ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കബനി കെ ദേവന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പതിവിലും വൈകി. സാധാരണ കിട്ടാറുള്ള ബസും കിട്ടിയില്ല. അടുത്ത ബസിനുള്ള കാത്തിരിപ്പിന്റെ മുഷിപ്പിനിടയില്‍ പുതുതായി തുറന്ന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് നടന്നു. 'ഉപ്പു തൊട്ട് കമ്പ്യൂട്ടര്‍ വരെ' അവിടെ കിട്ടുമെന്നാണ് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന രമണി പറഞ്ഞിട്ടുള്ളത്.
കയറിച്ചെന്നപ്പോള്‍ ബില്ലിംഗ് കൗണ്ടറിനു മുന്നിലെ പെണ്‍കുട്ടി പരിചയം നടിച്ച് ചിരിച്ച് കാണിച്ചു.
'തേച്ച് കുളിക്കുന്ന ഇഞ്ചയുണ്ടോ?'
പെണ്‍കുട്ടി ഇടതു വശത്തെ സെക്ഷനിലേക്ക് വിരല്‍ ചൂണ്ടി.
കഴിഞ്ഞയാഴ്ച കുളിപ്പിക്കാന്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞൊരു ആഗ്രഹമാണ്.
അന്ന്, അമ്മയെ കട്ടിലില്‍ നിന്നെഴുന്നേല്‍പ്പിച്ച് പതുക്കെ കുളിമുറിയിലേക്ക് നടത്തുമ്പോള്‍ അമ്മ പിന്നെയും മെലിഞ്ഞതായി തോന്നി. ഓരോ ആഴ്ചയും അമ്മയുടെ ഭാരം കുറയുന്നത് അറിയാനാകുന്നുണ്ട്. എല്ലുകള്‍ ഒന്നൊന്നായി തൊലിപ്പുറത്ത് അടയാളങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. കുളിമുറിയിലേക്കുള്ള നടത്തത്തിനിടയില്‍ രണ്ടു തവണ കാലു തെന്നി, ഒന്നും വയ്യാണ്ടായി എന്ന് പറഞ്ഞമ്മ ചുമലിലേക്ക് ചാഞ്ഞു.
കുളിമുറിയില്‍ സ്റ്റൂളിലിരുത്തി, ഇളം ചൂട് വെള്ളം ദേഹത്തേക്കൊഴിച്ചപ്പോള്‍ അമ്മ ചിരിച്ചു.
'പണ്ട് നിന്നെ ഞാന്‍ കുളിപ്പിച്ചിരുന്നത് ഓര്‍മ്മിണ്ടോ വിലാസിനീ. നിനക്ക് കുളിക്കാന്‍ എന്തൊരു മടിയാര്ന്നു. പറമ്പില്‍ കളിച്ച് തിമര്‍ത്ത് വിയര്‍പ്പില്‍ മുങ്ങി കുളിക്കാണ്ട് എന്നെ വന്ന് കെട്ടിപ്പിടിക്കുമ്പോ മട്ടലെടുത്ത് ഓടിക്കലാര്ന്നു ഞാന്‍. ഓടിച്ച് കിണറ്റിന്റെ അരൂല്‍ കൊണ്ട് നിര്‍ത്തി രണ്ട് തല്ലും തന്ന് വെള്ളം കോരി ഒഴിക്കുമ്പോ നീ ഒച്ചത്തില്‍ കരയുന്നതോര്‍മ്മിണ്ടോ...'
കിതപ്പിനിടേലും വിറച്ച് വിറച്ച് അമ്മ ഓര്‍ത്തെടുത്ത് പറഞ്ഞപ്പോള്‍ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്. അമ്മയെ കുളിപ്പിച്ച് വേഗം വീട്ടിലേക്ക് മടങ്ങുന്നതിനെപ്പറ്റിയായിരുന്നു ചിന്തിച്ചത്. വീട്ടില്‍ കുട്ടികള്‍ മാത്രമേയുള്ളൂ. സുധാകരേട്ടന്‍ ഓഫീസ് വിട്ടിറങ്ങി കൂട്ടുകാര്‍ക്കിടയിലെ കമ്പനി കൂടലൊക്കെക്കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകും. അത്ര നേരം കുട്ടികളെ തനിച്ച് നിര്‍ത്താന്‍ പറ്റില്ല. പോരാത്തതിന് സുധാകരേട്ടന്‍ എത്തുമ്പഴേക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും പാകം ചെയ്യണം. ഇതിനൊക്കെ ഓര്‍മ്മകളെ എവിടെയോ കൈവിട്ട് പോയിരുന്നു.
തലയില്‍ എണ്ണ തേക്കുമ്പഴാണ് കണ്ടത്, മുടിയത്രയും കൊഴിഞ്ഞ് അമ്മയുടെ തലയോട് വെളിപ്പെട്ട് തുടങ്ങിയിരുന്നു. ബാക്കിയായ, നര വീണ ഒരു പിടി മുടിയിഴകളില്‍ സോപ്പ് പതപ്പിച്ചപ്പോള്‍ അമ്മ പിന്നെയും ചിരിച്ചു.
'എന്തോരം മുടിയുണ്ടായ തലയാ... വിലാസിനീ ഒന്നെണ്ണി നോക്കിക്കേ... പത്തെണ്ണം തികച്ചും ഉണ്ടോ ഇപ്പോ?'
അതിനും മറുപടിയൊന്നും പറഞ്ഞില്ല. ദേഹത്ത് സോപ്പ് പതപ്പിച്ച് തുടങ്ങിയപ്പോള്‍ എന്തോ ഓര്‍ത്ത് കൊണ്ട് അമ്മ മിണ്ടാതെ ഇരുന്നു. എനിക്കും വിനയനും മുലയൂട്ടിയ അമ്മയുടെ മാറിടങ്ങള്‍ ശുഷ്‌കിച്ച് പോയിരുന്നു. ഞാനും വിനയനും പത്തു മാസം ചുരുണ്ട് കൂടിക്കിടന്ന അമ്മയുടെ ഉദരം ഉള്‍വലിഞ്ഞ് ഒട്ടിക്കിടന്നു. ഞങ്ങളെ എടുത്ത് നടന്ന കൈകളില്‍ വിറയല്‍ ബാധിച്ചിരുന്നു. ദിവസേന കുറഞ്ഞ് കൊണ്ടിരിക്കുന്ന അമ്മയുടെ ഭാരത്തെ പോലും താങ്ങാനാവാതെ കാലുകള്‍ ശോഷിച്ചിരുന്നു. ആ കാലുകളില്‍ താങ്ങിക്കിടത്തിയാവും അമ്മ എന്നെ ആദ്യത്തെ കുളി കുളിപ്പിച്ചിരിക്കുക!
ഞാനന്ന് യാന്ത്രികമായി അമ്മയുടെ ക്ഷീണിച്ച ദേഹത്തിലേക്ക് വെള്ളം കോരിയൊഴിച്ചു. ഒരേ കിടപ്പ് കാരണം ചുമലിന് താഴെയായി സ്ഥാനം പിടിച്ചു തുടങ്ങിയ പുണ്ണിലൂടെ സോപ്പു വെള്ളം ഒലിച്ചിറങ്ങിയപ്പോള്‍ മാത്രം അമ്മ ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന് എരിച്ചിലിന്റെ ശബ്ദമുണ്ടാക്കി.
കുളി കഴിയുമ്പഴേക്ക് തോര്‍ത്തുമായി അനിയന്റെ ഭാര്യ ഉഷ കുളിമുറിയുടെ വാതില്‍ക്കല്‍ വന്നു നിന്നു.
'ഞാനൊരു നൂറു വട്ടം പറഞ്ഞതാ ചേച്ചീ... ഞാന്‍ കുളിപ്പിക്കാന്ന്. അമ്മ സമ്മതിക്കണ്ടേ... ചേച്ചി തന്നെ വരണംന്ന് വാശി. അതെങ്ങനാ... മരുമോള്‍ എത്രയായാലും മോളാവുലല്ലോ അല്ലേ..'
ഉഷയുടെ മുഖത്ത് പരിഭവം.
'എന്റെ ഉഷേ.. അങ്ങനൊന്നുല്ല. എന്നെപ്പോലെന്ന്യാ അമ്മക്ക് നീയും. പിന്ന പ്രായാകുമ്പോ ഇങ്ങനോരോ വാശികള്‍ കാണിക്കും. അല്ലേപ്പിന്ന എന്റെ വീട്ടില്‍ പോയി നിക്കാന്ന് ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഇവിടെത്തന്നെ നിക്കണംന്ന് പറയ്യോ? ഇടക്കെനിക്ക് തോന്നും എന്നെക്കാള്‍ അമ്മക്ക് ഇഷ്ടം നിന്നോടാന്ന്..'
ഉഷ കുളിമുറിയുടെ പരിസരത്ത് നിന്ന് മാറിയപ്പോള്‍ അമ്മയുടെ കാതിനോട് ചേര്‍ന്ന് നിന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
' ഉഷ അമ്മേന നല്ലോണം നോക്കുന്നില്ലേ?'
' ഓളെന്ന നല്ലോണം തന്ന്യാ നോക്കുന്നേ.. നിന്ക്ക് സംശയൊന്നും വേണ്ട. മിനിഞ്ഞാന്ന് ഉറക്കത്തിന്റെടേല്‍ അറിയാണ്ട് വയറ്റ്ന്ന് പോയി. കിടക്ക വിരിയൊക്കെ വൃത്തി കേടായി. വിനയനോട് പോലും ഒരക്ഷരം പറയാണ്ട് ഓളെന്ന്യാ എല്ലും വൃത്തിയാക്ക്യേ. ഓളെനക്ക് മോളെന്ന്യാ..'
അമ്മ അത് പറഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ ഒരു കുറ്റബോധം കൊളുത്തി വലിച്ചു. കൂടെക്കൊണ്ട് പോയി നിര്‍ത്താമെന്നൊക്കെ അമ്മയോട് പറയുന്നുണ്ടെങ്കിലും ഉഷ നോക്കുന്നത് പോലെ അമ്മയെ നോക്കാന്‍ ആവില്ലെന്ന് എനിക്ക് നന്നായറിയാം. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഓഫീസിലെയും വീട്ടിലെയും പണികളും സുധാകരേട്ടന്റെയും കുട്ടികളുടെയും കാര്യങ്ങളും ഒക്കെയായി ഒന്നിനും നേരമില്ലാത്തൊരു ഓട്ടമായി മാറിയിരുന്നു ജീവിതം. ചിലപ്പോള്‍ അമ്മക്കും അതറിയാമായിരിക്കാം. അതാകും കൂടെ വരുന്നില്ലെന്ന് അമ്മയും തീരുമാനിച്ചത്.
കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീരടര്‍ന്ന് അമ്മയുടെ മൂര്‍ധാവില്‍ വീണു.
'നേരത്തേ ഒഴിച്ച വെള്ളത്തേക്കാള്‍ പൊള്ളുന്നല്ലോ വിലാസിനീ ഇത്... ഞാന്‍ നിന്നെ കരയിച്ചോ?'
ഒന്നും പറയാതെ നനഞ്ഞ കുളിമുറി നിലത്ത് അമ്മയോട് ചേര്‍ന്നിരുന്നു.
'അല്ലേലും കരയാന്‍ നിന്ക്ക് പണ്ടേ കാര്യൊന്നും വേണ്ടല്ലോ... ഒരിക്ക നിന്നെക്കൂട്ടാണ്ട് ഞാന്‍ എന്റെ വീട്ടീപ്പോയീന്നും പറഞ്ഞ് ഒരു ദിവസം മുഴുവനിരുന്ന് കരഞ്ഞതോര്‍മ്മിണ്ടോ നിന്ക്ക്? അന്നൊന്നും എന്നെക്കാണാണ്ട് നിന്ക്ക് ഉറങ്ങാന്‍ പോലും പറ്റില്ലാര്ന്നു.'
അമ്മയില്‍ നിന്നൊരു ദീര്‍ഘ നിശ്വാസമുയര്‍ന്നു. എനിക്കെന്റെ ശ്വാസമെടുപ്പുകള്‍ക്ക് വല്ലാതെ കനം കൂടിയതു പോലെ തോന്നി.
'നീ തന്നെ കുളിപ്പിക്കണംന്ന് അമ്മ വാശി പിടിക്കുന്നതെന്താന്നറിയോ? അങ്ങനെങ്കിലും ആഴ്‌ചേലൊരിക്ക നിന്നെയൊന്ന് കാണാലോന്ന് വെച്ചിട്ടാ. നിനക്ക് നേരുല്ലാന്ന് അമ്മക്ക് അറിയാഞ്ഞിട്ടല്ല. അമ്മക്കും എന്തേല്വൊക്കെ വേണ്ടേ മോളേ.'
നനഞ്ഞ, ചുളിഞ്ഞ വിരലുകള്‍ എന്റെ തലയില്‍ തലോടി. തലച്ചോറിനകത്ത്, ഞാന്‍ കൈവിട്ട ഓര്‍മ്മകളെ അമ്മ വിരലനക്കങ്ങളിലൂടെ തിരിച്ചു പിടിക്കുന്നത് പോലെ തോന്നി. ഏറെക്കാലത്തിന് ശേഷം, ഞാന്‍ എന്റെയും വിനയന്റെയും കുട്ടിക്കാലത്തെക്കുറിച്ചും അച്ഛനെയും അമ്മയെയും കുറിച്ചും കല്യാണ ശേഷം എന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അച്ഛന്റെ മരണത്തെക്കുറിച്ചും അമ്മ അസുഖമായി കിടപ്പിലായതിനെക്കുറിച്ചുമെല്ലാം ഓര്‍ത്തു അന്ന്.
മേലു തോര്‍ത്തി കുപ്പായമിടീക്കുമ്പഴാണ് അമ്മ പറഞ്ഞത്.
' അടുത്താഴ്ച വരുമ്പോ എവിട്‌ന്നേലും കുറച്ച് ഇഞ്ച വാങ്ങീട്ട് വരുവോ നീ ... ഇഞ്ച തേച്ച് കുളിക്കാന്‍ കൊതി തോന്നുന്നു.'
കൊണ്ടു വരാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഞാനന്ന് ഇറങ്ങിയത്.
പെണ്‍കുട്ടി കാണിച്ച് തന്ന ഭാഗത്ത് റെഡി മെയ്ഡ് ഇഞ്ച പാക്കറ്റുകള്‍ നിരത്തി വെച്ചിരുന്നു. രണ്ട് പാക്കറ്റെടുത്തു. പ്രായമായവര്‍ക്ക് ധരിപ്പിച്ചു കൊടുക്കുന്ന ഒരു പാക്കറ്റ് ഡയപ്പര്‍ കൂടി വാങ്ങി. പണം കൊടുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നിറങ്ങുമ്പോള്‍ ഒരു അമ്മയും മകളും അകത്തേക്ക് കയറിപ്പോകുകയായിരുന്നു. എന്നെക്കണ്ടപ്പോള്‍ മകള്‍ അമ്മയുടെ കൈ ചേര്‍ത്ത് പിടിച്ച്, കണ്ണിറുക്കി ചിരിച്ചു. എവിടെയോ കണ്ടു മറന്നതു പോലെ തോന്നി എനിക്കാ ചിരി. അമ്മയുടെ കൈ ചേര്‍ത്ത് പിടിച്ച് നടന്ന വഴികളിലെവിടെയോ ഞാന്‍ മറന്നു വെച്ച ചിരി തന്നെയല്ലേ അത്..!
സുധാകരേട്ടനെ വിളിച്ച് ഞാനിന്ന് അമ്മയുടെ കൂടെയാണെന്നും കുട്ടികളെ തനിച്ചാക്കാതെ രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങി വേഗം വീട്ടിലേക്ക് പോകണമെന്നും പറഞ്ഞ്, മറുപടിക്ക് കാത്തു നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു.
............
ഇഞ്ച കൊണ്ട് ദേഹത്ത് പതിയെ ഉരസിയപ്പോള്‍ അമ്മ ചിരിച്ചു.
'വിലാസിനീ, ഞാന്‍ നിന്നെ ആദ്യായിട്ട് ഇഞ്ച തേച്ച് കുളിപ്പിച്ചതോര്‍മിണ്ടോ നിന്ക്ക്.'
അമ്മ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാനും ചിരിച്ചു. ഓര്‍മ്മകള്‍ക്ക് ഇഞ്ചയുടെ തണുപ്പുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...