ഈ കാലത്തെയും നമുക്ക് അതിജീവിക്കാം, പ്രിയപ്പെട്ട എഴുത്തുകാർ പറയുന്നു; ഓഡിയോ സീരീസുമായി സാഹിത്യ അക്കാദമി

By Web Team  |  First Published Apr 8, 2020, 1:15 PM IST

പ്രശസ്ത എഴുത്തുകാരായ എം മുകുന്ദൻ, എം.കെ സാനു, വൈശാഖൻ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, സി. രാധാകൃഷ്ണൻ, സക്കറിയ, കെ ജി എസ് തുടങ്ങിയവർ ഇതിൽ സംസാരിക്കുന്നുണ്ട്. 


തൃശൂര്‍: കൊവിഡ് എന്ന മഹാമാരിയെ രാജ്യമെമ്പാടുമുള്ളവർ ഒരുമിച്ചുനിന്നു ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ ലോക്ക്ഡൗൺ കാലം ഭയത്തിന്റേതും ആശങ്കകളുടേതും മാത്രമായി മാറാതിരിക്കാൻ വിവിധ മേഖലയിലുള്ളവർ കൈകോർക്കുകയും ചെയ്യുന്നുണ്ട്. കേരള സാഹിത്യ അക്കാദമി ഇതിന്റെ ഭാ​ഗമായി അതിജീവനത്തിന്റെ മൊഴികൾ എന്ന പേരിൽ അക്കാദമിയുടെ ഫേസ്ബുക്ക് പേജിൽ ഒരു സീരീസ് ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെല്ലാം ഉൾക്കൊള്ളുന്ന സീരീസിൽ, ഈ കാലത്തെ എങ്ങനെ അതിജീവിക്കാം എന്നാണ് പറയുന്നത്. ഓഡിയോ സീരീസ് ആയിട്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

പ്രശസ്ത എഴുത്തുകാരായ എം മുകുന്ദൻ, എം.കെ സാനു, വൈശാഖൻ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, സി. രാധാകൃഷ്ണൻ, സക്കറിയ, കെ ജി എസ് തുടങ്ങിയവർ ഇതിൽ സംസാരിക്കുന്നുണ്ട്. 

Latest Videos

സ്കൂളിൽ പഠിക്കുന്ന കാലത്താണ് കോളറ വരുന്നത്. പിന്നീട് രണ്ടാം ലോക മഹായുദ്ധം വന്നു. എങ്കിലും പരസ്പരം ബന്ധപ്പെട്ടുകൊണ്ട് അതിനെ അതിജീവിച്ചു മുന്നോട്ടുപോകാൻ സാധിച്ചിരുന്നു. പിന്നീട് പ്ലേ​ഗും പലതരം പകർച്ചവ്യാധിയും വന്നു. ഇതെല്ലാം കണ്ട ജീവിതമാണ് തന്റേതെന്ന് എം. കെ സാനു ഓർമ്മിച്ചു. അന്നൊന്നുമില്ലാത്തൊരു പ്രതിസന്ധിയാണിപ്പോൾ നാം അതിജീവിച്ചുകൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സംസ്കാരവും ഈ പ്രതിസന്ധിയെ അതിജീവിച്ച ശേഷവും മനുഷ്യന് ആവശ്യമാണ്. ഈ ആഘാതത്തിൽനിന്നും മുക്തി നേടുന്നതോടൊപ്പം തീക്ഷ്ണവും സൗന്ദര്യമുള്ളതുമായ കലാസൃഷ്ടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിലും അത്തരമൊരു പ്രത്യാശയാണ് ഈ പ്രതിസന്ധിയിൽ തന്നെ അതിജീവിപ്പിക്കുന്നതും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം സമൂഹത്തോടുള്ള അകലമാവാതെ മാറണം. സുഹൃത്തുക്കളോടും വേണ്ടപ്പെട്ടവരോടുമുള്ള ബന്ധം ഈ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഈ കാലത്തെ അതിജീവിക്കുന്നതിനും സഹായിക്കും. ഭരണകൂടങ്ങൾ പരിഭ്രാന്തരാവുന്നത് നാം കാണുന്നുണ്ട്. പൊതുജനാരോ​ഗ്യം ഒരിക്കൽക്കൂടി വലിയ ചർച്ചാ വിഷയമാകുന്നു. സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള പ്രത്യക്ഷമായ ഉദാഹരണങ്ങൾ ലഭിക്കുന്നുണ്ടെന്നും സച്ചിദാനന്ദൻ പറയുകയുണ്ടായി. ഈ അവസ്ഥയിൽ ഒരു ബദൽ കെട്ടിപ്പടുക്കുകയോ നമ്മുടെ പഴയ ശീലങ്ങളിലേക്ക് നാം തിരിച്ചുപോവുകയോ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. വീണ്ടും മോശമായ കാലത്തിലേക്ക് നാം തിരിച്ചുപോകുമോ അതോ ഇപ്പോൾ പ്രകൃതിയിൽ കാണുന്ന നല്ലമാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ടുപോകുമോ. നാമില്ലാതെയും ഭൂമിക്ക് ഇവിടെ നിലനിൽക്കാനാവുമെന്ന് പഠിപ്പിച്ച കാലം കൂടിയാണിത് അതുൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോവാനുള്ള അവസരമാകണമിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇനി നാം കാണുന്ന ലോകം പഴയതുപോലെയായിരിക്കില്ലായെന്നും ഇന്നുവരെയുണ്ടായ ധാർഷ്ട്യം കുറയുന്ന അവസ്ഥയിലൂടെയാണ് നാമിന്ന് കടന്നുപോകുന്നതെന്നും എം. മുകുന്ദൻ പറഞ്ഞു. കരുത്തുകൊണ്ടും സമ്പത്തുകൊണ്ടും നാമാണ് ലോകത്തിന്റെ അവകാശിയെന്ന് കരുതിയ പല രാജ്യങ്ങളുമുണ്ടായിരുന്നു. ഇനി ആ ധാർഷ്ട്യം ഉണ്ടാകില്ല. ഈ കൊറോണക്കാലം കഴിഞ്ഞാൽ നാമൊരു പുതിയ മനുഷ്യനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സാഹിത്യ അക്കാദമി പ്രസിഡണ്ട് കൂടിയായ വൈശാഖൻ ഈ ലോക്ക്ഡൗൺ കാലം പുറത്തിറങ്ങാതെയിരുന്നാൽ സാമൂഹിക വ്യാപനം തടയാനാവുമെന്ന് മാത്രമല്ല, നമ്മുടെ പഴയ ദിനങ്ങളെത്രയും പെട്ടെന്ന് തിരികെ വരികയും ചെയ്യുമെന്ന് സൂചിപ്പിക്കുകയുണ്ടായി. എത്രയും പെട്ടെന്ന് നമ്മുടെയാ പ്രഭാതങ്ങളെ നമുക്ക് തിരികെ കിട്ടട്ടെ. എത്രയും പെട്ടെന്ന് നമ്മുടെ സാമൂഹ്യജീവിതം, ജനജീവിതം പഴയതുപോലെ ആകട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് സാധാരണ ജനങ്ങളുണ്ടാകാം. അവരുടെ ബുദ്ധിമുട്ടുകൾ മനസിലാവുന്നു. പക്ഷേ, ഇതിനെ ഒരു ജീവൻ രക്ഷാപ്രവർത്തനമായി കാണണമെന്നും അങ്ങനെ ഈ കാലത്തെ അതിജീവിക്കണമെന്നും എൻ. എസ് മാധവൻ ഓർമ്മിപ്പിച്ചു. 
 

click me!