Malayalam Short Story : ചഷകം, മനോജ് സന്‍ജീവ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 28, 2022, 3:01 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മനോജ് സന്‍ജീവ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ഉള്ളില്‍ തറഞ്ഞ ഇരുമ്പുതിരയുമായി കിടക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി. അയാളുടെ ചോര ആ മുറിയിലാകെ ഇപ്പോള്‍ പടര്‍ന്നിരിക്കണം. അവള്‍ തെളിവുകള്‍ നശിപ്പിച്ചു അവിടം വിട്ടിരിക്കാം. അതോ പൊടിപിടിച്ച ചുവരുകള്‍ക്കു കീഴെ മുഖം പൊത്തി  ഇരിക്കുകയാകുമോ. 

ഇല്ലാ...ഒന്നും കാണാനേ കഴിയുന്നില്ല, അയാളെയും അവളെയും ഒന്നിനെയും.

അവസാനമായി കണ്ട കാഴ്ചകള്‍ മാത്രം അങ്ങിങ്ങായി പതിഞ്ഞുകൊണ്ടിരിക്കുന്നു. ഇല്ലാ... മറക്കാന്‍ പാടില്ല ആ കാഴ്ചയുടെ., അവസാന കാഴ്ചയുടെ ഓരോ കോണളവുകളും പകര്‍ത്തിവെക്കണം. 


രണ്ട്

ഇടത്തെ കാലിനുമുകളില്‍ വലംകാല്‍ കയറ്റിവച്ച് നിറം മങ്ങിയ സോഫയില്‍ അവള്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. 

മുന്നിലെ പാതി കാലിയായ മദ്യകുപ്പിക്ക് ചുറ്റും ചിതറിവീണ തുള്ളികളുടെ പാടുകള്‍. നീണ്ടു മെല്ലിച്ച വലം കൈയില്‍ വക്കുപൊട്ടിയ ഗ്ലാസിലെ മദ്യം തുളുമ്പാറായി നില്‍ക്കുന്നു. താഴെ നിന്നും ഉയര്‍ന്നു വരുന്ന നുര അതിന്റെ പ്രതലത്തില്‍ പ്രകമ്പനം തീര്‍ത്തതു കൊണ്ടാവണം അത് തുളുമ്പാന്‍ തുടങ്ങി, അതില്‍ നിന്നും ഒരിറക്ക് കുടിച്ച് വീണ്ടും മേശമേല്‍ വച്ചു, എന്തോ ആലോചിച്ചിട്ടെന്ന പോലെ എഴുന്നേറ്റ് ജനാലക്കരികിലേക്ക് വന്നു.

അവള്‍ ഓരോ ചുവടു മുന്നോട്ടു വെക്കുമ്പോഴും അപരിചിതമായ ഒരു ഭയം എന്നിലേക്ക് പടര്‍ന്നു കയറി. മുന്‍പൊരിക്കലും കാണാത്ത ഒരു തീക്ഷ്ണത ആ കണ്ണുകളില്‍ കത്തുന്നു. അലസമായി കെട്ടിയ മുടിയിഴകള്‍ ജനാലയിലൂടെ വന്ന കാറ്റില്‍ പാറിപ്പറക്കുന്നു. ചുണ്ടില്‍ അലസമായി ഒട്ടിച്ചുവച്ച വശ്യഭാവം. 


എന്റെ ഉള്ളം വല്ലാതെ മിടിക്കാന്‍ തുടങ്ങി. എന്റെ കാഴ്ചകളെ മറച്ചുകൊണ്ടവള്‍ ജനാലയുടെ തിരശീല വലിച്ചിട്ടു. എനിക്കും അവള്‍ക്കുമിടയില്‍ നേര്‍ത്ത നൂലിഴകളുടെ അവ്യക്തത മാത്രം. 

തിരികെ പോയി ബാക്കിവച്ച മദ്യം ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. നെഞ്ചില്‍ കൈ വച്ചു മുകളിലേക്ക് നോക്കി കുറച്ചു നേരം അവളെങ്ങനെ നിന്നു. ആലസ്യത്തോടെ വീണ്ടും ആ സോഫയിലേക്ക് അമര്‍ന്നു. 

പക്ഷെ ഇപ്പോള്‍ അവളുടെ കൈകളില്‍ മദ്യത്തിന് പകരം കുറച്ചു കടലാസുകളും പേനയുമായിരുന്നു. അലങ്കോലമായ ആ മുറിയുടെ ഒത്തനടുവിലിരുന്നു എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ഇടയ്ക്കിടെ ജനാലക്കരികിലേക്ക് നോക്കുമ്പോള്‍ ഞാന്‍ വല്ലാതെ ചൂളിപ്പോയി ആ കണ്ണുകളില്‍ ജ്വലിക്കുന്ന അഗ്‌നി അതെന്നെ ദഹിപ്പിക്കുന്ന പോലെ. 

കുറച്ചു നേരത്തെ നിശ്ശബ്ദതക്കപ്പുറം വല്ലാത്തൊരു ശബ്ദത്തോടെ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു. ചിന്തയില്‍ ആണ്ടിരുന്ന അവള്‍ക്കു മുന്നിലേക്ക് അയാള്‍ വന്നിരുന്നു. നരകയറിയ ചെമ്പന്‍ രോമങ്ങള്‍ നിറഞ്ഞ അയാളെ എനിക്ക് നേരത്തെ പരിചയമുണ്ട്. പറഞ്ഞുവരുമ്പോള്‍ എന്റെ യജമാനന്‍ ആണയാള്‍. അതു വഴിയേ മനസിലാകും. പ്രതീക്ഷിച്ചപോലെ അയാള്‍ പെട്ടെന്നെഴുന്നേറ്റു ജനാലക്കരികിലേക്ക് വന്നു. എന്റെ മുന്നിലെ മറഞ്ഞ കാഴ്ചയുടെ തിരശീല അയാള്‍ വകഞ്ഞുമാറ്റി. പുറംതിരിഞ്ഞു അവളെത്തന്നെ നോക്കിനിന്നു. 

വശ്യതനിറഞ്ഞ ഒരു പുഞ്ചിരിയോടെ അവള്‍  കൈയിലെ പേപ്പറുകള്‍ മേശമേല്‍ വച്ചിട്ട് കാലിയായ ഗ്ലാസുകളിലേക്ക് മദ്യം പകരാന്‍ തുടങ്ങി. നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സുമായി അവള്‍ അയാള്‍ക്കരികിലേക്ക് വന്നു. ഗ്ലാസിലെ നുരകളുയരും പോലെ അയാളുടെ ഉള്ളിലും വികാരങ്ങള്‍ നുരഞ്ഞു പൊന്തി. ഓരോ കാല്‌പെരുമാറ്റവും അയാളുടെ ഹൃദയതാളമായി. 

ഇപ്പോള്‍ ആ കണ്ണുകളില്‍ തീക്ഷ്ണത കുറഞ്ഞിരിക്കുന്നു. അലസമായ ഒരു വശ്യത ഒട്ടിച്ചു വച്ചപോലെ. 

അവളുടെ കൈയില്‍ നിന്നും ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് കുടിച്ചു തീര്‍ത്ത് എന്റെ മുന്നിലേക്ക് ആ ഗ്ലാസ് വച്ചു. എന്നിട്ടയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. വല്ലാത്തൊരു വെറിയോടെ അവള്‍ കുതറിമാറി, അവളുടെ ഗ്ലാസിലെ മദ്യം അയാളുടെ ദേഹത്തും നിലത്തും പടര്‍ന്നു. പിന്നോട്ടാഞ്ഞു പോയ അവള്‍ ഭിത്തിയില്‍ ചാരി നിന്നു കിതക്കാന്‍ തുടങ്ങി. മേശമേല്‍ വച്ച പേപ്പര്‍കഷണങ്ങള്‍ നിലത്താകെ ചിതറിവീണു. ജനാലയിലൂടെ വീശിയ കാറ്റില്‍ അവ ആ മുറിയിലാകെ പറന്നു നടന്നു.ആ കടലാസുകളില്‍ വരച്ചിട്ട ചിത്രങ്ങള്‍ നരകയറിയെങ്കിലും കാഴ്ചമങ്ങാത്ത അയാളുടെ കണ്ണുകളെ ഭയപ്പെടുത്തി. 
ഏതോ ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തലെന്നോണം അയാള്‍ അലറാന്‍  തുടങ്ങി. 


'അപ്പോള്‍ നീ...' 

അവളുടെ കണ്ണിലെ വശ്യത പതിയെ മാഞ്ഞു തുടങ്ങി. ഞാന്‍ മുന്‍പുകണ്ട തീക്ഷ്ണത നിറഞ്ഞു, മുടിയിഴകള്‍ വല്ലാത്തൊരു ക്രൗര്യ ഭാവത്തില്‍ പാറിപ്പറന്നു. വിറയ്ക്കുന്ന കൈകള്‍ നീട്ടി തൊട്ടടുത്ത മേശമേല്‍ വച്ചിരുന്ന ബാഗില്‍ നിന്നും ഒരു നാടന്‍ തോക്ക് അവള്‍ അയാള്‍ക്ക് നേരെ നീട്ടിപ്പിടിച്ചു. 

മുന്നോട്ടായാന്‍ തുടങ്ങിയ അയാള്‍ പെട്ടെന്ന് സ്തബ്ധനായി നിന്നു. 

'അപ്പോള്‍ നീ ഇത്രയും നാള്‍....' 

അലസത വെടിഞ്ഞ അവളുടെ ചുണ്ടുകള്‍ ചലിക്കാന്‍  തുടങ്ങി. ആ മുറിയുടെ നിശബ്ദതയെ വിറപ്പിക്കുന്ന ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അവള്‍ സംസാരിച്ചു:  

'അതെ നിന്നെ കാത്തിരിക്കുകയായിരുന്നു. എന്റെ പ്രതികാരം നിന്നിലേക്ക് ആഴ്ത്തിയിറക്കാന്‍.' 

ചുണ്ടുകള്‍ നിലച്ചിടത്ത് കൈവിരലുകള്‍ ചലിച്ചു. അയാളുടെ ചുടുചോരയുമായി ആ തിര എന്റെ മുന്നിലെ സ്പടികചഷകത്തെ തകര്‍ത്ത് എന്റെ ഒറ്റക്കണ്ണിലേക്ക് ആഴ്ന്നിറങ്ങി. 

മൂന്ന്

അതെ ഞാന്‍ മരണക്കിടക്കയിലാണ്. എനിക്കിപ്പോള്‍ അറിയാം അവള്‍ ആരാണെന്നും  ഇതൊക്കെ എന്തിനാണെന്നും. പക്ഷെ എന്റെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. ഞാന്‍ കാത്തിരിക്കുന്നു എന്റെ ഓര്‍മ്മകള്‍ തേടി വരുന്ന ഒരാളെ. അത്...അതവളാവണെ  എന്ന പ്രാര്‍ത്ഥനയോടെ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!