ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡി ശ്രീശാന്ത് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
'ആണ്‍കുട്ട്യോള് തമ്മില് പ്രേമിച്ചാ എന്തേലും കൊഴപ്പണ്ടോ മാഷേ?'
ആ ചോദ്യം നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകള്‍ക്ക് നടുവിലെ കാലിളകിയ ഒറ്റപ്പെട്ട ഒരു ബഞ്ചില്‍ നിന്നും അവിടെ നിരന്നിരിക്കുന്ന ഓരോ ആണ്‍ ചെവിയിലും ഉയര്‍ന്ന് പൊട്ടി. പുറത്ത് ഇളംകാറ്റില്‍ തലയാട്ടിനിന്നിരുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ പൊടിപിടിച്ച ജനാലക്കുള്ളിലൂടെ ആ ചോദ്യത്തിന്റെ ഉടമയെ ഒന്ന് പാളി നോക്കി. അനുവാദമില്ലാതെ അകത്തേക്ക് കയറിവന്ന ഒരു തെമ്മാടിക്കാറ്റില്‍ ചുവരിലെ ഗാന്ധി പ്രതിമയൊഴികെ മറ്റെല്ലാം ചെറുതായൊന്ന് ഇളകി.
ക്ലാസ്സിന് ഇടവേളയിട്ട് മിനറല്‍ വാട്ടര്‍ മൊത്തിക്കുടിച്ചുകൊണ്ടിരുന്ന സ്റ്റുഡന്റസ് കൗണ്‍സിലര്‍ സാമുവല്‍ജോണ്‍ വായില്‍ ശേഷിച്ചതിനെ ഇറക്കാന്‍ പാടുപെട്ട് ഉള്ളില്‍ നിന്നും അറിയാതെ പുറത്തേക്കു വന്ന ഒരു നിശ്വാസത്തിനൊപ്പം ചെറുതായൊന്ന് പുഞ്ചിരിച്ചു.
'പേരെന്താണ്...?' അയാള്‍ ചോദിച്ചു
''കട്ടഞ്ചായ... കട്ടഞ്ചായ...'' കൂവലില്‍ ചാലിച്ച മറുപടികള്‍ ചിരിയില്‍ പൊതിഞ്ഞ് ഓഡിറ്റോറിയത്തിന്റെ പല കോണുകളില്‍നിന്നും ഉയര്‍ന്നു.
'പേര് പറയൂ...' അയാള്‍ ആവര്‍ത്തിച്ചു.
'അംബരീഷ്... ' കട്ടഞ്ചായ മറുപടി പറഞ്ഞു.
'അംബരീഷിന് ഏതെങ്കിലും പെണ്‍കുട്ടിയോട് പ്രണയം തോന്നിയിട്ടുണ്ടോ?'
'ഇല്ല'
'ആണ്‍കുട്ടികളോട് തോന്നിയിട്ടുണ്ടോ'
സാമുവല്‍ സാറിന്റെ ചോദ്യം കേട്ട് കൃഷ്ണമണി കുത്തുകള്‍ക്ക് മുകളില്‍ ആണ്‍പുരികങ്ങള്‍ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു.
കട്ടഞ്ചായ മറുപടി പറഞ്ഞില്ല. പകരം ചിരിയോട് ചേര്‍ന്നൊരു നിഴല്‍ അവന്റെ മുഖത്ത് രൂപപ്പെട്ടു.
അവന്റെ താഴ്ന്ന് നില്‍ക്കുന്ന തലയ്ക്കു താഴെ കൂട്ടച്ചിരി മുഴങ്ങി. തുടക്കത്തില്‍ അതിലൊരാളായെങ്കിലും തന്റെ ഉത്തരവാദിത്തം തികട്ടിവന്ന് ഡെസ്‌ക്കിന്‍ തലയില്‍ ആഞ്ഞടിച്ച് സാമുവല്‍ ജോണ്‍ അവിടുത്തെ ആണ്‍ചിരികള്‍ക്ക് തടയിട്ടു.
'അംബരീഷിന്റേത് നല്ലൊരു ചോദ്യം തന്നെയാണ്... പക്ഷെ അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ പ്രായത്തില്‍ മനസ്സിലാകില്ല. ആണുങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നതും ലൈംഗികമായി ബന്ധപ്പെടുന്നതും പ്രകൃതി വിരുദ്ധമായ പ്രതിഭാസമായാണ് നമ്മുടെ സമൂഹം വിലയിരുത്തുന്നത്. തത്ക്കാലം ഇത്രയും മനസ്സിലാക്കുക....'
വാക്കുകള്‍ മനപൂര്‍വ്വം ചുരുക്കി തന്റെ ഇടത്തെ കൈത്തണ്ടയിലെ വാച്ചിലേക്ക് ഒന്നെത്തിനോക്കി അയാള്‍ കുട്ടികളോട് യാത്ര പറഞ്ഞിറങ്ങി. അപ്രതീക്ഷിതമായി ക്ലാസ് അവസാനിച്ചതിന്റെ നിരാശയിലും കട്ടഞ്ചായക്ക് അറപ്പുളവാക്കുന്ന ഒരു നോട്ടം നല്‍കാന്‍ മടിക്കാതെ വിരുതന്മാര്‍ തഞ്ചത്തില്‍ പുറത്തേക്കിറങ്ങി. ഉച്ചക്കഞ്ഞിയുടെ ആക്രാന്തത്തില്‍ പെട്ടന്നനാഥമായ ഓഡിറ്റോറിയത്തില്‍ ഒരാള്‍ മാത്രം കട്ടഞ്ചായക്ക് പിറകില്‍ അവനറിയാതെ അവനെ ശ്രദ്ധിച്ചിരിപ്പുണ്ടായിരുന്നു.
മാന്നനൂരിലെ കിഴക്കേ വീട്ടില്‍ സുകുമാരന്‍ പിള്ളയുടെ മകന്‍ അംബരീഷ് എങ്ങനെ കട്ടഞ്ചായയായി മാറി എന്ന ചോദ്യത്തിന് ഉത്തരം തേടി അവന്റെ നാലാം ക്ലാസ് ജീവിതം വരെ ഒന്ന് തിരിച്ചുപോയി അവിടുത്തെ കഞ്ഞിപ്പുരയ്ക്ക് പിറകിലെ വിറകടുക്കുന്ന കൊട്ടിലിനരികിലേക്ക് ഒന്നെത്തിന്നേക്കേണ്ടിവരും. സ്‌കൂള്‍ മുറ്റത്തെ ചരല്‍ മൈതാനത്ത് പന്തുകളിച്ചുകൊണ്ടിരുന്ന ഏഴ് ബിയിലെ കുട്ടികള്‍ പെട്ടെന്ന് പൊട്ടിച്ചാടിയ മഴയില്‍ കഞ്ഞിപ്പുരയ്ക്കരികിലെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ കൊട്ടിലിനരികില്‍ രണ്ടു പേര്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. അതാരൊക്കെയാണെന്ന് മനസ്സിലാകാതെ വിഷമിച്ചുനിന്ന അവരെ സഹായിച്ചത് പെട്ടന്ന് മിന്നലില്ലാതെ പൊട്ടിയ ഒരു ഇടിയാണ്. ആ ഞെട്ടലില്‍ പെട്ടന്നവര്‍ വേര്‍പ്പട്ട് വെളിച്ചത്തിലേക്ക് വന്നു.
'അയ്യേ.... അംബരീശും സുബിനും അല്ലേ അത്....?'
തിണ്ണയില്‍ നനഞ്ഞു നില്‍ക്കുന്ന നോട്ടങ്ങളില്‍ തങ്ങള്‍ പെട്ടു എന്നുറപ്പാക്കിയ സുബിന്‍ നിമിഷനേരം കൊണ്ട് ഇണയെ വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടി.
'കഞ്ഞ്യമ്മ വെറക് പെരേല് കട്ടഞ്ചായ പാറ്റി വച്ച്ട്ട് ണ്ട്... ഈയും കൂടി ണ്ടെങ്കി പോന്നോന്ന് പറഞ്ഞ് ന്നെ കൊണ്ടോന്നതാ... ഇവടെ എത്യപ്പൊന്നെ ഒറ്റ പിടുത്തം..'
തണുത്ത് പെയ്ത ആ മഴയിലും കട്ടഞ്ചായ നിന്ന് വിയര്‍ത്തു.
കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് അവന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.
നാലുമണിയുടെ അവസാന ബെല്ലില്‍ ആള്‍ക്കൂട്ടം അവനെ വിട്ട് തങ്ങളുടെ ബാഗുകള്‍ക്കരികിലേക്ക് ഓടിയകന്നപ്പോള്‍ അവന്‍ പറയാന്‍വന്ന വാക്കുകള്‍ അപ്രതീക്ഷിതമായി ഓടിനു മുകളില്‍ വന്നു പതിച്ച ആലിപ്പഴത്തിന്റെ ഉരുളകള്‍ക്കൊപ്പം അലിഞ്ഞില്ലാതായി. നാട്ടിലെ ആണ്‍കുട്ടികള്‍ക്കിടയില്‍ കട്ടഞ്ചായക്കുള്ള ഭ്രഷ്ട് തുടങ്ങുന്നത് അവിടെ നിന്നാണ്. കട്ടഞ്ചായ തരാമെന്ന് പറഞ്ഞ് വിറകുപുരക്കു പിന്നില്‍ കൊണ്ടുപോയി ആണ്‍കുട്ടികളെ ഉമ്മ വക്കുന്നവന്‍ പുതിയൊരു പേരിലേക്ക് പെട്ടന്നു തന്നെ പറിച്ചു മാറ്റപ്പെട്ടു
ഉച്ചവെയിലൊന്നാറി തണുത്താല്‍ മാന്നന്നൂരിനോട് ചേര്‍ന്നുകിടക്കുന്ന മണലുമൂടിയ പുഴയുടെ ശേഷിച്ച മുടിനാരുകളെന്നപോലെ പലതരം പട്ടങ്ങള്‍ പതിയെ ആകാശത്തേക്കുയരും. പ്രവായും പരുന്തായും പൊന്മാനായുമൊക്കെ മാന്നനൂരിന്റെ ആകാശത്ത് മേഘം മുട്ടെ ഉയരാന്‍ അവ മത്സരിക്കും. പുഴയുടെ മൊട്ടത്തലയില്‍ ചെരുപ്പിടാതെ ചവിട്ടിനിന്ന് നൂലിന്റെ ഇങ്ങേയറ്റം ചൂണ്ടുവിരലില്‍ ചുറ്റി താഴാതെയും ചരിയാതെയും ആണ്‍കുട്ടികള്‍ അവയെ നിയന്ത്രിക്കും. കുന്നിന്‍ മുകളിലെ അപ്പുണ്ണിയേട്ടന്റെ പെട്ടിപ്പീടികയുടെ മുന്നിലെ പാറപ്പുറത്ത്‌നിന്നും വായനശാലയുടെ ടെറസ്സിനുമുകളില്‍ നിന്നുമെല്ലാം ആകാശത്തേക്ക് നെഞ്ചുവിരിച്ച് പറന്നുയരുന്ന ആണ്‍പട്ടങ്ങള്‍ക്ക് നേരെ തെല്ലൊരു കൗതുകത്തോടെ കൃഷ്ണമണിയുയര്‍ത്തുന്ന മാന്നനൂരുകാര്‍ക്ക് ഒരു കാര്യം ഉറപ്പായിരുന്നു.
കാറ്റിനെ കൂസാതെ ഒന്നാമതെത്തുന്ന ധീരന്മാരായ പട്ടങ്ങളിലോ തരം കിട്ടിയാല്‍ നൂലില്‍നിന്ന് വേര്‍പെട്ട് മുളംകൂട്ടത്തിലെ മുള്ളുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന മടിയന്മാരായ പട്ടങ്ങളിലോ നൂലോടെ വേറെ നാടുതേടിപോകുന്ന ചതിയന്‍ പട്ടങ്ങളിലോ ഒന്നും തന്നെ കട്ടഞ്ചായയുടെ പട്ടം ഒരിക്കലും ഉണ്ടാകില്ല.
പുഴയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അന്‍പത് മീറ്റര്‍ അകലത്തില്‍ പ്രത്യേകം കടവുകളുണ്ട്. എന്നാല്‍ ഇതിനിടയിലെ പായല്‍കെട്ടിനില്‍ക്കുന്ന പടവുകളില്ലാത്ത ഭാഗത്താണ് കട്ടഞ്ചായ കുളിച്ചിരുന്നത്. തൊട്ടപ്പുറത്തെ റെയില്‍പ്പാലത്തിന്റെ അടിയില്‍നിന്ന് പൊക്കിയെടുത്ത് കൊണ്ടുവന്ന ഒരു കരിങ്കല്‍ കഷ്ണത്തില്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ തല്ലി തിരുമ്പും. മാനന്നൂരിലെ മറ്റ് ആണ്‍കുട്ടികളേക്കാള്‍ അല്‍പ്പം ഉയര്‍ന്ന പിന്‍ഭാഗവും നെഞ്ചും ചകിരികൂട്ടി നന്നായി തേച്ചൊരച്ച് തന്റെ വേലിക്കരികില്‍ നിന്നും പൊട്ടിച്ചെടുത്ത ചെമ്പരത്തി താളി തലയില്‍ തേച്ച് പായല്‍ വകഞ്ഞുമാറ്റി കട്ടന്‍ചായ മുങ്ങികുളിക്കും
'എന്താ രമണ്യേട്ടത്തി ആ ചെക്കനെ എല്ലാരും അങ്ങനെ വിളിക്കണേ?'
സ്ത്രീകളുടെ കുളിക്കടവില്‍ മിക്കവാറും ദിവസങ്ങളില്‍ കട്ടഞ്ചായയുടെ അമ്മയുടെ അലക്കുകല്ലിനരികിലേക്ക് ഉത്തരമറിഞ്ഞിട്ടും ചില സംശയങ്ങള്‍ പതഞ്ഞെത്തും. അവര്‍ ചെറുതായൊന്ന് ചിരിക്കും... എന്നിട്ടും ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കില്‍ അവരത് ഒറ്റ മറുപടിയില്‍ ഒതുക്കും
'വിളിക്കുന്നോര് വിളിക്കട്ടേന്ന്...ഏതയാലും അവനിപ്പോ അതില് വല്യ കുഴപ്പൊന്നൂല്യ'
അതോടെ ചോദിക്കുന്നവരുടെ ഉഷാറുപോകും. അവര്‍ ചോദ്യം പിന്‍വലിച്ച് അവരുടെ ജോലി ശ്രദ്ധിക്കും. മറുപടി പറഞ്ഞ് രമണിയേടത്തി ഒലുമ്പി പിഴിഞ്ഞ തുണി വെറുതെയൊന്ന് കുടയും. അതില്‍നിന്നും അന്തരീക്ഷത്തിലേക്ക് തെറിച്ചില്ലാതാകുന്ന സ്ഫടിക ഗോളങ്ങള്‍ക്കൊപ്പം അപൂര്‍വമായി അവരുടെ കണ്ണീരുമുണ്ടാകും.
മാന്നനൂരിലെ ദേശവിളക്കിന്റെയന്ന് വാഴ പിണ്ടികൊണ്ട് കെട്ടിയുണ്ടാക്കിയ അമ്പലത്തില്‍നിന്ന് കുറച്ച് മാറി പാലകൊമ്പിന്റെ വരവ് കാണാന്‍ സത്രീകളിരിക്കുന്ന വരിയുടെ പിറകില്‍ നില്‍ക്കുകയായിരുന്നു കട്ടഞ്ചായ.
'ഈയെന്താ ഈ പെണ്ണ്ങ്ങടെ പിന്നില് ഒറ്റക്ക് നിക്കണേ...'
അപ്രതീക്ഷിതമായി ഒരു ചെറുചൂടോടെ ചെവിയില്‍ വന്നു പതിച്ച ആ ശബ്ദത്തിലേക്ക് അവന്‍ തിരിഞ്ഞുനോക്കി. മനക്കിലെ ഭവദാസനായിരുന്നു അത്.
'നീയിങ്ങനെ ആരോടും കൂട്ട് കൂടാതെ ഒറ്റപ്പെട്ട് നടക്കണത് മോശാണ് ട്ടൊ...'
ഭവദാസന്‍ അവന്റെ കൈ പിടിച്ചു. ആ നിമിഷം കട്ടഞ്ചായയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി അരിച്ചെത്തി. ഉള്ളിലെവിടെയോ സന്തോഷത്തിന്റെ ശരണം വിളികള്‍ മുഴങ്ങി.
'വാ... നമ്മക്ക് ആ കതിനക്കാരന്റെ അവടെ വരെ പോയിട്ട് വരാ...'
അവന്‍ ഭവദാസനൊപ്പം നടന്നു. ഇരുട്ട് പറ്റി അമ്പലത്തിന് പിറകിലൂടെയാണ് ഭവദാസന്‍ അവനെ കൊണ്ടുപോയത്. കതിനക്കാരന്‍ മണി പാലകൊമ്പ് അമ്പലത്തിലേക്ക് കടന്നാലുടന്‍ പൊട്ടിക്കാനുള്ള കതിന കുറ്റികളില്‍ മരുന്ന് നിറക്കുകയായിരുന്നു. ഭവദാസനും കട്ടഞ്ചായയും കുറച്ചപ്പുറം ഉങ്ങുമരത്തിന്റെ വീതിയുള്ള വേരില്‍ ചെന്നിരുന്നു. തന്നോട് ചേര്‍ന്നിരിക്കുന്ന ഭവദാസന്റെ നെഞ്ചില്‍ കതിനകള്‍ നേരത്തെ മുഴങ്ങുന്നത് പോലെ അവന് തോന്നി.
ഭവദാസന്റെ കൈ കട്ടഞ്ചായയുടെ തോളില്‍ നിന്ന് ഷര്‍ട്ടിനുള്ളിലൂടെ ഒരു പഴുതാരയെപോലെ പതിയെ താഴേക്കിറങ്ങി വലത്തെ മാറിടത്തിലെ കണ്ണിയില്‍ ഒന്ന് തൊട്ടു. കട്ടഞ്ചായയുടെ തരിച്ചു പൊന്തിയ തൊലിക്കു മുകളിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ആ ഇരുട്ടില്‍ കട്ടഞ്ചായ തിളച്ചു. അവന്‍ ഭവദാസനെ തള്ളി മാറ്റി വെളിച്ചത്തിലേക്ക് തൂവി മറഞ്ഞു. പിറകിലെ ഇരുട്ടില്‍ അവന്റെ കിതപ്പിനൊപ്പം കതിനകള്‍ പൊട്ടിത്തെറിച്ചു.
കട്ടഞ്ചായ തന്റെ ഹൈസ്‌ക്കൂള്‍ ജീവിതം ആരംഭിച്ചത് നാട്ടില്‍ നിന്നും നാല് കിലോമീറ്ററോളം അകലെയുള്ള ചക്കാട്ടുതറ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലായിരുന്നു. അവനൊപ്പം മുന്‍ ക്ലാസ്സുകളില്‍ പഠിച്ച ഒന്നു രണ്ടു പേര്‍ അവിടെയും ഉണ്ടായിരുന്നതിനാല്‍ തന്റെ സ്വന്തം പേരില്‍ അറിയപ്പെടാനുള്ള അവകാശം വീണ്ടും അവന് നിഷേധിക്കപ്പെട്ടു.
അങ്ങനെയൊരു ഫെബ്രുവരി മാസത്തില്‍ ആ ബാച്ചിലെ മുഴുവന്‍ കുട്ടികളോടും ഹെഡ്മാസ്റ്റര്‍ ഓഡിറ്റോറിയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് പതിവ് ക്ലാസ്സുകളില്‍ നിന്ന് വ്യത്യസ്തമായി എന്തോ ഒന്ന് പഠിക്കാന്‍ ആണ്‍കുട്ടികള്‍ മിനി ഓഡിറ്റോറിയത്തിലേക്കും പെണ്‍കുട്ടികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമിലേക്കും ഉറുമ്പുവരി പോലെ അച്ചടക്കത്തോടെ നീങ്ങി. ആ വര്‍ഷത്തെ ഹൈസ്‌ക്കൂള്‍ ബാച്ചിലെ മുഴുവന്‍ കുട്ടികളും ഇരുന്ന ആദ്യത്തെ ക്ലാസ്സായിരുന്നു അത്. തങ്ങളെ എന്തിനാണ് ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും സംഗതി അഡള്‍ട്ട് ഓണ്‍ലിയാണെന്ന അറിവ് പലര്‍ക്കും നേരത്തേ തന്നെ കിട്ടിയിരുന്നു. വരിയില്‍ അവസാനമെത്തിയ കട്ടഞ്ചായക്ക് ഇരിക്കാന്‍ തിരക്കിനടിയില്‍ സ്ഥലമില്ലായിരുന്നു. ആണ്‍കൂട്ടത്തിന് നടുക്ക് കാലിളകി ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരു ബഞ്ചില്‍ അവനിരുന്നു.. ക്ലാസ്സ് വൈകുന്നതിലുള്ള നിരാശ പിന്‍ബഞ്ചുകളെ അസ്വസ്ഥരാക്കി.
'എന്താടാ ഒന്നിനേം കാണാത്തേ..? വേറെ വല്ല ക്ലാസും ആണെങ്കി എല്ലാം കൃത്യസമയത്ത് എഴുന്നള്ളാല്ലോ.....'
അബൂബക്കര്‍ സിദ്ദിഖ് അടുത്തിരുന്ന സനൂപിന്റെ ചെവിയില്‍ സ്വകാര്യം പറയുന്നതിനിടയില്‍ സിദ്ദിഖിന്റെ വാക്കുകളെ മുറിച്ചു കൊണ്ട് പെട്ടന്നാണ് മലയാളം അദ്ധ്യാപകന്‍ ബാലന്‍ മാഷ് അവിടെയിരിക്കുന്ന ആണ്‍കാഴ്ചകളിലേക്ക് കയറി വന്നത്. പിറകില്‍ ഒരു അപരിചിതനും.
വെളുത്ത് ഉയരം കൂറഞ്ഞ് കട്ടി മീശയും കുറ്റിത്താടിയുമുള്ള അപരിചിതന്‍ ഒരു കള്ള ചിരിയോടെയാണ് രംഗ പ്രവേശനം ചെയ്തത്. തന്റെ ഒരു ശരീരഭാഗം പോലെ ബാലന്‍ മാസ്റ്റര്‍ കൊണ്ടു നടക്കാറുള്ള ചൂരല്‍ അന്ന് മാഷോടൊപ്പം അവിടേക്ക് വന്നില്ല എന്നതും കുട്ടികളില്‍ അതിശയവും ഒപ്പം ആശ്വാസവും ഉളവാക്കി. അനാവശ്യമായ മുഖവുരകളില്ലാതെ ബാലന്‍ മാഷ് അപരിചിതനെ എല്ലാവര്‍ക്കും മുന്നില്‍ പരിചയപ്പെടുത്തി.
'ഇദ്ദേഹത്തിന്റെ പേര് ജോണ്‍ സാമുവല്‍ എന്നാണ്. കൗമാരത്തിലേക്ക് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്ന നിലക്ക് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റിയും അതിന്റെ പ്രസക്തിയെ പറ്റിയുമൊക്കെ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരാന്‍ വന്ന ഒരു അധ്യാപകനാണ്. ഇനി ഇദ്ദേഹം നിങ്ങളോട് സംസാരിക്കും.'
ബാലന്‍ മാഷ് വളരെ ബുദ്ധിമുട്ടിയാണ് ഇത്രയും പറഞ്ഞു തിര്‍ത്തതെന്ന് കട്ടഞ്ചായക്ക് തോന്നി. ഒറ്റ ശ്വാസത്തിലുള്ള അദ്ദേഹത്തിന്റെ ആമുഖം കേട്ടപ്പോള്‍ ജോണ്‍ സാമുവലിന്റെ കട്ടി മീശക്കു താഴെ കത്തിയ തീപ്പെട്ടി കൊള്ളിയുടെ ആയുസ്സുള്ള ഒരു ചിരി കുട്ടികളില്‍ ചിലരെങ്കിലും ശ്രദ്ധിച്ചു. പുറത്ത് ഉച്ച സൂര്യന്‍ ഒഴിഞ്ഞുകിടന്ന ഗ്രൗണ്ടിനുമുകളില്‍ കത്തി നിന്നു.
ബാലന്‍മാസ്റ്റര്‍ പോയതോടെ സദസ്സിന്റെ നിയന്ത്രണം ജോണ്‍ സാമുവല്‍ ഏറ്റെടുത്തു. ഒരു അപരിചിതന്റെ ബോറന്‍ ക്ലാസ്സ് പ്രതീക്ഷിച്ച പിന്‍ബഞ്ചുകള്‍ അവരുടേതായ ചര്‍ച്ചകളിലേക്ക് കടക്കുന്നതായി മനസ്സിലാക്കി അയാള്‍ സംസാരിച്ചു തുടങ്ങി.
'ഞാനൊരു കഥ പറയാം.... '
കഥ കേള്‍ക്കാനുള്ള ഉത്സാഹം കൊണ്ടോ പറയാന്‍ പോകുന്ന കഥയുടെ പശ്ചാത്തലം മുന്‍കൂട്ടി അറിയാവുന്നതുകൊണ്ടോ ഓഡിറ്റോറിയം പതിയെ നിശബ്ദമായി. ഫെബ്രുവരിയിലെ ആ ചുട്ടുപൊള്ളിയ പകലില്‍ നാട്ടയില്‍ കൈകള്‍ ചേര്‍ത്തു കെട്ടി കൗമാരക്കാര്‍ കമ്പി കഥക്ക് കാതോര്‍ത്തു
'ഞാനും നിങ്ങളെ പോലെ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന സമയം. എന്റെ ക്ലാസ്സില്‍ ഒരു സുന്ദരി കൊച്ച് ഉണ്ടായിരുന്നു. നല്ല ചുവന്ന ചുണ്ടുകളും നീളന്‍ കണ്ണുകളുമുള്ള ഒരു സുന്ദരി കൊച്ച്. മേരി എന്നായിരുന്നു അവളുടെ പേര് ...'
അവന്മാര്‍ക്ക് ആ കഥയോട് ഉപമിച്ച് മനസ്സില്‍ മറ്റൊരു കഥ മെനയാന്‍ ചക്കാട്ടുതറ സക്കുളില്‍ മേരി എന്ന് പേരുള്ള ഒരു പെണ്‍കുട്ടി പോലും പഠിച്ചിരുന്നില്ല. തല്‍ക്കാല മനശ്ശാന്തിക്ക് ചിലര്‍ മേരിയെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ജാന്‍സിയോട് ഉപമിച്ചു.
'മേരിയെ കാണാന്‍ നല്ല ചേലായിരുന്നു. നമ്മടെ ഭാഷയില്‍ എന്നതാ... ആ.... നല്ല ചരക്കായിരുന്നു... '
മുന്‍ ബഞ്ചുകളില്‍ അതിശയവും പിന്‍ബഞ്ചുകളില്‍ ആഹ്ലാദവും അണപൊട്ടി. പലരും മുന്‍ ബഞ്ചില്‍ ഇരിക്കാന്‍ കഴിയാത്തതില്‍ നിരാശരായി. കാതുകള്‍ ആ കുറിയ മനുഷ്യന്റെ വിരുതില്‍ കേന്ദ്രീകരിക്കപ്പെട്ടു.
'അന്ന് മേരിയായിരുന്നു ഞങ്ങടെ ക്ലാസ്സ് ലീഡര്‍. ഒരിക്കെ ഒരു ബുധനാഴ്ച്ച ഞാന്‍ ക്ലാസ്സില് നേരത്തെ വന്നു. അപ്പൊ മേരി ഒറ്റക്ക് ക്ലാസ്സ് അടിച്ച് വാരായിരുന്നു. എന്റെ മുമ്പില് കുനിഞ്ഞ് നിക്കണ അവളെ കണ്ടപ്പോ എന്റെ കണ്ടറോള് പോയി... ഞാന്‍ അവളെയങ് കേറി പിടിച്ചു.... '
ചരിത്രത്തിലാദ്യമായി ചക്കാട്ടുതറ സ്‌കൂളിലെ പിന്‍ബഞ്ചുകള്‍ ക്ലാസ്സ് ശ്രദ്ധിക്കുന്ന കാര്യത്തില്‍ മുന്‍ബഞ്ച് ബുജികളെ കടത്തിവെട്ടി. കായികമായ ആക്രമണത്തിലൂടെ മുന്‍ ബഞ്ചില്‍ ഒരു സ്ഥലം ഒപ്പിക്കണോ എന്ന് ചിലരെങ്കിലും ചിന്തിക്കാതിരുന്നില്ല.
എന്നാല്‍ അധികം വൈകാതെ തങ്ങള്‍ ആഗ്രഹിച്ച കഥയുടെ തുടര്‍ച്ച വെട്ടിമുറിച്ച് അയാള്‍ കുറ്റബോധത്തിന്റെ കുപ്പായമണിഞ്ഞത് വേദനയോടെ ഓഡിറ്റോറിയത്തിലെ ആണ്‍ ഹൃദയങ്ങള്‍ തിരിച്ചറിഞ്ഞു.
'അന്ന് നിങ്ങള്‍ക്കുള്ള പോലെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തരാന്‍ എനിക്ക് ആരും ഇല്ലായിരുന്നു. ആ സ്‌കൂളീന്ന് എന്നെ പുറത്താക്കിയപ്പോഴും കാര്യത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായില്ല. പിന്നെ കൊറേ കാലം കഴിഞ്ഞു ... എനിക്കെന്റെ തെറ്റ് മനസ്സിലാകാന്‍.'
ഓഡിറ്റോറിയത്തിലെ പൊടിപിടിച്ച സിലിങ്ങ് ഫാനുകളില്‍ പൊടുന്നനെ പ്രതീക്ഷകള്‍ തൂങ്ങിമരിച്ചു. മേരിയെ കയറിപ്പിടിച്ചതിന്റെ ബാക്കി പൊട്ടും പൊടിയും എവിടെ നിന്നെങ്കിലും വീണു കിട്ടും എന്ന പ്രതീക്ഷയില്‍ കൗമാരസഭ 'കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം എന്ന ക്ലാസ് മുഴുവന്‍ അക്ഷരങ്ങള്‍ എണ്ണി കേട്ടിരുന്നു. മേരിയെക്കുറിച്ച് ഒന്നും പറയാതെ കുട്ടികളിലെ പ്രതീക്ഷയെന്ന പോലെ ആ ക്ലാസ്സും പതിയെ ഉരുകി തീര്‍ന്നു. പലരും ജോണ്‍ സാമുവലിനെ തെറിയില്‍ മാമോദിസ മുക്കി... അയാള്‍ തന്റെ അവസാന കടമ്പയിലേക്ക് കടന്നു.
'ഇനി ആര്‍ക്കെങ്കിലും വല്ല സംശയവും ഉണ്ടെങ്കില്‍ ചോദിക്കാം.. '
സഭാകമ്പമുള്ള ധൈര്യശാലികള്‍ മേരിക്കഥയുടെ ബാക്കി ചോദിക്കാന്‍ അടുത്തുള്ളവനെ ഇക്കിളിപ്പെടുത്തുന്നതിനിടെയാണ് കട്ടഞ്ചായ തന്റെ ചോദ്യവുമായി കാലിളകിയ ആ ബഞ്ചില്‍ നിന്നും പെട്ടെന്നെഴുന്നേറ്റ് നിന്നത്.
ഉച്ചഭക്ഷണം വാങ്ങി സ്‌ക്കൂളിനുപിന്നിലെ അരമതിലിനു മുകളില്‍ ഒറ്റക്കിരുന്ന് കിണ്ണത്തിലെ വറ്റുകട്ടകള്‍ ചെറുപയറു ചാറു കൂട്ടി ഉടച്ച് കഴിക്കാന്‍ തുടങ്ങിയ കട്ടഞ്ചായക്കരികില്‍ അപ്രതീക്ഷിതമായാണ് അവന്‍ വന്നിരുന്നത്.
'ശ്രീഹരിക്ക് എന്നെ അറിയോ... ഞാന്‍ ഒന്‍പത് ബിയിലേ യാ '
കട്ടഞ്ചായക്കവനെ അറിയാം. മുന്‍പ് കണ്ടിട്ടുമുണ്ട്. കറുമ്പന്‍ വിനോദ് എന്ന് വിളിപ്പേരുള്ള പി വിനോദ് കുമാര്‍. അവന്‍ ഒന്നു ചിരിച്ചെന്ന് വരുത്തി പശക്കട്ടകള്‍ ഉടച്ചു കൊണ്ടിരുന്നു. കറുമ്പന്‍ വിനോദ് തുടര്‍ന്നു....
'നീ ഇന്നാ സാറിനോട് ചോദിച്ചത് ഞാന്‍ കേട്ടു. നിന്നെ കണ്ടപ്പോ മൊതല് എനിക്ക് ഒരു കാര്യം പറയണംന്ന് ണ്ടാര്‍ന്നു. നീ എന്താ പറയാന്ന് അറിയാത്തോണ്ടാ... ഇപ്പൊ ഇനിക്ക് ധൈര്യായി'
'എന്താ..?' കട്ടഞ്ചായ ചോദിച്ചു
'നിന്നെ കണ്ടപ്പോ അന്ന് മുതല് എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാണ്... നിനക്കെന്നെ ഇഷ്ടാണോ?'
ഒറ്റ ശ്വാസത്തില്‍ അവനത് പറഞ്ഞൊപ്പിച്ചു.
കട്ടഞ്ചായ ഇടിവെട്ടേറ്റതു പോലെ വിനോദിനെ തുറിച്ചു നോക്കി. അവന്‍ ഒന്നും പറഞ്ഞില്ല. അരമതലില്‍ നിന്നും പതിയെ താഴെയിറങ്ങി ക്ലാസ്സിലേക്ക് നടന്നു.
ഒരു മറുപടിക്കായി ഒളിഞ്ഞും തെളിഞ്ഞും കറുമ്പന്‍ വിനോദ് കട്ടഞ്ചായയുടെ പിറകെ നടക്കാന്‍ തുടങ്ങി. പ്രണയലേഖങ്ങള്‍ നല്‍കി... വഴിയോരങ്ങളില്‍ കാത്തു നിന്നു. എന്തിനേറെ പറയുന്നു സ്റ്റാഫ് റൂമില്‍നിന്ന് ഇറങ്ങിവരുന്ന വഴി കട്ടഞ്ചായയുടെ ചന്തിക്കിട്ട് തോണ്ടിയ സ്‌ക്കൂളിനടുത്ത് വീടുള്ള സുനിയെ അവന്റെ നാടാണ് എന്ന് പോലും നോക്കാതെ വിനോദ് കയറി തല്ലുക വരെ ചെയ്തു. എന്നാലും വിനോദിനെ കാണുമ്പോഴെല്ലാം കട്ടഞ്ചായ മുഖം തിരിച്ച് നടന്നു. ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ അങ്ങനെ കടന്നുപോയി.
സ്‌കൂളിലെ വാര്‍ഷികത്തിന്റെ അന്ന് രാത്രി സ്റ്റേജിനരികില്‍ കര്‍ട്ടന്റെ കയര്‍ കൈവെള്ളയില്‍ ചുറ്റി സദസ്സിലെ ഇരുട്ടിനും വേദിയിലെ വെളിച്ചത്തിനുമിടയില്‍ തിരശ്ശീല ഉയര്‍ത്താനും താഴ്ത്താനും തയ്യാറായി ജാഗ്രതയോടെ ഇരുന്നിരുന്ന വിനോദിനരികില്‍ അവന്‍ പോലും പ്രതീക്ഷിക്കാതെ കട്ടഞ്ചായവന്നു നിന്നു. സ്‌റ്റേജില്‍ ഒരു ദേശഭക്തിഗാനം അതിന്റെ അവസാന വരികളിലേക്കെത്തിയിരുന്നു. കട്ടഞ്ചായ പതിയെ അവന്റെ ചുമലില്‍ കൈയിട്ട് ചെവിയില്‍ പറഞ്ഞു
'ഒന്ന് നായിടക്കുന്ന് കയറിയാലോ..?'
വിനോദിന് സന്തോഷം അടക്കാനായില്ല. അവന്‍ കര്‍ട്ടന്റെ കയര്‍ തന്റെ ക്ലാസ്സിലെ സുരേഷിനെ ഏല്‍പ്പിച്ച് കട്ടഞ്ചായക്കൊപ്പം ഇരുട്ടിലൂടെ സക്കൂളിന് പിറകിലുള്ള നായടിക്കുന്നിലേക്ക് നടന്നു. മുന്നോട്ട് പോകുംതോറും കറുമ്പന്‍ വിനോദ് എന്ന വട്ടപ്പേര് പോലെ അവന്‍ ഇരുട്ടില്‍ പൂര്‍ണ്ണമായി അലിഞ്ഞു പോകും പോലെ കട്ടഞ്ചായക്ക് തോന്നി. കുന്നുകയറുമ്പോള്‍ പാറക്കെട്ടില്‍ കാലുരഞ്ഞ് താഴേക്ക് തെന്നുമ്പോഴും വിനോദ് കട്ടഞ്ചായയെ മുറുകെ പിടിച്ചു. വിനോദിന്റെ കൈവെള്ളയിലെ ചൂടില്‍ കട്ടഞ്ചായ തണുക്കാതെ നായടിക്കുന്ന് കയറി.
മുകളിലെത്തി കിതപ്പൊന്ന് ശമിച്ചപ്പോള്‍ കട്ടഞ്ചായ വിനോദിന്റെ കണ്ണുകള്‍ പതിയെ മൂടി. ഒന്ന് രണ്ട് കാലടികള്‍ മുന്നോട്ട് വച്ച ശേഷം കട്ടഞ്ചായ കറുമ്പന്‍ വിനോദിന്റെ ചെവിയില്‍ പതിയെ പറഞ്ഞു...
'ഇത് ഞാന്‍ എന്റെ ആദ്യത്തെ പ്രണയത്തിനു നല്‍കുന്ന സമ്മാനം...''
കട്ടഞ്ചായയുടെ കൈപ്പത്തികള്‍ പതിയെ തുറക്കപ്പെട്ടു. വിനോദിന്റെ ഹൃദയം മൂന്നിരട്ടി വേഗത്തില്‍ മിടിച്ചു. കിതപ്പോടെ അവന്‍ ചിരിച്ചു... ചിരിച്ച് ചിരിച്ച് ചുമച്ചു..'
പുകമഞ്ഞുകള്‍ക്കിടയിലൂടെ... ഇരുളുകള്‍ക്കിടയിലൂടെ തിളങ്ങുന്ന ഒരു നക്ഷത്രപൊട്ടായ് അവര്‍ ഇറങ്ങി വന്ന അതേ സ്റ്റേജ്.
അടക്കാന്‍ കഴിയാത്ത ആനന്ദത്തോടെ വിനോദ് കട്ടഞ്ചായയെ ചേര്‍ത്തു പിടിച്ചു. കട്ടഞ്ചായ അവന്റെ മാറിലേക്ക് ചാഞ്ഞു. ബലിഷ്ടമായ കറുത്ത നെഞ്ചിലെ രോമങ്ങളില്‍ കട്ടഞ്ചായയുടെ വിയര്‍ത്ത മുഖം ഉരസി. പെട്ടന്ന് വീശിയ ഒരു കാറ്റില്‍ നിലത്തെ പുല്‍ത്തളിര്‍പ്പിന്റെ തണുപ്പിലേക്ക് അവര്‍ പുണര്‍ന്ന് വീണു. തല കുമ്പിട്ടു നിന്നിരുന്ന തുമ്പപൂക്കള്‍ ആ രാത്രി അവര്‍ക്കായ് മാത്രം വിരിഞ്ഞു. ആകാശത്തെ നക്ഷത്രങ്ങള്‍ കത്തിനിന്ന വിനോദിന്റെ കണ്ണുകള്‍ നോക്കി കട്ടഞ്ചായപറഞ്ഞു..
'എനിക്ക് ദാഹിക്കുന്നു... '
വിനോദ് ചിരിച്ചു, 'എന്റെ ഉമിനീര് തരട്ടെ...'
കട്ടഞ്ചായ വിനോദിന്റെ തടിച്ച് വിടര്‍ന്ന ചുണ്ടിലേക്ക് പതിയെ ഒഴുകിയിറങ്ങി...
'ദാഹം തീര്‍ന്നോ...?' വിനോദ് ചോദിച്ചു..
കട്ടഞ്ചായ ഒന്ന് മൂളുക മാത്രം ചെയ്തു.
'നമുക്ക് കല്യാണം കഴിച്ചാലോ...' വിനോദ് ചോദിച്ചു..
കട്ടഞ്ചായ എഴുന്നേറ്റിരുന്നു... തന്റെ നാവിനടിയില്‍ ഉറവ് പൊട്ടിത്തുടങ്ങിയ കയ്പ്പ് വിനോദ് കാണാതെ കുന്നിനു താഴെ പരന്നു കിടന്ന പാല്‍നിലാവിലേക്ക് നീട്ടി തുപ്പി ചുണ്ട് തുടച്ച് അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
'നിന്റെ ചുംബനത്തിന് ഇന്നലത്തെ കേടുവന്ന കറിയുടെ ചുവ...'
വരണ്ട ചുണ്ടുകള്‍ക്ക് മുകളില്‍ നാവോടിച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നിരുന്ന കറുമ്പന്‍ വിനോദിന് അതൊരു തമാശയാണെന്ന് തോന്നി.