'ഒരു ദു:ഖവുമില്ലാതെയാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്.'

By Vaakkulsavam Literary Fest  |  First Published Feb 24, 2021, 12:45 PM IST

ഫ്രഞ്ച് കവി ബോദ്‌ലേറുടെ ആത്മഹത്യാക്കുറിപ്പ്. വിവ: വി രവികുമാര്‍


ഫ്രഞ്ച് കവിയും തത്വചിന്തകനുമായ ചാള്‍സ് ബോദ്‌ലേര്‍ 1845-ല്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ ഒരു ആത്മഹത്യാശ്രമം നടത്തിയിരുന്നു. എന്നാല്‍, കത്തി കൊണ്ട് നെഞ്ചില്‍ കുത്തി മുറിവേല്‍പിച്ചുവെങ്കിലും അത് മരണകാരണമായില്ല. ആത്മഹത്യാശ്രമത്തിനു മുമ്പ് തന്റെ ലീഗല്‍ ഗാര്‍ഡിയനായ Narcisse Ancelle-യ്ക്ക് കാമുകി ഷീന്‍ ദുവാല്‍ എന്ന ഷീന്‍ ലെമെറിന്റെ കയ്യില്‍ അദ്ദേഹം കൊടുത്തയച്ച കത്താണിത്.

1820-ല്‍ ഹെയ്റ്റിയില്‍ ജനിച്ച ഒരു സങ്കരവര്‍ഗ്ഗക്കാരിയായിരുന്നു ഷീന്‍ ദുവാല്‍ (Jeanne Duva/Jeanne Lemer). പാരീസിലെ തിയേറ്ററുകളില്‍ നടിയും നര്‍ത്തകിയുമായിരുന്ന ഷീന്‍ ദുവാലിനെ 1842-ലാണ് ബോദ്‌ലേര്‍ ആദ്യമായി കാണുന്നത്. അതോടെ അവള്‍ കവിയുടെ 'കറുത്ത വീനസു'മായി.  'തിന്മയുടെ പൂക്കളി'ലെ പല കവിതകളുടേയും പ്രചോദനം ഷീന്‍ ദുവാലാണ്. ഇരുപതുകൊല്ലം നീണ്ടുനിന്ന ആ ബന്ധം മിക്കപ്പോഴും സംഘര്‍ഷഭരിതമായിരുന്നുവെങ്കിലും താന്‍ സ്‌നേഹവും സാന്ത്വനവും അറിഞ്ഞ അപൂര്‍വ്വനിമിഷങ്ങള്‍ അവളോടൊപ്പമായിരുന്നുവെന്നും ബോദ്‌ലേര്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെയൊരാളെ ദുരിതത്തില്‍ വിട്ടുപോകരുതെന്ന കരുതലാണ് ഈ കത്തില്‍ നിറഞ്ഞുനില്ക്കുന്നത്. വിവര്‍ത്തനം: വി രവികുമാര്‍  

Latest Videos

undefined

 

 


1845 ജൂണ്‍ 30

ഷീന്‍ ലെമെര്‍ ഈ കത്ത് താങ്കളുടെ കയ്യില്‍ തരുമ്പോഴേക്കും ഞാന്‍ മരിച്ചിട്ടുണ്ടാവും. അവള്‍ക്ക് ഇതറിയില്ല. എന്റെ വില്‍പത്രം താങ്കള്‍ക്കോര്‍മ്മയുണ്ടല്ലോ. അമ്മയ്ക്കു മാറ്റിവച്ചതൊഴിച്ചാല്‍ എന്റെ സമ്പാദ്യമായിട്ടുള്ളതെല്ലാം, ചില കടങ്ങള്‍ വീട്ടിക്കഴിഞ്ഞിട്ട് (അതിന്റെ ലിസ്റ്റ് ഞാന്‍ വച്ചിട്ടുണ്ട്), മിസ് ലെമെറിനുള്ളതാണ്. ഭയാനകമായ ഒരുത്കണ്ഠയുടെ പിടിയില്‍ കിടന്നാണ് ഞാന്‍ മരിക്കുന്നത്.

ഇന്നലെ നമ്മള്‍ക്കിടയിലുണ്ടായ സംസാരം ഓര്‍ക്കുക. മരണശേഷം എന്റെ അന്ത്യാഭിലാഷങ്ങള്‍ ഞാന്‍ പറഞ്ഞപോലെ നടപ്പിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്നല്ല, നിര്‍ബ്ബന്ധം പിടിക്കുകതന്നെ ചെയ്യുന്നു. എന്റെ വില്‍പത്രത്തെ രണ്ടുപേര്‍ നിയമപരമായി ചോദ്യം ചെയ്‌തേക്കാം: എന്റെ അമ്മയും എന്റെ സഹോദരനും. എനിക്കു ബുദ്ധിസ്ഥിരത ഇല്ല എന്നു പറഞ്ഞായിരിക്കും അവര്‍ അതിനെ ചോദ്യം ചെയ്യുക. മിസ് ലെമെറിന് ഞാന്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അവള്‍ക്കു കിട്ടാതിരിക്കാന്‍ എന്റെ ആത്മഹത്യയും എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പലതരം കീഴ്മറിച്ചിലുകളും അവരിരുവര്‍ക്കും സഹായകമാവുകയും ചെയ്യും. അതിനാല്‍, എന്റെ ആത്മഹത്യയെക്കുറിച്ചും മിസ് ലെമെറിനോടുള്ള എന്റെ പെരുമാറ്റത്തെക്കുറിച്ചും വിശദീകരണം നല്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്- താങ്കളുടെ പേര്‍ക്കയക്കുന്ന ഈ കത്ത് (ദയവായി ഇതവള്‍ക്കു വായിച്ചുകൊടുക്കുമല്ലോ) മേല്‍പറഞ്ഞ രണ്ടു പേര്‍ എന്റെ വില്‍പത്രത്തെ ചോദ്യം ചെയ്താല്‍ അവള്‍ക്ക് എതിര്‍വാദമായി ഉപകാരപ്പെടും.

 

ഷീന്‍ ലെമെര്‍

 

ഒരു ദു:ഖവുമില്ലാതെയാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്. ആളുകള്‍ ദുഃഖം എന്നു വിളിക്കുന്ന ആ വിക്ഷോഭം ഞാന്‍ അനുഭവിക്കുന്നതേയില്ല. എന്റെ കടങ്ങള്‍ ഇന്നുവരെ എനിക്കു ദുഃഖത്തിനു കാരണമായിട്ടില്ല. അത്തരം കാര്യങ്ങളില്‍ നിന്നു പൊങ്ങിവരാന്‍ ഒരു പ്രയാസവുമില്ല. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് എനിക്കിനി ജീവിതം തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റാതായിരിക്കുന്നു എന്നതുകൊണ്ടാണ്, ഉറങ്ങാന്‍ കിടക്കുന്നതിന്റെ മടുപ്പും ഉണര്‍ന്നെഴുന്നേല്‍്ക്കുന്നതിന്റെ മടുപ്പും എനിക്കസഹ്യമായിക്കഴിഞ്ഞു എന്നതുകൊണ്ടാണ്. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ആര്‍ക്കും എന്നെക്കൊണ്ട് ഒരുപകാരവുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്- എനിക്കു ഞാന്‍ അപകടകാരി ആയതുകൊണ്ടുമാണ്. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഞാന്‍ അനശ്വരനാണെന്നു ഞാന്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടും എനിക്കു പ്രത്യാശയുള്ളതുകൊണ്ടുമാണ്. ഈ വരികളെഴുതുന്ന സമയത്തും എന്റെ മനസ്സ് നല്ല ബോധത്തിലാണ്; എന്നുപറഞ്ഞാല്‍ തിയൊഡോര്‍ ദ് ബാന്‍വില്ലിന് ചില കുറിപ്പുകള്‍ ഞാന്‍ പകര്‍ത്തിയെഴുതുകയാണ്; എന്റെ കയ്യെഴുത്തുപ്രതികള്‍ തിരുത്താന്‍ വേണ്ടത്ര മനോബലവും എനിക്കുണ്ട്.

എനിക്കു സ്വന്തമായിട്ടുള്ളതെല്ലാം, എന്റെ കുറച്ചു ഫര്‍ണീച്ചറും എന്റെ ചിത്രവുമുള്‍പ്പെടെ, ഞാന്‍ മിസ് ലെമെറിനു നല്‍കുന്നു- കാരണം, അവളാണ് എനിക്കു സമാശ്വാസം നല്‍കുന്ന ഒരേയൊരു ജീവി. ഈ ഭീകരമായ ലോകത്തു ഞാന്‍ ആസ്വദിച്ച അപൂര്‍വ്വം ആഹ്ലാദങ്ങളുടെ പേരില്‍ അവള്‍ക്കു പ്രത്യുപകാരം ചെയ്യാന്‍ എനിക്കു തോന്നിയാല്‍ ആര്‍ക്കെങ്കിലും അതില്‍ എന്നെ കുറ്റം പറയാന്‍ തോന്നുമോ?

 

ചാള്‍സ് ബോദ്‌ലേര്‍

 

എനിക്കെന്റെ സഹോദരനെ അത്ര നന്നായി അറിയില്ല- അവന്‍ എന്നിലോ എന്റെ കൂടെയോ ജീവിച്ചിട്ടില്ല- അവന് എന്റെ ആവശ്യവുമില്ല.
തുടരെത്തുടരെ, താനറിയാതെ എന്റെ ജീവിതത്തില്‍ വിഷം കലര്‍ത്തിയ എന്റെ അമ്മയ്ക്കും പണത്തിന്റെ ആവശ്യമില്ല. -അവര്‍ക്ക് ഭര്‍ത്താവുണ്ട്, അവര്‍ക്ക് സ്‌നേഹവും സൗഹൃദവും പകര്‍ന്നുനല്‍കാന്‍ ഒരു മനുഷ്യജീവിയുണ്ട്.

എനിക്ക് ഷീന്‍ ലെമെര്‍ അല്ലാതെ മറ്റാരുമില്ല. ഞാന്‍ സ്വസ്ഥത കണ്ടിട്ടുണ്ടെങ്കില്‍ അത് അവളില്‍ മാത്രമാണ്; ഞാന്‍ അവള്‍ക്കായി നല്കുന്നത് എനിക്കു സ്ഥിരബുദ്ധിയില്ലെന്ന ന്യായം പറഞ്ഞ് ആളുകള്‍ തട്ടിയെടുക്കാന്‍ നോക്കിയാല്‍ എനിക്കതു സഹിക്കാന്‍ കഴിയില്ല, ഞാനതു സഹിക്കുകയുമില്ല. കഴിഞ്ഞ ചില ദിവസങ്ങളില്‍ എന്റെ സംസാരം താങ്കള്‍ കേട്ടതാണല്ലോ. എനിക്കു ഭ്രാന്തുണ്ടെന്നു തോന്നിയിരുന്നോ?
നേരേ അമ്മയുടെ മുന്നില്‍ ചെന്നുനിന്ന് യാചിക്കുകയും എത്ര കടുത്ത അപമാനമാണ് ഞാന്‍ സഹിക്കുന്നതെന്ന് തുറന്നുപറയുകയും ചെയ്താല്‍ എന്റെ അവസാനത്തെ ആഗ്രഹങ്ങളെ തകിടം മറിക്കുന്നതില്‍ നിന്ന് അമ്മയെ തടയാമെന്ന് എനിക്കു തോന്നലുണ്ടായിരുന്നെങ്കില്‍ ഞാനത് അപ്പോള്‍ത്തന്നെ ചെയ്യുമായിരുന്നു. ഒരു സ്ത്രീയായതിനാല്‍ മറ്റാരെക്കാളും നന്നായി അമ്മയ്‌ക്കെന്നെ മനസ്സിലാകുമെന്ന് എനിക്കത്ര തീര്‍ച്ചയാണ്. ബുദ്ധിഹീനമായ ഒരു നിലപാടില്‍ നിന്ന് എന്റെ സഹോദരനെ പറഞ്ഞുപിന്തിരിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞുവെന്നുവരാം.

 

ചാള്‍സ് ബോദ്‌ലേര്‍, ഷീന്‍ ലെമെര്‍

 

ഞാന്‍ സ്‌നേഹിച്ച ഒരേയൊരു സ്ത്രീ ഷീന്‍ ലെമെര്‍ മാത്രമാണ്- അവള്‍ക്കു സ്വന്തമായി ഒന്നുമില്ല. മൊസ്യു ആന്‍സെല്‍, സൗമ്യവും ഉന്നതവുമായ മനസ്സുള്ളവരായി ഞാന്‍ കണ്ടിരിക്കുന്ന ചുരുക്കം പേരില്‍ ഒരാളായ താങ്കളെയാണ്, അവളുടെ കാര്യത്തില്‍ എന്റെ അന്ത്യാഭിലാഷങ്ങള്‍ നടപ്പിലാക്കാന്‍ ഞാന്‍ ചുമതലപ്പെടുത്തുന്നത്. ഇതവള്‍ക്കു വായിച്ചുകൊടുക്കുക, എന്റെ ഒസ്യത്തിന്റെ കാരണങ്ങള്‍ അവളെ പറഞ്ഞുമനസ്സിലാക്കുക, എന്റെ അവസാനത്തെ ആഗ്രഹങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നു വന്നാല്‍ എന്തായിരിക്കണം അവളുടെ മറുവാദമെന്ന് അവള്‍ക്കു വിശദീകരിച്ചുകൊടുക്കുക. കരുതലോടെ കാര്യങ്ങള്‍ ചെയ്യുന്ന താങ്കള്‍ പണത്തിന്റെ മൂല്യം അവളെ പറഞ്ഞുമനസ്സിലാക്കുക. അവളെ സഹായിക്കാന്‍ പറ്റുന്ന വിധത്തിലും എന്റെ അന്ത്യാഭിലാഷങ്ങള്‍ അവള്‍ക്കു പ്രയോജനപ്പെടുന്ന രീതിയിലും  ഉചിതമായ എന്തെങ്കിലും വഴി കണ്ടെത്താന്‍ നോക്കുക. അവള്‍ക്കു വഴി കാണിച്ചുകൊടുക്കുക, അവളെ ഉപദേശിക്കുക- അവളെ സ്‌നേഹിക്കുക (അങ്ങനെ പറയാമെങ്കില്‍)- എന്നെ ഓര്‍ത്തെങ്കിലും. ഞാനെന്ന ഭയങ്കരമായ ഉദാഹരണം അവളുടെ മുന്നില്‍ വയ്ക്കുക- വ്യവസ്ഥയില്ലാത്ത ഒരു മനസ്സും ജീവിതവും ഇരുണ്ട കൊടുംനൈരാശ്യത്തിലേക്കും സമ്പൂര്‍ണ്ണവിനാശത്തിലേക്കും നയിക്കുന്നതെങ്ങനെയാണെന്ന് അവള്‍ക്കു കാണിച്ചുകൊടുക്കുക. വിവേകവും പ്രയോജനവും, ഞാന്‍ യാചിക്കുകയാണ്.

ഈ വില്‍പത്രം ചോദ്യം ചെയ്യപ്പെടാമെന്നും മരിക്കുന്നതിനു മുമ്പ് യുക്തിപൂര്‍വ്വമായ, നല്ലൊരു പ്രവൃത്തി ചെയ്യാനുള്ള അവസരം എനിക്കു കിട്ടാതെപോകാമെന്നും താങ്കള്‍ ശരിക്കും കരുതുന്നുണ്ടോ? താങ്കള്‍ക്കിപ്പോള്‍ വളരെ വ്യക്തമായി കാണാന്‍ പറ്റുന്നില്ലേ, വെറും വീരവാദത്തില്‍ നിന്നോ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മൂല്യങ്ങളോടുള്ള വെല്ലിവിളിയില്‍ നിന്നോ ഉണ്ടായ ഒരു പ്രവൃത്തിയല്ല ഈ വില്‍പത്രമെന്ന്, മാനുഷികമായി എന്നില്‍ ഇപ്പോഴും ശേഷിക്കുന്നതൊന്നിന്റെ ആവിഷ്‌കാരം മാത്രമാണതെന്ന്: സ്‌നേഹം, ചിലപ്പോഴൊക്കെ എന്റെ ആനന്ദവും സാന്ത്വനവുമായിരുന്ന ഒരു മനുഷ്യജീവിയെ സഹായിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും. വിട!

 

ഷീന്‍ ലെമെര്‍. ബോദ്‌ലേര്‍ വരച്ച ചിത്രം. 
 

 

ഈ കത്ത് അവള്‍ക്കു വായിച്ചുകൊടുക്കുക- താങ്കളെ എനിക്കു വിശ്വാസമാണ്, ഈ കത്ത് താങ്കള്‍ നശിപ്പിച്ചുകളയില്ലെന്നും എനിക്കറിയാം.

അവള്‍ക്ക് ഉടന്‍ കുറച്ചു പണം (500) നല്കണം. എന്റെ അന്തിമനിശ്ചയങ്ങളെക്കുറിച്ച് അവള്‍ക്കൊന്നുമറിയില്ല- ഇപ്പോള്‍ പെട്ടുകിടക്കുന്ന ഏതോ പ്രശ്‌നത്തില്‍ നിന്ന് ഞാന്‍ അവളെച്ചെന്നു രക്ഷപ്പെടുത്തുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

മരിച്ചുപോയ ഒരാളുടെ വില്‍പത്രം ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നുതന്നെ വയ്ക്കുക, അപ്പോഴും ചില ഇഷ്ടദാനങ്ങള്‍ ചെയ്യാനുള്ള അവകാശം അയാള്‍ക്കുണ്ടല്ലോ. മറ്റേക്കത്ത് അവള്‍ താങ്കള്‍ക്കു തരും; അത് താങ്കള്‍ക്കു മാത്രം കാണാനുള്ളതാണ്; മാനക്കേടു പറ്റാതെ എന്റെ ഓര്‍മ്മ നിലനില്‍ക്കണമെങ്കില്‍ കടം കൊടുത്തു തീര്‍ക്കാനുള്ളവരുടെ പട്ടിക അതിലുണ്ട്.

click me!