ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അര്‍ജുന്‍ അടാട്ട് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പെരക്കഴുക്കോലിന്റെ ഇടയില്‍ തിരുകിയ ചന്ദനക്കാതലൊന്ന് മണത്ത് കൊണ്ടാണ് ചേണ്ടന്റെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും. ചന്ദനക്കാതലെന്ന് പറയുമ്പോ ചൂണ്ടാണി വിരലോളം പോന്നൊരു ചീള്. പള്ളിയാലപ്പറത്ത് വീട്ടിലെ വളപ്പില്‍ പടുമുളച്ച ചന്ദന മരം മൂപ്പെത്തുന്നതിന് മുന്നേ മുറിക്കാനന്ന് പറഞ്ഞത് അവിടുത്തെ കാരണവര് തന്നെയാണ്.
പുറമെ നാലാളറിയാതിരിക്കാന്‍ കൂലിപ്പുറത്ത് കളറ് വെള്ളം വാഗ്ദാനം ചെയ്‌തെങ്കിലും ചേണ്ടന്‍ അത് വേണ്ടാന്ന് തന്നെ ഉറച്ച് നിന്നു. പകരം ചോദിച്ചത് ഒരു ചീളെങ്കിലും ചന്ദനക്കാതലാണ്.
പല്ലു കടിച്ചൊന്ന് കടുപ്പിച്ച് നോക്കിയെങ്കിലും 'കാതല് തരില്ല, മണത്തിനാണേ കാതലിന്റെ അടുത്ത്ന്ന് അര്‍ടന്നൊരു ചീളെടുത്തോ' എന്ന് കാരണോര് കരുണ കാട്ടി.
'അല്ല ന്റെ ചേണ്ടാ. വീട്ടില് കുളീല്ല, നനേല്യ, വിളക്കും പൂജേം തീണ്ടില്ല. അണക്കെന്തിനാ പിന്നെ ചന്ദനച്ചീള്' എന്ന് പുഛത്തോടെ മൂക്കത്ത് വിരല്‍ വച്ചത് പക്ഷെ ചേണ്ടന് നൊന്തില്ല. ചേണ്ടന്‍ ചന്ദനം മണപ്പിക്കയായിരുന്നു.
എപ്പോ ചന്ദനം മണപ്പിക്കുമ്പോഴും ചേണ്ടന്‍ തെക്കും പറമ്പുകളോര്‍ക്കും. ചിതയെരിഞ്ഞ് ഏഴാം പക്കം എല്ല് പെറുക്കി കുഴി മൂടി അവിടെ വാഴ വയ്ക്കും. ആ വാഴയില്‍ കുലക്കുന്നത് നായാടിക്കുള്ളതാണ്. മരിപ്പ് നടന്നാല്‍ നായാടിയെ ആരും അറിയിക്കണ്ട. പുക കണ്ട്ട്ടായാലും മണത്ത് ട്ടായാലും നായടി മരിപ്പറിയും, വാഴ നടുന്ന ദിവസം കുറിക്കും.
'ഇന്നേക്ക് ഏഴന്തി പുലരുമ്പോ വാഴ വെക്കും.'
ചേണ്ടന്റെ അച്ഛന്‍ തെക്കും തൊടികള്‍ നോക്കി പറയാറുണ്ടായിരുന്നു. കുല വെട്ടാന്‍ നേരം ചേണ്ടനേയും കൂട്ടി തന്ത എത്ര തെക്കും തൊടികള് കേറി!
വാഴപ്പൂവ് ആദ്യം വെട്ടും. പിന്നെ കുല. എന്നിട്ട് വാഴവെട്ടി ഉണ്ണിത്തണ്ടും ചീകിയെടുക്കും. കുറച്ചീസം കുശാലാണ്. ആണ്ടാത്ത് കുന്ന്മ്മന്ന് മുയലോ മൈനയോ പുള്ളോ വല്ലപ്പോഴും മുള്ളം പന്നിയോ എയ്ത് പിടിച്ചത് വെട്ടിയ കായും ഉണ്ണിത്തണ്ടും കൂട്ടി വേവിച്ച് തിന്നും. ചേണ്ടന്റെ അച്ഛന് ഉപ്പും മുള്കും കൂടാതെ കുന്നിന്റെ മോളീന്ന് കിട്ടണ ചെടികളും മര പട്ടകളുമൊക്കെ കറിയില്‍ ചേര്‍ത്ത് രുചി കൂട്ടാന്‍ അറിയാം. അതൊക്കെ ചേണ്ടനും പഠിച്ചിട്ടുണ്ട്.
'ചേണ്ടാ, ഞാന്‍ ചാവുമ്പോ ഈയെന്നെ ചന്ദനത്ത്മ്മെ വച്ച് എരിക്ക് േട്ടാ. ഏഴാം പക്കം വാഴ നട്ട് കുലച്ചാ ഏതെങ്കിലും നായര്‍ക്കോ നമ്പൂരിക്കോ കൊടുത്തോ. ഓല് ന്റെ വെണ്ണീറ് തിന്ന് തടി നന്നാക്കട്ടെ'
കള്ളിന്റെ മത്തില്‍ പറയണതാണേലും അത് മൂപ്പര് ടെ ഒടുക്കം വരേത്തെ ആഗ്രഹാരുന്നു. അത് നടന്നില്ല പകരം ഇപ്പോ അത് ചേണ്ടന്റെ മോഹമാണ് വാശിയാണ്. അന്ന് ചന്ദന ചീള് കിട്ടിയപ്പോ ചേണ്ടന്‍ സന്തോഷിച്ചതിത്തിരിയൊന്നുമല്ല. പിന്നീടവിടുന്ന് ഏത് പറമ്പില് പണിക്ക് പോവുമ്പളും ചേണ്ടന്റെ കണ്ണ് പടുമുളച്ച ചന്ദനതൈ തിരയും.
കാലം ഒട്ട് കഴിഞ്ഞു. ചേണ്ടന്റെ മുടിയെല്ലാം നരച്ച് കൊഴിഞ്ഞു. ചന്ദനത്തിന്റെ മോളിലെരിയണമെന്നത് ചാരം മൂടിയ കനല്‍കണക്കുളള ഒരു മോഹം മാത്രമായി. എന്നാലും ചേണ്ടന്റെ കണ്ണ് ചന്ദനം പരതു,ം അഥവാ ചേണ്ടന്റെ കണ്ണ് തിരയുന്നത് ചന്ദനം മാത്രമാണ്.
ചേണ്ടന്‍ ചോദിച്ചാലാരും ചന്ദനച്ചീള് തരില്ലാന്ന് പറയില്ല. നാടന്‍ കോഴിക്കറിയില്‍ കാട്ടുമല്ലിയും പച്ചത്തണ്ടന്‍ തുളസിയും കൂട്ടിയ മസാല എത്ര ചേര്‍ക്കണം. ഇനി ഇറച്ചിക്കോഴിയാണെങ്കില്‍ കറുവേപ്പിന്റെ പൂവ് പുറത്തെ ചൂട് നോക്കി വെന്തിട്ട് വിതറണോ വേവിന് മുമ്പ് വിതറണോ എന്നിങ്ങനെ കാട്ടറിവിന്റെ ചെപ്പടിവിദ്യകള്‍ പള്ളിയാലപ്രത്തും തട്ടാരൊടീലും തണ്ടോം വീട്ടിലുമൊക്കെ പറഞ്ഞു കൊടുക്കുന്നത് ചേണ്ടനാണ്.
മിക്കവാറും ശനിയും ഞായറും ഒക്കെ ചേണ്ടന് പറമ്പില് പണീണ്ടാവും. വിരുന്നുകാരുടെ ബഹളത്തിനിടക്കും മാളുവമ്മയും ശാന്തേട്ത്തിം ഒക്കെ അടുക്കള ജനലിന്റടുത്ത് വന്ന് കൂട്ട് ചോദിക്കും. ചേണ്ടന്‍ കറിയുടെ മണം പിടിച്ച് പറഞ്ഞ് കൊടുക്കുന്നതനുസരിച്ച് കൂട്ടിയിളക്കി വേവിച്ച് അവര് വിരുന്നുകാര്‍ക്ക് മുന്നില്‍ ഞെളിയും. വായില്‍ വെള്ളമൂറിച്ച് കൊണ്ട് ചേണ്ടന്‍ പണി മാറ്റി ഉച്ച തിരിഞ്ഞ് ഉണ്ണാന്‍ വടക്കോറത്തെ നിലത്തിരിക്കുമ്പോ ഇലയുടെ അറ്റത്ത് രണ്ടിറ്റ് ചാറും പേരിന് കഷണവും കിട്ടും. കിട്ടിയ കഷണം ഒന്നാണെങ്കിലും രണ്ടാണെങ്കിലും പാതി ചേണ്ടന്‍ മാറ്റിവക്കും അത് കാടനുള്ളതാണ്. കറുത്ത രോമവും മുടി പിന്നിയ പോലെ തൂങ്ങിയ ചെവിയുമുള്ള നായയാണ് കാടന്‍. ചേണ്ടന്‍ തന്നെയാണ് കാടന് ആ പേരിട്ടത്.
രണ്ട് മൂന്നാണ്ട് മുന്നേ കുന്നും പുറത്ത് തലേന്ന് തട്ടിയ മിന്നലില്‍ കൂണ് മുളച്ചോന്ന് നോക്കാന്‍ പോയപ്പോ റബ്ബറ് കാട്ടിന്റെ ഉള്ളീന്ന് മോങ്ങല് കേട്ടു. മഴയില് നനഞ്ഞ് വിറച്ച് കാടന്‍. കൂടെക്കൂട്ടി, ഇപ്പോ ചേണ്ടന് ആരുമില്ലാന്നൊരു തോന്നലില്ല. വല്ലപ്പോഴും കിട്ടുന്ന ഇറച്ചി കാടന് വല്യേ കാരൃമാണ്. വാലിനൊപ്പം മൂടും നടുവും ഇളക്കി സ്‌നേഹം കാട്ടും.
'ചേണ്ടാ അന്റെ പട്ടീനേം പൂച്ചേനേം ഒന്നും ഈ പറമ്പില് കേറ്റണ്ടാ' എന്നിങ്ങനെ പതിവ് ശകാരങ്ങള്‍ പലരും പറയും. അത് കേക്കുമ്പോ ചേണ്ടന് ഈര്‍ഷ്യ വരുമെങ്കിലും ഇറച്ചി വേവണ മണം കേട്ട് കൊതിപിടിച്ച് വരണ കാടനെ നെഞ്ചെരിച്ചിലോടെ മടലെടുത്ത് വീശി ഓടിച്ചിട്ട് 'എല്ല് വല്ലതും ബാക്കിണ്ടെങ്കി ഓന് വെക്കണേ' എന്ന് സങ്കടത്തോടെ കെഞ്ചും അയാള്‍.
'എന്തിനാ ഇബ്‌റ്റോളേ അടുക്കളടവടക്ക് കൊണ്ടരണ്?'-മാളുവേടത്തിയോടൊരിക്കല്‍ അവിടുത്തെ വിരുന്നുകാരി ചോദിച്ചതാണ്.
ആദ്യം കാടനെയാണ് പറയുന്നതെന്ന് ചേണ്ടന് നീരസം തോന്നി.
'എന്ത് ജാത്യാണാവോ'- വിരുന്നുകാരി ഇറച്ചിക്കറിയുടെ രുചി നോക്കുന്നതിനിടക്ക് പറഞ്ഞു.
'നായാട്യാര്‍ന്നു തന്ത'- മാളുവേടത്തി അടക്കം പറഞ്ഞു.
അന്ന് ചേണ്ടന് വടക്കോറത്തായിരുന്നില്ല ഊണ്.
'പറമ്പിലന്നെ ഇരുന്നോ ചേണ്ടാ, വടക്കോറത്ത് നല്ല ചൂടാ'-മാളുവേടത്തി പറമ്പിലെ കല്ല് വെട്ടും കുഴി കാണിച്ച് പറഞ്ഞു. അവടെ അടുക്കി വച്ചിരിക്കുന്ന വെട്ടുകല്ലുകള്‍ക്ക് മുകളില്‍ ഇലയില്‍ ഊണുമായി ചേണ്ടന്‍ ചെന്നിരുന്നു. വയറ് കത്തണ വിശപ്പ് ണ്ടായിട്ടും വറ്റൊന്നും ഇറങ്ങീല. അയാള്‍ കണ്ണും ചങ്കും കലങ്ങി ഒരൊറ്റ ഇരിപ്പിരുന്നു. അന്ന് കാടന് രണ്ട് കഷണം ഇറച്ചി കിട്ടി.
ഇങ്ങനെ ചങ്ക് പിടയുമ്പോ ചേണ്ടന്‍ പോവാറുള്ളത് ദേഗ്വേടത്തിടെ അടുത്തിക്കാണ് പള്ളിയാലപ്പറത്ത് വീടിന്റെ കണ്ടവും ഇടവഴിക്കടുത്തെ കുളവും കഴിഞ്ഞുള്ള തിരിവിലാണ് ദേഗ്വേടത്തി ടെ വീട്. മൂപ്പത്ത്യാരും ഒറ്റക്കാണ്. അവടെ വിരുന്നുകാരേയും കാണാറില്ല. ദേഗ്വേടത്തി വല്ലപ്പോഴുമൊക്കെ വീട് വിട്ട് ഇറങ്ങൂ എന്തെങ്കിലും വാങ്ങാന്‍ തന്നെ ചേണ്ട നെയാണ് ഏല്‍പ്പിക്കാറ്.
'ഞാനൊന്ന് വീണാ അറിയാനും വന്ന് നോക്കാനും നീയ്യേണ്ടാവൂ ചേണ്ടാ' ദേഗ്വേടത്തി അങ്ങനെ പറയുമ്പോ ചേണ്ടന് ആദ്യം ഒരു സന്തോഷം തോന്നി. ചേണ്ടനെ വിശ്വസിക്കുന്ന ഒരാള്. ചേണ്ടനും ആരോ ആണ്! പിന്നെ സങ്കടം തോന്നി. ദേഗ്വേടത്തി ഒറ്റക്കായോണ്ടല്ലേ ഇങ്ങനെ, ഒറ്റക്കാവ്‌ണേന്റെ വെഷമം ചേണ്ടന് അറിയാം. കാടനും കൂടിയില്ലെങ്കില് ചേണ്ടന് ഭ്രാന്ത് വന്നേനെ.
ദേഗ്വോടത്തി പറയുന്ന കഥകളും വാര്‍ത്തകളും കേട്ടാലും കേട്ടാലും ചേണ്ടന് മടുക്കില്ല.
'ആരോടും പറയരുത്ട്ടോ..'എന്ന കരാറിന് പുറത്ത് ചേണ്ടന്‍ ഇടക്കൊക്കെ ദേഗ്വേടത്തിക്ക് മയില്‍പീലി, ചെറുതേന്‍ , കറുപ്പട്ട തൊലി, കൈതപ്പൂ തളിര് എന്നീ വകകളൊക്കെ കൊണ്ടുവന്ന് കൊടുക്കും. എല്ലാം കുന്നിന്റെ റബറും കാട് കഴിഞ്ഞുള്ള ചെരുവിന്നാണ്.
'ഇതൊക്കെ ഇണ്ടെന്നറിഞ്ഞാ എല്ലാരും കൂടിന്റെ കുന്ന് കേറി എരപ്പാക്കും.'
ചേണ്ടന് അത് ചേണ്ടന്റെ കുന്നാണ്.
'അണക്ക് പ്രാന്താ ചേണ്ടാ... ഇവടെ ള്ളോര്‍ക്ക് ഒണക്കമാവന്നെ കിട്ടാനില്ല്യ അപ്പളാന്റൊരു ചന്ദനം' എന്ന് ദേഗ്വേടത്തി നിരുത്സാഹപ്പെടുത്തിയതില്‍ പിന്നെ ചേണ്ടന്‍ ചന്ദനമുട്ടീടെ കാര്യം ദേഗ്വേടത്തിയോട് പറഞ്ഞിട്ടില്ല. എന്നാലും മൂപ്പത്ത്യാരോട് ദേഷ്യമൊന്നുമില്ല ചേണ്ടന്. ചന്ദനം തിരയല് നിര്‍ത്ത്യാ പിന്നെ എന്തിനാണ് ദിനവും തിന്നണതും കുടിക്കണതും പണിക്ക് പോണതുമെന്ന് പോലും ചേണ്ടന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ആ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ചേണ്ടന്‍ ബീഡി വലിക്കാത്തതും കള്ള് കുടി വല്ലപ്പോഴും മാത്രമാക്കിയതും.
അതെ ചേണ്ടന്‍ ചെലപ്പൊ ക്കെ മോന്താറ്ണ്ട്, അത് കള്ളിന്റെ മത്തിന് മാത്രല്ല ഷാപ്പില്‍ ഇരിക്കുന്നതിന്റെ സുഖം ആസ്വദിക്കാനുമാണ്. ഷാപ്പിലാവുമ്പോ ചേണ്ടന് ബെഞ്ചിലിരിക്കാം, തോര്‍ത്ത് തലേകെട്ടാം. ചേണ്ടന്‍ വച്ച കറി കഴിക്കേം കഴിപ്പിക്കേം ചെയ്യാം. ആരം മോന്ത കറുപ്പിക്കില്ല, മറുത്ത് പറയില്ല. പക്ഷെ കള്ള് കുടിച്ചാ ചേണ്ടന്‍ പലപ്പോഴും ചന്ദനത്തിന്റെ കാര്യം മറക്കാറുണ്ട്. പിന്നെ മേലാസകലം വിയര്‍ക്കേം ചെയ്യും. അങ്ങനെ വിയര്‍ത്ത് നീരെറങ്ങി മൂക്കടയാറുംണ്ട്. മൂക്കടഞ്ഞാ ചന്ദനത്തിന്റെ മണം കിട്ടില്ല. അല്ലാണ്ടൊരു ജലദോഷപ്പനി പോലും ചേണ്ടന് വരാറില്ല. അത് കൊണ്ട് കള്ള് മോന്തണത് ഇഷ്ടമാണെങ്കിലും ചേണ്ടന്‍ വല്ലപ്പോഴുമേ മോന്തു.
പക്ഷെ പതിവില്ലാതെയന്ന് പനി വന്നപ്പോ ചേണ്ടന്‍ ഒന്നമ്പരന്നു.
ചേണ്ടന്‍ കള്ള് മോന്തീര്‍ന്നു. പക്ഷെ അത് ഒട്ടീസം മുന്നേയാണ്. ഹൊ! അതൊരു മോന്തലായിരുന്നു ആണ്ടാത്ത് മരമില്ല് കഴിഞ്ഞുള്ള പാടത്തിന്റെ മൂലക്ക്ള്ള തെങ്ങിന്‍ തോപ്പിലൊളിച്ചിരിക്കുന്ന ഷാപ്പ്. ചേണ്ടന്‍ അവിടെ പൈസയായിട്ട് കൊടുക്കാറില്ലെങ്കിലും, കറിവച്ചു കൊടുത്തോ ഒര് കെട്ട് കൂണ് കൊടുത്തോ ഒക്കെ കള്ള് ഒപ്പിക്കും.
അന്ന് ഷാപ്പില് ചെന്നപ്പോ നല്ല തിരക്ക്. ചേണ്ടന്‍ പതിവ് മാറി ഒന്നരേ കൂടുതല്‍ അകത്താക്കി. പുറമേന്ന്ള്ള ചെക്കന്‍മാരും ണ്ടാര്‍ന്നു. അവരൊക്കെ മൂട്ടി മൂട്ടി ഒടുക്കം ഒന്നര തെങ്ങിന്റെ പിരിപ്പില്‍ ചേണ്ടനൊരു പാട്ടും പാടി.
'പച്ച പൂടള്ള തത്ത കിളിക്കൊരു
ചോന്ന ചുണ്ടുണ്ടതെന്തിനാ?
പച്ച മൊളകും ചക്കര മാതിരി
കടിച്ച് തിന്നാന്‍ ചോത്തിരിക്കണ ചുണ്ടാണേ'
ഇതൊക്കെ ചേണ്ടന് കള്ള് കുടിച്ചാ വായില് വരുന്ന പാട്ടാണ്. പിന്നീടത് പാടാന്‍ പറഞ്ഞാ മറന്നിട്ടുമുണ്ടാവും.
എന്തായാലും കള്ളിന്റെ ഈഷല്പനി കൊറേ കഴിഞ്ഞിട്ടാണ് വന്നിരിക്കണത് എന്ന് ചേണ്ടന്‍ ഊഹിച്ചു.
കാടന്‍ ഇടക്കിടെ വന്ന് കുരക്കുന്നും കാല് നക്കുന്നുമുണ്ട്. ചേണ്ടന്‍ മെല്ലെ എഴുന്നേറ്റിരുന്നു പനി കുറഞ്ഞോണ്ടാവും വിശപ്പ് ചേണ്ടനെ തളര്‍ത്തി. ഒരാളൊന്ന് പിടിച്ചെണിപ്പിക്കാന്‍ വന്നെങ്കിലെന്ന് ചേണ്ടന്‍ ആശിച്ചു. പനിക്കൂര്‍ക്കയോ തുളസിയോ പറിച്ച് വാട്ടി നീരെടുത്ത് കുടിച്ചാ തലവേദനേം മൂക്കടച്ചിലുമെങ്കിലും മാറുമായിരുന്നു. കാടന്‌ണ്ടോ ഇതൊക്കെ പറിക്കാനും വാട്ടാനും നിശ്ചയം. ഓന് വാലാട്ടാനും നക്കി തൊടച്ച് സ്‌നേഹം കാട്ടാനും അറിയാം പാവം.
എന്നാലും ന്നൊന്ന് കാണാഞ്ഞിട്ട് പടിഞാറപ്രത്ത് ന്ന് പോട്ടെ, ദേഗ്ഗ്വേടത്തി പോലും ആളെ വിട്ടില്ലല്ലോ എന്ന ചിന്ത ഒറ്റപ്പെടലിന്റെ കനം പിടിച്ച് ചേണ്ടന്റെ ചങ്കില്‍ തൂങ്ങി . ചേണ്ടന് കാടന്‍ മാത്രേ ഉള്ളൂ!
എന്തായാലും ദേഗ്ഗ്വേടത്തിയോ കഞ്ഞി വെള്ളമെങ്കിലും തരും .
കൂരയില്‍ ന്ന് പുറത്തിറങ്ങുമ്പോ ചേണ്ടന്‍ പതിവ് പോലെ ചന്ദനച്ചീള് കയ്യിലെടുത്ത് മണത്തു. ചേണ്ട ന്റെ നെഞ്ചിലൊരു കാളല് കാളി!
മൂച്ചിക്കാതലോ പ്ലാശ്ശി കാതലോ മണത്ത പോലെ. ചന്ദനച്ചീളിന് മണമില്ല ചേണ്ടന്‍ ചീള് തിര്ച്ചും മറിച്ചും നോക്കി! അതേ ചീള് തന്നെ പക്ഷെ മണമില്ല!
ചേണ്ടന്റെ ഉള്ളില്‍ എന്തോ പിടഞ്ഞു. അത് ചേണ്ടന്റെ ചങ്കിനെ കൊത്തി നീറ്റി. ചേണ്ടന്‍ വായ തുറന്ന് ശബ്ദമില്ലാതെ കരഞ്ഞു. ചന്ദനച്ചീള് നിലത്തിട്ട് കുറേ നേരം മുറ്റത്ത് കുന്തിച്ചിരുന്നു. തേങ്ങി.
പിന്നെ എഴുന്നേറ്റ് ദേഗ്ഗ്വേടത്തി ടെ വീട് ലക്ഷ്യമാക്കി നടന്നു, കൂടെ വാലാട്ടി കൊണ്ട് കാടനും.
'പൊയ്‌ക്കോ ചേണ്ടാ, ഇന്നാട്ടില് നടക്കണതൊന്നും നീയറിഞ്ഞീലെ?' ദേഗ്ഗ്വേടത്തി ചേണ്ടനെ കണ്ടതും വേഷ്ടി കൊണ്ട് മുഖം മറച്ചു. ചേണ്ടന്‍ സ്വയം ഒന്ന് മണത്തുനോക്കി , മേലൊന്ന് തൊടക്കാര്‍ന്നു, കുളിക്കാനിറ്റ് നാറണണ്ടാവും.
'പനിയാര്‍ന്നു, ഒന്നും വച്ച്ണ്ടാക്കീല്യ!'
ചേണ്ടന്‍ തേങ്ങി.
'ന്ന്ട്ട് നേരെ ഇങ്ങട്ടാ വന്ന്? ഒന്ന് പൊയ്‌കോയ്യ്' എന്ന് തലയിലടിച്ച് ദേഗ്ഗ്വേടത്തി കതകടച്ചു.
കഞ്ഞി വെള്ളത്തിന് അടുക്കള ജനല്‌മ്മെ തട്ടിയപ്പോ പള്ളിയാലപ്പറത്തെ വീട്ടിന്ന് കാരണോരാട്ടി.
'കൊറോണേം, മാരണോം ള്ളപ്പള്ളാ ഓന്റെ'
വേഗം എടോഴി കേറി ഓടുമ്പോ ചേണ്ടന്‍ കൂടെ ഓടുന്ന കാടനെ നോക്കി. നിഴല് പോലെ അവനെ ഉള്ളൂ കൂട്ടിന്.
ചേണ്ടനും കാടനും തമ്മില് എന്താ വ്യത്യാസം, ചേണ്ടനും ഇബ്‌റ്റോള്‍ടന്ത്യ!
അയാളുടെ കണ്ണ് നിറഞ്ഞു കീഴ്ച്ചുണ്ട് കൂര്‍ത്തു.
കുന്ന്‌മ്മേ പോയാ എന്തേലും കിട്ടും. പക്ഷെ കുന്ന് പാതി കയറിയപ്പളേക്കും ചേണ്ടന്‍ കിതച്ചു. കാടന്‍ വാലാട്ടി മുന്നിലോടുന്നു. അവന്‍ നിന്നത് ചേണ്ടന്‍ വീണപ്പളാണ്.
'ദേഗ്ഗ്വേടത്ത്യേ, കാര്‍ന്നോരേ' ചേണ്ടന്‍ നെഞ്ച് പിടിച്ച് നിരങ്ങുന്നു.
കാടന്‍ പരിഭ്രമിച്ച് കുരച്ചു.
'കാടാ' ചേണ്ടന്‍ കരഞ്ഞുകൊണ്ട് കേണു.
ചേണ്ടന് ജീവിക്കാന്‍ അതിയായ കൊതി തോന്നി. 'കാടാ' ചേണ്ടന്‍ കാടന്റെ നേരെ കൈ നീട്ടി.
'ന്തേലും ചെയ്യടാ'.
കാടന്‍ മോങ്ങി, വാലാട്ടി, ചേണ്ടന്റെ മുഖത്ത് നക്കി. അവന്‍ നിസ്സഹായനാണ്.
'ദേഗ്ഗ്വേടത്ത്യേ .....' പതിഞ്ഞ ശബ്ദത്തില്‍ ചേണ്ടന്‍ ഞെരങ്ങി.
' ഒന്നും കിട്ടാത്തപ്പോ ശവം തിന്നാന്‍ വരണതാ' - കാടനെ കല്ലെടുത്തെറിഞ്ഞ കൊണ്ട് ആ പി.പി ഇ കിറ്റുകാര്‍ കണ്ണ് മിഴിച്ച് കിടക്കുന്ന ചേണ്ടനെ ആംബുലന്‍സില്‍ കയറ്റി.
കാടന്‍ കൂരക്കടുത്തേക്ക് നോക്കി കുരച്ചു. ആംബുലന്‍സിന്റെ പിന്നാലെ കുറച്ച് ദൂരം ഓടി നോക്കി.
കാര്യമില്ലെന്ന് കണ്ട് അവന്‍ തിരിച്ച് കൂരയിലേക്കോടി.
മുറ്റത്ത് കിടന്നിരുന്ന ചന്ദനച്ചീള് കടിച്ചെടുത്ത് കൂരയുടെ കോലായിലിട്ട് അതിന് വലംവെച്ചുരുണ്ട് കിടന്നു. ആ ചന്ദന മുട്ടിക്ക് ചേണ്ടന്റെ മണമായിരുന്നു. ഒരിക്കല്‍ ചേണ്ടന്‍ വരുമെന്നും അന്ന് ചീള് കാത്തതിന് ഇറച്ചി വേവിച്ച് തരുമെന്നും കാടന്‍ ഉറച്ച് വിശ്വസിച്ചു.
ഒരു കുഴിയില്‍ ഒന്നിച്ച് കൂട്ടി ശവം കത്തിക്കുന്നിടത്ത് നിന്നും ചന്ദനത്തെ വെല്ലുന്ന ആ മണം വന്നത് പക്ഷെ മുഖം മൂടിയവര്‍ അറിഞ്ഞില്ല. അവിടെയാരും എഴാം പക്കം വാഴ നടില്ല. നട്ടിരുന്നേല്‍ സ്വര്‍ണ്ണ നിറവും തേന്‍ മധുരവും സ്വര്‍ഗ്ഗ സുഗന്ധവുമുള്ള ഉഷാറ് വാഴ കുലച്ചേനെ.
ആണ്ടാത്ത് പിന്നീടൊന്നും ചന്ദനം മുളച്ചിട്ടില്ല. മുളച്ചതിനൊട്ട് മണവുമില്ല. മണമുള്ളതാകെ കാടന്‍ കാവല് കിടക്കുന്ന ചീളിനാണ്. അതിന് ചേണ്ടന്റെ മണമാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...