പുസ്തകപ്പുഴയില്‍ ഇന്ന് ശൈലന്‍ എഴുതിയ രാഷ്ട്രമീമാംസ എന്ന കവിതാ സമാഹാരത്തിന്റെ വായന. എന്‍ ശശിധരന്‍ എഴുതുന്നു
'ആടുമേക്കല്‍' എന്ന കവിതയില്‍, നാഗരികതയില്‍ അടിഞ്ഞു കൂടുന്ന ക്ഷിപ്രസംവേദിയായ ഓര്‍മ്മകളെയും ചിരന്തന സംസ്‌കൃതികളെയും ആക്ഷേപഹാസ്യത്തിന്റെ ഉയര്‍ന്നരൂപമായി അല്ലെങ്കില്‍ ആത്മഹനനത്തോളമെത്തുന്ന സ്വയംപീഡയായി മൊഴിമാറ്റുന്നു . 'എല്ലുപൊടി ഫ്ളാറ്റുകള്‍ക്ക് നല്ല വളമാണ്' എന്നും 'ഒരല്‍പ്പം അജിനോമോട്ടോ പുരട്ടി മീഡിയയിലേക്ക് ഇട്ടുകൊടുത്താല്‍ മതി' എന്നുമൊക്കെ എഴുതുമ്പോള്‍ അധികാരഘടനയുടെ തൂണിലും തുരുമ്പിലും വിളയുന്ന വൈപരീത്യങ്ങളെയാണ് ശൈലന്‍ സാക്ഷ്യപ്പെടുത്തുന്നത്.
സര്‍വ്വരാലും അംഗീകരിക്കപ്പെടുന്നതും യാതൊരുവിധ വിവാദങ്ങള്‍ക്കും ഇടം നല്‍കാത്തതുമായ വസ്തുതകളെയും അഭിപ്രായങ്ങളെയും കണ്ണുമടച്ച് എതിര്‍ക്കുക, പുസ്തകങ്ങളെയും കലാസൃഷ്ടികളെയും കുറിച്ചുള്ള വിരുദ്ധാഭിപ്രായങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുക, ഇവനാരെടാ ഇതൊക്കെപ്പറയാന്‍ എന്ന മുരടന്‍ സ്വരൂപം സാമാന്യ ജനങ്ങളിലുണ്ടാക്കി ആളാവുക. എല്ലാംകഴിഞ്ഞ് ശിശുസഹജമായ, നിഷ്‌കളങ്കമായ പൊട്ടിച്ചിരിയാല്‍ മറനീക്കി പ്രത്യക്ഷപ്പെടുക. ശൈലനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഇവയൊക്കെയാണ്.
ശൈലന്റെ പുതിയ കവിതാസമാഹാരത്തിന് 'രാഷ്ട്രമീ-മാംസ' എന്നാണ് പേരിട്ടിരിക്കുന്നത്. രാഷ്ട്രമീമാംസ എന്ന പദത്തിന് ഇന്നത്തെ കാലഘട്ടത്തില്‍ വലിയ അര്‍ത്ഥവ്യാപ്തിയുണ്ട്. ചക്രവര്‍ത്തിമാരോ സുല്‍ത്താന്‍മാരോ പുരോഹിതന്മാരോ അല്ല സാധാരണ ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്. കവിതകളില്‍ ഇത് ഏറ്റുപറയുമ്പോള്‍, ഇന്‍ഡ്യ എന്ന വികാരത്തിന്റെ സമകാലികമായ അവസ്ഥയെ അത് സ്പര്‍ശിക്കുന്നുണ്ട്. ഒരൊറ്റ നേതാവ് മതി, ഒറ്റ ഭാഷ മതി, ഒറ്റ സംസ്‌കാരം മതി എന്ന് വാശി പിടിക്കുന്ന പുതിയ രാഷ്ട്രീയ പശ്ചാത്തലങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. മാത്രവുമല്ല, നമ്മുടെ ഭരണകൂട അധികാരഘടനയെ അതിന്റെ ആഴത്തിലും വ്യാപ്തിയിലും പരിശോധിക്കുന്നുമുണ്ട്.
ഏതെങ്കിലും തരത്തില്‍ നിലനില്‍ക്കുന്ന അധികാരഘടനയുടെ ഭാഗമാവാതെ ഒരാള്‍ക്ക് ജീവിക്കാനാവാത്ത ഒരവസ്ഥ നിലവിലുണ്ട്. കുടുംബത്തിനകത്തും പുറത്തുമായി നാം വ്യാപരിക്കുന്ന സമസ്ത ജീവിതമേഖലകളിലും ഈ വാഴ്ച നാം അനുഭവിക്കുന്നുണ്ട്. അധികാരഘടനയുടെ ഈ ബഹുത്വമാണ് 'ബഹുമുഖന്‍' എന്ന കവിതയില്‍ നാം വായിക്കുന്നത്. കാലത്തെഴുന്നേറ്റു ഈര്‍ച്ചമില്ലിലേക്ക് പോയി നാലായി ഭാഗിക്കപ്പെടുന്ന ആഖ്യാതാവ്. സിനിമാപ്രേക്ഷകനായും പ്രണയഗന്ധര്‍വനായും നിത്യസഞ്ചാരി ആയും കുടുംബസ്ഥനായും എഫ്ബി നോക്കുന്നവനായും മാറുന്ന അയാള്‍ തരം കിട്ടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവുമാകും. അധികാരത്തിന്റെ നടനകേളി ഇത്രയും സ്പഷ്ടവും അഗാധവുമായി ആവിഷ്‌കരിച്ച കൃതികള്‍ മലയാളത്തില്‍ തന്നെ അധികമില്ല.
'ആടുമേക്കല്‍' എന്ന കവിതയില്‍, നാഗരികതയില്‍ അടിഞ്ഞു കൂടുന്ന ക്ഷിപ്രസംവേദിയായ ഓര്‍മ്മകളെയും ചിരന്തന സംസ്‌കൃതികളെയും ആക്ഷേപഹാസ്യത്തിന്റെ ഉയര്‍ന്നരൂപമായി അല്ലെങ്കില്‍ ആത്മഹനനത്തോളമെത്തുന്ന സ്വയംപീഡയായി മൊഴിമാറ്റുന്നു . 'എല്ലുപൊടി ഫ്ളാറ്റുകള്‍ക്ക് നല്ല വളമാണ്' എന്നും 'ഒരല്‍പ്പം അജിനോമോട്ടോ പുരട്ടി മീഡിയയിലേക്ക് ഇട്ടുകൊടുത്താല്‍ മതി' എന്നുമൊക്കെ എഴുതുമ്പോള്‍ അധികാരഘടനയുടെ തൂണിലും തുരുമ്പിലും വിളയുന്ന വൈപരീത്യങ്ങളെയാണ് ശൈലന്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഭരതനെസ്സൈ (റിട്ടയേര്‍ഡ്) എന്ന അമ്മാവന്റെ വീരഗാഥകള്‍ അന്വേഷിച്ച് ഗൂഗിളിച്ചിയുടെ അകമ്പടിയോടെ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ദാ വരുന്നു സാക്ഷാല്‍ ഭരതചക്രവര്‍ത്തിയുടെ ശ്രാവണബെല്‍ഗോളയിലെ രണ്ടാംകുന്ന്.
'ഭാരതവിഷാദയോഗം' എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെ.
'നോട്ടമെത്താപ്പരപ്പില്‍
താഴെ നീളെ കര്‍ണാടകം.
ഭാരതം. മഹാഭാരതം.
വിഷാദമെന്നാളിപ്പോള്‍
എന്തിന്റെ പേരാണ്..?
അതിന്റെ ചികില്‍സ എന്താണ്..?'
'വാങ്ങിപ്പിന്‍ താറാവിനെ/ വാങ്ങിപ്പിന്‍ താറാവിനെ/ വാങ്ങിപ്പിന്‍ കോഴിമുട്ട പേറുമീ താറാവിനെ..' എന്ന പേരില്‍ അയ്യപ്പപ്പണിക്കരുടെ ഒരു ഹാസ്യകവിതയുണ്ട്. പക്ഷെ, ഇപ്പോള്‍ മലയാളം കോഴിമുട്ട പേറുന്ന ഒരു താറാവല്ല. അഥവാ കോഴിമുട്ട പേറണമെങ്കില്‍ അതിന് ആസാമീ പണിക്കാരും നേപ്പാളികളും ബീഹാറികളും അരുണാചലികളും ബംഗാളികളും മറ്റുമായി മറുനാടന്‍ മലയാളികളാണ്. കവിതയുടെ അവസാനചുമരിലെ ഭൂപടത്തില്‍ നിന്ന് കാഹളമുയരുകയാണ്.
'ഇല്ലാ ഇല്ല മരിക്കുന്നില്ല..
പടരുകയാണ് ഞങ്ങളിലൂടെ..
മഴയോളം..
ഇമയമലയോളം.
മലയാളം.'
'മലയോളം' എന്ന കവിത നമ്മുടെ ഭാഷയുടെയും സംസ്‌കൃതിയുടെയും അന്യവത്കരണത്തിന്റെ ആഴങ്ങളെ ചോദ്യംചെയ്യുകയും ദൃഷ്ടാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു.
കവിതയുടെ ധര്‍മ്മം വല്ലപ്പോഴും മാത്രം വെളിവാക്കപ്പെടുന്ന നമ്മുടെ കാലത്ത്, 'രാഷ്ട്രമീ-മാംസ' എന്ന പുസ്തകത്തിലെ ശൈലന്റെ കവിതകള്‍ ഭാവിയുടെ വാക്കുകളായിത്തീരുന്നു.