ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. അജിത് കുമാര്‍ എംജി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തികച്ചും പരുപരുത്തതും വൃത്തി ഹീനവുമായ ഒരു കടലാസ് തുണ്ടിലാണ് ഇക്കുറിയും എനിക്കാ ഭീഷണിക്കത്ത് വന്നിരിക്കുന്നത്, കത്തിന്റെ വശങ്ങളില്‍ എല്ലാം അപായ ചിഹ്നങ്ങള്‍ കോറിയിട്ടിരുന്നു.
പരിഭ്രാന്തിയോടെ ഞാന്‍ ചുറ്റും നോക്കി ആരെങ്കിലും ഒരു ഒറ്റയാള്‍ ആക്രമണത്തിന് വന്നിട്ടുണ്ടോ?
ഒട്ടും ആകര്‍ഷകമല്ലാത്ത, അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ എല്ലാ പരാധീനതകളും ഉള്ള ആ മുറിയില്‍ പറയാവുന്ന ഏക അലങ്കാരം ഭിത്തിയോട് ചേര്‍ന്നിരിക്കുന്ന ഒരു വലിയ കണ്ണാടിയാണ്.
അതിനു നേരെ എതിര്‍വശത്താണ് നാലുപാളിയുള്ള ഒരു കൂറ്റന്‍ ജനാല.
രണ്ടും ഒരു അലങ്കാരം എന്നതിലുപരി വിരോധാഭാസം പോലെയാണ് എനിക്ക് തോന്നിട്ടുള്ളത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യത്തിനാണ് അലങ്കാരത്തിനല്ല!
പുറം കാഴ്ചകള്‍ എപ്പോഴും നിഴല്‍ വീണത് പോലാണ്, കാരണം പകല്‍ വെളിച്ചത്തെ വെല്ലുവിളിച്ചു തല ഉയര്‍ത്തി, പരന്നു വിശാലമായി നില്‍ക്കുന്ന വലിയ ഒരു ആല്‍വൃക്ഷം ആണ് ഹേതു. അതിന്റെ ഇടതടവുകളിലൂടെ വെളിച്ചം നൂല് കെട്ടി ഇറങ്ങിയതാണ് എന്ന് തോന്നും.
സമീപത്തു തന്നെയായിരുന്നു മെഡിക്കല്‍ കോളേജ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്നത്.
അതിന്റെ താഴ്‌വശത്തു വലിപ്പത്തില്‍ അപകടസൂചന നല്‍കുന്ന അപായചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നു പലപ്പോഴും ആ കണ്ണാടിയില്‍ പ്രതിഫലിച്ചിരുന്നത് അപായ ചിഹ്നം ആയിരുന്നു. കത്തു കിട്ടിയ പരിഭ്രമത്തില്‍ ഞാന്‍ കണ്ണാടിയിലേക്കു നോക്കി, അപകട സൂചന നല്‍കുന്ന അപായചിഹ്നം തെളിഞ്ഞു കണ്ടു!
ഒരു അപകട മരണത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരഞ്ഞുള്ള യാത്രയിലാണ് അവരുടെ കണ്ണിലെ കരടായി ഞാന്‍ മാറിയത്. അതൊന്നും അപകടങ്ങള്‍ അല്ല, മറിച്ചു ആലോചിച്ചുറപ്പിച്ച ഒരു തിരക്കഥ അതിനു പിന്നിലുണ്ടെന്നുമായിരുന്നു എന്റെ കണ്ടെത്തല്‍.അത് കത്തിപ്പടര്‍ന്നെത്തിയത് ഒരു തീവ്രവാദ സംഘടനയുടെ തലപ്പത്താണ്. തുടര്‍ന്നാണ് അവരുടെ സ്‌കെച്ചില്‍ എന്റെ ചിത്രവും പതിഞ്ഞത്.
അതോര്‍ത്തപ്പോള്‍ കൗതുകം തോന്നി. നിരുപദ്രവം എന്ന് നമുക്ക് തോന്നുന്ന പ്രവൃത്തികള്‍ക്ക് മറ്റുള്ളവര്‍ എടുക്കുന്നത് കടലോളമാണ്. അതുണ്ടാക്കുന്ന പകയും.
ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊതുസമൂഹത്തിലെ നിരുപദ്രവ ജീവികളെ പോലെയാണ്. കുറഞ്ഞ പക്ഷം മണ്ണിരയെ പോലെ, അവ ചെയ്യുന്ന പ്രവൃത്തിയുടെ ആഴം ആരും തിരിച്ചറിയുന്നില്ല. പൊതുവെ ഭീഷണിയും സ്വാധീനവുമായി ആരും ഞങ്ങളെ തിരഞ്ഞു വരാറില്ല. വന്നിട്ട് കാര്യമില്ല എന്നതാണ് പൊതുവെ ഉള്ള സത്യം. പക്ഷെ ഈ കേസില്‍ എനിക്കു നേരെയുമുണ്ടായി തെരച്ചില്‍.
ആലോചിച്ചു നോക്കിയിട്ട് ഒരന്തവും കിട്ടുന്നില്ല, ഇതു വരെ വന്ന കത്തുകളെക്കാള്‍ തീക്ഷ്ണത ഇതിനുണ്ട് എന്ന് എനിക്ക് തോന്നി.
തലേ ദിവസം പ്രിയ വിളിച്ചു കുറെ എന്തൊക്കെയോ പറഞ്ഞു. ആഴ്ചയിലെങ്കിലും വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് സന്തോഷമാവും എന്നൊക്ക അവള്‍ പറഞ്ഞു. പക്ഷെ ശനിയാഴ്ച ആവുമ്പോള്‍ മടിയാവും. യാത്ര അടുത്ത ആഴ്ചയാക്കാം എന്ന് തോന്നും. അതങ്ങനെ നീണ്ടു പോവും. ഇപ്പോള്‍ ഇതൊരു ഭാഗ്യമായി തോന്നുന്നു. അക്രമണങ്ങളും ഭീഷണിയും ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ.
ചിന്തിച്ചിരിക്കാന്‍ സമയം ഇല്ല. ഉള്ള ആള്‍ക്കാരെ കൊണ്ടു ജോലി തീര്‍ക്കണം. വകുപ്പുമേധാവിയായതു കൊണ്ട് ഒരല്പം സമാധാനം ഉണ്ട്, പിന്നെ കൂടെയുള്ളവര്‍ എല്ലാം മിടുക്കരാണ്.
ഇന്ന് ചെയ്യേണ്ട ഓട്ടോപ്‌സി രജിസ്റ്റര്‍ ചെക്ക് ചെയ്തു. ഹിച്ച്കോക്കിന്റെ കഥാ സമാഹാരത്തിലെ ഒരു രംഗത്തിന്റെ തനിയാവര്‍ത്തനം ഇവിടെയും ഉണ്ടായി. കത്തിയുടെ മൂര്‍ച്ച പരിശോധിച്ചും, ബസ് ചക്രത്തിന്റെ ഭാരം അളന്നും, വിഷരുചി അവോളും നുകര്‍ന്നും പ്രാണന്‍ വറ്റിയ അനേകര്‍. ഇവിടെ ഇത് ആവര്‍ത്തനങ്ങളുടെ വേലിയേറ്റം മാത്രം.
വിവാദങ്ങളോ ദുരൂഹ കേസുകളോ ഒന്നുമില്ല, അത്രയും ആശ്വാസം.
ഇനി എന്ത്? ഞാന്‍ സ്വയം ചോദിച്ചു. പരിഭ്രമം ഏറിയതു കൊണ്ടു വിശപ്പും ദാഹവും ഇല്ല,
ഇവിടെ നിന്നിറങ്ങിയാല്‍ ഒറ്റയ്ക്ക് ക്വാര്‍ട്ടേഴ്സില്‍ പോയി കിടക്കേണ്ടിവരും, അത് അപകടമാണ് .
അല്ലെങ്കില്‍ ഇന്നൊരു ദിവസം പ്രവീണിന്റെ വീട്ടില്‍ പോകാം, പക്ഷെ നാളെയോ?
എത്ര നാള്‍ ക മറഞ്ഞു നടക്കാനാവും.
ഉള്ളില്‍ നിന്നും പെട്ടെന്നൊരു ധൈര്യം കൈവന്നു.
വരുന്നത് പോലെ വരട്ടെ, ജീവനില്‍ ഭയം ഇല്ലാഞ്ഞിട്ടല്ല, ജീവിച്ചു കൊതി തീര്‍ന്നിട്ടുമില്ല? പക്ഷെ അവരുടെ കണക്കു പുസ്തകത്തില്‍ എഴുതി ചേര്‍ത്തതല്ല എന്റെ ആയുസ്സ്, ഞാന്‍ ഉറപ്പിച്ചു.
വൈകുന്നേരം ആയപ്പോള്‍ പ്രതീക്ഷിക്കാതെ ഡോ. ലക്ഷ്മി , മുറിയിലേക്ക് വന്നു. ഭംഗിയായി ഒതുക്കിയ മുടിയഴകില്‍ ഏറെ സുന്ദരിയായിരുന്നു അവള്‍.
മുഖത്തു ദുഃഖം നിഴല്‍ കെട്ടി കിടപ്പുണ്ടായിരുന്നു. സൗഹൃദങ്ങള്‍ക്ക് ഉപരിയായി ഞങ്ങളുടെ അടുപ്പം ഏറുന്നു എന്ന എന്റെ തോന്നലില്‍ ആണ് ഒരു കുത്തിനും കോമയ്ക്കും പോലും ഇടം നല്‍കാതെ ആ അടുപ്പത്തിന് പൂര്‍ണ വിരാമം വീണത്.
ഇരിക്കാന്‍ പറഞ്ഞിട്ടു നിന്നില്ല, ലീവിന്റെ കാര്യം സൂചിപ്പിച്ചു അവള്‍ പുറത്തേക്കു പോയി.
മധ്യവയസ്സിലെ പ്രണയം പലരും ഈ ക്യാമ്പസില്‍ കൊണ്ടാടുന്നുണ്ട്. ആഘോഷമാക്കുന്നവരുമുണ്ട് .
റൂമില്‍ നിന്നിറങ്ങിയപ്പോള്‍ മഴ ചാറി തുടങ്ങിയിരുന്നു. ഒരു ചിറകറ്റ പട്ടം പോലെ ഞാനാ ഇരുട്ടിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മഴ തീക്ഷ്ണമായി. ഉള്ളില്‍ ഉറഞ്ഞു കിടക്കുന്ന ഭയത്തിന്റെ ആവലാതിയില്‍ ഞാനും ഒന്നും അറിഞ്ഞില്ല.
ഞാന്‍ പ്രവീണിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. പ്രദേശം ഒന്നാകെ കുത്തിയൊലിക്കാന്‍ പാകത്തിനാണ് മഴ പെയ്യുന്നത്, ഇടക്ക് തെളിയുന്ന മിന്നലിലാണ് വഴി തെറ്റിയിട്ടില്ല എന്ന് മനസ്സിലാക്കുന്നത്.
ഒടുവില്‍ അവരുടെ വീട്ടിലിലേക്ക് തിരിയുന്ന വഴിയിലെ പാലത്തിനടത്തെത്തി.
കുത്തിയൊലിക്കുന്ന മഴവെള്ളപാച്ചിലില്‍ പാലവും കവിഞ്ഞാണ് പുഴ ഒഴുകുന്നത്, ഒരു നിമിഷം ഞാന്‍ അമ്പരന്നു,
ഈശ്വരാ, ഇനി എന്തു ചെയ്യും?
പെട്ടെന്ന് ആരോ ഒരാള്‍ എന്റെ തോളില്‍ സ്പര്‍ശിച്ചു.
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ആജാനുബാഹു. അവന്റെ കണ്ണില്‍ വന്യ തീക്ഷ്ണത.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നേക്കാള്‍ കൈക്കരുത്തുള്ള ജോണ്‍ പി.ജെയെ അവന്‍ പോലും പ്രതീക്ഷിക്കാതെ എടുത്തെറിഞ്ഞ ആ ആവേശത്തില്‍ ഒരു പെരുമ്പാമ്പ് ഇരയെ ചുറ്റി വരയുന്ന പോലെ അവനെ ഞാന്‍ വരിഞ്ഞു. ഒന്ന് പിടയാന്‍ പോലും ആവതില്ലാത്തവനെ ആ കുത്തൊഴുക്കിലേക്ക് വലിച്ചെറിഞ്ഞു.
പിറ്റേ ദിവസം എന്റെ മുറിയിലേക്ക് ഗാംഭീര്യത്തോടെ ഡിവൈഎസ്പി സുന്ദര്‍ ദാസ് പ്രവേശിച്ചു. ഉടയാത്ത കുപ്പായത്തിലും, പോളിഷ് ചെയ്തു മിനുക്കിയ ഷൂസിലും ആ അതികായന്‍ ഒരു കാഴ്ച്ച തന്നെയായിരുന്നു.
'ഒരു unidentified body inquest കഴിഞ്ഞു ലാബില്‍ എത്തിച്ചിട്ടുണ്ട്, അതു കൊണ്ടാണ് ഞാന്‍ തന്നെ വന്നത്.'
കസേരയിലിരുന്ന് അയാള്‍ തുടര്‍ന്നു. ''ഏതോ ക്വട്ടേഷന്‍ ടീം ആണെന്ന് തോന്നുന്നു. അവന്റെ അരയില്‍ നിന്നും ഒരു കൂറ്റന്‍ ചുരിക ലഭിച്ചിരുന്നു. ഇന്നലത്തെ ഒഴുക്കില്‍ പെട്ടതാവും''-അദ്ദേഹം പറഞ്ഞു നിര്‍ത്തി.
പന്ത് എന്റെ കോര്‍ട്ടില്‍ തന്നെ എത്തിയല്ലോ ഞാന്‍ മനസിലോര്‍ത്തു.
ഇനിയുള്ള അന്വഷണവും തിരിച്ചറിവും എല്ലാം ഒരു പൂജ്യത്തിനു എതിരെ നില്‍ക്കുന്ന ഗുണന ചിഹ്‌നം പോലെ തോന്നി, ആ തിരിച്ചറിവിന്റെ രഹസ്യം ക്രൂരത കലര്‍ന്ന ഒരു ചെറു മന്ദഹാസമായി ചുണ്ടില്‍ വിടര്‍ന്നു.
മുഖത്തെ ഭാവമാറ്റം മറയ്ക്കാനായി ഞാന്‍ കസേരയില്‍ നിന്ന് എണീറ്റു.
പതുക്കെ നടന്ന് ആ വലിയ കണ്ണാടിയിലേക്ക് നോക്കി.
അതില്‍ തെളിഞ്ഞത് എന്റെ പ്രതിഫലനം അല്ലായിരുന്നു, മറിച്ചു മറ്റൊരു അപായചിഹ്‌നം ആയിരുന്നു!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...