ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കടല്‍ത്തീരത്തെ ഇളംകാറ്റില്‍ മായയുടെ ദുപ്പട്ട ഇളകിയാടിയ പോലെ അവളുടെ ദുര്‍ബലമായ മനസ്സും ഇളകി കൊണ്ടിരുന്നു. മനസ്സിന്റെ വേപഥു ആരോട് പങ്കുവെക്കും എന്ന ആശങ്കയില്‍ അവള്‍ മണല്‍പരപ്പില്‍ ഇരുന്നു കൊണ്ട് വിശാലമായ കടലിലേക്ക് നോക്കി. അവള്‍ വെറുതെ മൊബൈല്‍ എടുത്തു കോണ്ടാക്റ്റ് ലിസ്റ്റുകളില്‍ പരതി നോക്കി. ഒരുപാട് സുഹൃത്തുക്കളുടെ നമ്പറുകള്‍ മുന്നിലുണ്ടായിട്ടും ആരോട് തന്റെ പ്രശ്‌നം അവതരിപ്പിക്കുമെന്ന് അറിയാതെ മനസ്സുഴറി. വ്യസനത്തോടെ അവള്‍ ഓര്‍ത്തു, ഹരിയേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍!
'അമ്മാ, നമുക്ക് വീട്ടില്‍ പോണ്ടേ?' മായ പെട്ടെന്ന് ചിന്തകളില്‍ നിന്നും ഉണര്‍ന്നത് പതിനെട്ടുകാരനായ ഓട്ടിസം ബാധിതനായ മകന്‍ മഹേഷ് വിളിച്ചപ്പോഴാണ്.
അപ്പോഴാണ് മായക്ക് സ്ഥലകാലബോധം വന്നത്. അവള്‍ മണല്‍പരപ്പില്‍ നിന്നും എഴുന്നേറ്റ് തന്റെ ചുരിദാറില്‍ പറ്റിക്കിടക്കുന്ന മണല്‍ എല്ലാം തട്ടിമാറ്റി.
മഹേഷിന്റെ കയ്യില്‍ പിടിച്ചു അവള്‍ ബീച്ചിന് എതിര്‍വശത്തുള്ള അവരുടെ ഫ്‌ലാറ്റിന് നേരെ നടന്നു. അതിനിടയില്‍ മഹേഷ് പലതും പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും മായയുടെ ചെവിയില്‍ല്‍ എത്തുന്നില്ലായിരുന്നു.
മനസ്സ് കൈവിട്ട് പോയ പോലെ യാന്ത്രികമായി നടന്നു നീങ്ങി അവള്‍ അവനെയും കൂട്ടി ഫ്‌ലാറ്റില്‍ എത്തി.
മഹേഷിനെക്കൊണ്ട് വസ്ത്രമെല്ലാം മാറ്റി ഇടുവിച്ച് അവന് ഒരു ഗ്ലാസ് ചായയും കൊടുത്ത് വീണ്ടും അവള്‍ ചിന്തയിലാണ്ടു.
പെട്ടെന്നാണ് അവള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹേഷിന്റെ കൂടെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന രാജീവിനെയും അമ്മയെയും ഓര്‍മ്മ വന്നത്. അവള്‍ ഫോണ്‍ എടുത്തു മഹേഷിന്റെ പഴയ സ്‌കൂളിലെ ടീച്ചറായിരുന്ന അനീറ്റ സിസ്റ്ററെ വിളിച്ചു. രാജീവിന്റെ അമ്മയായ രജനിയുടെ നമ്പര്‍ ചോദിച്ചു വാങ്ങി.
ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് മാറി നിന്ന് അവള്‍ രജനിചേച്ചിയുടെ നമ്പറിലേക്ക് ഡയല്‍ ചെയ്തു. ആദ്യത്തെ റിങ്ങില്‍ തന്നെ രജനി കോള്‍ അറ്റന്‍ഡ് ചെയ്തു.
'ഹലോ രജനി ചേച്ചീ, ഇത് ഞാനാ മായ. പുനര്‍ജനിയില്‍ പഠിച്ചിരുന്ന മഹേഷിന്റെ അമ്മ, മനസ്സിലായോ?' മായ ചോദിച്ചു.
'ഹലോ, മോളേ മായേ, അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ? ഒരുപാട് കാലം നമ്മള്‍ ഒരുമിച്ച് അല്ലായിരുന്നോ? സുഖമല്ലേ? മഹേഷ് എന്തുപറയുന്നു? അല്ലാ.. ഈ നമ്പര്‍ എവിടുന്ന് കിട്ടി? എന്തൊക്കെയാടോ വിശേഷങ്ങള്‍?' രജനി സന്തോഷത്തോടുകൂടി ചോദിച്ചു.
ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മായയുടെ മറുപടി. വിഷമവും കണ്ണീരും തേങ്ങലും കാരണം അവള്‍ക്കൊന്നും പറയാന്‍ പറ്റിയില്ല.
'മായേ, നീ എന്തിനാ കരയുന്നെ? എന്തു പറ്റി? എന്ത് തന്നെ ആണേലും പറ ,നമുക്ക് പരിഹാരമുണ്ടാക്കാം. ഈശ്വരാ ഈ കുട്ടിക്ക് ഇത് എന്താ പറ്റിയെ?'-രജനി ഒരല്പം ആധിയോടെ പറഞ്ഞു.
മായ കരച്ചില്‍ നിര്‍ത്തി സംസാരിക്കാന്‍ തുടങ്ങി: 'മൂന്ന് വര്‍ഷം മുന്‍പ് ഹരിയേട്ടന്‍ മരിച്ചു. അറ്റാക്ക് ആയിരുന്നു. മഹേഷിനിപ്പോള്‍ പതിനെട്ടു വയസ്സ് കഴിഞ്ഞു. ഒരു കൊല്ലമായിട്ട് ഇവിടെ സിവില്‍ സ്റ്റേഷനടുത്തുള്ള പലചരക്ക് കടയില്‍ സഹായത്തിന് അവനെ നിര്‍ത്തുന്നുണ്ട്. വീട്ടിലിരിക്കുന്നതിലും ഭേദം എന്തെങ്കിലുമൊക്കെ ചെയ്യുന്നതാണല്ലോ. പക്ഷേ ഇനി മുതല്‍ അവനെ അങ്ങോട്ടേക്ക് അയക്കണ്ട എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. അവര്‍ പറയുന്നതും തെറ്റുല്ല' മായ പറഞ്ഞു നിര്‍ത്തി.
'പറയൂ മായേ,എന്താ സംഭവിച്ചത്? എന്ത് കൊണ്ടാണ് അവര്‍ മഹേഷിനെ ഇനിയങ്ങോട്ട് അയക്കേണ്ട എന്ന് പറഞ്ഞത്?'- രജനി ചോദിച്ചു.
തേങ്ങലോടു കൂടി മായ പറഞ്ഞ് തുടങ്ങി-'രജനി ചേച്ചീ, മഹി ഇപ്പോള്‍ ചെറിയ കുട്ടിയല്ല. വളര്‍ന്നു വലുതായിട്ടുണ്ട്. വലുതായി എന്ന് വെച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും. സ്വാഭാവികമായും ഈ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്കുള്ള എല്ലാ വികാരവിചാരങ്ങളും അവനും വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ അവന്‍ അത്തരം കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളുടെയും മറ്റുമുള്ളവരുടെയും മുന്നില്‍വെച്ച് അവന്‍ അത്തരത്തില്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്.'- മായ പറഞ്ഞു.
'നീ കാര്യങ്ങള്‍ വ്യക്തമായി പറയൂ മായേ, മഹേഷ് ഏതെങ്കിലും പെണ്‍കുട്ടികളെ നോക്കി ചൂളം വിളിച്ചോ? അതോ വേറെ എന്തെങ്കിലും...?'-രജനി പകുതിയില്‍ വെച്ച് നിര്‍ത്തി.
പറയാന്‍ എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്, എന്നാല്‍ പറയാതിരിക്കാനും വയ്യ. കാരണം അത്ര മാത്രം മനക്ലേശം ഞാന്‍ അനുഭവിക്കുന്നുണ്ട്. അവന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തു. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെയാ അവന് പറഞ്ഞു മനസ്സിലാക്കികൊടുക്കുക? എനിക്ക് അറിയില്ല. ഹരിയേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ കാര്യങ്ങള്‍ക്ക് എല്ലാം പരിഹാരം ആയേനെ'-മായ തേങ്ങലോടെ പറഞ്ഞ് നിര്‍ത്തി.
രജനി സംസാരിച്ചു തുടങ്ങി- 'ഓ, ഇതാണോ ഇത്ര വലിയ കാര്യം. ഇതിനൊക്കെ പരിഹാരം ഉണ്ടെടോ. പണ്ട് നമ്മുടെ രാജീവിനും ഉണ്ടായിരുന്നു ഇത്തരം പ്രശ്‌നങ്ങള്‍ ഒക്കെ. ഇപ്പോള്‍ എല്ലാം ശരിയായി. ഞാന്‍ നിനക്ക് പറഞ്ഞു തരാം. നീ ശ്രദ്ധിച്ചു കേള്‍ക്കണം. ഒന്നാമത് ഇതൊരു ബയോളജിക്കല്‍ നീഡാണ്. അത് ആദ്യം നീ മനസ്സിലാക്കണം. പിന്നെ ഇത് വലിയ പാതകം ഒന്നുമല്ല. ആര്‍ക്കായാലും കൗമാരപ്രായത്തില്‍ എത്തുമ്പോഴും യൗവനത്തിലേക്ക് കടക്കുമ്പോഴും ഇത്തരം വികാര വിചാരങ്ങള്‍ ഉണ്ടാകും. പിന്നെ നമ്മുടെ മക്കള്‍ വ്യത്യസ്തരാണ്. എല്ലാ അര്‍ത്ഥത്തിലും. അവര്‍ക്ക് സ്വകാര്യത എന്താണെന്നറിയില്ല. അത് നമ്മള്‍ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. നമ്മളെക്കൊണ്ട് അതിന് പറ്റിയില്ലെങ്കില്‍ ഒരു ബിഹേവിയറല്‍ തെറാപ്പിസ്റ്റിന്റെ സഹായം തേടാം. ഇത്തരം തോന്നലുകള്‍ വരുമ്പോള്‍ റൂം അടച്ചുപൂട്ടിയിട്ടോ ബാത്‌റൂമില്‍ കയറിയിട്ടോ ചെയ്യണമെന്ന് പഠിപ്പിച്ചു കൊടുക്കാം. അല്ലാതെ അതിന് ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. പിന്നെ ഇപ്പോള്‍ ഒരുപാട് സൗകര്യങ്ങള്‍ ഉണ്ട്. ഓണ്‍ലൈനില്‍ നോക്കിയാല്‍ പലതരത്തിലുള്ള സെക്‌സ് ടോയ്‌സ് കിട്ടും. അതും വേണമെങ്കില്‍ ഉപയോഗപ്പെടുത്താം. കാരണം നമ്മുടെ മക്കള്‍ക്ക് ചിലപ്പോള്‍ ജീവിതപങ്കാളിയെ കിട്ടാന്‍ ബുദ്ധിമുട്ട് ആയിരിക്കാം. എന്ന് കരുതി അവര്‍ക്ക് അവരുടെ വികാരങ്ങള്‍ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പറ്റിയെന്നു വരില്ല. അവരും മനുഷ്യരല്ലേ. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ സെക്‌സ് ടോയ്‌സ് ഉപയോഗിക്കാന്‍ അവരെ പഠിപ്പിച്ചു കൊടുക്കാം. ഇതില്‍ ഒരു തെറ്റുമില്ല.ഇതൊന്നും ഒരു പാതകവും അല്ല എന്ന് ആദ്യം മനസ്സിലാക്കേണ്ടത് നമ്മള്‍ മാതാപിതാക്കളാണ്. ഇതെല്ലാം ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം തന്നെയാണ്.'-അവര്‍ പറഞ്ഞ് നിര്‍ത്തി.
മായ ഒരു ദീര്‍ഘനിശ്വാസംവിട്ട് ഫോണില്‍ കാതു ചേര്‍ത്തുവെച്ചു. രജനി ചേച്ചി വീണ്ടും പറഞ്ഞു.
''രാജീവിന് ഇതേ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അവനെ കാണിച്ചു കൊണ്ടിരുന്ന സൈക്കോളജിസ്റ്റ് ആണ് സെക്‌സ് ടോയ്‌സിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നത്. അവന് വേണ്ടി വാങ്ങിയതില്‍ ഏറ്റവും ഉപകാരപ്രദമായ ഉപകരണവും അതായിരുന്നു. ഈ കാര്യങ്ങള്‍ക്കൊന്നും മോശം കരുതേണ്ട ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് അവനെയും കൊണ്ട് നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുക. എനിക്കറിയാവുന്ന ഒരു സൈക്കോളജിസ്റ്റിന്റെ നമ്പര്‍ ഞാന്‍ നിനക്ക് അയച്ചു തരാം. നീ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഒരു കാര്യം ഞാന്‍ പറഞ്ഞുതരാം. നമ്മുടെ മക്കള്‍ക്ക് നിഷ്‌കളങ്കത ഉള്ളതുകൊണ്ടാണ് ഇവയൊക്കെ ആളുകളുടെ മുന്നില്‍ വച്ച് ചെയ്യുന്നത്. ഇതേ പ്രായത്തിലുള്ള മറ്റു കുട്ടികളും ഇതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ പക്ഷേ ഒളിച്ചും പാത്തും ചെയ്യുന്നു എന്നുമാത്രം. പേടിക്കേണ്ട കേട്ടോ. ഞങ്ങളൊക്കെ ഇല്ലേ കൂടെ. സൈക്കോളജിസ്റ്റിന്റെ അടുത്ത് പോയി വന്നിട്ട് വിളിക്ക് കേട്ടോ. ഞാനീ നമ്പര്‍ സേവ് ചെയ്ത് വെക്കാം.'-രജനി പറഞ്ഞു നിര്‍ത്തി.
മായക്ക് ഏറെ ആശ്വാസം തോന്നി. ഒരുപാട് പ്രതീക്ഷയും.
'എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ചേച്ചി. ഞാനാകെ പേടിച്ച് ഇരിക്കുകയായിരുന്നു. അവനേയും കൂട്ടി ആത്മഹത്യ ചെയ്താലോ എന്നു വരെ കരുതി. ചേച്ചി നമ്പര്‍ അയച്ചു തരൂ. ഞാന്‍ അവരെ വിളിച്ചു നോക്കിയതിനു ശേഷം അവരെ പോയി കാണാം.എന്നിട്ട് ചേച്ചിയെ വിളിക്കാം. ഒരുപാട് സന്തോഷം ചേച്ചീ. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. ഞാന്‍ പിന്നെ വിളിക്കാം. ഞാന്‍ അവന് എന്തെങ്കിലും കഴിക്കാന്‍ തയ്യാറാക്കി കൊടുക്കട്ടെ'
'ശരി, മായേ ഞാനും വിളിക്കാം.'
അവര്‍ കോള്‍ കട്ട് ചെയ്തു. മനസ്സിലുള്ള വലിയൊരു ഭാരം ഇറങ്ങിയ ആശ്വാസത്തില്‍ മായ അടുക്കളയിലേക്ക് ഭക്ഷണം പാകം ചെയ്യാനായി ഇറങ്ങി.