ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നജാ ഹുസൈന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പ്രിയപ്പെട്ടവളേ,
ഈ ഭൂമിയിലെവിടെയോ നീയെന്നെ കാത്തിരിക്കുന്നുവെന്ന വിശ്വാസത്തിലാണ് ഞാനീ കത്തെഴുതുന്നത്. മരങ്ങളില്‍ മഞ്ഞു പെയ്യുന്ന തണുത്ത പ്രഭാതങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ പോലും എന്നെ ഭ്രാന്തനാക്കുന്നു. റോമന്‍ സാമ്രാജ്യത്തിലെ മറഞ്ഞിരിക്കുന്ന സൂര്യനെപ്പോലെ നീയെവിടെയാണ് എന്നെ തനിച്ചാക്കി പോയത്?
നീയെനിക്ക് കുരുത്തോലകളില്‍ പ്രണയലേഖനം എഴുതിയ ഓശാനപ്പെരുന്നാളുകള്‍ ഓര്‍മ്മയുണ്ടോ?
അതു വായിച്ച് ഞാന്‍ നിന്നെ മാറോടണച്ചതും മൂര്‍ദ്ധാവില്‍ പ്രണയ ചുംബനം നല്‍കിയതും നീയെന്നെ തട്ടിമാറ്റി ഓടിയകന്നതും ഇന്നലെയെന്ന പോലെ ഓര്‍മ്മ വരുന്നു.
ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രം മുഴങ്ങുകയും ചെയ്യുന്ന ക്രിസ്തുമസ് രാവിലാണ് നീയാദ്യമായി എനിക്കാ സമ്മാനം തന്നത്. മധുചഷകങ്ങള്‍ തുളുമ്പിയ നിന്റെ പവിഴാധരങ്ങള്‍ ഞാന്‍ നുകര്‍ന്നപ്പോഴാണ് അതുവരെ സേവിച്ച വീഞ്ഞുകളൊക്കെയും കയര്‍പ്പായിരുന്നെന്ന് ബോധ്യമായത്. ജ്ഞാനസ്‌നാനം ചെയ്ത് പാപങ്ങള്‍ കഴുകിക്കളഞ്ഞ് വിശുദ്ധനാക്കപ്പെട്ട കുഞ്ഞാടായി ഞാന്‍ കാത്തിരിക്കുന്നത് നീയുമൊത്തുണരുന്ന പകലുകള്‍ക്ക് വേണ്ടി മാത്രമാണ്.
ബാബേല്‍ നദികളുടെ തീരങ്ങളിലൂടെ പ്രേമ ഗീതങ്ങള്‍ പാടി നടന്നപ്പോഴും അലരി വൃക്ഷച്ചുവട്ടിലിരുന്ന് ഒലിവു ചില്ലകളെ താലോലിച്ചപ്പോഴും, സ്വാദേറും അമൃതേകി നീയെന്നെ മടിത്തട്ടില്‍ താരാട്ടു പാടി ഉറക്കിയപ്പോഴും, അസ്ഥികള്‍ നുറുങ്ങുന്ന വേദനയില്‍ ഹിമകണങ്ങള്‍ ഇറ്റിച്ചു തന്നപ്പോഴും ഞാന്‍ എന്നെത്തന്നെ നിനക്കായ് ബലിയര്‍പ്പിച്ചിരുന്നു പ്രിയേ.
നിന്റെ പ്രണയത്താല്‍ സ്‌നാനം ചെയ്ത, നിന്റെ വിശ്വാസം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട, നിര്‍മ്മലമായ ഹൃദയത്തെ നിനക്കല്ലാതെ മറ്റാര്‍ക്കാണ് ഞാന്‍ സമര്‍പ്പിക്കുക? നാം തമ്മില്‍ മധുര സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിയോണ്‍ താഴ്‌വരകളാണെ സത്യം, നീയില്ലാത്ത ഒരു സ്വര്‍ഗ്ഗരാജ്യത്തിനും എനിക്കവകാശിയാകേണ്ട!
നമുക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിച്ച ജാതികളേയും ദുഷ്ടജന്തുക്കളേയും ഞാന്‍ ഭയക്കുന്നില്ല. എല്ലാ അതിര്‍ത്തികളും ഭേദിച്ച് നീ മടങ്ങി വരികയാണെങ്കില്‍ ജീവന്റെ പുസ്തകവും കൈയ്യിലേന്തി കുരിശിലേറാനും ഞാന്‍ തയ്യാറാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ
എല്ലാ തടസ്സങ്ങളും നീക്കി, നമുക്കു മാത്രമായി ജറുസലേമില്‍ ഒരു ദേവാലയം ഞാന്‍ പണിയാം; അവിടെ പ്രണയത്തിന്റെ വിജയ കീര്‍ത്തനം ആലപിക്കാന്‍ നീ വരുമെന്നുള്ള പ്രതീക്ഷയില്‍....
നീ വരില്ലേ?