ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അശ്വതി എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ ഫെര്‍നാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാന്‍....
അവന്‍ പുഞ്ചിരിച്ചു. മണല്‍ത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെര്‍നാഡോയേക്കണ്ട് ജുവാന് ചിരി അടക്കാന്‍ സാധിച്ചില്ല. കൗതുകത്തിന്റെ പരകോടിയില്‍ അവന്‍ തന്റെ ചങ്ങാതിയോട് ആ പുഞ്ചിരിക്ക് പിന്നിലെ കാരണം ആരാഞ്ഞു. ഫെര്‍നാഡോ അതൊന്നും കേള്‍ക്കുന്നതേ ഉണ്ടായിരുന്നില്ല. തന്റെ ഒപ്പം ഒരാള്‍ വന്നിരുന്നെന്ന കാര്യം പോലും വിസ്മരിച്ച് അവന്‍ ചിന്തകളില്‍ മുഴുകി നടക്കുകയായിരുന്നു.
'ഇന്ന് നമ്മള്‍ വൈകിയോ ജുവാന്‍. പതിവുകാരെല്ലാം അവിടവിങ്ങളിലായി സ്ഥാനം ഉറപ്പിച്ചല്ലോ?'
ജുവാന്‍ ഒന്ന് മൂളി. അവന്‍ ചോദിച്ചു.
'അല്ല ഫെര്‍ണോ നീ എന്താണ് തനിയേ ചിരിക്കുന്നത്. സാന്‍ഡി ബേ സ്ട്രീറ്റിന്റെ മുക്കും മൂലയും ഓരോ നടത്തത്തിലും സൂക്ഷ്മമായി നിരീക്ഷിക്കാറുള്ള നീ ഇന്ന് പതിവില്ലാതെ മൗനമായാണ് വന്നത്. നിന്റെ ഈ മാറ്റം എന്നെ അസ്വസ്ഥനാക്കുന്നു'
'ഞാന്‍.... ഞാന്‍'-ഫെര്‍നാഡോയ്ക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല. തെല്ല് നിശബ്ദതയ്ക്ക് ശേഷം അവന്‍ തുടര്‍ന്നു.
'നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം ജുവാന്‍?'
ജുവാന്‍ കടലിലേക്ക് നോക്കിയിരുന്നു.
'നീ ഈ കടലിന്റെ ഉള്ള് കണ്ടിട്ടുണ്ടോ ഫെര്‍നോ?'
'ഇല്ല' ഫെര്‍നോ പറഞ്ഞു. 'അത് അത്ര എളുപ്പമുള്ള കാര്യമാണോ?'
'അതെ. അത് തന്നെയാണ് ഫെര്‍നോ. പ്രണയം കടല്‍പോലെയാണ്. ഇറങ്ങിചെല്ലാന്‍ പാകത്തില്‍ കൊതിപ്പിക്കും. മാടി വിളിക്കും. അപകടമാണത്.'
ഇത്രയും വരണ്ട ചിന്താഗതി പുലര്‍ത്തുന്ന ഒരാളോട് പ്രണയത്തെപ്പറ്റി ചോദിച്ചതില്‍ ഫെര്‍നാഡോ ഖേദിച്ചു. അവന്‍ വിദൂരതയിലേക്ക് തന്റെ കാഴ്ചയെ അഴിച്ചുവിട്ടു. ഓരോ തിരയും വര്‍ധിത വീര്യത്തോടെ തീരത്തേക്ക് ഓടിയണയുന്നു. കടല്‍ വിളിക്കുമ്പോള്‍ തിരിക്കെപ്പോകാന്‍ മടിച്ചു തീരത്തെ മുറുകെപ്പിടിച്ചു തിര യാത്രപറയുന്നു.
'അല്ല ജുവാന്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഈ കടല്‍ സൃഷ്ടിച്ചപ്പോള്‍ സ്രഷ്ടാവ് ഓര്‍ത്തുകാണുമോ നമ്മളെപ്പോലുള്ള മനുഷ്യര്‍ കരയില്‍ വന്നിരിക്കുമെന്ന്?'
ജുവാന് കുറേശ്ശെ ദേഷ്യം വന്നു.
'അത് ഓര്‍ത്തിട്ടുണ്ടാകും. പക്ഷേ നിന്നെപ്പോലുള്ള ഭ്രാന്തന്മാര്‍ ഇവിടെ വന്നിരുന്നു പ്രണയത്തിന്റെ അപ്പോസ്തലന്മാരായി മടങ്ങുമെന്ന് ഓര്‍ത്തിട്ടുണ്ടാകില്ല.'
ഫെര്‍നാഡോ ചിരിച്ചു. ജുവാന്റെ കാര്‍ക്കശ്യം അവന് ഇഷ്ടമാണ്. ഒരു പക്ഷേ തന്റെ ഉള്ളിലെ ഏത് നിഴലനക്കത്തെയും ആദ്യമറിയുന്ന ഒരേ ഒരാള്‍ അത് ജുവാന്‍ തന്നെയാണ്. തന്റെ എത്രയും പ്രിയപ്പെട്ട ജുവാന്‍ റോഡ്രിഗസ്.
എന്റെ മാത്രം ജുവാന്‍. ഫെര്‍നാഡോ അവനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു.
'ഒന്ന് പറയൂ ഫെര്‍നോ. നിന്റെ ഉള്ളില്‍ എന്തോ പതിവില്ലാതെ കടന്നുകൂടിയിട്ടുണ്ട്. എനിക്കത് വായിച്ചെടുക്കാന്‍ പ്രയാസമുള്ളതുപോലെ.'- ജുവാന്റെ കണ്ണുകളില്‍ നിരാശ നിഴലിച്ചു.
ഫെര്‍നോയുടെ ഹൃദയത്തില്‍ ഒരു കോരിത്തരിപ്പുണ്ടായി.
'നീ കണ്ടില്ലേ ജുവാന്‍?'
' എന്ത്?'- ജുവാന്‍ കൗതുകത്തോടെ ചോദിച്ചു.
' അന്ന്.. ബോസ്റ്റണ്‍ അഥീനിയത്തില്‍ വെച്ച് നമ്മള്‍ കണ്ടില്ലേ ജുവാന്‍? പാറിപ്പറക്കുന്ന സ്വര്‍ണ്ണത്തലമുടിയുള്ള അവളെ...'
' നീ ആരെക്കുറിച്ചാണ് ഈ പറയുന്നത് ഫെര്‍നോ?'
'അവള്‍... ആ മാര്‍ത്തയെക്കുറിച്ച്...'
ജുവാന്റെ നെഞ്ചില്‍ ഒരാന്തലുണ്ടായി. അഥീനിയത്തിലെ പുസ്തകത്തട്ടുകള്‍ക്കിടയില്‍ നിന്ന് ഫെര്‍നാഡോയെ വലിച്ചുകൊണ്ട് ഇറങ്ങി വന്ന ആ ദിനം അവന്‍ പരിഭ്രമത്തോടെ ഓര്‍ത്തെടുത്തു.
'എന്താണ് ഫെര്‍നോ? നീ അത് മറന്നില്ലേ? ആ കണ്ടുമുട്ടലിന് ശേഷം ദിവസം എത്ര കടന്നുപോയിരിക്കുന്നു?'
ഫെര്‍നാഡോയുടെ മുഖത്ത് ഒരു മന്ദസ്മിതം വിടര്‍ന്നു.
' എനിക്കറിയില്ല. ആ ദിനത്തിന് ശേഷം എന്റെ പകലുകള്‍ക്ക് അനിതരസാധാരണമായ ഒരു സൗന്ദര്യം ഉണ്ടായിരിക്കുന്നു. കാണുന്ന ഓരോന്നിലും എനിക്ക് സൗന്ദര്യം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അവളെയോര്‍ക്കുമ്പോള്‍ എന്റെ വിശപ്പ്, ദാഹം എല്ലാം അകന്നുപോകുന്നു. ആ മടിത്തട്ടിലേക്ക് ചാഞ്ഞുറങ്ങാന്‍, ആ കരവലയത്തില്‍ അമര്‍ന്നിരിക്കാന്‍, ആ ചുണ്ടുകളില്‍ നിന്ന് മാധുര്യമേറ്റുവാങ്ങാന്‍. ജുവാന്‍ അവളെന്നെ വല്ലാതെ കൊതിപ്പിക്കുന്നു.'
തന്റെ ചങ്ങാതിയുടെ സിരകളിലേക്ക് ആഞ്ഞുപടരുന്ന പ്രണയാഗ്‌നിയെ ജുവാന്‍ തിരിച്ചറിഞ്ഞു. അനുനിമിഷം വര്‍ധിക്കുന്ന ഹൃദയമിടിപ്പോടെ അവനൊരു നിശബ്ദതയിലേക്ക് വഴുതിവീണു. ചിന്തകളില്‍ ആ നശിച്ച പകല്‍ ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചുനിന്നു.
വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍ തിരികെ വയ്ക്കണം. പുതിയതെടുക്കണം. മാര്‍ക്വസിന്റെ കൃതികളോടുള്ള നിലയ്ക്കാത്ത ആവേശം ഫെര്‍നാഡോയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അവ വായിച്ചു തീര്‍ക്കുക തന്നെയാണ് ഈ യാത്രയുടെ ഉദ്ദേശം. എടുക്കേണ്ട പുസ്തകങ്ങളെയുമോര്‍ത്ത് ഇറങ്ങിത്തിരിച്ച ആ പകല്‍ അഥീനിയത്തിന്റെ പടവുകള്‍ കയറുമ്പോള്‍ ഫെര്‍നാഡോയുടെ മനസ്സില്‍ മുന്‍പെങ്ങുമില്ലാത്ത ഒരു ആവേശമുണ്ടായിരുന്നു എന്ന് ജുവാന്‍ ഓര്‍ത്തു. അന്ന് ലൈബ്രേറിയന്‍ അന്റോണിയോ പതിവില്ലാതെ ക്ഷുഭിതനായി കാണപ്പെട്ടിരുന്നു. കാരണമറിയാതെ കുഴങ്ങിനിന്ന തന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങിവയ്ക്കുമ്പോള്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചതുപോലെ അയാള്‍ പരിഭ്രമിക്കുന്നുണ്ടായിരുന്നു.
അഥീനിയത്തില്‍ കയറിയത് മുതല്‍ ഫെര്‍നാഡോ ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു. അവന് എത്ര കണ്ടാലും അവിടം നിനയ്ക്കാത്ത കൗതുകങ്ങളുടെ ഭൂമികയാണ്. അവന്‍ നോവലുകളുടെ ഷെല്‍ഫിനടുത്തേക്ക് പോയി.
'കോളറക്കാലത്തെ പ്രണയം' മറിച്ചുനോക്കിക്കൊണ്ട് വായനക്കാരുടെ ഇരിപ്പിടത്തിലേക്ക് നടക്കവേ ആരെയോ താന്‍ തട്ടിയിട്ടതുപോലെ അവന് തോന്നി.
ചടഞ്ഞിരുന്ന് പുസ്തകങ്ങള്‍ മറിച്ചുനോക്കുന്ന വെള്ളാരം കണ്ണുകളില്‍ അവന്റെ കണ്ണുടക്കി.
അവളുടെ കയ്യില്‍ നിന്നും താഴെ വീണ പുസ്തകങ്ങള്‍ എടുത്തുകൊടുത്ത ശേഷം ഫെര്‍നാഡോ ഇരിപ്പിടത്തിലേക്ക് പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ അവനരികില്‍ വന്നിരുന്നു. ഫെര്‍നാഡോയ്ക്ക് അക്ഷരങ്ങള്‍ തന്നില്‍ നിന്ന് അകന്നുപോകുന്നതുപോലെ തോന്നി. സ്വര്‍ണ്ണമുടിയുള്ള, വെള്ളാരം കണ്ണുള്ള പെണ്‍കുട്ടി അവന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തിത്തുടങ്ങിയിരുന്നു. തന്റെ എതിരെയിരിക്കുന്ന അവളെ നോക്കാതിരിക്കാന്‍ അവന് കഴിഞ്ഞില്ല. പുസ്തകത്തില്‍ നിന്ന് കണ്ണെടുക്കാതിരുന്ന അവളുടെ വായനയെ തടസ്സപ്പെടുത്തി ഫെര്‍നാഡോ ചോദിച്ചു.
'അഥീനിയത്തിലെ പുതിയ അംഗമാണോ? മുന്‍പെങ്ങും കണ്ടിട്ടേയില്ല...'
അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ശേഷം ഫെര്‍നാഡോയുടെ കയ്യിലിരുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി.
' താങ്കള്‍ മാര്‍ക്വസിന്റെ ആരാധകനാണോ?'
'അതെ' ഫെര്‍നാഡോ ചിരിച്ചു.
'ഞാന്‍ അദ്ദേഹത്തിന്റെ കൃതികളുടെ നിത്യവായനക്കാരിയാണ്.'
ചോദിക്കാതെയുള്ള ആ പരിചയപ്പെടുത്തല്‍ ഫെര്‍നാഡോയുടെ മനസ്സിന്റെ ചില്ലകള്‍ ഉലയ്ക്കുന്നതായിരുന്നു.
'ഞാന്‍ മാര്‍ത്ത. താങ്കളുടെ പേരെന്താണ്..?'
ഫെര്‍നാഡോയ്ക്കുള്ളില്‍ അപ്പോഴേക്കും ഒരു വസന്തം ആഗമിക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു. അതെ, ഞാന്‍ എന്റെ ഹൃദയചില്ലകളില്‍ പൂവിടര്‍ത്താന്‍ പാകത്തില്‍, കണ്ണുകള്‍ക്ക് ശാശ്വതമായ സന്തോഷം പകരാന്‍ പാകത്തില്‍ പ്രിയമുള്ള ഒരുവളെ... അവന്‍ പുഞ്ചിരിച്ചു.
'ഫെര്‍നാഡോ' അവന്‍ മറുപടി പറഞ്ഞു.
സാന്‍ഡ് ബേ തെരുവിന്റെ ഓരത്താണ് തന്റെ വീടെന്നും വീട്ടില്‍ താന്‍ ഒറ്റക്കാണെന്നും പറഞ്ഞ മാര്‍ത്തയെ അവന്‍ ആകാംക്ഷയോടെ കേട്ടിരുന്നു.
'എനിക്ക് നോവലുകളാണ് ഇഷ്ടം. എത്രയെത്ര ജീവിതങ്ങളാണ് അവ നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്.'
ഫെര്‍നാഡോ പുഞ്ചിരിച്ചു.
'അതെ മാര്‍ത്ത. എങ്കിലും മാര്‍ക്വസ് എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. ഞാനീ മാജിക്കല്‍ റിയലിസത്തിന്റെ ചുഴിയില്‍ അകപ്പെട്ട് പോയിരിക്കുന്നു. എങ്കിലും എനിക്കത് ഇഷ്ടമാണ് മാര്‍ത്ത. ഞാനത് അങ്ങേയറ്റം ആസ്വദിക്കുന്നു.'
'എനിക്ക് ദസ്തയേവ്‌സികെയെയാണ് കൂടുതല്‍ ഇഷ്ടം ' മാര്‍ത്ത പറഞ്ഞു.
'ഫെദോറിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' പോലുള്ള ഒരു കൃതി അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് എഴുതാന്‍ സാധിക്കുക.'
ബുക്ക് വച്ച ശേഷം തിരികെ ജുവാന്‍ എത്തുമ്പോഴേക്കും അവര്‍ നല്ല പരിചയക്കാരായി മാറിയിരുന്നു. അവളുടെ മുഖം കാണാനുള്ള കൗതുകത്താല്‍ ജുവാന്‍ എത്തിനോക്കിയതും അവന്‍ ഞെട്ടി.
'മാര്‍ത്ത! സാന്‍ഡ് ബേയുടെ ദുരന്തസന്തതി. നശൂലം. കുലട. നീ എന്റെ ചങ്ങാതിയേയും...'
അവന്റെയുള്ളില്‍ രോഷം തിളച്ചുപൊന്തി.
' പുസ്തകം എടുത്ത് വേഗം തിരികെപ്പോകുവാന്‍ വന്ന നീ ഇവിടെ മതിമറന്നിരിക്കുകയാണോ ഫെര്‍നോ? വന്നുവന്ന് നിനക്ക് ഒരുത്തരവാദിത്തവുമില്ലാതെയായിരിക്കുന്നു. വരൂ പോകാം'
ഫെര്‍നോ ചലിച്ചില്ല. അവന്റെ കണ്ണുകള്‍ ആ വെള്ളാരം കണ്ണുകളില്‍ ചൂണ്ടയില്‍ മീനെന്നപോലെ കുടുങ്ങിക്കിടന്നു.
' വരൂ ഫെര്‍നോ'- ജുവാന്റെ ശബ്ദം ഉച്ചത്തിലായി. ഫെര്‍നോയെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ജുവാനെ മാര്‍ത്ത ഒരു മന്ദസ്മിതത്തോടെ നോക്കി.
' ഇല്ല കൂട്ടുകാരാ.. നിനക്ക് നിന്റെ ചങ്ങാതിയെ രക്ഷിക്കുവാനാകില്ല... എന്തിന് നിന്നെപ്പോലും'
ജുവാന്‍ പെട്ടെന്ന് ഭൂതകാലത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഫെര്‍നാഡോ കടലിലേക്കും സായാഹ്നസൂര്യനിലേക്കും മാറിമാറി നോക്കിയിരിക്കുന്നു. അവന്റെ ഉള്ളില്‍ പ്രണയത്തിന്റെ നിലാവുദിക്കുന്നത് ജുവാന്‍ കണ്ടു. തന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ അവന് തോന്നി. സിരകള്‍ വലിഞ്ഞുമുറുകുന്നതുപോലെയും.
'ഇല്ല തരില്ല! അവന്‍ എന്റേതാണ്. ഫെര്‍നോ എന്റേത് മാത്രമാണ്'
ഫെര്‍നോ അന്ധാളിച്ചുപോയി.
' ജുവാന്‍. എന്തുപറ്റി? എന്താണ് ജുവാന്‍?'
അവന്‍ ചോദിച്ചു.
'ഇല്ല..... ഒന്നുമില്ല'
'ഞാന്‍ കാണുന്നുണ്ടായിരുന്നു ദിവാസ്വപ്നം കാണുന്നത്. എത്ര നേരം നീളുമെന്നറിയാനാണ് കാത്തിരുന്നത്'
ഫെര്‍നാഡോയുടെ മറുപടി കേട്ട് ജുവാന്‍ കഷ്ടിച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി.
'നമുക്ക് പോകാം ഫെര്‍നോ. രാത്രിയാകുന്നു.'
ജുവാന്റെ അസാധാരണമായ പെരുമാറ്റം കണ്ട ഫെര്‍നാഡോ വീട്ടില്‍ പോയേക്കാമെന്ന് തീരുമാനിച്ചു.
അത്താഴനേരത്ത് മതിമറന്നിരുന്ന് ആഹാരം കഴിക്കുന്ന ഫെര്‍നോയുടെ കാഴ്ച ജുവാനില്‍ ഭീതി നിറച്ചു. രാത്രിയില്‍ ഫെര്‍നോ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്നില്ല.
'ജുവാന്‍' അവന്‍ ഉറക്കെ വിളിച്ചു. ജുവാന്‍ മൂളിക്കേട്ടു. 'എന്തെങ്കിലും പറയൂ. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.''
'എന്ത് പറയണം'-ജുവാന്‍ ചോദിച്ചു.
'നീ പ്രണയത്തെപ്പറ്റി പറയൂ ജുവാന്‍. അതിന്റെ മധുരതാരള്യങ്ങളെപ്പറ്റി പറയൂ...'
ജുവാന്‍ നിശബ്ദത പാലിച്ചു.
'എനിക്ക് നിലാവ് കാണാന്‍ തോന്നുന്നു. ഞാനീ പാതിരാത്രിയുടെ ഓരോ യാമങ്ങളെയും ആസ്വദിക്കുകയാണ് ജുവാന്‍. ഈ തെരുവിന് ഇത്രയും സൗന്ദര്യം ഞാന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ല. അതിന്റെ ഒരോരത്ത് എനിക്കുവേണ്ടി ഒരുവള്‍. ദൈവനിയോഗം അതാകും അല്ലേ ജുവാന്‍?'
ജുവാന്‍ കരച്ചിലിന്റെ വക്കോളമെത്തി.
'ഒന്ന് നിര്‍ത്തുമോ നിന്റെ ഈ സാഹിത്യം. അതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.'
ഫെര്‍നാഡോയുടെ പുഞ്ചിരി മാഞ്ഞു. വിഷാദം ബാധിച്ച അവന്റെ മുഖം കൈകളില്‍ കോരിയെടുത്തുകൊണ്ട് ജുവാന്‍ കെഞ്ചി.
'നോക്കൂ ഫെര്‍നോ, നമുക്ക് ആ സൗഹൃദം വേണ്ട. എനിക്കത് ഇഷ്ടമല്ല ഫെര്‍നോ. അവള്‍... അവള്‍ ഒരിക്കലും നിനക്ക് യോജിച്ച പങ്കാളിയായിരിക്കില്ല..'
ഫെര്‍നാഡോയുടെ മുഖം കൂടുതല്‍ വാടി.
'എന്താണ് ജുവാന്‍ അവളെ കണ്ട ദിവസം മുതല്‍ നീ എന്നെ അവളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നുണ്ടല്ലോ? എന്റെ ഉള്ളിലെ തുടിപ്പുകള്‍ നീ എന്തേ അറിയുന്നില്ല? ഇന്നാള്‍ വരെയും ജീവിച്ചതില്‍ കവിഞ്ഞ് എനിക്കൊരു ഒരുണര്‍വും ഉന്മേഷവും ഉണ്ടായിരിക്കുന്നു ജുവാന്‍. അവള്‍. അവള്‍ ഒരുദിവസം കൊണ്ട് എന്റെ ആരൊക്കെയോ ആയിതീര്‍ന്നതുപോലെ. എന്റെയും അവളുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ. അവള്‍ ആരോരും തുണയില്ലാതെ ഏകാകിയായി ജീവിക്കുന്നവള്‍. അവളെ ഞാന്‍ സ്വീകരിച്ചോട്ടെ ജുവാന്‍.'
'നിന്നെപ്പോലെ.. ഒരുപക്ഷെ നിന്നേക്കാള്‍.'
ജുവാന്‍ പൊട്ടിത്തെറിച്ചു.
' ദുഷ്ടാ, നാളിതുവരെയും കൂടെ നടന്ന എന്നേക്കാള്‍ നിനക്കവള്‍ പ്രിയമുള്ളതായോ? എങ്ങനെ കഴിഞ്ഞു ഫെര്‍നോ നിനക്ക് ഇങ്ങനെ പറയുവാന്‍?'ജുവാന്‍ പൊട്ടിക്കരഞ്ഞു.
'അവളെ നിനക്കറിയും മുന്‍പ് എനിക്കറിയാം. അവള്‍ ഒരു മോശം സ്ത്രീയാണ് ഫെര്‍നോ. ഞാന്‍ കണ്ടുതുടങ്ങി എത്രയോ നാള്‍ കഴിഞ്ഞാണ് ജുവാന്‍ നീ ഈ സാന്‍ഡ് ബേയിലേക്ക് വന്നത്. സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍ പഠിക്കാന്‍ വന്നതിന് ശേഷമല്ലേ ഫെര്‍നോ നിനക്കീ തെരുവ് പരിചിതമായത്. അതിനും എത്രയോ മുന്‍പ് ഇവിടെ വളര്‍ന്ന് നാടിന്റെ ഓരോ സ്പന്ദനവുമറിഞ്ഞ എന്റെ വാക്കുകള്‍ അവഗണിക്കാവുന്നതാണെന്ന് നീ വിചാരിക്കുന്നുണ്ടോ? നമുക്ക് ഈ ബന്ധം വേണ്ട ഫെര്‍നോ അത് അപകടമാണ്...'
'ജുവാന്‍ നീ അതിര് കടക്കുന്നു. ഒരു ചങ്ങാതിയുടെ സ്വാതന്ത്ര്യം നിനക്ക് ഞാന്‍ നല്‍കിയപ്പോള്‍ അത് ചൂഷണം ചെയ്യുവാനാണോ നീ ശ്രമിക്കേണ്ടത്?'
ഫെര്‍നോയ്ക്ക് വീണ്ടും ദേഷ്യം വന്നു.
'ഫെര്‍നോ , നിന്റെ പ്രേമഭാജനമില്ലേ, നിന്റെ മാലാഖ അവള്‍ മന്ത്രവാദിയാണെടാ!'
ഫെര്‍നാഡോ പൊട്ടിച്ചിരിച്ചു.
'ശാസ്ത്രം ഇത്രയും വികസിച്ചിട്ടും നീ ഇത്തരം മണ്ടത്തരങ്ങളില്‍ വിശ്വസിക്കുകയാണോ ജുവാന്‍. കഷ്ടം തന്നെ. എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ചങ്ങാതി.'
'ഫെര്‍നോ ഇത് കേള്‍ക്കൂ'
'നിര്‍ത്ത് ജുവാന്‍.. നിര്‍ത്ത് നിന്റെ ഭ്രാന്ത്. ഒരു പാവം പെണ്ണിനെപ്പറ്റി നിനക്ക് എന്തും പറയാമെന്നാണോ. സാധ്യമല്ല ജുവാന്‍, സാധ്യമല്ല...!'
' ചെല്ലെടാ, ചെല്ല്. ആ കുലടയുടെ കുരുക്കിലേക്ക് ചെല്ല്'- ജുവാന്‍ ഒരുനിമിഷം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.
പിന്നീട് പലവട്ടം ജുവാന്‍ ഫെര്‍നാഡോയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഫെര്‍നോ അവനില്‍ നിന്ന് അകന്നുപോയതല്ലാതെ ജുവാന്‍ പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല.
ദിവസങ്ങള്‍ കടന്ന് പൊയ്‌ക്കൊണ്ടിരുന്നു. ഫെര്‍നാഡോ പ്രകാശവേഗത്തില്‍ വായിക്കുകയാണ്. വേഗം വായിച്ചു തീര്‍ത്തിട്ട് അഥീനിയത്തിന്റെ പടവുകള്‍ കയറാന്‍ അവന്റെ ഹൃദയം വെമ്പല്‍ കൊണ്ടു.
'ഫെര്‍നോ, ഇന്നല്ലേ പുസ്തകങ്ങള്‍ റിട്ടേണ്‍ ചെയ്യേണ്ട ദിവസം.'-ദിവസങ്ങളുടെ മൗനത്തിന് ശേഷം ജുവാന്‍ ഫെര്‍നാഡോയോട് മടിച്ചുമടിച്ച് ചോദിച്ചു.
'ഇങ്ങു തന്നേക്കൂ. ഞാന്‍ മടക്കിവച്ചിട്ട് വരാം.'
'ഒറ്റക്ക് പോകാനാണോ നിന്റെ ഭാവം? ഞാനും വരുന്നു.'- ഫെര്‍നാഡോ വാശിപിടിച്ചു.
'നീ വെറുതെ വാശിപിടിക്കല്ലേ ഫെര്‍നോ. പുസ്തകം ഞാന്‍ വെച്ചുകൊള്ളാം.' ജുവാന്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു.
'എനിക്കിനി നിന്നോട് കലഹിക്കാന്‍ താല്പര്യമില്ല ജുവാന്‍. ഞാനും വരുന്നു. ബോസ്റ്റണ്‍ അഥീനിയത്തിലെ ആരും അവിടെച്ചെല്ലുന്നതില്‍ എന്നെ വിലക്കിയിട്ടില്ല.'-ഫെര്‍നോ കോപം കൊണ്ട് ജ്വലിച്ചു. ഒടുവില്‍ ഒന്നും മിണ്ടാതെ അവര്‍ യാത്രതിരിച്ചു.
അഥീനിയത്തിലേക്ക് നടക്കവേ വേഗം വേഗമെന്ന് അവന്റെ മനസ്സിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു. അവിടെ എത്തിയപ്പോഴേക്കും മാര്‍ത്ത പോകാന്‍ തുടങ്ങുകയായിരുന്നു. ജുവാന്‍ പുസ്തകം വയ്ക്കാന്‍ പോയ തക്കത്തില്‍ ഫെര്‍നാഡോ മാര്‍ത്തയ്‌ക്കൊപ്പം കൂടി.
' ഇന്നെന്താണ് നേരത്തെ പോകുന്നത്?'
'എനിക്ക് കുറച്ച് അവശ്യങ്ങളുണ്ടായിരുന്നു.'- മാര്‍ത്ത പറഞ്ഞു.
'ഇന്ന് ആരുടെ പുസ്തകമാണ് എടുത്തത്? ഫെര്‍നാഡോ ചോദിച്ചു.
'ഡിക്കന്‍സിന്റെ.'
'അതെയോ!' തെരഞ്ഞെടുപ്പുകളെല്ലാം സുന്ദരം മാര്‍ത്ത. നിന്നെപ്പോലെ'- അവന്‍ മനസ്സില്‍ പറഞ്ഞു.
അവര്‍ നടന്നു തുടങ്ങി. സംസാരിച്ചു സംസാരിച്ച് പതിയെ കാലുകള്‍ മുന്നോട്ടുനീങ്ങി.
ജുവാന്‍ പുസ്തകങ്ങള്‍ മടക്കിവച്ച് തിരികെയെത്തിയപ്പോള്‍ ഫെര്‍നാഡോയെ കണ്ടില്ല. അവന്റെ ഉള്ളില്‍ ഒരു തീ പടര്‍ന്നു.
'ഫെര്‍നോ..ഫെര്‍നോ' അവന്‍ ഉറക്കെ വിളിച്ചു.
അന്റോണിയോയ്ക്ക് കാര്യം മനസ്സിലായി. അയാള്‍ കുരിശുവരച്ചു.
'അല്ല മാര്‍ത്ത, വീട്ടില്‍ തനിച്ചാണെന്നല്ലേ പറഞ്ഞത്? വിരസമാകുന്നില്ലേ ഈ ഏകാന്തത?'
' വിരസതയോ? എനിക്കോ?'- മാര്‍ത്ത മന്ദഹസിച്ചു.
'മാര്‍ത്ത എന്നില്‍ നിന്ന് എന്തോ മറയ്ക്കുന്നതുപോലെ. എന്താണ് മാര്‍ത്ത പറയൂ'
'കണ്ടിട്ട് അധികം ദിവസമാകാത്ത ഒരാളോട് തന്റെ ജീവിതം വിളിച്ചു പറയാന്‍ മാത്രം മൂഢയാണ് ഞാനെന്ന് നീ കരുതുന്നുണ്ടോ ഫെര്‍നോ?'
'ഒരിക്കലുമില്ല മാര്‍ത്ത.'-ജുവാന്‍ പുഞ്ചിരിയോടെ പറഞ്ഞു.
സംഭാഷണങ്ങള്‍ അകമ്പടി സേവിച്ച ആ യാത്ര സാന്‍ഡ് ബേയുടെ ഇടുങ്ങിയ വഴിയില്‍ ഒന്നിലെത്തി.
'നിനക്ക് ജീവിക്കാന്‍ കൊതിയുണ്ടോ ഫെര്‍നോ?'-മാര്‍ത്ത ചോദിച്ചു.
'ഉണ്ട്.. ഉണ്ട്.. ആര്‍ക്കാണ് അതിന് കൊതിയില്ലാത്തത്. ഈ പ്രശാന്തസുന്ദരമായ ഭൂമിയും മനോഹരിയായ പ്രകൃതിയും കൊതിപ്പിക്കുന്ന രാത്രികളും കടലും സായാഹ്നങ്ങളും. ഇവിടെ ആരാണ് മാര്‍ത്ത ജീവിക്കാന്‍ ആഗ്രഹിക്കാത്തത്...? '
കൂടെ നീയുണ്ടെങ്കില്‍' അവന്‍ മനസ്സിലോര്‍ത്തു.
' നിനക്കിപ്പോള്‍ മരണത്തെ ഭയമായിരിക്കും അല്ലേ ഫെര്‍നോ?'
കൂടെ നീയുണ്ടെങ്കില്‍ എനിക്ക് മരണവും പ്രിയങ്കരം. അവന്‍ പുഞ്ചിരിച്ചു.
'ഈ ഇടുങ്ങിയ തെരുവിന്റെ നിശബ്ദതയിലേക്ക് ഞാന്‍ നിന്നെ വശികരിച്ചു കൊണ്ട് വന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍. നീ എന്ത് പറയും ഫെര്‍നോ അതിനെക്കുറിച്ച്....?'
ഫെര്‍നോയ്ക്കുള്ളില്‍ ഒരുനിമിഷം തന്റെ പ്രണയം പൂവിടുകയാണെന്ന ചിന്തയുണ്ടായി. നടന്നുവന്ന പാതകളെപ്പോലും മറന്ന് അവന്‍ അവളെക്കുറിച്ച് വാചാലനായി.
'അതേ മാര്‍ത്ത നിന്റെ വെള്ളാരം കണ്ണുകളുടെ ചുഴിയില്‍ ഞാന്‍ അകപ്പെട്ടിരിക്കുന്നു. നീ എന്റെതാകണമെന്ന് ഞാന്‍ മോഹിക്കുന്നു പ്രിയപ്പെട്ടവളേ'
അവന്‍ പറഞ്ഞു നിര്‍ത്തിയതും പിന്നില്‍ നിന്നും ആരോ കഴുത്തില്‍ പിടിച്ചു വലിക്കും പോലെ അവന് തോന്നി.
'മാര്‍ത്താ.......മാര്‍ത്താ...'
അവന്‍ ഉറക്കെ വിളിച്ചു.
ആ നിശബ്ദതയില്‍ അവന്റെ വിളി പ്രതിധ്വനിച്ചു.
'മാര്‍ത്താ, എന്റെ പ്രിയപ്പെട്ടവളേ, നീ എവിടെയാണ്..?'
കഴുത്തിലെ കുരുക്ക് മുറുകുന്നത് അവന്‍ അറിഞ്ഞു. അവന്‍ തിരിഞ്ഞുനോക്കി.
'മാര്‍ത്താ... നീ...?'
'അതേ ഫെര്‍നോ ഞാന്‍ തന്നെ. എന്ത് കരുതി നീ? ഞാന്‍ നിന്റെ ഉത്തമസുഹൃത്താണെന്നോ? അല്ല ഫെര്‍നോ. നീ എന്റെ ഇരയാണ്. പതിനേഴാമത്തെ ഇര!'
അവന്‍ സംശയഭാവത്തില്‍ മുഖം ചുളിച്ചു.
'നീ ഓര്‍ക്കുന്നുണ്ടോ ഫെര്‍നോ എന്റെ അമ്മയെ? മന്ത്രവാദിയെന്ന് പറഞ്ഞ് സാന്‍ഡ് ബേയുടെ പുരുഷസന്താനങ്ങള്‍ കല്ലെറിഞ്ഞുകൊന്ന നടാഷയെ?'
ഫെര്‍നോ നന്നേ ഭയന്നുപോയിരുന്നു.
'ജുവാന്‍....എന്റെ ചങ്ങാതീ നീ പറഞ്ഞതെല്ലാം സത്യമായിരുന്നല്ലോ'-അവന്‍ അലറിവിളിച്ചു.
'ഇല്ല ഫെര്‍നോ. നിന്നെ കേള്‍ക്കാന്‍ ഒരാളും ഈ തെരുവോരത്തില്ല. ജുവാന്‍, ആ വിഡ്ഢി നിന്നെ തിരഞ്ഞുമടുത്ത് ഇപ്പോള്‍ വിശ്രമിക്കുന്നുണ്ടാകും.'
'എന്തിനാണ് മാര്‍ത്ത നീ എന്നെ.' - ഫെര്‍നോയ്ക്ക് ചോദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
'നിന്നെ മാത്രമല്ല ഫെര്‍നോ. സാന്‍ഡ് ബേയുടെ സന്താനങ്ങളെയെല്ലാം ഒന്നൊഴിയാതെ ഞാന്‍ തീര്‍ക്കും. എനിക്കവരെ പ്രീതിപ്പെടുത്തണം. നടാഷയെ, എന്റെ അമ്മയെ. നിനക്കറിയുമോ ഫെര്‍നോ? ഞങ്ങള്‍ എത്ര ആഹ്ലാദത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന്. വിഭവസമൃദ്ധിയില്ലെങ്കിലും ഞങ്ങള്‍ മൂന്നുനേരം ഭക്ഷണം കഴിച്ചിരുന്നു. അമ്മ ഞങ്ങളെ ഊട്ടിയിരുന്നു. നിങ്ങള്‍ കൊന്നുകളയും വരെ. എന്റെ അമ്മ മന്ത്രവാദിയായിരുന്നില്ല ഫെര്‍നോ. സാന്‍ഡ് ബേയുടെ ഓരത്തെ ആ വീടിന് മുന്നില്‍ മാത്രം തുടര്‍ന്ന വാഹനാപകടങ്ങളുടെ കാരണം ഞങ്ങള്‍ക്കും അറിയില്ലായിരുന്നു. നാട്യങ്ങളില്ലാത്ത ഒരു സ്ത്രീ ഏത് വിധേന പുരുഷന്മാരെ വശീകരിക്കും? ദയയും കാരുണ്യവുമുള്ള അവരെങ്ങനെ ആളുകളെ കൊന്നൊടുക്കും? അത് ആ തെരുവിന്റെ ശാപമാണ് ഫെര്‍നോ. വേണ്ടവിധം നിര്‍മ്മിക്കാതെ വിട്ടുകളഞ്ഞ ഹൈവേ എഞ്ചിനീയറുടെ പരാജയമാണ്. അതെങ്ങനെ എന്റെ അമ്മ ചെയ്തതാകും?'
'നീ ഓര്‍ക്കുന്നുണ്ടോ ഫെര്‍നോ, ആ ജോസ് ആര്‍ക്കേഡിയോ ബുവണ്ടിയാ സങ്കല്പത്തില്‍ കണ്ട കണ്ണാടിഗ്രാമത്തെ സഫലമാക്കിയത്? അതവന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു. ഇത്... ഇത് എന്റെയും!'
'എനിക്കും നിന്നെ ഇഷ്ടമായിരുന്നു ഫെര്‍നോ'-മാര്‍ത്തയുടെ ആ വാക്കുകള്‍ കേട്ടതും ഫെര്‍നോയുടെ കണ്ണുകള്‍ വിടര്‍ന്നു.
'എനിക്കിഷ്ടമുള്ളവരെയെല്ലാം ഞാന്‍ എന്റെ അമ്മക്ക് അരികിലേക്കാണ് പറഞ്ഞയയ്ക്കുക. നിനക്കും വിട ഫെര്‍നോ.. എന്റെ അനശ്വരപ്രണയമേ നിനക്ക് വിട.'
മാര്‍ത്ത ഫെര്‍നോയുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ശേഷം അവന്റെ കഴുത്തിലെ കുരുക്ക് അവള്‍ മുറുക്കി.
'മാര്‍ത്താ അരുത് മാര്‍ത്താ'-ദയനീയ സ്വരത്തില്‍ അവന്‍ അലറി.
'ജുവാന്‍ എവിടെയാണ് നീ? ഒരിക്കല്‍ക്കൂടി കാണാന്‍. ഒന്ന് മാപ്പ് അപേക്ഷിക്കാന്‍..'
സാന്‍ഡ് ബേയുടെ തെരുവുകളില്‍ ഒരു പ്രതിധ്വനിയോടെ ഫെര്‍നോയുടെ ശബ്ദം നിലച്ചു. മാര്‍ത്ത വേഗം അവിടെ നിന്ന് മടങ്ങി.
ഫെര്‍നാഡോയെ തിരഞ്ഞുക്ഷീണിച്ച് ജുവാന്‍ സാന്‍ഡ്‌ബേയുടെ ഇടുങ്ങിയ വഴികളിലൂടെ നടന്നു.
'എന്റെ പ്രിയപ്പെട്ടവനേ നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു? എന്റെ ഫെര്‍നോ. എവിടെയാണ് നീ....?'
രാത്രിയായിട്ടും തിരച്ചിലവസാനിപ്പിക്കാന്‍ അവന് കഴിഞ്ഞില്ല. അപ്പോഴേക്കും മഴ വീണിരുന്നു. മഴയിലും തളരാതെ അവന്‍ നാനാവഴിയിലും ഓടി നടന്നു വിളിച്ചു.
' ഫെര്‍നോ... എന്റെ പ്രിയപ്പെട്ട ഫെര്‍നോ'
ഒടുവില്‍ സാന്‍ഡ് ബേയുടെ ഒരു ഇടവഴിയില്‍ തണുത്ത് മരവിച്ച് കിടന്ന ഫെര്‍നാഡോയെ അവന്‍ കണ്ടെത്തി ചേര്‍ത്തുപിടിച്ചു.
'എന്റെ ഫെര്‍നോ. ഫെര്‍നാഡോ ലിയോത്തോ. എന്റെ സഹപാഠി. എന്റെ മാത്രം ചങ്ങാതി. പ്രാണന്റെ പാതി. എഴുനേല്‍ക്കൂ ഫെര്‍നോ'
വാക്ക് മുഴിപ്പിക്കും മുന്‍പ് കഴുത്തില്‍ ഒരു കുരുക്ക് വീഴുന്നത് അവന്‍ അറിഞ്ഞു.
'ഘാതകീ , നിനക്ക് ഇനിയും മതിയായില്ലേ? എന്റെ ഫെര്‍നോയെ നീ..' അവന്‍ മാര്‍ത്തയുടെ കഴുത്തില്‍ പിടിമുറുക്കി.
അവള്‍ കുതറിമാറി. ജുവാന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി അവള്‍ രണ്ട് ചങ്ങാതിമാരെയും ഒരുമിച്ച് യാത്രയാക്കി.
അവള്‍ അലറി.
'നടാഷാ, എന്റെ പ്രിയപ്പെട്ട മാതാവേ. ഇതാവരുന്നു സാന്‍ഡ് ബേയുടെ പൊന്നോമനകള്‍. നീ വേണ്ടവിധം സ്വീകരിച്ചുകൊള്‍ക'
ശേഷം അവള്‍ സാന്‍ഡ് ബേയുടെ ഓരത്തെ വീട്ടിലേക്ക് നടന്നു. അന്നും പതിവുപോലെ സാന്‍ഡ് ബേയുടെ ആകാശം ഇരുണ്ട് കാണപ്പെട്ടു. ഒപ്പം തെരുവ് വീഥികളും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...