Malayalam Short Story : തേരട്ടകളുടെ വീട് , മോഹന്‍ ബാബു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Feb 18, 2022, 5:02 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മോഹന്‍ ബാബു എഴുതിയ ചെറുകഥ

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

തേരട്ടകളെ കൊണ്ടുള്ള ശല്യം കാരണം  വിലാസിനി ഇടയ്ക്കിടെ  ഇടിമുഴക്കും, മോളിക്കൊച്ചമ്മോ,  ഈ അട്ടകളെകൊണ്ട് പൊറുതിമുട്ടി, ഒന്നുകൊന്നുതായോ എന്ന്.  ഓര്‍ക്കാപുറത്തായിരിക്കും അട്ട  കണ്‍മുന്‍പില്‍ വന്നുപെടുക. മഞ്ഞയും  കറുപ്പും ഇടകലര്‍ന്ന  ഉടലിന്റെ നേര്‍ക്കാഴ്ചയില്‍ മനം പുരട്ടും. പരിഹാരം കണ്ടെത്തിയല്ലേ പറ്റൂ. ഹിറ്റിന്റെ ഒറ്റ സ്‌പ്രേ മതിയെന്ന  ഉപദേശവും കിട്ടി. അത് വാങ്ങിവച്ചു എന്നതു സത്യം. ഒരെണ്ണത്തിന്റെയും മേലെ  ഇതുവരെ ഒരു പരീക്ഷണം പോലും നടത്തിയുമില്ല. മാരകവിഷമല്ലേ, തോന്നുംപോലെ അടിക്കാനൊക്കുമോ?

മറിയാമ്മ ടീച്ചറിന്റെ മുറിയാ ഇവറ്റകളുടെ പ്രധാന താവളം. ഊണും ഉറക്കവും ഇണചേരലും തുടങ്ങി ജീവന്റെ  സര്‍വ്വ ചലനചക്രവും  ഇവിടെയോ?  അങ്ങനെതോന്നും മുറിക്കുള്ളിലെ  കൂട്ടംകാണുമ്പോള്‍. അനാദിയും അപരിചിതവുമായ  എന്തെല്ലാമോ കൂടികലരുമ്പോള്‍ ഉരുവംകൊള്ളുന്ന വല്ലാത്തൊരു മണം  ഒരിക്കലും  ഒഴിഞ്ഞുപോകാതെ അട്ടകളുടെ അലസതക്കൊപ്പം  പതുങ്ങി  നിന്നു. പരിണാമത്തിന്റെ രഹസ്യം ഒളിപാര്‍ക്കുന്ന ഏതോ അജ്ഞാത  തുരുത്തില്‍ എത്തിപ്പെട്ടപോലെയാ ചിലപ്പോള്‍  തോന്നുക. ഇരുണ്ട ഇടങ്ങളില്‍ ചുരുണ്ടുറങ്ങുന്നവ വിലാസിനിയുടെ  കണ്ണില്‍പ്പെട്ടാല്‍ ഈര്‍ക്കിലില്‍ കോര്‍ത്ത് മൈരെന്ന് വിളിച്ച് പുറത്തേക്ക്  തൂക്കിയെറിയും. അട്ടയെ തന്നെയാണോ അവള്‍  തെറിവിളിക്കുന്നത്? എന്തോ, അങ്ങനെ തോന്നുന്നില്ല. ചിലപ്പോള്‍ അട്ടകളെ സൃഷ്ടിച്ചവനെ ആയിരിക്കും.

പെണ്ണ് തെറി പറയുന്നത് വേറൊരാളും  കേള്‍ക്കേരുതെന്നൊരു മുന്‍വിധി അലിഖിതനിയമമായി കരുതപ്പെടുന്ന  നാട്ടിലായതുകൊണ്ട്  പരമാവധി ശബ്ദം കുറച്ചാണവള്‍ അത്രയും  പറയുക. അങ്ങനെയൊരു  മുന്‍വിധിയുണ്ടോ? ഉണ്ടെന്ന് അനുഭവം. ചില പെണ്ണുങ്ങള്‍ അവരുടെ ചുറ്റുപാടുകളില്‍ നിന്നും  ആര്‍ജ്ജിച്ചെടുക്കുന്ന ശീലങ്ങള്‍കൊണ്ട്  ആ വിധിയെ ഇടയ്ക്കിടെ ലംഘിക്കും.    അങ്ങനെയുള്ള പെണ്ണിനെ പുച്ഛത്തോടെ സംസ്‌കാരശൂന്യയെന്നു വിളിക്കുന്ന  ആണുങ്ങളുമുണ്ട്. പക്ഷെ, രഹസ്യമായി അവളെ  കാമിക്കുകയും മനസ്സില്‍ അസൂയയുടെ കടലാഴം കരുതിവെക്കുകയും ചെയ്യും. പെണ്ണിന്റെ കടന്നുകയറ്റത്തെ വെറുതെ  ഉള്‍കൊള്ളാന്‍ പൊതുവെ ആണിന്  ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലോ.

ഇതുപറയുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് രണ്ടുനാള്‍ മുന്‍പ് രാത്രിയില്‍  ഗേറ്റിനു വെളിയില്‍ വന്ന് ബെന്നി പുളിച്ച തെറി പറഞ്ഞതാണ്. ബെന്നി മാറ്റാരുമല്ല ടീച്ചറിന്റ സ്വന്തം മകന്‍ തന്നെയാ. മാറ്റാരെയോ എന്നപോലെ എങ്കിലും തെറിയുടെ ഉന്നം ടീച്ചറായിരുന്നു. പഴയപോലെ ഇനിയും കേസുവന്നാലോ എന്നൊരു പേടിയുള്ളതുകൊണ്ടാണ്  അവന്‍ വളച്ചുകെട്ടിയത്. നേരത്തെ അങ്ങനെയല്ല. മിക്കവാറും എല്ലാ ദിവസവും രണ്ടുതെറിയെങ്കിലും ടീച്ചറെ  അവന്‍ വിളിച്ചിരിക്കും. അത് അവനൊരു നേരമ്പോക്കോ അല്ലെങ്കില്‍  ദിനചര്യയുടെ ഭാഗമോ ആയിരുന്നു. അവനെ പെറ്റുവളര്‍ത്തിയത് പോകട്ടെ,  സ്‌ട്രോക് വന്ന് ഒരുവശവും തളര്‍ന്ന്  മിണ്ടാന്‍പോലും കഴിയാത്ത വിധം  അവശതയിലാണ് ടീച്ചര്‍ എന്നൊരു പരിഗണനപോലും അവനില്ല. ടീച്ചറോ അവനെ ബെന്നിമോനെ എന്നു മാത്രമേ തളര്‍ന്നുവീണ  നാള്‍വരെയും  വിളിക്കാറുള്ളായിരുന്നു. ആ സ്‌നേഹമാണ് വെറുപ്പു നിറഞ്ഞ തെറിവാക്കുകളായി തിരിച്ചു കൊടുക്കുന്നത്.   

രസമുള്ളകാര്യം അവന്റെ തെറി  ഡിക്ഷനറിയില്‍ മൈരെന്ന വാക്കേ ഇല്ലെന്നതാ. വിലാസിനിക്ക്  ആ വാക്കിനോട് എന്തോ വലിയ മമത ഉണ്ടെന്നുതോന്നി, അതുകൊണ്ടാണ് അങ്ങനൊരു  ചിന്ത. എന്തുകൊണ്ടോ ആ വാക്കു മാത്രം അവന്‍ പറഞ്ഞു കേട്ടിട്ടില്ല. ചിലപ്പോള്‍ അതിന്റെ കൂടിയ മൃദുത്വമായിരിക്കും കാരണം. പകരം അതിനേക്കാള്‍ കഠിനവും പുറത്തേക്ക്  ചാടിയാലുടന്‍  ഗുണ്ടുപോലെ പൊട്ടിത്തെറിക്കുന്നതുമായ വാക്കുകള്‍  മാത്രമേ  അവന്റെ തിരുനാവില്‍ നിന്നും ഉതിരാറുള്ളു. അതിലും  താഴുന്നത് അവന്റെ അന്തസ്സിന് ചേരില്ല. പഠിപ്പില്‍ നിന്നും പകര്‍ന്നു കിട്ടിയതാണോ ഈ അന്തസ്സ്? ആവാന്‍ തരമില്ല. സ്വന്തം നിര്‍മ്മിതി ആയിരിക്കും. ശങ്കരപ്പിള്ള സാറിന്റെ ശിഷ്യനായി  തൃശ്ശൂരെ സ്‌കൂള്‍ ഓഫ് ഡ്രാമയിലാണെല്ലോ പഠിച്ചത്. പപ്പ നാടകഭ്രാന്തനായതുകൊണ്ട് അയാള്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്. തന്റെ മോഹം മകന്റെ തലയില്‍  കെട്ടിവെച്ചു.  പാഴായിപ്പോയെന്നു മാത്രം.  പഠിച്ചത് നാടകമാണെങ്കിലും പണി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ എന്നൊരു തനത് നാടക വേദിയിലാണ്. ഒരു പണിയും മോശമെന്നല്ല. ചെയ്യുന്ന പണിയില്‍ നീതിവേണം ചെയ്യുന്നവന്‍ ആരായാലും. നീതികേടിനെ യൂദാസ്സും  അംഗീകരിക്കിച്ചിട്ടില്ലല്ലോ.

മാറ്റാരോ പറഞ്ഞുകേട്ടതാ. കനത്ത വേനല്‍ച്ചൂടില്‍ വെള്ളം വറ്റിയ കിണറ്റിലേക്ക്  രായ്ക്കുരാമാനം ഒരുടാങ്ക് വെള്ളമൊഴിച്ച് വര്‍ഷങ്ങളായി വില്‍ക്കാനാവാതെ കിടന്ന ഒരു  വീടിന്റെ വില്പന അവന്‍ നടത്തിയത്രേ. ഇങ്ങനെ ആണ്  അവനവന്‍ കടമ്പകളെ അവന്‍  മറികടക്കുക. ഇതാണ് അവന്റെ നീതിയും. ആ രാത്രിയും മുറതെറ്റാതെ ആഘോഷപൂര്‍വ്വം ടീച്ചറെ  തെറിവിളിച്ചപ്പോള്‍ തീരെ പ്രതീക്ഷിച്ചു  കാണില്ല പോലീസ് പൊക്കുമെന്ന്. നിവൃത്തികെട്ടപ്പോള്‍  അങ്ങനെ ചെയ്യേണ്ടിവന്നു. അത്തരത്തിലുള്ള പറ്റിക്കല്‍ പണിയിലൂടെ  കമ്മീഷന്‍ കൈപ്പറ്റി ധൂര്‍ത്തടിക്കുന്ന  മിടുക്കന്മാരുടെ സംഘത്തിലാണ് അവന്റെ അംഗത്വം. ആ മനസ്സില്‍ ഗുണ്ടയുടെ നീതിബോധമല്ലേ കാണു.

തെറിയുടെ തുടക്കത്തില്‍തന്നെ രണ്ടുചെവികളും അടച്ചുപിടിച്ച് അവനെ  അവഗണിക്കാന്‍ ശ്രമിക്കും. തെറി വിളിക്കാന്‍ അവന്  കാരണം കാണുമായിരിക്കും. പപ്പയുടെ സ്വത്ത് രണ്ടായി പകുത്തതാണ്  അവന്റെ പ്രശ്‌നം. പെണ്മക്കള്‍ക്കും അച്ഛന്റെ  സ്വത്തില്‍  അവകാശമുണ്ടെന്ന് പറഞ്ഞുതരാന്‍ ഒരു മേരിറോയി വരേണ്ടി വന്നു. എല്ലാവര്‍ക്കും  അറിവുള്ള കാര്യമല്ലേ. ജീവിച്ചിരിക്കുന്ന  പങ്കാളിയായിട്ടുപോലും ടീച്ചര്‍ അവകാശ വാദത്തിന് മുതിര്‍ന്നില്ല. മനസ്സിന്റെ ആ  വിശാലത ആകാശത്തിന്റെ അതിരിനും അപ്പുറത്താണെന്ന് അനുഭവപ്പെട്ടത് അന്നാണ്. 

എന്തിനുമേതിനും അവകാശികള്‍ ആണ്‍മക്കള്‍ മാത്രമാണെന്ന് അവന്‍.  കെട്ടിച്ചുവിട്ടപ്പോള്‍ ഷെയറും കൊടുത്താണ് വിട്ടതെന്ന് ന്യായവും.  അതോടെ എല്ലാ ബന്ധങ്ങളും തീരുമോ? ചിലര്‍ക്ക് ശരിയാകുമായിരിക്കും. അവള്‍ എവിടെ പോകുന്നെന്നും  എന്തുചെയ്യുമെന്നതും അവന് വിഷയമേ  അല്ല. അതിനാല്‍ സ്വത്തിന്റെ പിന്തുടര്‍ച്ചയും അവകാശവും മാറ്റാര്‍ക്കുമല്ല എന്നതാണ് അവന്റെ ബോധ്യത്തിന്റെ ആണിക്കല്ല്. പക്ഷെ, തന്റെ  നീതിബോധത്തിന്റെ കാപട്യത്തെ  സ്വന്തം ഇച്ഛാനുസരണം അല്ലെങ്കിലും അവനെക്കൊണ്ട് തിരുത്തിച്ചു. ഉറയില്‍നിന്ന് ഊരിയ വാള് കയീന്‍  ആബേലിന്റെ ഒറ്റ നോട്ടത്തില്‍ തിരികെ ഉറയില്‍ തന്നെ വച്ചു. 

ഒരുമിച്ച് തുടരാനാവാതെ കെട്ടിയവനെ  ഉപേക്ഷിക്കേണ്ടിവന്നാല്‍  ജനിച്ച വീട്ടിലേക്കല്ലാതെ മറ്റെവിടെയാണ് അഭയം തേടുക?  ഒരടിമയുടെ നിസ്സഹായാവസ്ഥ ഉള്‍കൊള്ളാന്‍  എന്തുകൊണ്ടോ മനസ്സ് പാകമാകാതെ വന്നപ്പോള്‍ മറ്റൊരു വഴിതേടി. പപ്പയുടെ സ്വാധീനമാകാം കാരണം. ആകാം എന്നല്ല, ആയിരുന്നു. ജന്മം കൊണ്ടല്ല, സ്വത്വബോധവും സ്വാതന്ത്രവും നേടിയെടുക്കുന്നതിന് കര്‍മ്മമാണ് മുന്നില്‍ നില്‍ക്കേണ്ടതെന്ന് പപ്പയാണ്  ചെറുപ്രായത്തിലേ പഠിപ്പിച്ചത്. മരണമാണ് അതിന്റെ പൂര്‍ണതയെന്നും. അപ്പോള്‍ പപ്പയുടെ  കണ്ണുകളിലും  ഗാന്ധിജിയുടെ മുഖത്തെ നിര്‍മ്മമമായ  ആ ചിരി കാണാമായിരുന്നു. മനസ്സിന്റെ വികാസം അതിന്റെ  പൂര്‍ണതയില്‍ എങ്ങനെ കണ്ടെത്താം എന്ന് പപ്പ തിരിച്ചറിഞ്ഞത് എന്റെ സത്യാന്വേഷണ പരീക്ഷണ കഥയിലൂടെ  ആയിരുന്നു.   

കൗതുകത്തോടെയും എന്നാല്‍  സ്വല്പം അഹങ്കാരത്തോടെയും പപ്പയെക്കുറിച്ച്    ഓര്‍ക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍  മനസ്സിലേക്ക് തിക്കിത്തിരക്കും.  കാടിറങ്ങിയ ഒരു ഒറ്റയാനാന്‍. ഏതു പ്രതിസന്ധിയേയും ചങ്കൂറ്റത്തോടെ  നേരിട്ടു. പൊരുതുക അല്ലെങ്കില്‍ മരിക്കുകയെന്നൊരു ഗാന്ധിയും പപ്പക്ക് സ്വന്തമായിരുന്നു. അക്കാലത്ത്    മധ്യതിരുവിതാംകൂറിലെ ഏറെക്കുറെ സമ്പന്നരായ ക്രിസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ള ഈ ചെറുപട്ടണത്തില്‍  കമ്മ്യുണിസ്റ്റ് ആശയമുള്ള നാടകങ്ങള്‍ എഴുതുകയും  അവതരിപ്പിക്കുകയും ചെയ്ത ഒരേയൊരു സുറിയാനി ക്രിസ്ത്യാനി. പള്ളിയെയും പട്ടക്കാരെയും കൈയ്യൊഴിഞ്ഞ അന്നത്തെ റിബല്‍.  വീട്ടിലും നാട്ടിലും  സാക്ഷാല്‍  സഖാവ്.  ടി വി തോമസും പി ടി പുന്നൂസും പിന്നെയും എത്രയോ സഖാക്കള്‍  വീട്ടിലെ അംഗങ്ങളെ പോലെ വരുകയും പോവുകയും ചെയ്തു. സഭയുടെ ആസ്ഥാനത്തെ  പേരും പെരുമയുമുള്ള സ്‌കൂളിലെ പേരുകേട്ട  മലയാളം വാധ്യാര്‍. എഴുപതുകളില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ശരിക്കൊപ്പം നിന്ന് തന്റെ കൂറ് ഇന്ത്യന്‍ കമ്മ്യുണിസത്തിന്റെ മജുംദാര്‍ ലൈനിനോടൊപ്പമാണെന്ന് പ്രഖ്യാപിച്ചവന്‍. അപ്പോള്‍ ഞെട്ടിയത് ഈ നാടുകൂടി ആയിരുന്നു.  എണ്‍പതുകളിലെ  ജനകീയ സാംസ്‌കാരിക വേദിയുടെ പ്രസക്തി അതിന്റെ തുടക്കത്തില്‍ തന്നെ  തിരിച്ചറിഞ്ഞു.  തെരുവുനാടകങ്ങള്‍ക്ക്  സ്‌ക്രിപ്റ്റുകള്‍ എഴുതി അവതരിപ്പിച്ചും  ജനകീയ കോടതികളുടെ  സംഘാടകനായും ചില രാഷ്ട്രീയ  തീരുമാനങ്ങളില്‍ ഭിന്നിപ്പോടെ എങ്കിലും  വേദിയുടെ അവസാനംവരെ  
കൂടെനിന്നു. ആഗ്രഹാരത്തിലെ കഴുതയുമായി ജോണും അപകടത്തില്‍ മരിച്ചവന്റെ പോക്കറ്റില്‍ നിന്നു കിട്ടിയ അഞ്ചുരൂപ നോട്ടുമായി  അയ്യപ്പനും കൂടെ വെമ്മേലിയും കുറേനാളുകള്‍  പപ്പക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ ഒരുമിച്ച് കള്ളുകുടിച്ചു തെറിപറഞ്ഞു നാടകംനടത്തി കവിതചൊല്ലി  എംഎസ്  ബാബുരാജിനെ വീണ്ടുംവീണ്ടും പാടിയുറക്കി.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ പപ്പ ജയിലില്‍ തന്നെ ആയിരുന്നു. ഒപ്പം ജോലിയില്‍ നിന്നുള്ള സസ്‌പെന്‍ഷനും. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍  പുറത്തുവന്ന പപ്പ തിരികെ കിട്ടിയ ജോലി കൈയ്യോടെ ഉപേക്ഷിച്ച്  കൂടുതല്‍ സ്വതന്ത്രനായി. ഒറ്റയാന്‍ കൂടുതല്‍ ശൗര്യമുള്ളവനായി. 

ആര്‍ക്കുമുന്നിലും കുനിയാത്ത  ശിരസ്സായിരുന്നു പപ്പയുടേത്. അങ്ങനെയുള്ളവനൊപ്പം വളര്‍ന്നവള്‍ക്ക്  മറ്റെന്താണ് തിരഞ്ഞെടുക്കാനുള്ളത്? ഒരിക്കല്‍  കഴുത്ത്  നീട്ടിപ്പോയതുകൊണ്ട് താലികെട്ടിയവന്റെ എല്ലാ അഹന്തയും ധാര്‍ഷ്ട്യവും സഹിക്കണമെന്നോ? ചില ബോധ്യങ്ങള്‍ക്ക്  ജീവിതത്തിനുമേലുള്ള  സ്വാധീനത്തെ തിരസ്‌കരിക്കുക അസാധ്യം തന്നെയാണ്.

പലതവണ പറഞ്ഞുനോക്കി, പപ്പയുടെ ഒഴിഞ്ഞ മുറിയിലോ അല്ലെങ്കില്‍  ടീച്ചറിനോപ്പമോ ഒതുങ്ങി, ആര്‍ക്കും  ശല്യമാകാതെ കഴിഞ്ഞുകൊള്ളാമെന്ന്.  ഒരമ്മയുടെ വയറ്റിലല്ലേ രണ്ടുപേരും  ജനിച്ചത്. ഒരുമുറ്റത്ത് ഒന്നിച്ചാണല്ലോ  വളര്‍ന്നതും. ടീച്ചറും അവന്റെ കാലുപിടിച്ചു. അവന് തീരെ സമ്മതമില്ല. അവകാശം വേണ്ട, തല്‍ക്കാലത്തേക്ക്  ഒരഭയര്‍ത്തിയുടെ പരിഗണനയെങ്കിലും. അതിനുള്ള മനസ്സും കാണിച്ചില്ല. ജീവിതത്തിന്റെ ഇതുവരെയുള്ള യാത്രയില്‍  എവിടെങ്കിലും വെച്ച് ഒരിക്കലെങ്കിലും കണ്ട ഭാവംപോലും  അവന്റെ മുഖത്ത് നിഴലിച്ചില്ല. അടയ്ക്കപ്പെട്ട വാതിലിനപ്പുറം ജീവിതം ഉപ്പുതൂണായി. കഷ്ടവും സങ്കടവും കൊണ്ട് നിസ്സഹായമായ നാളുകള്‍. സ്‌നേഹവും കരുതലും അന്യോന്യം പങ്കുവെച്ച കുട്ടിക്കാലം കണ്ടുമറന്നൊരു സ്വപ്നം മാത്രമായിരുന്നോ എന്നുപോലും അപ്പോള്‍ സംശയിച്ചുപോയി. ജീവിതമെന്നത് ഇത്ര വലിയൊരു കാപട്യമോ? അറിഞ്ഞൊ  അറിയാതെയോ അവിടെ ചാലിച്ചത്  മിഥ്യകളുടെ വര്‍ണ്ണങ്ങള്‍ മാത്രം. എല്ലാ ചിത്രങ്ങളും വെള്ളത്തിലെന്ന പോലെ  വരയ്ക്കും മുന്‍പേ മാഞ്ഞുപോകുന്നു. വരുതിയിലാവാത്ത കമ്പനങ്ങള്‍കൊണ്ട് ഉടല്‍ വിറകൊണ്ടു. 

സ്‌നേഹം നടിക്കുന്നവനെ തിരിച്ചറിയാന്‍  കഴിയാതെ ചെന്നുപെട്ടത് ചതിക്കുഴിയില്‍. ആ ഓര്‍മ്മകളെ പോലും വെറുത്തുപോകുന്നു.  ചിറകുകള്‍ കരിയും മുന്‍പ് കൂടുതകര്‍ത്ത് മറുകരയിലേക്ക് പറന്നു. ഇനി യാത്ര തനിയെ. മുഴുവനായി കഴിയില്ലെങ്കിലും  ആ പാടുകള്‍  കഴിയുന്നത്ര  മായ്ച്ചു കളഞ്ഞല്ലേ പറ്റു.  തീരുമാനിക്കാനുള്ള ചങ്കിന്റെ ഉറപ്പുണ്ടല്ലോ അതും അവനെ അറിയിച്ചാണ് മടങ്ങിയത്.

ബെന്നിക്ക് അതൊന്നും അറിയുകയേ വേണ്ട. അവന്റെ കുടുംബത്തിനൊപ്പം കഴിയാം എന്നുള്ളത് തന്റെ ദുര്‍ബല  മോഹം മാത്രമായാണ് അവന്‍ കണ്ടത്.  തന്നെപ്പോലൊരുത്തിയെ ഇനി വേണ്ടെന്നും അവന്‍ തറപ്പിച്ചു പറഞ്ഞു.  ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളെ  തൂത്തെറിഞ്ഞ് ഇനിയും ജീവിക്കാനുള്ള ഇച്ഛകൊണ്ട് മനസ്സ് നിറഞ്ഞു. അതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തി. നിയമവും നീതിയും എല്ലാവര്‍ക്കും  ഒരുപോലെ ബാധകമാകുന്ന മാര്‍ഗ്ഗം. അപ്പോള്‍ മണ്ണിനൊപ്പം വീടും രണ്ടായി പിളര്‍ക്കേണ്ടി വന്നു. അതിനു വേണ്ടി ഒരു  യുദ്ധം തന്നെ ചെയ്തു. മുറിച്ചെടുത്ത പാതിയിലേക്ക് ടീച്ചറെയും കൂടെക്കൂട്ടി. അപ്പോള്‍ അവനുണ്ടായ മൗനം കുറ്റബോധം കൊണ്ടൊന്നും ആയിരുന്നില്ല. ആരെയെങ്കിലും പരാജയപ്പെടുത്തി, ആ പരാജയത്തിനു മേലെ ജീവിതം കൊട്ടിപ്പൊക്കാനും താന്‍  ആഗ്രഹിച്ചില്ല. എന്നിട്ടും അമ്മയെ കാണാന്‍ ബെന്നി  ഇടയ്ക്കിടെ വന്നു, കുറെ പച്ചത്തെറിയും കൊണ്ട്.  പഴുത്തുനില്‍ക്കുന്ന പുണ്ണ് പൊട്ടി ചലം പുറത്തു പോയാലല്ലേ ആശ്വാസം ഉണ്ടാവു. അത്തരം രാത്രികളില്‍ ടീച്ചറിന്റെ മുറിയില്‍ തേരട്ടകള്‍ പെരുകും. കൂടുതല്‍ വേഗത്തിലാകും അവയുടെ സഞ്ചാരവും.

ഈ തേരട്ടകള്‍ ഓര്‍മ്മകളുടെ പേടകം ചുമക്കുന്ന രഹസ്യസഞ്ചരിയോ മറ്റോ ആണോ? അങ്ങനെയും ചിലപ്പോള്‍ തോന്നും ടീച്ചറിന്റെ മുറിയിലെ അവറ്റകളുടെ കുടിയിരുപ്പ്  കാണുമ്പോള്‍. സ്വന്തമായി അന്വേഷിച്ചു  കണ്ടെത്തിയ  റിപ്പബ്ലിക്‌പോലെയാണ് അവിടെ അട്ടകളുടെ പെരുമാറ്റങ്ങള്‍.  

വിലാസിനിക്ക് തൊണ്ടവേദന പനി. ഒരാഴ്ച ക്വാറന്റൈനില്‍. പോരേ പണികിട്ടാന്‍. ഇന്നിനി ടീച്ചറെ കുളിപ്പിക്കുകയും മറ്റും വേറെ ആരുചെയ്യാന്‍?  ടീച്ചറിന്റെ മുറിയിലേക്ക് എത്തിനോക്കി. ആദ്യമായി കാണും പോലെ സീലിംഗ് ഫാനിന്റെ കറക്കവും ആസ്വദിച്ചാണോ  കിടക്കുന്നത്? ഇന്നെന്താ ഉറങ്ങിയില്ലേ? കണ്ണുകള്‍ രണ്ടും നിറഞ്ഞ് ഇരുവശത്തേക്കും ഒഴുകിയിട്ടുണ്ടല്ലോ? തേരട്ടകളുടെ ശല്യം  ഇന്ന് കൂടുതല്‍ ഉള്ളതുപോലെ. തട്ടി മാറ്റാന്‍ കഴിയാത്തതുകൊണ്ട്  ചിലപ്പോള്‍ ടീച്ചറിന്റെ  ചെവിയിലും മൂക്കിലും അവറ്റകള്‍ കടന്നിട്ടുണ്ടാവും. അതിന്റെ വിമ്മിഷ്ടമായിരിക്കും. അതോ, ഒറ്റക്കാണെല്ലോ  ഒടുക്കത്തെ ഈ കിടപ്പെന്ന് സ്വയം ശപിക്കുകയാണോ?  ഇങ്ങനെയൊക്കെ കരഞ്ഞും  മറ്റുചിലപ്പോ ചിരിച്ചും  വേണമെല്ലോ താനൊരു ജീവനുള്ള ശവമാണെന്ന്  സ്വയം തെളിയിക്കാന്‍. ഇനി  അതായിരിക്കുമോ  കാരണം?

എന്താ ടീച്ചറേ പതിവില്ലാത്ത ഒരു ദുഃഖം?  കുളിപ്പിക്കാനുള്ള ചൂടുവെള്ളമാണ്  രണ്ടു കൈകള്‍കൊണ്ട് താങ്ങി പിടിച്ചിരിക്കുന്നത്. കുളിച്ചശേഷം ടീച്ചര്‍ക്ക് ധരിക്കാനുള്ള ചട്ടയും മുണ്ടും  പ്രത്യേകം കരുതിയിട്ടുണ്ട്. ഇപ്പോ ചട്ടയും മുണ്ടും നിര്‍ബന്ധമാ. അവസാനം അടുത്തെന്നോ മറ്റോ ഒരു ധാരണ ഉണ്ടെന്നുതോന്നും ആ മുഖത്തെ ഭാവം കണ്ടാല്‍. പെട്ടിയില്‍ കിടക്കുമ്പോഴും ഈ  തിരുവസ്ത്രത്തില്‍ വേണം    അവസാന യാത്രയെന്ന് അറിയിപ്പുണ്ട്. ഏതു പെട്ടിയില്‍ എങ്ങിനെ കിടന്നാലും  പള്ളിയിലേക്ക് കേറ്റിയിട്ടുപോരേ മറയമ്മേ ചട്ടയും മുണ്ടും! ടീച്ചറിനോട് പറഞ്ഞില്ല. എന്തിന് വെറുതെ വീണ്ടും  കരയിക്കണം. തെമ്മാടിക്കുഴി ഇപ്പോള്‍ തീരെ  ഇല്ലെന്നാണെല്ലോ അറിവ്. മോചനത്തിന്റെ വഴിയിലേക്ക് എല്ലാ പാപികളെയും സ്വാഗതം ചെയ്തു  തുടങ്ങിക്കാണും.

അക്കാര്യത്തില്‍ പപ്പ ഭാഗ്യവാന്‍ തന്നെ.  അജിതയെ നായികസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് സ്വന്തം കാപട്യങ്ങളെ തുറന്നുകാട്ടുന്നൊരു നാടകത്തിന്റെ എഴുത്തുമേശയിലേക്ക് തലയും ചായിച്ചാണ് പപ്പ അവസാനശ്വാസം വലിച്ചത്. മരണം എല്ലാ പ്രശ്‌നങ്ങളെയും പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍  ലളിതമാക്കും. പട്ടണത്തില്‍ പുതുതായി സ്ഥാപിച്ച പൊതുശ്മശാനത്തിലെ  കരുതിവെച്ചിരിക്കുന്ന വൈദ്യുതിയുടെ കനത്തചൂടിലേക്ക്  ക്ഷണിക്കപ്പെട്ട  ഒരതിഥിയുടെ ഗൗരവത്തോടെ  പപ്പ കടന്നുച്ചെന്നു.  അഗ്‌നിയുടെ കൈകളില്‍  കത്തിച്ചാമ്പലായി, ഭൂമിക്ക് വളമായി. അതില്‍ നിന്നെടുത്ത ഒരുപിടി ചാരം  ചെറിയൊരു പാത്രത്തില്‍ പൊതിഞ്ഞ്  പപ്പയുടെ ഫോട്ടോക്കു മുന്നില്‍ ടീച്ചര്‍ക്ക് കാണാന്‍വേണ്ടി കരുതി വെച്ചിട്ടുണ്ട്.  അവിടെ മരവിച്ചു നില്‍ക്കുന്ന കാലത്തിനൊപ്പം ടീച്ചറും മുങ്ങിക്കിടക്കുക ആയിരിക്കും.

പണ്ട്, കുരുത്തോലപ്പെരുന്നാളിനു  പോകാന്‍ ടീച്ചറിന്, പിന്നില്‍ ഞൊറി  വെച്ചുടുത്തമുണ്ടും അയഞ്ഞ ചട്ടയും  നിര്‍ബന്ധമായിരുന്നു. ഇരുചെവികളിലും 
ഞാന്നുകിടക്കുന്ന തോടകള്‍  തൂങ്ങിയാടും.  വല്യമ്മച്ചി സമ്മാനം കൊടുത്തതാ തോടകള്‍ രണ്ടും. മുടി തലയ്ക്കുപിന്നില്‍ കെട്ടിവെയ്ക്കുന്നത് കാണാന്‍ നല്ല ചന്തമാ. പള്ളിയിലേക്ക് ടീച്ചറിനൊപ്പം താന്‍മാത്രമേ കാണൂ. പപ്പ വരില്ല. ഇതൊക്കെ സ്‌കൂള്‍ കുട്ടികളുടെ ഫാന്‍സിഡ്രസ്സ് മത്സരത്തിന് മാത്രം കൊള്ളാമെന്നാണ് പറയുമെങ്കിലും  കണ്ണുകളിലെ തിളക്കം ആ കാഴ്ചയില്‍ നിന്നല്ലേ? വിപ്ലവകാരികളുടെ രഹസ്യ ഇടങ്ങളിലൊ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പിലോ അല്ലെങ്കില്‍ എഴുത്തു മേശക്കരികിലോ തിരക്കിലായിരിക്കും പപ്പ. നക്‌സല്‍ ബാരിയിയുടെ  ഇടിമുഴക്കം കേരളത്തിന്റെ ആകാശത്ത് നിരന്തരം മുഴങ്ങുന്ന സമയവും. കുന്നിക്കലും മന്ദാകിനിയും അജിതയും ജയിലഴികള്‍ക്കുള്ളിലും. വിപ്ലവത്തിന്റെ കടന്നുവരവിനായി പപ്പയും തീര്‍ച്ചയായും കാതോര്‍ത്ത നാളുകളായിരുന്നു അത്. 

വിലാസിനിക്ക് പനി. ഇന്നുമുതല്‍ ഒരാഴ്ച ടീച്ചറിന്റെ കുളിയും നനയും ആഹാരവുമൊക്കെ എന്റെ പണിയാ. സഹകരിക്കണേ. ശബ്ദംതാഴ്ത്തിയാണ് പറഞ്ഞത്. വാക്കുകള്‍ക്കുമേല്‍  തമാശയുടെ മേമ്പൊടി തൂവാനും  ശ്രമിച്ചിരുന്നു. കുറെ തൂവുകയും ചെയ്തു. എന്നിട്ടും ശബ്ദത്തിന് എന്തേ  അകാരണമായൊരു വിറയല്‍? ഈയിടെയായി ഇത്തരം തോന്നലുകള്‍ കുറെ കൂടുന്നുണ്ട്. ഒരുപക്ഷെ ഇതുപോലുള്ള തോന്നലുകള്‍ കൊണ്ടാവാം  ജീവിതത്തിന്റെ അരികുകള്‍ തുന്നുക.

മറിയാമ്മയെന്ന സ്വന്തം അമ്മയെയാണ് ടീച്ചറെ എന്ന് വിളിക്കുന്നത്. അഞ്ചാം ക്ലാസ്സുമുതല്‍ മറ്റുകുട്ടികള്‍ക്കൊപ്പം  ടീച്ചറിന്റെ ക്ലാസ്സിലാണ് തന്റെയും പഠനം. അതിനാല്‍ മറിയാമ്മ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ടീച്ചറായി. പപ്പയും മാറിയാമ്മ എന്ന തന്റെ ഭാര്യയെ  ടീച്ചറെ എന്നാണ് വിളിച്ചത്. ആ വിളിയിലെ സ്‌നേഹം തന്റെയും  ചുണ്ടുകളിലെ സംഗീതമാണ്.


ടീച്ചര്‍ സുഹാനയെ മറന്നിട്ടില്ലല്ലോ? കുളിപ്പിക്കാനായി, വിയര്‍പ്പിന്റെ നനവും  മണവുമുള്ള ചട്ട ഊരിമാറ്റുമ്പോള്‍ വളരെ നടകീയമായും എന്നാല്‍  നിസ്സാരമായൊരു  കാര്യം പറയുവാനെന്നപോലെ  മുഖം  ടീച്ചറിന്റെ  ചെവിയോട് ചേര്‍ത്ത് പതിയെ ചോദിച്ചു. ഇങ്ങനെ മറക്കാന്‍? സുഹാന മാറ്റാരുമല്ലല്ലോ ബെന്നിയുടെ ഭാര്യയല്ലേ. ടീച്ചറാണെല്ലോ വീടിനുള്ളിലേക്ക് അവളെ ആദ്യമായി കൈപിടിച്ച് കയറ്റിയത്. അവള്‍ ആ വീട്ടിലേക്കായിരുന്നില്ല, മറിച്ച്  ടീച്ചറിന്റെ ഹൃദയത്തിലേക്കാണ് അന്ന്  കുടിയേറിയത്. അന്നുരാത്രി പപ്പ തന്റെ  സ്വപ്നത്തെക്കുറിച്ച്  ടീച്ചറോട് പറഞ്ഞു. പല വിശ്വാസങ്ങളുടെ സംഗമത്തില്‍ സംഭവിക്കുന്ന പുതിയൊരു ഫ്യൂഷനെക്കുറിച്ചായിരുന്നു ആ സ്വപ്നം. പുതിയൊരു സംഗീതത്തിന്റെ തുടക്കമായിരിക്കും അതെന്നായിരുന്നു. ടീച്ചറിനും സുഹാനക്കും ഇടയിലെ ബന്ധം വെറും സൗഹൃദവും ആയിരുന്നില്ല. ഒരു ജന്മം കൊണ്ട് നിറക്കാനാവാത്തത്ര വികാരം കൊണ്ടാണ്  അതിന്റെ ഊടും പാവും നെയ്തത്. അതിന്റെ                നേര്‍സാക്ഷ്യങ്ങള്‍ പലതവണ കണ്ടിട്ടുണ്ട്. പക്ഷെ, ബെന്നിയുടെ കാര്‍ക്കശ്യം നിറഞ്ഞ പെരുമാറ്റം അവളെ ഏറെ ദുഖിതയാക്കി. അവന്റെ ലോകം മറ്റൊന്നായി പരിവര്‍ത്തപ്പെട്ടു. അവിടെ കലയുടെ, നാടകത്തിന്റെ ലോകമേ അന്യമായി, ആ രംഗത്തുനിന്നും സ്വയം തിരസ്‌കൃതനായി. നാടകവും പഠിച്ച്, കഥാപത്രങ്ങളെ സ്വപ്നവും കണ്ട്, എതിര്‍പ്പുകളെ മറികടന്നും ഒപ്പം  ഇറങ്ങിത്തിരിച്ച പെണ്ണിനും നീതി കൊടുക്കാന്‍ അവന് കഴിഞ്ഞോ?  കുതറി ഓടാനാവാത്ത വിധം  ചെളിക്കുണ്ടില്‍ ആണ്ടുപോയിട്ടും അവളിലേക്ക് ഒരു കൈപോലും സഹായത്തിനായി നീട്ടാന്‍ തനിക്കും കഴിഞ്ഞില്ലല്ലോ. അവള്‍ പലപ്പോഴും പങ്കുവെച്ച സ്വപ്നങ്ങളെ താനും  നിസ്സാരവല്‍ക്കരിച്ചുവോ? പരിമിതികളുടെ കാരണം നിരത്തി, ചുറ്റുപാടുകളില്‍ നിന്ന് ഒളിച്ചോടുവാന്‍ എത്ര മിടുക്കരാണ് നമ്മള്‍. കാലം എത്ര കഴിഞ്ഞാലും പരിണാമത്തിന്റെ അടരുകളില്‍ എല്ലാ പൂര്‍വ്വജന്മങ്ങളുടെയും മായാത്ത ചില  അടയാളങ്ങള്‍ അവസരവും കാത്ത്  കരുതി ഇരിക്കുമായിരിക്കും. അതായിരിക്കാം ഓന്ത് സ്വയം നിറം മാറ്റാനുള്ള തന്റെ കൗശലവുമായി  ഇടയ്ക്കിടെ മനുഷ്യന്റെ ജീവിതത്തിലും  ഇടപെടുന്നത്.

കുറച്ചു  മാസങ്ങളായി അവര്‍ തമ്മിലുള്ള തര്‍ക്കം പിണക്കത്തിലേക്ക് വളര്‍ന്നപ്പോള്‍ അവള്‍ മകനെയുംകൊണ്ട്  സ്വന്തം വീട്ടിലേക്ക് പോയി എന്നും വിലാസിനി പറഞ്ഞിരുന്നു. വീട് രണ്ടായി പകുത്തതിന്റെ ദേഷ്യംകൊണ്ടാവം ബെന്നി ഇവിടെനിന്നും മറ്റൊരു വാടകവീട്ടിലേക്ക് താമസം  മാറ്റിയിരുന്നതിനാല്‍ വിവരങ്ങള്‍ അറിയാന്‍ വിലാസിനിയെ  ആശ്രയിക്കാന്‍ മാത്രമേ  കഴിയുമായിരുന്നുള്ളു. കാര്യങ്ങളെ ലാഘവത്തോടെ മാത്രം കണ്ടതിന്റെ കുഴപ്പം. ഇടക്കാലത്ത് സുഹാനയുമായുള്ള ബന്ധത്തിലും  അലംഭാവവും അശ്രദ്ധയും  തന്നെയും പിടികൂടി എന്നത് സത്യം. പലപ്പോഴും അവളെ  ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ താനും ഉള്‍വലിഞ്ഞു. എപ്പോള്‍  വിളിച്ചാലും  ഫോണ്‍ ഒരിക്കലും പ്രതികരിക്കാറില്ല.  ഇടപെടലുകള്‍ അധികം ആവാതെയും ശ്രദ്ധിക്കണമെല്ലോ. കാരണം  എല്ലാ ബന്ധങ്ങളില്‍ നിന്നും ബെന്നി  അവളെ വിലക്കിയിരുന്നു. അവളോടുള്ള സമീപനത്തിലും മടുപ്പ് പായലുപോലെ മനസ്സില്‍ പടര്‍ന്നു. എങ്കിലും വിലാസിനി ചില കാര്യങ്ങളെക്കുറിച്ച്  പറഞ്ഞിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് അവള്‍ നിരാശയായിരുന്നു. നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചല്ല അവള്‍ പരിഭവിച്ചത്, ജീവിതത്തിലേക്ക്  ഒന്നൊന്നായി കടന്നുവരുന്ന പരാജയത്തെയാണ് അവള്‍ ഭയത്തോടെ നോക്കിയത്.   ഒന്നിലും ഇടപെടാതെയുള്ള തന്റെ നിലപാടുകളും ഈ ദുരന്തത്തിന് കാരണമായോ? പപ്പയുടെ മുഖം തനിക്കുനേരെ  ക്രൂദ്ധമാകുന്നുവോ? ആ അഗ്‌നിയും  അണയാനായി വെമ്പുന്നപോലെ. 

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനവും പൂര്‍ത്തിയാക്കി ബെന്നി മടങ്ങി വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെയും കൂടെ കൂട്ടിയിരുന്നു. അവളാണ് സുഹാന. പഠിച്ചിടത്തുനിന്ന് കൂടെ ഇറങ്ങി വന്നവള്‍. ഇന്നലെ വരെ അവനൊപ്പം    ജീവിച്ചുകൊണ്ടിരുന്നവള്‍. ഇന്നവള്‍  ജീവിതത്തില്‍നിന്നാണ്  മുക്തയായിരിക്കുന്നത്. എത്ര  അവിശ്വസനീയമാണ് യവനിക്കു പിന്നിലെ കാലത്തിന്റെ കള്ളക്കളികള്‍.  

അവരുടെ ജീവിതത്തിന്റെ തുടക്കം തന്നെ  ആഘോഷത്തോടെയായിരുന്നു. 
ഡൈനമിക് ആക്ഷന്റെ അങ്കണത്തില്‍ ക്ഷണിക്കപ്പെട്ടവരും സുഹൃത്തുക്കളും  നാട്ടുകാരും സാക്ഷിയായൊരു മേളം.  സുഹാനയും ബെന്നിയും പച്ചഇലകള്‍ കൊണ്ടു തീര്‍ത്ത മാലകള്‍ പരസ്പ്പരം അണിയിച്ചു. കൈകള്‍ ചേര്‍ത്തുപിടിച്ച്  പപ്പ അവരെ  ജീവിതത്തിലേക്കും നയിച്ചു. കുട്ടപ്പന്റെ സംഘം നാടന്‍പാട്ടുമായി പകര്‍ന്നാടി.

പിന്നീട് എങ്ങനെയോ എല്ലാം  തകിടം മറിഞ്ഞു. ജോലിയിലെ  ഇടവേളയില്‍ ഒരിക്കല്‍ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരെയും പൊതിഞ്ഞൊരു  ദുര്‍ഗന്ധം അവിടെ കുടിപാര്‍ക്കാനായി എത്തിയോ എന്ന് സംശയിച്ചിരുന്നു.  നനക്കാതെയും കള പറിക്കാതെയും  പൂന്തോപ്പ് വാടി കരിഞ്ഞിരിക്കുന്നു.   ആ സമയങ്ങളില്‍ പപ്പ മിക്കവാറും വീട്ടില്‍ ഉണ്ടാവാറില്ല. തറയില്‍ വീണ ഒരു  ചില്ലുപാളിപോലെ സ്വപ്നങ്ങക്കൊപ്പം  ഇടിമുഴക്കങ്ങളും പല കഷണങ്ങളായി അപ്പോഴേക്കും ചിതറിപ്പോയിരുന്നു. 

ജീവന്റെ മിടിപ്പുമാത്രം ശേഷിച്ച ടീച്ചറെ    ചൂടുവെള്ളത്തില്‍ തുടച്ചും ഒപ്പിയും  കൊണ്ടിരുന്നപ്പോള്‍ പരിചയം പുതുക്കി രണ്ട് അമ്മിഞ്ഞകള്‍ ഒളിഞ്ഞു നോക്കി  ചിരിക്കുന്നുവോ. ശോഷിച്ചുപോയ  ടീച്ചറിന്റെ സ്‌നേഹം തന്നിലേക്ക് ചുരന്ന  വഴി. ആറാം വയസ്സിലും തന്റെ ചുണ്ടുകള്‍ വാശി പിടിക്കുമായിരുന്നു. ഒരിക്കല്‍ പോലും ടീച്ചര്‍ തടഞ്ഞില്ല. നാണം തിരിച്ചറഞ്ഞ് നിര്‍ത്തുന്നതുവരെ  ആ സ്‌നേഹം ഒരു  രഹസ്യമായി തുടരുകയും ചെയ്തു. ചട്ടയിലും മുണ്ടിലും പതിവുപോലെ ടീച്ചര്‍  ഉത്സാഹവതി ആയില്ലല്ലോ. 

സുഹാനയെക്കുറിച്ചുള്ള ഓര്‍മകളില്‍  ആയിരിക്കും ടീച്ചറിന്റെ മനസ്സ് ഇപ്പോള്‍. കാഴ്ചയിലെ ശൂന്യത കണ്ണുകളില്‍  വായിക്കാം. മുറിയില്‍ തേരട്ടകള്‍ വീണ്ടും സജീവമാകുന്നുവോ? വഴിതെറ്റിയാവും  ടീച്ചറിന്റെ കിടക്കയിലേക്കും അവറ്റകള്‍ പതുങ്ങി കയറുന്നത്. വിലാസിനിയുടെ ഈര്‍ക്കില്‍ പ്രയോഗത്തിന്റെ പ്രസക്തിയെക്കുറിച്ചും ഒരു നിമിഷം ഓര്‍ത്തുപോയി. ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്നും പുറത്തേക്ക് ചാരിവെച്ചൊരു ഏണി. 

സുഹാനയുടെ ഓര്‍മ്മകളാല്‍ മനസ്സ് വീണ്ടും നീറുന്നു. അവളുടെ ആത്മഹത്യയെക്കുറിച്ച്  ടീച്ചറോട് ഇനിയും പറഞ്ഞില്ലല്ലോ. എന്തായിരിക്കും പ്രതികരണം? ആ വാര്‍ത്തയെ  ഉള്‍കൊള്ളാന്‍ ടീച്ചറിന് തീര്‍ച്ചയായും  കഴിയില്ല. അവര്‍ തമ്മിലുള്ള ഇഴയടുപ്പം  അത്ര ദൃഢമായിരുന്നു. ടീച്ചറിനോപ്പം ആയിരുന്നെങ്കില്‍ അവള്‍ ഇത്തരം ഒരവസ്ഥയിലേക്ക് ഒരിക്കലും എത്തിപ്പെടുമായിരുന്നില്ല തീര്‍ച്ച.  എങ്കിലും പറഞ്ഞല്ലേ ഒക്കൂ. അതിനുള്ള നിയോഗവും മറ്റാര്‍ക്കും അല്ലല്ലോ. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം  ആരുടെ പക്കലാണുള്ളത്? പപ്പയുടെ ചിത്രത്തിലേക്ക്,  അവിടെ ഭദ്രമായി വച്ചിരിക്കുന്ന സ്മരണയുടെ ശേഷിപ്പിലേക്ക്, കണ്ണുകള്‍ തറപ്പിച്ച് ടീച്ചര്‍ കിടക്കുന്നു. പക്ഷെ, കാലം അപ്പോഴേക്കും ആ കണ്ണുകളില്‍  നിശ്ചലമായി കഴിഞ്ഞിരുന്നു. 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!