ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മനു ശങ്കര്‍ പാതാമ്പുഴ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആ പഴയ വീടിന്റെ പിരിയന്‍ ഗോവണി ഇറങ്ങി ഞാന്‍ താഴേക്കു വരുമ്പോള്‍ ആലിന്റെ വേരുകള്‍ പടര്‍ന്ന ഭിത്തിയോട് ചേര്‍ന്ന് മീര മജ്ജി നില്‍പ്പുണ്ടായിരുന്നു. ആ നില്‍പിന് ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയും കുറെ കഥകള്‍ പറയാനുണ്ടായിരുന്നുവെങ്കിലും പലപ്പോഴും അവളെ കാണാത്തപോലെ ഞാന്‍ അകന്ന് മാറി.
അതിനു ചില കാരണങ്ങളുമുണ്ടായിരുന്നു.
ഈ വീട് വാടകക്ക് എടുക്കുമ്പോള്‍ വീട്ടുടമസ്ഥന്‍ രാമലാല്‍ പറഞ്ഞിരുന്നു താഴെ വല്ലാത്ത കൂട്ടങ്ങളാണ് അധികം അടുപ്പിക്കണ്ടെന്ന്. താഴെ മുറികളില്‍ നിന്നും അവര്‍ സംസാരിക്കുന്നത് പലപ്പോഴും ഞാന്‍ കേള്‍ക്കാറുണ്ട് കൂടുതലും അവളുടെ ഭര്‍ത്താവിന്റെ ശകാര വാക്കുകളാണ് ഉച്ചത്തില്‍ കേള്‍ക്കുക. അതില്‍ നിന്നാണ് അവര്‍ മഹാരാഷ്ട്രക്കാരാണെന്ന് മനസിലാക്കിയത്. അവളുടെ ഭര്‍ത്താവ് എന്നും രാവിലെ പണിക്കുപോകുന്നത് കാണാ. രാത്രിയില്‍ നിയോണ്‍ ബള്‍ബിന്റെ വെട്ടത്തില്‍ മെലിഞ്ഞ ഒരു കിഴവന്‍ വലിക്കുന്ന റിക്ഷയില്‍ സ്ഥിരം വന്നിറങ്ങുന്നത് കാണാം. റിക്ഷ പോകുന്നത് വരെ അയാള്‍ നിലത്തിരിക്കും മദ്യത്തിന്റെ ലഹരിയില്‍ അയാളുടെ കുമ്പിട്ട് കിടക്കുന്ന തല ഉയര്‍ത്താന്‍ നന്നായി ശ്രമിച്ചു കൊണ്ട്.. 'മീര മജ്ജി' എന്നുറക്കെ വിളിക്കും. അങ്ങനെയാണ് അവളുടെ പേരും എനിക്ക് മനസിലായത്.
അടുത്ത വാക്കുകള്‍ അറപ്പുളവാക്കുന്നവയായിരുന്നു. 'ഇന്നാരുടെ കൂടെയാടി കിടന്നത്...സുഖം കൂടുതല്‍ കിട്ടിയോ...' അവള്‍ തിടുക്കപ്പെട്ട് ഓടിപാഞ്ഞു വന്ന് അയാളെയും താങ്ങി അകത്തേക്കു നടക്കും. അവളുടേ തോളില്‍ തൂങ്ങി നടക്കുമ്പോഴും അയാളുടെ നാവില്‍ നിന്ന് ചീത്ത വാക്കുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരിക്കും. അവള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കുന്ന കൂട്ടത്തില്‍ പലപ്പോഴും ബാല്‍ക്കണിയില്‍ നില്‍ക്കുന്ന എന്നെ കാണാറുമുണ്ട്
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തലേദിവസം രാത്രി ഓഫിസിലെ കുറച്ചു കൂട്ടുകാരുമായി നഗരത്തിലെ മുന്തിയ ബാറില്‍ ഒന്നിച്ചു കൂടിയതിന്റെ ക്ഷീണത്തില്‍ ഞാന്‍ എണീക്കാന്‍ വൈകിയിരുന്നു. എണീറ്റപ്പോള്‍ നല്ല തലവേദന. എങ്കിലും എണീറ്റ് ബാല്‍ക്കണിയില്‍ ചെന്നിരുന്നു.
മീര മജ്ജി ഒരു നീളന്‍ വരകളുള്ള വലിയ പ്ലാസ്റ്റിക് കുടവും കൈയില്‍ പിടിച്ചു നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ നോട്ടം എന്നിലേക്ക് എത്തിയപ്പോള്‍ ഞാന്‍ ദൂരേക്ക് നോക്കിയിരുന്നു. അവളുടെ ഭര്‍ത്താവ് മിക്കവാറും പോയിട്ടുണ്ടാവും, എന്റെ മനസില്‍ മീരയോട് എന്തോ ഒരു അനുകമ്പ തോന്നി തുടങ്ങിയപോലെ. വേണ്ട വേണ്ട എന്ന് ആരോ ഉള്ളില്‍ ഒരു വശത്തു നിന്നും പറയുന്നുണ്ട്. എങ്കിലും മറുവശത്തിന്റെ ഒപ്പം ചേര്‍ന്നു ഞാന്‍. അവള്‍ വീണ്ടും കുടവുമായി വരുന്നുണ്ടായിരുന്നു. ഞാന്‍ അവളെ നോക്കി ചിരിച്ചു. അവളുടെ കുഴിഞ്ഞ കണ്ണുകള്‍ വിടര്‍ന്നു. അവളുടെ ചിരി നോക്കിയിരിക്കുമ്പോഴാണ് ഞാന്‍ അതു കണ്ടത് പട്ടണത്തില്‍ ഫളവര്‍ഷോ കാണാന്‍ പോയപ്പോള്‍ ഞാന്‍ ചട്ടിയില്‍ മേടിച്ചുകൊണ്ടു വന്നു വെച്ചിരുന്ന ബൊഗൈന്‍വില്ലയും പൂത്തിരിക്കുന്നു. ആ മങ്ങിയ ചുവരില്‍ രണ്ടുകോണുകളിലായി രണ്ടു പല്ലികള്‍ പരസ്പരം നോട്ടമെറിഞ്ഞു നില്‍ക്കുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞു കുറച്ചു മയങ്ങി ഉണര്‍ന്ന് ഹൗറ പാലത്തില്‍ നടക്കാന്‍ പോകാന്‍ പിരിയാന്‍ ഗോവണി ഇറങ്ങി താഴേക്കു വരുമ്പോള്‍ ചിലപ്പോള്‍ എന്റെ ബൂട്ടിന്റെ ശബ്ദം കേട്ടിട്ടാവും മീര മജ്ജി താഴെ ഓടി വന്നു നിന്നു. അവള്‍ ചിരിയ്ക്കുന്നത് അന്നാദ്യമായി കണ്ടു. അവളുടെ വസ്ത്രങ്ങള്‍ക്ക് ഇന്ന് നിറം കൂടുതലുള്ള പോലെ തോന്നി. ഞാന്‍ ചിരിച്ചു കൊണ്ട് പാലം ലക്ഷ്യമാക്കി നടക്കുമ്പോള്‍ ആ മങ്ങിയ തെരുവിലെ തിരക്കിനിടയിലൂടെ അവള്‍ പുറകില്‍ നിന്നും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
ഞാന്‍ മടങ്ങി വരുമ്പോള്‍ മീരയുടെ പടിവാതില്‍ അടച്ചിരുന്നു, ഭര്‍ത്താവ് വന്നു കാണുമായിരിക്കും ഇന്ന് രാത്രയില്‍ ശബ്ദം ഒന്നും കേട്ടില്ല. രാവിലെ ഞാന്‍ ബാല്‍ക്കണിയില്‍ കട്ടന്‍ ചായ കുടിച്ചിരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് ഒരു സഞ്ചിയും തൂക്കി നടന്നു പോകുന്നത് കണ്ടു. പക്ഷെ അവളെ പുറത്തേക്ക് കണ്ടില്ല.
ഞാന്‍ ജോലിക്കു പോകാന്‍ താഴേക്കു ഇറങ്ങി വരുമ്പോള്‍ കൊത്തുപണികളുള്ള മുഷിഞ്ഞ പടിവാതിലില്‍ മറഞ്ഞു നിന്നു ആരോ നോക്കുന്നുണ്ടായിരുന്നു. അതേ ഇന്നലത്തെ അതേ വസ്ത്രം. അവള്‍ തന്നെയായിരുന്നു...
ഞാന്‍..'മീര'എന്നു വിളിച്ചു അവള്‍ വിളികേട്ടില്ല ഒരിക്കല്‍ക്കൂടി വിളിച്ചപ്പോള്‍ തലയില്‍ക്കൂടി ഇട്ടിരുന്ന തുണികൊണ്ട് മുഖം പാതി മറച്ചു അവള്‍ പുറത്തേക്ക് വന്നു . പുറത്തു കാണിച്ചിരുന്ന കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
എന്തുപറ്റി മീര.
ആ ചോദ്യത്തില്‍ അവള്‍ മുഖത്തെ തുണി മാറ്റി. ഞാന്‍ ഞെട്ടിപ്പോയി.
അവളുടെ മുഖത്തിന്റെ ഒരു വശവും കണ്ണും ചുവന്നു തടിച്ചു വീര്‍ത്തിരിക്കുന്നു. എന്തു പറ്റി എന്നു ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അയാള്‍ ഇന്നലെ നന്നായി മര്‍ദ്ദിച്ചത് തന്നെയാവും എന്നെനിക്ക് തോന്നി..
അവള്‍ അകത്തേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ മുകളില്‍ പോയി നീര് വലിയാനുള്ള ഓയിന്‍ന്മന്റ് കൊടുത്തു. അതു മേടിച്ചു ആചെറു സങ്കടച്ചിരി ചിരിച്ചു അവള്‍ അകത്തേക്ക് നടന്നു.
ഓഫിസിലേക്ക് ഞാന്‍ നടക്കുമ്പോള്‍ അവളുടെ ഭര്‍ത്താവിനെ പിടിച്ചു അടികൊടുക്കാനുള്ള ദേഷ്യം എനിക്കുണ്ടായി. ഇപ്പോഴും സുന്ദരിയായിട്ടുള്ള ഇവര്‍ നേരത്തെ എത്ര സുന്ദരിയായിരിക്കണം. പക്ഷെ ഇയാളുടെ ഒപ്പം എങ്ങനെ വന്നു എന്നത് എന്നില്‍ ഒരു ചോദ്യമായി നിന്നു.
വൈകുന്നേരം ഞാന്‍ ഓഫിസ് കഴിഞ്ഞു എത്തുമ്പോള്‍ അവള്‍ പടിക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഖത്തെ നീര് കുറഞ്ഞിട്ടുണ്ട്. അവള്‍ ചിരിച്ചു. മനോഹരമായ ചിരി ഞാനും ചിരിച്ചു. കൈയില്‍ പുറകില്‍ മറച്ചു പിടിച്ചിരുന്നു ഒരു പലഹാരം എനിക്ക് നേരെ നീട്ടി. കയ്യില്‍ മേടിച്ചപ്പോള്‍ ഇപ്പോള്‍ കഴിക്കു എന്ന് പറഞ്ഞു. ആ മധുര പലഹാരം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവള്‍ക്ക് നന്ദി പറഞ്ഞു ഞാന്‍ മുകളിലേക്ക് നടക്കുമ്പോള്‍ അവള്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
പിന്നെയും എല്ലാ ദിവസവും അവള്‍ ചിരിച്ചു കാണിച്ചുകൊണ്ടിരുന്നു. ആ ചിരിയില്‍ എനിക്ക് ഒരു പ്രണയം കാണാന്‍ കഴിയുന്നുണ്ട്.
ബാല്‍ക്കണിയിലെ ബൊഗൈന്‍വില്ലയില്‍ നിറയെ പൂക്കള്‍ നിറഞ്ഞു നിന്നു. ചുമരിലെ പല്ലികള്‍ രണ്ടും ഒന്നിച്ചു ചെറു പ്രാണികളെ പിടിച്ചു ഒന്നിച്ചു ഓടി നടക്കുന്നു.
പ്രിത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്ത ഞായറാഴ്ച എന്നെ കൂടുതല്‍ മടിയനാക്കി. ഞാന്‍ ബാല്‍ക്കണിയില്‍ തൂണും ചാരി ചടഞ്ഞിരിക്കുമ്പോള്‍ മീര കുടവും കൈയില്‍ പിടിച്ചു നടന്നു വരുന്നുണ്ട് അവള്‍ ചിരിച്ചു ഞാന്‍ കൈ ഉയര്‍ത്തി കാണിച്ചു. അവളുടെ മുഖം നാണംകൊണ്ട് ചുവന്നു.
ഉച്ചക്ക് മയങ്ങുമ്പോള്‍ ആരോ ഗോവണിപ്പടി കയറി വരുന്നത് കേട്ട് ഞാന്‍ എണീറ്റ് വാതില്‍ തുറന്നു. മീരയായിരുന്നു. അവളുടെ കയ്യില്‍ ഒരു പലഹാരപ്പൊതി ഉണ്ടായിരുന്നു. അതെന്താണ് എന്നു ഞാന്‍ ചോദിച്ചു. അവള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒറീസ മധുര പലഹാരമായാ ചെന്നഗജ ആയിരുന്നു.
'മീര നിനക്കെങ്ങനെ ഈ ഒറിയന്‍ സ്വീറ്റ് ഇഷ്ടമായി'
അവള്‍ പറഞ്ഞു-'ഞാന്‍ ഒറിയാക്കാരിയാണ്. '
അപ്പോള്‍ ഭര്‍ത്താവ് 'മുംബൈക്കാരന്‍?'
അവളുടെ ചിതറി വരുന്ന ഹിന്ദി വാക്കുകളില്‍ എവിടൊക്കെയോ എനിക്കു അന്യമായി തോന്നിയ മറ്റൊരു ഭാഷ ഒറിയ ആവും.
അവള്‍ പരിചയപ്പെടുത്തി. ഒറീസയിലെ ഒരു ഗ്രാമത്തിലെ ഒരു അദ്ധ്യാപകന്റെ മകളായിരുന്നു മീര. മൂന്നു മക്കളില്‍ മൂത്തവള്‍. ഡിഗ്രി പഠിക്കുന്ന സമയത്താണ് പവന്‍ കുമാര്‍ എന്ന ഇയാളെ പരിചയപ്പെടുന്നത്. അയാള്‍ ഏതോ കമ്പനിയിലെ ജോലിക്കാരനാണ് എന്നു പറഞ്ഞു പറ്റിച്ചാണ് അവളെ കല്യാണം കഴിച്ചതും ഈ കല്‍ക്കട്ടയില്‍ വന്നതും. ഇവിടെ ഈ വീട്ടില്‍ ഇപ്പോള്‍ മൂന്നുവര്‍ഷമായി. സ്വന്തം വീടുമായി ഒരു ബന്ധവുമില്ല. ഇപ്പോള്‍ അവള്‍ കൂടുതല്‍ സങ്കടപെടുന്നത് അതോര്‍ത്തു മാത്രമാണ. എല്ലാം പറഞ്ഞു അവള്‍ കുറേക്കരഞ്ഞു. പിന്നെ പടികള്‍ ഇറങ്ങി നടന്നു.
പിന്നെ മിക്കദിവസവും അവളുമായി ഗോവണിപ്പടിയില്‍ സംസാരിച്ചു നില്‍ക്കും. അതു അവള്‍ക്കും എനിക്കും കൂടുതല്‍ സന്തോഷം തന്നുകൊണ്ടിരുന്നു. എന്റെ നാടിനെക്കുറിച്ചു അറിഞ്ഞപ്പോള്‍ കാണാന്‍ ഏറെ ആഗ്രഹം പ്രകടിപ്പിച്ചു. ഒരിക്കല്‍ കൊണ്ടുപോകാമെന്ന് വാക്കുകൊടുത്തു.
തമ്മില്‍ കാണാതിരുന്നാല്‍ അന്ന് എനിക്ക് ഉറക്കം നഷ്ടമാകും എന്നുവരെയായി. ദിവസങ്ങള്‍ കഴിഞ്ഞുകൊണ്ടിരുന്നു.
അന്നൊരു ഞയറാഴ്ച്ച ഉച്ചയൂണ് കഴിഞ്ഞു റേഡിയോയില്‍ മലയാളം പാട്ടുകേട്ട് കട്ടിലില്‍ കിടക്കുമ്പോള്‍ മീര മുകളിലേക്ക് വന്ന് എന്റെ കണ്ണുകള്‍ പൊത്തി. ആ തണുത്ത നീളന്‍ കൈവിരലുകള്‍ മീരയുടെ തന്നെ!
ആ സ്പര്‍ശനം എന്റെ ഞെരമ്പുകളില്‍ തീപടര്‍ത്തി. കൈകള്‍ കണ്ണുകളില്‍ നിന്നും പിടിച്ചുമാറ്റി. അവളെ ആഞ്ഞു വലിച്ചു അവള്‍ എന്റെ നെഞ്ചിലേക്ക് വീണു. ഏതോ ഒരു എണ്ണയുടെ ഗന്ധം എന്റെ മൂക്കുകളില്‍ തണുപ്പ് നിറച്ചു, നെഞ്ചിലെ ചൂടില്‍ മുഖം ചേര്‍ത്തു അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി. കൂടുതല്‍ പടര്‍ന്നു കഴിഞ്ഞിരുന്ന എന്റെ ഞെരമ്പുകളിലെ തീയില്‍ ഞാന്‍ ഉണര്‍ന്നു. അവളെ നെഞ്ചോടു ചേര്‍ത്തു അമര്‍ത്തി, ചുണ്ടുകള്‍ തമ്മില്‍ അമര്‍ന്നു. കണംകാലുകളില്‍ അവളുടെ കാല്‍ നഖത്താല്‍ പോറല്‍ വീണു.
മണിക്കൂറുകള്‍ നിമിഷങ്ങള്‍പോലെ വീണുടഞ്ഞു. അവ തമ്മില്‍ അലിഞ്ഞു വാടിത്തളര്‍ന്നു, അവള്‍ എന്റെ നെഞ്ചില്‍ മയങ്ങി.
പല നാടുകള്‍ മാറി മാറി ജോലി ചെയ്തപ്പോള്‍ പലരുമായി ഇതുപോലെ ചേര്‍ന്നിരുന്നെങ്കിലും. മീരയെ വീണ്ടും വീണ്ടും വേണമെന്ന് തോന്നി തുടങ്ങി. വീണ്ടും കുതിക്കലുകള്‍ക്കും കിതപ്പുകള്‍ക്കും ശേഷം അവള്‍ വസ്ത്രങ്ങള്‍ വാരി ഉടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ എന്നില്‍ നട്ടുനിന്നു. അന്നെനിക്കതിന്റെ അര്‍ത്ഥം പിടി കിട്ടിയില്ല. വീണ്ടും പവന്‍ കുമാര്‍ ഇല്ലാത്ത ഞായറാഴ്ചകള്‍ ആഘോഷമാക്കി.
അന്നൊരിക്കല്‍ വൈകുന്നേരം ഓഫിസില്‍ നിന്നും വരുമ്പോള്‍ വീടിന് താഴെ ആള്‍ക്കൂട്ടം. അതിന്റെ നടുക്കു പവന്‍കുമാര്‍. അയാള്‍ ഒരു വലിയ പാത്രത്തില്‍ മധുര പലഹാരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. അയാള്‍ നല്ല സന്തോഷത്തിലാണ്. അയാള്‍ എന്റടുത്തു വന്നു.
'ഭായി സാബ് ഞാന്‍ അച്ഛനാകാന്‍ പോകുന്നു, എത്ര നാളത്തെ കത്തിരിപ്പാണെന്നോ...'
ഒരു ലഡു കൈയില്‍ തന്നു. അയാള്‍ വല്ലാത്ത ആനന്ദത്തിലാണ്. ഞാന്‍ ലഡുവും കൈയില്‍ പിടിച്ചു നടന്നു വരുമ്പോള്‍ വാതില്‍ പടിയില്‍ ആ വല്ലാത്ത ചിരിയുമായി അവള്‍ ഉണ്ടായിരുന്നു. അന്ന് എന്തോ എന്റെ ഉറക്കം എനിക്ക് നഷ്ടമായിരുന്നു. അടുത്ത ദിവസങ്ങളില്‍ മീര മുകളിലേക്ക് വന്നില്ല.
അന്ന് ഒരുദിവസം എനിക്ക് ഹെഡ് ഓഫിസില്‍ നിന്നും ഒരു മെയില്‍ വന്നു. എനിക്ക് അസിസ്റ്റന്റ് മാനേജര്‍ ആയി സ്ഥാനക്കയറ്റവും നാട്ടിലേക്ക് സ്ഥലമാറ്റവും! ഒന്നിച്ചുള്ള ഒരു സന്തോഷമായിരുന്നു അത്.
തിരിച്ചു വരുമ്പോള്‍ വാതില്‍പടിയില്‍ മീര ഉണ്ടായിരുന്നു. അവളോട് നാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു. അവളുടെ മുഖത്തു ഒരു നിസംഗമായ ചിരി മാത്രം ഉണ്ടായി. എന്നിട്ട് അവള്‍ ഇതുവരെ പറയാത്ത ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു. ഞാന്‍ ആശ്ചര്യത്തോടെ അവളെ നോക്കി.
അവള്‍ പറഞ്ഞു തുടങ്ങി ഇനിയെനിക്കു ധൈര്യമായി പറയാം- താങ്കള്‍ നാട്ടില്‍ പോകുകയാണെല്ലോ.
എന്താണ് കാര്യം എന്ന രീതിയില്‍ അവളെ നോക്കി.
ഞങ്ങള്‍ കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ട് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങളെ രണ്ടുപേരേയും വിശദമായി പരിശോധിച്ച ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു, പവന്‍കുമാറിന് ഒരു കുട്ടിയുടെ പിതാവാകാന്‍ കഴിയില്ലെന്ന്. പക്ഷെ ഞാന്‍ അതു അയാളോട് പറഞ്ഞില്ല. അയാള്‍ എന്നും കള്ളുകുടിച്ചു വന്ന് കുട്ടികളില്ലാത്തത് എന്റെ കുഴപ്പമാണ് എന്ന രീതിയിലാണ് എന്നെ മര്‍ദ്ദിച്ചതും വഴക്കുണ്ടാക്കിയിരുന്നതും. എല്ലാ വഴക്കിനും കാരണം ഇതായിരുന്നു. ഒരു പക്ഷെ ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയില്ലായിരുന്നുവെങ്കില്‍ അയാള്‍ എന്നെ ഉപേക്ഷിച്ചു മറ്റൊരാളെ കല്യാണം ചെയ്‌തേനെ. ഇപ്പോള്‍ നല്ല സ്‌നേഹമാണ്. മദ്യപാനവും നിര്‍ത്തി.
എന്റെ ഹൃദയത്തില്‍ മിന്നല്‍ പിണര്‍പ്പുണ്ടായി.
'അപ്പോള്‍ ഈ കുട്ടി..?'
അവള്‍ പറഞ്ഞു 'താങ്കളുടെയാണ്. ആരും അറിയാതെ ഞാന്‍ ഇവനെ വളര്‍ത്തിക്കൊള്ളാം. അങ്ങേക്ക് ഒരു ശല്യവും ഉണ്ടാക്കില്ല. ഉറപ്പ്..'
'എനിക്ക് വേറെ വഴി ഒന്നുമില്ലായിരുന്നു- അതാണ്...ക്ഷമിക്കണം..'
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
എന്റെ കാലുകള്‍ വിറച്ചു. ഞാന്‍ കോണിപ്പടികള്‍ കയറി മുകളിലേക്ക് നടന്നു..
അടുത്ത ദിവസം സാധനങ്ങള്‍ ഒക്കെ എടുത്തു പോകാന്‍ റെഡിയാവുമ്പോള്‍ മനസില്‍ കുറ്റബോധം വേട്ടയാടി. പവന്‍ കുമാര്‍ ഇപ്പോള്‍ എന്റെ സ്വപ്നങ്ങളില്‍ എന്നെ കൊല്ലാന്‍ വരുന്ന ഭീകര ജീവിയായിമാറി പല രാത്രികളില്‍ എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നു.
രണ്ട്
എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഞാന്‍ നാട്ടില്‍ തന്നെ ബ്രാഞ്ചുകള്‍ മാറി അവസാനം വീടിന്റെ അടുത്തുള്ള ബ്രാഞ്ചില്‍ മാനേജറായി ജോലിയിലാണ്. ഭാര്യ രാജി ആര്‍ട്സ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫെസറായി ജോലി ചെയ്യുന്നു.
അന്നൊരു ദിവസം ബ്രാഞ്ചില്‍ ക്യാബിനില്‍ ഇരിക്കുമ്പോള്‍ പിയൂണ്‍ വന്ന് ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു എന്നുപറഞ്ഞു.
വാതില്‍ തുറന്നു കയറി വന്നത് മീരയായിരുന്നു. അവള്‍ പഴയതിലും മെലിഞ്ഞ അവസ്ഥയിലായിരുന്നു ചെമ്പിച്ച മുടി കാറ്റില്‍ പറന്നു
'മീര ഇതെന്ത് പറ്റി..'
അവള്‍ മലയാളത്തില്‍ പറഞ്ഞു തുടങ്ങി 'എന്റെ ദുരിതം തീര്‍ന്നില്ല സാര്‍' അവളുടെ കണ്ണുകള്‍ നിറഞ്ഞു
വീണ്ടും വിതുമ്പികൊണ്ടു പറഞ്ഞു തുടങ്ങി
'കുഞ്ഞുണ്ടായി കുറച്ചു മാസങ്ങള്‍ കഴിഞ്ഞ്, കുഞ്ഞിന്റെ കറുത്ത മുടിയും തൊലിയുടെ നിറവുമെല്ലാം കണ്ടപ്പോള്‍ പവന്‍ കുമാറിന് മനസിലായി-ഇത് അയാളുടെ കുഞ്ഞല്ല എന്ന്. അത് മനസിലായ അന്ന് കുറെ വെള്ളമടിച്ചു. എന്നെ കുറെ തല്ലി. ഇറങ്ങി പോയി ഹൂഗ്‌ളി നദിയില്‍ ചാടി'-അവളുടെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.
കണ്ണുകള്‍ തുടച്ചു അവള്‍ പറഞ്ഞു.
'കുഞ്ഞ് ഒരു മലയാളി ആയി വളരട്ടെ എന്നാഗ്രഹിച്ചു ഞാന്‍ അവനെയും കൊണ്ട് ഒരു വയസുള്ളപ്പോള്‍. കൊച്ചിയില്‍ വന്നു ജോലി ചെയ്ത് വളര്‍ത്തി വരുവായിരുന്നു. ഇപ്പോള്‍ ഏഴ് വയസായി അവന്?'
താങ്കളുടെ ഭാര്യ, മക്കള്‍ ഒക്കെ എന്ത് പറയുന്നു? ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും എനിക്ക് പറയാന്‍ സമയമെടുത്തു?
'ഭാര്യ ജോലി ചെയ്യുന്നുണ്ട് മക്കള്‍ ഇല്ല. ഭാര്യക്കാണ് പ്രശ്‌നം. കുട്ടികളുണ്ടാവന്‍ സാധ്യത ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.'
ഇതു പറഞ്ഞതും അവളുടെ കണ്ണുകള്‍ തിളങ്ങി..
'മോനെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. അവന്‍ പുറത്തു നില്‍ക്കുവാണ്, ഇപ്പോള്‍ അവനെ ഒരു അനാഥാലയത്തില്‍ ചേര്‍ത്തിരിക്കുകയാണ്...'
അതെന്താ മീരയുടെ ഒപ്പം നിര്‍ത്താത്തത്?'
അവള്‍ ചിരിച്ചു.
'എന്റെ ദുരിതം തീരുന്നില്ല. സാര്‍ ഇപ്പോള്‍ ക്യാന്‍സര്‍ ആണ് എന്റെ എതിരാളി. ഡോക്ടര്‍മാര്‍ വലിയ പ്രതീക്ഷ ഒന്നും പറയുന്നില്ല. അതിനാല്‍ സാറിനെ കണ്ടിട്ട് പോകാമെന്ന് കരുതി'
ഞാന്‍ എന്ത് പറയണം എന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലായി.
'മീര മോനെ ഇങ്ങു വിളിക്കു കാണട്ടെ.'
അവന്‍ വാതില്‍ തുറന്ന് അകത്തേക്കവന്നു.
നിന്റെ പേരെന്താണ്?
'അശ്വന്ത്'
അവന്‍ മനോഹരമായി ചിരിച്ചു. മീരയുടെ പഴയ ചിരി ഓര്‍മ്മ വന്നു.
മൂന്ന്
ഞാനും അശ്വന്തും രാജിയും യാത്രയിലാണ്.
രാജി ആദ്യമൊക്കെ അവനോടു അകല്‍ച്ചയും വെറുപ്പും കാണിച്ചെങ്കിലും അവന്റെ സാമിപ്യം പയ്യെ പയ്യെ അവളെ കൂടുതല്‍ സന്തോഷവതിയാക്കുകയും അവനോടു സ്‌നേഹമാകുകയും ചെയ്തിരിക്കുന്നു എങ്കിലും എന്നോടുള്ള വെറുപ്പില്‍ കുറവൊന്നമില്ല.
മീര ട്രീറ്റ്മെന്റ് എല്ലാം തീര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ്.
വിധിയുടെ വിളയാട്ടങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും, എന്ന പ്രതീക്ഷയില്‍ മീരയും ഞങ്ങളോടൊപ്പം വീട്ടിലേക്ക് വന്നു.
വരുന്ന വഴി ഞാന്‍ പുറത്തേക്കു നോക്കി. വഴിയിറമ്പിലാകെ ബൊഗൈന്‍ വില്ലകള്‍ പൂത്തു നില്‍ക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...