന്തനങ്ങളില്‍ കഫെയിലെ ചൂടുകാപ്പി ആസ്വദിക്കുമ്പോഴോ ആണ് അവള്‍ വിളിക്കുകയും പലചരക്കു സാധനങ്ങളും പച്ചക്കറികളും മേടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാറുള്ളത്.
പാര്‍ക്കില്‍ ഇന്ന് ആള് കുറവാണ്. ചിലര്‍ ബോട്ടില്‍ ജ്യൂസ് കുടിക്കുകയും ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയുമാണ്. കുട്ടികള്‍ പന്ത് കളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നു. സുന്ദരമായ പാര്‍ക്കുകള്‍ എപ്പോഴും കുട്ടികളെ ആഹ്ലാദിപ്പിക്കുകയും കൗമാരക്കാരെ പ്രണയികളാക്കുകയും ചെയ്യും.
പക്ഷെ ജലധാര എന്നത്തേക്കാളും മെലിഞ്ഞതും ദുര്‍ബലവുമായിരുന്നു. നഗരത്തിലെ കുടിവെള്ള ക്ഷാമത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ എന്റെ വരണ്ട ഹൃദയത്തില്‍ ഭീതിയുണര്‍ത്തി.
ഞാന്‍ എന്റെ ഭാര്യയുടെ പേര് പറഞ്ഞോ?
ഡാനിയ എന്നാണവളുടെ പേര്. പാര്‍ക്കിലിരുന്ന് വെറുതെ പൊട്ടിച്ചിരിക്കുകയും ഐസ്‌ക്രീം നുണയുകയും ചിരിക്കുമ്പോള്‍ നുണക്കുഴി വിരിയുകയും ചെയ്യാറുള്ള ഡാനിയാ നിക്കോളാസ്. പിന്നെന്തിനാണ് ഞാന്‍ നഷ്ടപ്പെട്ട കാമുകിയുടെ ഓര്‍മ്മകളെ തേടി ഈ പാര്‍ക്കില്‍ ഇരിക്കുന്നത് എന്നല്ലേ?
സുഹൃത്തുക്കളെ, നിങ്ങള്‍ അഹങ്കാരിയും സുന്ദരിയുമായ ഒരു പെണ്‍കുട്ടിയെ രണ്ട് വര്‍ഷം പ്രേമിക്കുകയും അവളോടൊത്ത് മൂന്ന് വര്‍ഷം ദാമ്പത്യജീവിതം നയിക്കുകയും ചെയ്ത ഒരാളാണെങ്കില്‍ ഒരിക്കലും ഈ ചോദ്യം ചോദിക്കില്ല.
നിരാശയോടെ പാര്‍ക്കിന് പുറത്തേക്കിറങ്ങുമ്പോഴും നഷ്ടപ്പെട്ട കാമുകിയുടെ ഓര്‍മ്മകളെ തേടി ആ ജലധാരയുടെ താഴെയുള്ള പഴകിയ ഇരിപ്പിടത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...