ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിദീഷ് സിദ്ധാര്‍ത്ഥന്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജോലി കഴിഞ്ഞ് അസ്തമയവും കണ്ട് തിരികെയെത്തി കുളിച്ച് കുട്ടപ്പനായി ഒരു കാപ്പിയുമിട്ട് വരാന്തയില്‍ കിഴക്കോട്ടും നോക്കിയിരിക്കുമ്പോള്‍ തൊട്ടയല്‍വക്കത്തെ കോലായില്‍ അറബിക്കടലിന്റെ ഇരമ്പവും കാതോര്‍ത്ത് പടിഞ്ഞാറോട്ട് കണ്ണുംനട്ട് അവള്‍ ഇരിപ്പുണ്ട്. മങ്ങിയ വെളിച്ചത്തില്‍ കാപ്പി ഊതിയൂതി കുടിക്കുമ്പോള്‍ അവളുടെ നയനങ്ങളുടെ ചലനം എങ്ങോട്ടാണെന്ന് എത്ര സൂക്ഷ്മായി നോക്കിയിട്ടും അവന് ഗോചരമായില്ല. കവിളുകളിലും മൂക്കിന്റെ അറ്റത്തും കുറച്ചെങ്കിലും നെറ്റിത്തടത്തിലും മാത്രമേ പൂമുഖത്തെ വൈദ്യുത വിളക്കിന്റെ വെട്ടം വീഴുന്നുള്ളു.
കാലുകള്‍ നീട്ടി തൂണില്‍ ചാരിയിരുന്ന് അവള്‍ എന്ത് ആലോചിക്കുകയാവും?
ആരെ ഓര്‍ക്കുകയാവും? കൗമാരക്കാരിയല്ലേ, തന്റെ കാമുകനെ മനസ്സിലേറ്റി പ്രണയക്കടലില്‍ നീന്തുകയാവും. ഈ ചെറുപ്രായത്തിലെ പ്രണയം നിഷ്‌കളങ്കവും സത്യസന്ധവും ആയിരം മടങ്ങ് അത്മാര്‍ത്ഥവുമായിരിക്കും. മിക്കവാറും അത് ആദ്യ പ്രണയമാകാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയാണെങ്കില്‍ അതിന്റെ തീവ്രത എത്രമാത്രമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അവള്‍ പ്രണയിക്കുന്നവന്റെ ഭാഗ്യം. അല്ലാതെന്ത് പറയാന്‍. അവന്‍ മനസ്സില്‍ കൂട്ടിക്കുറച്ചു.
തൊട്ടടുത്ത പള്ളിയിലെ വാങ്ക് വിളി കേട്ടപ്പോള്‍ കടലിരമ്പലില്‍ നിന്നും കാതുകള്‍ പറിച്ച് തന്റെ പ്രണയത്തെ സാക്ഷാത്ക്കരിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുംപോലെ കഴുത്തില്‍ ചുറ്റിയിരുന്ന ഷോള്‍ എടുത്ത് അവള്‍ തലയിലണിഞ്ഞു. അപ്രാപ്യമായ ആഗ്രഹങ്ങളും ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ലെന്ന തോന്നലും വളരുമ്പോള്‍ ദൈവത്തെ പ്രാപിക്കുകയാണല്ലോ വിശ്വാസികളായ മനുഷ്യരുടെ ഒരു രീതി. സന്തോഷത്തിലുപരി സന്താപത്തിലാണ് പലര്‍ക്കും ദൈവവിചാരമുണ്ടാകുന്നത്. പ്രകൃതി ശക്തികളില്‍ തുടങ്ങി സങ്കല്‍പ്പങ്ങളിലൂടെ മുന്നേറി ഒടുവില്‍ ജീവിച്ചിരിക്കുന്നവരെപ്പോലും ദൈവങ്ങളാക്കി വിശ്വാസസമൂഹം വളരുകയാണ്.
വാങ്ക് വിളി അവസാനിച്ചിട്ടും അവള്‍ ശിരോവസ്ത്രം മാറ്റിയില്ല. ഇടയ്ക്ക് തെക്കോട്ട് തല തിരിച്ച് ഇരുട്ടില്‍ എന്തോ പരതുന്നുണ്ട്. ഏതാനും നിമിഷത്തെ അന്വേഷണത്തിനൊടുവില്‍ തല തെക്കുന്നിന്നും വലത്തോട്ട് സഞ്ചരിച്ച് പടിഞ്ഞാറെത്തി നിശ്ചലമായി വീണ്ടും ചിന്തയിലാഴ്ന്നു. ആ ചിന്തകള്‍ അവനിലേക്ക് പകര്‍ന്നപ്പോള്‍ കടല്‍ക്കാറ്റേറ്റപോലെ അയല്‍ക്കാരന്‍ പറഞ്ഞ സംഭവം ഓര്‍മ്മയിലെത്തി.
ഇവര്‍ക്ക് മുമ്പേ ഈ കിഴക്കേ വീട്ടില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് എക്‌സിക്യൂട്ടീവുകളായിരുന്നു താമസിച്ചിരുന്നത്. ഒന്നാം നിലയില്‍ പെണ്ണുങ്ങളും രണ്ടാം നിലയില്‍ ആണുങ്ങളും. എല്ലാവരും അവിവാഹിതര്‍. അതിരാവിലെ ജോലിക്കുപോയി വൈകുന്നേരം മാത്രം തിരിച്ചെത്തുന്നവര്‍. ജീവിക്കുവാനായി കഠിനമായി കഷ്ടപ്പെടുന്ന മറുനാട്ടുകാര്‍. വാടക ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യും എന്ന വ്യവസ്ഥയില്‍ കമ്പനിയാണ് അവര്‍ക്ക് താമസിക്കുന്നതിനായി ഈ വീടെടുത്ത് നല്‍കിയത്.
സങ്കീര്‍ണ്ണമായ സാമ്പത്തിക സാഹചര്യങ്ങളിലും സന്തോഷമായി ജോലി ചെയ്ത് ജീവിച്ച് വരുമ്പോഴാണ് അയല്‍ക്കാരന്‍ അവരെ സൂക്ഷ്മായി നിരീക്ഷിക്കുവാന്‍ തുടങ്ങിയത്. കിഴക്കേ വീടിനെ വലംവെച്ച് വേണമായിരുന്നു അയല്‍ക്കാരന് തന്റെ വീട്ടിലെത്തുവാന്‍. ബൈക്കുപോലും കയറ്റാന്‍ കഴിയാത്ത ഒരു അഴകൊഴമ്പന്‍ വഴിയായിരുന്നു അത്. മധ്യത്തില്‍ കായ്ഫലമുള്ള ആറേഴ് തെങ്ങുകള്‍ പോലുമുണ്ട്. നടക്കുന്നതിനിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ ഓലയോ ഉണങ്ങിയ തേങ്ങയോ അകാലത്തില്‍ പൊഴിഞ്ഞ വെള്ളയ്ക്കയോ പാറച്ചാത്തന്‍മാര്‍ നീരു കുടിച്ച തൊണ്ണനുകളോ തലയില്‍ ചുംബിക്കാനുമിടയുണ്ട്. അയല്‍ക്കാര്‍ക്കിടയിലെ അസ്വാരസ്യങ്ങളാണ് നടവഴി റോഡാവാത്തതിനും തെങ്ങുകള്‍ വഴി മധ്യേ നെഞ്ചും വിരിച്ച് നില്‍ക്കുവാനും കാരണം.
കിഴക്കേ വീടിന്റെ മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിക്കെട്ടി വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ തല തൊണ്ണുറു ഡിഗ്രി വലത്തോട്ട് ചരിയുവാന്‍ തുടങ്ങും. സ്വന്തം രക്ഷിതാക്കള്‍ക്കുപോലും മക്കളില്‍ ഇല്ലാത്ത ചിന്തയും ശ്രദ്ധയും കരുതലുമാണ് അയാള്‍ക്ക് ആ ചെറുപ്പക്കാരില്‍ ഉണ്ടായിരുന്നത്.
ഒരു ദിവസം അതീവ ജാഗ്രതയോടെ വലത്തോട്ടും നോക്കി പടിഞ്ഞാറോട്ട് നടന്നുവരുമ്പോള്‍ കുറുകെ കിടന്ന ഓലമടലില്‍ തട്ടി മൂക്കുകൊണ്ട് വഴിയിലൊന്ന് നമസ്‌കരിക്കേണ്ടിവന്നു. വലുതായൊന്നും പറ്റിയില്ല. മൂക്കിന്റെ ഇടത്തേഭാഗത്ത് മൂന്ന് സ്റ്റിച്ചുകള്‍. അത്രമാത്രം. തനിക്ക് പറ്റിയ അപകടം അയാളെ തെല്ലും അലോസരപ്പെടുത്തിയില്ല. 'വീണുകിട്ടിയ' ഒരാഴ്ച്ച ജോലിക്ക് പോകാതെ പരിപൂര്‍ണ്ണമായും കിഴക്കേ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുള്ള സുവര്‍ണ്ണാവസരമാണല്ലോ കൈവന്നിരിക്കുന്നത്! വൃദ്ധയായ അയാളുടെ അമ്മയ്ക്കുപോലും മകന്റെ കണ്ണിലെ തിളക്കം കണ്ട് അമ്പരപ്പുണ്ടായി. ഒപ്പം അപകടം ആഘോഷമാക്കി മാറ്റിയ മകന്റെ ദിനചര്യകളിലെ വൈചിത്ര്യവും അവരെ അന്ധാളിപ്പിച്ചു കളഞ്ഞു.
പകല്‍ മുഴുവന്‍ കിടന്നുറങ്ങും. വൈകുന്നേരമാകുമ്പോള്‍ വഴിയിലേക്കിറങ്ങും. തിരികെയെത്തിക്കഴിഞ്ഞാല്‍ സിറ്റൗട്ടില്‍ പുറത്തേക്കും നോക്കി ഒറ്റയിരുപ്പാണ്. കണ്ണുകള്‍ കിഴക്കേ വീടിന്റെ മതിലുകള്‍ക്കുള്ളില്‍ തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും മുകളിലോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കും. എന്തെങ്കിലും സംശയമുണ്ടായാല്‍ ഒരു സിഗരറ്റും കത്തിച്ച് റോഡുവരെ പോയി നിരീക്ഷണങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി വീണ്ടും 'ജോലി'യില്‍ വ്യാപൃതനാവും.
ഭക്ഷണം എടുത്ത് മേശപ്പുറത്ത് വച്ച് അമ്മ അകത്തേക്ക് വിളിച്ചപ്പോള്‍ അയാള്‍ അത് പുറത്തേക്ക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അതിന്റെ ദേഷ്യത്തില്‍ അവര്‍ മൂന്ന് നാല് പാത്രങ്ങളിലാക്കി വിളമ്പിയിരുന്ന കറികള്‍ ഒരോന്നും ചോറിലേക്കൊഴിച്ച് കോക്ടെയ്‌ലാക്കി കയ്യില്‍ കൊടുത്തിട്ട് ദേഷ്യത്തോടെ പറഞ്ഞു,
'നിനക്കപ്പുറത്തെ കാവല്‍പ്പണി തരാന്‍ ഞാന്‍ ഉടമസ്ഥന്‍ വരുമ്പോള്‍ പറയണുണ്ട്. എന്തായാലും നന്നായി പണിയെടുക്കുന്നുണ്ട്. അത് അയാളറിഞ്ഞാകുമ്പോള്‍ പത്ത് കാശ് കിട്ടൂല്ലോ.'
ദേഷ്യപ്പെട്ട് അകത്തേക്ക് പോകും വഴി അവര്‍ വാതില്‍ പ്രതിഷേധത്തോടെ വലിച്ചടച്ചു. ആ ശബ്ദം കേള്‍ക്കാത്തപോലെ ഉച്ചയ്ക്ക് കൈകഴുകിയ ഓര്‍മ്മയില്‍ പാത്രം ഇടതു കയ്യിലെടുത്ത് കിഴക്കോട്ടും നോക്കി ചോറും കറികളും കുഴച്ച് കുഴച്ച് ഉരുട്ടിയുരുട്ടി ഉരുളകളാക്കി അയാള്‍ വായിലേക്കെറിയാന്‍ തുടങ്ങി.
ഇടയ്ക്കിടെ മൊബൈലില്‍ മെസേജ് ചെയ്യുന്നതും വിളിക്കുന്നതും കാണുമ്പോള്‍ നിരീക്ഷണത്തിന്റെ ഭാഗമായി അപ്പപ്പോഴുള്ള റിപ്പോര്‍ട്ട് ആര്‍ക്കോ എഴുതിയും പറഞ്ഞും കൊടുക്കുന്നതായാണ് തോന്നുക. അത്രയ്ക്കുണ്ട് ആത്മാര്‍ത്ഥത!
കിഴക്കേതിലെ ലൈറ്റ് അണയുമ്പോള്‍ അയാളുടെ കണ്ണിലെ റോഡ് കോശങ്ങള്‍ അസാമാന്യമാംവിധം കരുത്താര്‍ജ്ജിക്കും. ഒപ്പം മുറികള്‍ക്കുള്ളിലെ സൂഷ്മമായ ചലനങ്ങളെ കാതോര്‍ക്കും. സ്റ്റെപ്പിറങ്ങുന്ന കാല്‍പ്പാദങ്ങള്‍, ശ്വാസ നിശ്വാസങ്ങള്‍, ചെറിയ ഞരക്കങ്ങള്‍ ഒക്കെ. കട്ടിലിന്റെ കരച്ചില്‍ ശബ്ദത്തിന് അയാള്‍ പ്രത്യേക ശ്രദ്ധതന്നെ നല്‍കിയിരുന്നു.
ഒരു ദിവസം തൃസന്ധ്യനേരത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ ഇരുട്ടിന്റെ മറപറ്റി കൂട്ടുകാര്‍ക്കൊപ്പം മദ്യം നുകര്‍ന്ന് നുകര്‍ന്ന് ലഹരിയുടെ ആലസ്യത്തില്‍ അയാള്‍ അവരോട് കിഴക്കേ വീട്ടിലെ താമസക്കാരെക്കുറിച്ചും തന്റെ സങ്കല്‍പ്പലോകത്ത് അവിടെ നടന്നുകൊണ്ടിരിക്കുന്ന രതിലീലകളെക്കുറിച്ചും മറയില്ലാതെ വിവരിച്ചുകൊടുത്തു. താഴെയുള്ള സ്വീകരണമുറിയിലൂടെ സ്റ്റെയര്‍കേസ് കയറി മാത്രമേ മുകളിലെ ആണുങ്ങളുടെ നിലയിലെത്താനാകൂ എന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആവലാതി.
ഇക്കിളിക്കഥകളെ വെല്ലുന്ന അയാളുടെ അവതരണ മികവില്‍ കൂട്ടുകാരുടെ കണ്ണുതള്ളിപ്പോയി. ഇനി ഇവനാണോ ഇതൊക്കെയും എഴുതിയുണ്ടാക്കുന്നത് എന്നുപോലും അവര്‍ ചിന്തിക്കാതിരുന്നില്ല! എന്തൊക്കെയാണെങ്കിലും ആസ്വാദ്യകരമാണെന്ന് കൂട്ടുകാരുടെ ഉന്തിയ കണ്ണുകളിലെ ജിജ്ഞാസ വിളിച്ചുപറഞ്ഞു. ആ ഇരുട്ടിലും അവരുടെ കണ്ണുകള്‍ക്ക് ഭാവനയില്‍ പലതും കാട്ടിക്കൊടുക്കാനും അടിവയറിനുതാഴെ വൈകാരിക വേലിയേറ്റം സൃഷ്ടിക്കാനും അയാള്‍ക്ക് നിഷ്പ്രയാസം സാധിച്ചു. അന്യന്റെ സ്വകാര്യതയില്‍ എന്തെന്നില്ലാത്ത ഒരു ആനന്ദമാണ് പലര്‍ക്കും. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വേണ്ടുവോളം കൊണ്ടാടുന്നത് മനുഷ്യരുടെ ഈ മനോനിലയെ ശരിയാംവണ്ണം തിരിച്ചറിഞ്ഞിട്ടാകണം. അത് മനസ്സിലാവാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല, അവനവനിലേക്ക് തന്നെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കിയാല്‍ മതിയാകും.
അന്ന് അമ്മ കൊണ്ടുവച്ച ഭക്ഷണംപോലും കഴിക്കാതെ അയല്‍ക്കാരന്‍ പുറത്തിരുന്നുറങ്ങിപ്പോയി. അവര്‍ പറഞ്ഞതുപോലെ കിഴക്കേ വീട്ടിലെ അനൗദ്യോഗിക കാവല്‍ക്കാരനാണല്ലോ അയാള്‍. പറമ്പില്‍ തേങ്ങ വീഴുമ്പോഴും ടാങ്ക് നിറഞ്ഞ് വെള്ളം ഷീറ്റിന് മുകളില്‍ കുത്തിയൊലിച്ചൊച്ചയുണ്ടാക്കുമ്പോഴും റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോഴും തെരുവ് നായ്ക്കള്‍ വര്‍ത്തമാനം പറയുമ്പോഴും അയാള്‍ ഞെട്ടിയുണരും. ഇത്രയേറെ ശ്രദ്ധയുള്ള ഒരാളുള്ളപ്പോള്‍ കിഴക്കേ വീട്ടിലെ കുട്ടികള്‍ സുരക്ഷിതരാണെന്ന് അയല്‍ക്കാര്‍ ഒന്നടങ്കം പറഞ്ഞു. ഒരു രൂപ പ്രതിഫലം വാങ്ങാതെ അയാള്‍ ചെയ്യുന്ന കര്‍മ്മത്തിന് 'സദാചാരലോകം' കയ്യടിക്കുക തന്നെ വേണം.
വൈകിയെണീറ്റ് കോട്ടുവായിട്ട് കിഴക്കോട്ട് നോക്കിയിരുന്നപ്പോള്‍ അമ്മ ചായയുമായി വന്ന് സ്റ്റിച്ച് എടുക്കാന്‍ പോകേണ്ട ദിവസമാണെന്ന് ഓര്‍മ്മിപ്പിച്ചു. തലേന്ന് കസേരയില്‍ ഉറങ്ങിയതിനാല്‍ നടുവിനുണ്ടായ പ്രയാസം മാറ്റാന്‍ അയാള്‍ ശരീരത്തെ പലതവണ മുന്നോട്ടു വളച്ചും നിവര്‍ത്തിയുമാണ് ചായ കുടിച്ചു തീര്‍ത്തത്. ചായയോടാപ്പം ചെറിയ തോതില്‍ വ്യായാമവും ചെയ്ത് പല്ലും തേച്ച് കുളിക്കുപകരം തോര്‍ത്ത് നനച്ച് ദേഹമാസകലം തുടച്ച് തലയിലല്‍പ്പം വെള്ളവും തളിച്ച് തോര്‍ത്തി വസ്ത്രവും മാറി വണ്ടിയുടെ താക്കോല്‍ വലതുകയ്യിലെ ചൂണ്ടുവിരലിലിട്ട് ചുറ്റിച്ച് ഇടയ്ക്കിടയ്ക്ക് ഇടത്തോട്ടും ബാക്കി നേരം വഴിയിലും ശ്രദ്ധിച്ച് തിടുക്കപ്പെട്ട് അയല്‍ക്കാരന്‍ ആശുപത്രിയിലേക്ക് നടന്നു.
വലിയ ശ്രദ്ധ ഇടത്തോട്ട് കൊടുക്കാതിരുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ആറ് ദിവസം മുന്‍പ് ഇട്ട മൂക്കുകയറിന്റെ ഓര്‍മ്മയും രണ്ടാമതായി അവിടെയുള്ളവര്‍ ഒന്നടങ്കം ഇതിനകം തന്നെ ജോലിക്ക് പോയിരിക്കും എന്ന ഉറച്ച ധാരണയുമാണ്. ആളില്ലാത്ത വീട്ടില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുവാന്‍ അയാള്‍ അത്തരത്തിലുള്ള ഒരു കാവല്‍ക്കാരനല്ലല്ലോ.
ബൈക്കിനടുത്തെത്തി പൊതിക്കെട്ടൊക്കെയഴിച്ച് സീറ്റൊക്കെ തൂത്ത് കയറിയിരുന്ന് താക്കോലിട്ട് കിക്കറടിക്കുന്നതിനിടയില്‍ അയാള്‍ അവിചാരിതമായി പടിഞ്ഞാറോട്ട് നോക്കി. അപ്പോള്‍ അവിടെക്കണ്ട കാഴ്ച്ച അയാളുടെ ഹൃദയതാളം ഇരട്ടിയാക്കി. എല്ലാവരും ജോലിക്കുപോയെന്ന് കരുതിയ വീടിന്റെ വരാന്തയില്‍ ഒരു പെണ്ണും ആണും മാത്രം! കണ്ണുകള്‍ കൂടുതല്‍ തുറന്ന് ആ കാഴ്ച്ച സത്യമാണോയെന്ന് അയാല്‍ വീണ്ടും വീണ്ടും ഉറപ്പുവരുത്തി. അതെ നൂറ്റിക്ക് നൂറ് സത്യമായ കാഴ്ച്ച. ആ പരിഭ്രമത്തില്‍ പലയാവര്‍ത്തി കിക്കറടിച്ചിട്ടും വണ്ടി സാധാരണപോലെ സ്റ്റാര്‍ട്ടായില്ല.
കിഴക്കേ വീട്ടില്‍ ഇന്ന് സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങളോരോന്നും സങ്കല്‍പ്പിച്ചുകൊണ്ടാണ് അയാള്‍ വിയര്‍ത്തൊലിച്ച് ആശുപത്രിയിലേക്ക് വണ്ടി പായിച്ചത്. കഴിവിന്റെ പരമാവധി വേഗത്തില്‍ മുന്നോട്ടുപോയി ആശുപത്രിയിലെത്തിയപ്പോള്‍ ഒ.പി. ടിക്കറ്റ് പതിക്കുന്നിടത്ത് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ക്യൂ. ഇവിടെനിന്ന് ഡോക്ടറെ കണ്ട് സ്റ്റിച്ചെടുത്ത് വീട്ടിലെത്താമെന്ന് കരുതിയാല്‍ കിഴക്കേ വീട്ടില്‍ ഇരുണ്ടു വെളുക്കും. പിന്നെ മറ്റൊന്നും ആലോചിക്കാതെ ലീവ് ഒരു ദിവസംകൂടി നീട്ടാമെന്നുറപ്പിച്ച് വണ്ടിയില്‍ കയറി പെട്ടെന്ന് ഗേറ്റിന് പുറത്തേക്ക് കടക്കുമ്പോള്‍ ആള്‍ക്ക് ഒരു മാസത്തെ മെഡിക്കല്‍ ലീവിനുള്ള വകയൊത്തു.
അന്യന്റെ കാര്യത്തില്‍ ഇത്രയേറെ ജാഗ്രതയുള്ള ഇവന് ഈ ഗതി വന്നല്ലോ എന്ന സങ്കടത്തോടെ പ്ലാസ്റ്ററിട്ട വലതുകാലിന് പ്രത്യേക ശ്രദ്ധ നല്‍കി കൂട്ടുകാര്‍ അയാളെ കൈകളിലെടുത്ത് ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു. അങ്ങനെ മുതിര്‍ന്നതിന് ശേഷം ആദ്യമായി കാലുകള്‍ നിലത്തു മുട്ടാതെ വീട്ടിലേക്ക് പോകുമ്പോള്‍ വലതുവശത്തെ കന്‍മതിലിന്റെ ഉയരം കണ്ട് പല്ലുകള്‍ കടിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല . അതു കേട്ട കൂട്ടുകാരാകട്ടെ ആസ്ഥിയൊടിയുമ്പോഴുള്ള വേദന ഇത്ര അസഹനീയമാണോ എന്നോര്‍ത്ത് പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. അപ്പോഴും ഉള്ളുകൊണ്ട് അവര്‍ ചിരിക്കുന്നുണ്ടായിരുന്നു.
വലതുകാല്‍ മറ്റൊരു കസേരയില്‍ ഉയര്‍ത്തിവച്ച് സിറ്റൗട്ടിലിരിക്കുമ്പോള്‍ കിഴക്കേ വീട്ടിലെ ആന്തരിക ചലനങ്ങളിലായിരുന്നു അയാളുടെ ശ്രദ്ധ. അതുകൊണ്ട് അസ്ഥി നുറുങ്ങിയ വേദന അറിഞ്ഞതേയില്ല. പടയില്‍ തോറ്റവന്റെ മനോനിലയും ഒടിഞ്ഞ വലതുകാല്‍ സൃഷ്ടിച്ച നിസഹായതയും അയാളെ വല്ലാത്ത ധര്‍മ്മസങ്കടത്തിലാക്കി. പക്ഷേ ഈ കാര്യത്തില്‍ എല്ലാം മറന്ന് പിന്‍മാറുവാന്‍ അയാള്‍ക്കാവില്ലല്ലോ. പിന്നെ രണ്ടും കല്‍പ്പിച്ച് വീടിന്റെ ഉടമസ്ഥനെ വിളിച്ച് ഒരു കണിയാനെക്കണക്കെ സ്റ്റെയര്‍കേസിന്റെ സ്ഥാനത്തിലുള്ള അപകടത്തോടൊപ്പം തന്റെ പരികല്‍പനകളും ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ചു. കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ വീട്ടുടമസ്ഥന് കമ്പനി അധികാരികളോട് വീടൊഴിയണമെന്ന് പറയാന്‍ നിര്‍ബന്ധിതനാകേണ്ടി വന്നു.
ഇതാകെ വള്ളിപുള്ളി വിടാതെ വിവരിക്കുമ്പോള്‍ അയാളിലെ മനുഷ്യനെ പേടിച്ചാണ് ഉടമസ്ഥന് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അടിവരയിട്ടുറപ്പിക്കുവാന്‍ അയല്‍ക്കാരന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചുറ്റുമുള്ളവര്‍ക്കെല്ലാം അയാളെ പേടിയാണത്രെ. അത്രയ്ക്ക് കൊടുംഭീകരനാണ് താനെന്ന് പറയുന്നതില്‍ അയാള്‍ വല്ലാത്ത ആനന്ദവും അഭിമാനവും കണ്ടെത്തി. അങ്ങനെ അവരെ ഓടിച്ച ഒഴിവിലാണ് ഇന്ന് അവളും കുടുംബവും താമസിക്കുന്നത്.
ഉമ്മയും ബാപ്പയും ഇക്കാക്കയും അടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. ഉശിരുള്ള ആണൊരുത്തന്‍ അവിടെയുള്ളതുകൊണ്ടാണോ എന്നറിയില്ല; അവളെക്കുറിച്ച് അയല്‍ക്കാരന്‍ അവനോട് ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ല. എന്നിരുന്നാലും ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്ന അവസരത്തിലൊക്കെ ആ പ്രദേശമാകെ അയാളുടെ നിരീക്ഷണത്തിലായിരിക്കും, അതിസൂക്ഷ്മമായ നിരീക്ഷണത്തില്‍. ഐ.സി.യുവില്‍ ഒരു രോഗി കിടക്കുമ്പോള്‍ ഡോക്ടറും ഡ്യൂട്ടി നഴ്‌സും കാട്ടുന്ന ജാഗ്രതപോലെ. ഒരര്‍ത്ഥത്തില്‍ അയാള്‍ വീട്ടിലുള്ളപ്പോള്‍ ചുറ്റുപാടാകെ ഒരു മിനി ഇന്‍ന്റന്‍സീവ് കെയര്‍ യൂണിറ്റായി മാറും. ഡോക്ടറും നഴ്‌സും അറ്റന്ററും ഒക്കെ അയാളായിരിക്കുമെന്ന് മാത്രം.
നിരീക്ഷിച്ച് നിരീക്ഷിച്ച് അയാളുടെ കണ്ണുകള്‍ക്ക് നീലനിറമായിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഭംഗിയുണ്ടെങ്കിലും അതിനോളം അപകടകരമായ മറ്റൊന്ന് അവന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇത്രയേറെ പ്രതിലോമ ഭാവനകള്‍ തിങ്ങിനിറഞ്ഞ മനസ്സായതിനാലാവാം ഈ നാല്‍പ്പതുകളിലും അയാള്‍ അവിവാഹിതനായി കഴിയുന്നത്. ചുറ്റുപാടുകളിലേക്കുള്ള നോട്ടം ഒരിക്കല്‍ തന്റെ കുടുംബത്തിലേക്കും തിരിയാതിരിക്കില്ല. അപ്പോഴുണ്ടാകുന്ന അസന്തുലിതാവസ്ഥയും സങ്കര്‍ഷങ്ങളും മുന്നില്‍ കണ്ടാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ ജാഗ്രതകാട്ടി ക്രോണിക്ക് ബാച്ചിലറായി കഴിഞ്ഞുകൂടാന്‍ അയാള്‍ തീരുമാനിച്ചത്.
കോളേജില്ലാത്ത ദിവസങ്ങളിലൊക്കെ വൈകുന്നേരമാകുമ്പോള്‍ അവള്‍ പറമ്പിലൂടെ അലക്ഷ്യമായി വിദൂരതയിലേക്ക് കണ്ണുകളെറിഞ്ഞ് എന്തോ കാര്യമായ ചിന്തയിലെന്നപോലെ കിഴക്കുപടിഞ്ഞാറ് ഉലാത്താറുണ്ട്. ചിലപ്പോഴൊക്കെ തെക്കുവടക്കും. അപ്പോള്‍ മാത്രമാണ് അവളുടെ മുഖം വ്യക്തമായി അവന്‍ കാണാറ്. ആ കണ്ണുകളില്‍ അറബിക്കടലിലെ തിരമാലകള്‍ അലയടിച്ചുയരുന്നുണ്ട്. പടിഞ്ഞാറുനിന്നും ഇടത്തോട്ട് തിരിഞ്ഞ് കിഴക്കോട്ട് തിരികെ നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അവനെ മറികടന്നാണ് യാത്ര ചെയ്യുക. അപ്പോഴൊന്നും അബദ്ധത്തില്‍പ്പോലും അവളുടെ കണ്ണുകള്‍ അവനില്‍ നിശ്ചലമായില്ല.
അന്തിമയങ്ങുമ്പോള്‍ അവള്‍ തന്റെ സ്ഥിരം ഇരിപ്പിടത്തിലെത്തി പടിഞ്ഞാറോട്ടുനോക്കി സാഗര്‍ഗര്‍ജ്ജനവും കേട്ട് കാലും നീട്ടിയിരിക്കും. തന്റെ പ്രണയത്തിന്റെ വേരുകളെ മനസ്സിന്റെ അഗാധതയിലേക്ക് പടരുവാനുള്ള വളവും വെള്ളവും നല്‍കാന്‍. അങ്ങനെ പടര്‍ന്ന് പടര്‍ന്ന് അവളുടെ പ്രണയത്തിന് പുതിയ ശിഖരങ്ങളും അവയിലാകെ പ്രതീക്ഷയുടെ കടുംപച്ച ഇലകളും നിറഞ്ഞ് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വളരുമ്പോഴാണ് രാജ്യം ലോക്ക് ഡൗണിലേക്ക് വഴുതി വീണത്.
രണ്ട് മൂന്ന് മാസങ്ങള്‍ നീണ്ടുനിന്ന അടച്ചുപൂട്ടലിനൊടുവില്‍ അവന്‍ തിരികെ വന്നപ്പോള്‍ അവള്‍ പതിവിടത്തിലില്ല. പിന്നെയും ഒന്നുരണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് അവള്‍ കടലിനെ കാതോര്‍ക്കാന്‍ കോലായിലെത്തിയത്. നേരം പതിവുപോലെ ഇരുട്ടിയിട്ടില്ല. അതുകൊണ്ട് അസ്തമയ സൂര്യന്റെ അരുണിമയില്‍ അവളുടെ തുടുത്ത മുഖം അവന് നന്നായി കാണാനായി. അവളുടെ കണ്ണുകളിലെ പ്രണയത്തിരകള്‍ പഴയതിലും ശക്തി പ്രാപിച്ചിരിക്കുന്നു. ലോക്ക് ഡൗണ്‍ അതിന്റെ ഗാഢത കൂട്ടിയിരിക്കണം. അകലുംതോറും ആഴമേറുന്ന സമുദ്രം പോലെയാണല്ലോ പ്രണയവും. അറബിക്കടലിലെ തിരമാലകളുടെ ഇരമ്പം ന്യൂനമര്‍ദ്ദം കൊണ്ടപോലെ ഓരോ രാവ് പുലരുമ്പോഴും കൂടിക്കൂടിക്കൊണ്ടിരുന്നു.
ഒരു ദിവസം, ട്രാന്‍സ്ഫര്‍ ഉടനെയുണ്ടാകുമെന്നറിഞ്ഞ സന്തോഷത്തില്‍ അമ്മയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അയല്‍ക്കാരന്‍ പടി കടന്ന് അവന്റെയടുത്തെത്തി. അതു കണ്ട് വര്‍ത്തമാനം പാതിയില്‍ നിര്‍ത്തി അവന്‍ ഫോണ്‍ കട്ട് ചെയ്ത് മേശപ്പുറത്ത് വച്ച് അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. പകല്‍ പറമ്പിലൂടെ ചാടിച്ചാടി നടക്കാറുള്ള ചെമ്പോത്തിന്റേതുപോലെ അവ ചുവന്ന് തുടുത്തിരിക്കുന്നു. സിരകളിലൂടെ അതിവേഗം പായുന്ന സോമരസ തന്മാത്രകളുടെ രാസ്രപ്രവര്‍ത്തനത്തിന്റെ ഉപോല്‍പ്പന്നമാണ് ഈ ചുവപ്പ്. ആമുഖമെന്നപോലെ കുഴഞ്ഞ നാവിനാല്‍ ലോക്ക് ഡൗണ്‍ വിശേഷങ്ങളില്‍ തുടങ്ങി അയാള്‍ തന്റെ ആഗമനോദ്ദേശത്തിന്റെ അരികത്തെത്തിയ ശേഷം കിഴക്കേ വീടിന്റെ വരാന്തയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു,
'അവളും നിങ്ങളും തമ്മില്‍ പ്രണയമാണെന്ന് നാട്ടിലാകെ സംസാരമുണ്ട്..'
വാക്കുകളില്‍ നിന്ന് നാട്ടുകാരാരാണെന്ന് അവന് കൃത്യമായി മനസ്സിലായി. അതുകൊണ്ട് വളരെ ആലോചിച്ചാണ് മറുപടി നല്‍കിയത്.
'എന്തായാലും എനിക്ക് ആ കുട്ടിയോട് അങ്ങനൊരു വികാരം ഇതുവരെയില്ല..'
'നിങ്ങള്‍ക്കില്ലായിരിക്കാം, പക്ഷേ അവള്‍ക്കുണ്ട്. അതെനിക്ക് നന്നായറിയാം..'
'എങ്ങനെയറിയാം?'
അയാളുടെ അന്വേഷണാത്മക നിരീക്ഷണത്തിന്റെ ആഴമറിയുവാന്‍ തെല്ല് കൗതുകത്തോടെ അവന്‍ ചോദിച്ചു.
'നിങ്ങളിവിടെ ഉള്ളപ്പോള്‍ മാത്രമെ അവള്‍ പുറത്തിരിക്കാറുള്ളു, ലോക്ക് ഡൗണിന് നിങ്ങള്‍ നാട്ടിലായിരുന്നത്രയും ദിവസങ്ങള്‍ ഞാനവളെ പുറത്ത് കണ്ടിട്ടില്ല. ഇത്രയും പോരേ? അതോ ഇനിയും..?'
'എന്നെക്കാണാന്‍ വന്നിരിക്കുന്നതാണെങ്കില്‍ ഒരിക്കലെങ്കിലും എന്നെ നോക്കണ്ടേ? മാത്രമല്ല അവള്‍ക്ക് മറ്റാരെയോ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്'
'നിങ്ങള്‍ക്ക് തോന്നിയില്ലേ അവള്‍ക്ക് ആരോടോ ഇഷ്ടമുണ്ടെന്ന്?'
ചെറിയ മൗനത്തിനൊടുവില്‍ അയാള്‍ കുട്ടിച്ചേര്‍ത്തു,
'അത് താനാണെഡോ..'
'പിന്നെ, കണ്ണില്‍ക്കണ്ണില്‍ നോക്കി മാത്രമേ പ്രണയം പറയാന്‍ പാടുള്ളൂന്ന് വല്ല നിയമവുമുണ്ടോ?'
ഇത്രയും പറഞ്ഞ് കയ്യുയര്‍ത്തി ശുഭരാത്രിയും നേര്‍ന്ന് വലതുകാല്‍ വേച്ചുവേച്ച് അയാള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ അവന്റെ നോട്ടം വീണ്ടും അയാളുടെ കണ്ണുകളിലുടക്കി. അവയുടെ നിറം നീലയായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു, അയല്‍ക്കാരന്‍ അടുത്ത ഇരയ്ക്കായുള്ള കെണിയൊരുക്കി കാത്തിരിപ്പ് തുടങ്ങിയിരിക്കുന്നു. അത് താനാണോ അതോ അവളോ എന്നു മാത്രം അറിഞ്ഞാല്‍ മതി. ഒറ്റവെടിക്ക് രണ്ട് പക്ഷികള്‍ എന്നപോലെ ഇനി രണ്ടു പേരും?
അയാളുടെ വാക്കുകള്‍ ധൈര്യവാനായ അവന്റെ ഉള്ളിന്റെയുള്ളിലെ പാതിചത്ത ഭയത്തിന്റെ വിത്തുകള്‍ക്ക് പുനര്‍ജീവന്‍ നല്‍കി. ഏതോ ഒരു ഘട്ടത്തില്‍ ഇനിയൊരിക്കലും മുളയ്ക്കില്ലെന്നുറപ്പിച്ച് മനസ്സിന്റെ താഴ്വരയില്‍ ഒരിടത്ത് കുഴിച്ചുമൂടിയ ആ വിത്തുകള്‍ ഒന്ന് വിയര്‍ത്തപ്പോള്‍ ഉണ്ടായ നനവില്‍ കിളിര്‍ത്തപ്പോള്‍; ഒരു വികാരവും ആര്‍ക്കും അന്യമല്ലെന്നും ഒന്നിനും മരണമില്ലെന്നും അവനുറപ്പിച്ചു. പക്ഷേ അയാളോട് സംസാരിക്കുമ്പോഴൊക്കെ ആ ഭയത്തെ മുഖത്തും വാക്കുകളിലും പ്രകടമാകാത്ത വിധം സമര്‍ത്ഥമായി ഒളിപ്പിക്കുവാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. മറച്ചുവയ്ക്കുക എന്നത് മനുഷ്യരുടെ മാത്രം സവിശേഷമായ കഴിവായതിനാല്‍ അവനതില്‍ തെല്ലും കുറ്റബോധം തോന്നിയില്ല. ഈ അയല്‍ക്കാരന്‍ ഒന്നും മറയ്ക്കാത്തവനല്ലല്ലോ!
നാട്ടുകാരുടെ മനസ്സിന്റെ മറനീക്കുവാന്‍ പെടാപ്പാട് പെടുന്ന അയാള്‍ ഒരിക്കലും തന്റെ ജീവിതത്തിന്റെ ഒരു വരിപോലും വെളിപ്പെടുത്തിയിട്ടില്ല എന്നത് അപ്പോഴാണ് അവന്‍ തിരിച്ചറിത്തത്. ഏറ്റവും മറയുള്ള മനുഷ്യന്‍ അയാള്‍ തന്നെയാണ്. തന്റെ മനസ്സിലെ വ്യവഹാരങ്ങളെ പുറത്തുപറയുവാന്‍ ധൈര്യമില്ലാത്ത ഭീരു. എന്തായാലും അയാളേക്കാള്‍ ധൈര്യം തനിക്കുണ്ട്.
അവന്‍ അവളുടെ ഓര്‍മ്മകളിലൂടെ കടന്നുപോയി. ഇനി അയാള്‍ പറഞ്ഞതുപോലെ അവള്‍ എന്നെ നോക്കാതെ നോക്കുന്നുണ്ടോ?
എന്തുകൊണ്ടാവാം അവള്‍ പടിഞ്ഞാറോട്ടു മാത്രം നോക്കിയിരിക്കുന്നത്?
ഞാന്‍ കിഴക്കോട്ട് നോക്കിയിരിക്കുന്നതുകൊണ്ടാകുമോ?
ഇരുളിന്റെ മറപറ്റി അവള്‍ നോക്കുന്നത് ഇനി എന്നെത്തന്നെയാണോ?
ആ കണ്ണിലലയടിച്ചുയരുന്ന പ്രണയത്തിരമാലകള്‍ ഞാനെന്ന സാഗരത്തില്‍ പിറവിയെടുത്തതാവുമോ?
പാതിരാത്രിയിലും അവന്‍ ഇതൊക്കെയാലോചിച്ച് കിടക്കുമ്പോള്‍ ഉറക്കം ഉണര്‍വിന് കീഴടങ്ങി. ഫാനിന്റെ ശബ്ദത്തെ മറികടന്ന് അറബിക്കടലിന്റെ ഇരമ്പം അവന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പിറ്റേന്ന് യൂണിയന്‍ നേതാവിന്റെ ഫോണ്‍വിളി കേട്ടാണ് വൈകിയെങ്കിലും ഉറക്കമുണര്‍ന്നത്. വിഷയം മറ്റൊന്നുമല്ല ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു. അഭിമാനത്തോടെയും അതിയായ ആഹ്ലാദത്തോടെയുമാണ് ആ വാര്‍ത്ത നേതാവ് അവനോട് പങ്കിട്ടത്. കാരണം അദ്ദേഹം അതിനായി അത്രയേറെ കഷ്ടപ്പെട്ടിരുന്നു. ഏത് വിഷയത്തിലും ആത്മാര്‍ത്ഥതയോടെ മാത്രം ഇടപെടുന്ന മനുഷ്യന്‍.
ഫോണ്‍ കട്ട് ചെയ്ത് മാനം നോക്കി കിടക്കുമ്പോള്‍ സ്ഥലം മാറ്റം നേതാവിനോളം അവനില്‍ സന്തോഷം ജനിപ്പിച്ചില്ല. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തനിക്കിവിടെ കഴിയുവാന്‍ സാധിക്കു എന്നോര്‍ത്ത് എണീറ്റ് പുറത്ത് വരുമ്പോള്‍ അവളുണ്ട് പതിവിടത്തില്‍. സൂര്യകിരണങ്ങള്‍ അവളില്‍ പതിയ്ക്കുവാന്‍ ഭീമാകാരമായ തൂണ് ആനുവദിച്ചില്ലെങ്കിലും അന്ന് അവന്‍ അവളെ വ്യക്തമായി കണ്ടു. വണ്ടിനെ കാത്തിരിക്കുന്ന തേന്‍ കവിഞ്ഞൊഴുകും പൂവിനെപ്പോലെ പ്രണയാര്‍ദ്രമായിരുന്നു അവളുടെ ഭാവം. ഏതാനും നിമിഷം അവന്റെ മനസ്സ് അവളുമൊത്തുള്ള പ്രണയ ലോകത്തിലേക്ക് വീണുപോയി. വേനലില്‍ മഴയോടൊപ്പം മഞ്ഞുകൂടി പെയ്യുന്ന അനുഭൂതി.
ഉണ്‍മയിലേക്ക് മടങ്ങിയെത്തി കണ്ണുകള്‍ തുറക്കുമ്പോള്‍ അവള്‍ അവിടെയില്ല. ആ ശൂന്യത അവനില്‍ ആദ്യമായി വിഷാദാര്‍ദ്രമായ നഷ്ടബോധം ജനിപ്പിച്ചു. അതെ താന്‍ പ്രണയത്തിലാണ്. അയല്‍ക്കാരനാല്‍ ആരോപിക്കപ്പെട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്ന് മാത്രം. അവന് അവളെ ഇഷ്ടമാണെങ്കിലും അവള്‍ മനസ്സിലേറ്റിയയാള്‍ താനാണെന്ന കാര്യത്തില്‍ അവന് ഒരുവിധത്തിലുള്ള സൂചനയും ഉറപ്പും ഇതുവരെ കിട്ടിയിട്ടില്ല. ഒരു നോട്ടമോ ചലനമോ ചിരിയോ യാതൊന്നും. അവളുടെ പ്രണയം നിശ്ചയമായും മറ്റൊരാളാകാം. അങ്ങനെയാണെങ്കിലും ഇപ്പോള്‍ അവന് അവളെ പെരുത്തിഷ്ടമാണ്. പരിമിതമായ നിമിഷങ്ങള്‍കൊണ്ട് അവന്റെ പ്രണയം പനപോലെ വളര്‍ന്ന് ആകാശംമുട്ടി. സ്ഥലംമാറ്റം കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ എന്ന് ആ നിമിഷം അവന്‍ ആശിച്ചുപോയി. ഇനി കിട്ടിയില്ലെങ്കിലും അവന്‍ സംതൃപ്തനാണ്.
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ മനസ്സിലെങ്കിലും ചിലര്‍ കൂടെ കൂടുമല്ലോ. അങ്ങനെ പലപ്പോഴായി കൂടെകൂട്ടിയവര്‍ക്കൊപ്പമാണ് ഈയുള്ള കാലം വരെ കഴിഞ്ഞുപോന്നിരുന്നത്. അതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നല്‍ ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല. ഇവിടം വിട്ടുപോകുമ്പോള്‍ അക്കൂട്ടത്തില്‍ ഒരാളുകൂടിയായി; അത്രതന്നെ. അങ്ങനെ ആശ്വസിക്കാനാണ് അപ്പോള്‍ അവന് തോന്നിയത്. എത്ര വേഗമാണ് ശാന്തവും സമാധാനവും കൊടികുത്തി വാണിരുന്ന അവന്റെ മനസ്സ് അശാന്തിയുടെ വിളനിലമായി മാറിയത്. അവന് അയല്‍ക്കാരനോട് തീര്‍ത്താല്‍ തീരാത്ത പകതോന്നി. ഒരു മനുഷ്യന്‍ ഏറ്റവും സന്തോഷിക്കുന്നതും അതു പോലെ സങ്കടക്കടലിലേക്ക് വഴുതി വീഴുന്നതും പ്രണയമെന്ന ഒരേയൊരു വികാരത്താലാണ്. ആത്മാര്‍ത്ഥമായ പ്രണയത്തിലുണ്ടാകുന്ന ഇടര്‍ച്ചകളാല്‍ ജീവിതം വെണ്ണീറായവരെ എണ്ണിയാല്‍ തീരില്ല.
അടുത്ത ദിവസം സ്ഥലം മാറ്റത്തിന്റെ ഓര്‍ഡറും വാങ്ങി ഓഫീസില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ നാട്ടില്‍നിന്നും വന്ന കൂട്ടുകാരന്‍ അവന്റെ സാധനങ്ങളാകെ കാറില്‍ കയറ്റുകയായിരുന്നു. ഇടവഴിയിലൂടെ നടന്ന് ഗേറ്റിലെത്തി കിഴക്കോട്ട് നോക്കുമ്പോള്‍ അവള്‍ പടിഞ്ഞാറോട്ടും നോക്കിയിരിപ്പുണ്ട്.
മൂടിക്കെട്ടിയ വാനം പോലെ നേരിയ വിഷാദമുണ്ടോ ആ മുഖത്ത്?
ഉണ്ട്.
അതുകണ്ടാല്‍ ഇപ്പോള്‍ മഴ പെയ്യുമെന്ന് തോന്നും. ശരിയാണ് അവളുടെ മുഖത്ത് മാത്രമല്ല മാനത്തും നല്ല മഴക്കാറുണ്ട്. അതാണ് താന്‍ വന്നിട്ട് എടുക്കാമെന്ന് പറഞ്ഞ സാധനങ്ങള്‍ കൂട്ടുകാരന്‍ ധൃതിയില്‍ വണ്ടിയില്‍ കയറ്റുന്നത്. പുറത്തെ പനനീര്‍ ചാമ്പയില്‍ ഇണയെക്കാണാതെ ഒരണ്ണാന്‍ വാലിട്ടടിച്ച് ബഹളം വയ്ക്കുന്നുണ്ട്.
രണ്ടു വര്‍ഷം പിന്നിട്ട അവിടുത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഒടുക്കത്തെ ബാഗും തോളില്‍ തൂക്കി കൂട്ടുകാരനുപിറകെ പടിയിറങ്ങുമ്പോള്‍ അവള്‍ പുറത്തുണ്ടായിരുന്നില്ല. വിങ്ങിയ ഹൃദയവുമായി അവന്‍ ഇടത്തോട്ടു നോക്കികൊണ്ട് ഇടവഴിയിലൂടെ നടന്നു. അവന്റെ കാതുകളില്‍ ഇരച്ച് കയറിയ കടലിരമ്പം കൂട്ടുകാരന്റെ ചറപറായുള്ള വര്‍ത്തമാനത്തിന് സ്ഥാനം നല്‍കിയില്ല.
മഴ പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു. നനയാതിരിക്കാന്‍ കൂട്ടുകാരന്‍ വേഗത്തില്‍ കാറിനുള്ളില്‍ കടന്നപ്പേള്‍ അവന്‍ പതിയെ പൊടിമഴയിലലിഞ്ഞ് മുന്നോട്ട് നടന്നു. അങ്ങനെ നനഞ്ഞു നടന്ന് കാറിനടുത്തെത്തി അവസാനമായി പടിഞ്ഞാറോട്ട് ഒരുവട്ടം കൂടി കണ്ണെറിഞ്ഞപ്പോള്‍ അവന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചുകൊണ്ട് അവള്‍ ഒരു കപ്പ് കാപ്പിയുമായി കിഴക്കോട്ട് നോക്കിയിരിപ്പുണ്ട്.
പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള അവളുടെ സ്ഥലം മാറ്റത്തിന്റെ കാരണമറിഞ്ഞതിലുള്ള സന്തോഷത്തില്‍ തന്റെ പ്രണയത്തെ കണ്ടെത്തിയ അയല്‍ക്കാരന് നന്ദിയും പറഞ്ഞ് അവന്‍ കാറില്‍ കയറി വാതിലടച്ചു. വണ്ടി വൈപ്പറുകള്‍ ചലിപ്പിച്ച് മഴയത്ത് മങ്ങിപ്പോയ ഉദയസൂര്യന്റെ വെളിച്ചത്തില്‍ കിഴക്കോട്ട് നീങ്ങി.