പല ​ഗാനങ്ങൾ, പല ഭാവങ്ങൾ, എങ്ങനെയാണത് സംഭവിക്കുന്നത്; അനിൽ പനച്ചൂരാൻ പറയുന്നു

By Web Team  |  First Published Jan 4, 2021, 1:54 PM IST

'കുവൈറ്റില് യുദ്ധമുണ്ടാകുന്ന കാലം. ഇറാഖ് കുവൈറ്റ് പിടിക്കുന്ന ആ കാലഘട്ടമാണ്. ആ കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരുപാട് പേര് കുവൈറ്റില് കുടുങ്ങിപ്പോകുന്ന അവസ്ഥയുള്ള കാലമാണ്. ഇതേ സമയത്ത് ഞാന്‍ ബാംഗ്ലൂരിലാണ്.' കവിതകളെയും ഗാനങ്ങളെയും അതിലെ ഭാവങ്ങളെയും അത് വന്ന വഴികളെയും കുറിച്ച് അനില്‍ പനച്ചൂരാന്‍ പറഞ്ഞത്. ടി എന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖത്തില്‍‍ നിന്ന്.  


ഇന്നലെ രാത്രിയിലാണ് മലയാളത്തിലെ പ്രിയകവിയും ​ഗാനരചയിതാവുമായ അനില്‍ പനച്ചൂരാൻ മരണപ്പെട്ടത്. എക്കാലവും മലയാളി ചൊല്ലി നടക്കുന്ന കവിതകളും ​ഗാനങ്ങളും അദ്ദേഹം എഴുതി. ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം എന്ന വിപ്ലവ​ഗാനമെഴുതിയ അതേ കവി തന്നെ തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായെൻ ​ഗ്രാമം കൊതിക്കാറുണ്ടെന്നും എന്നെഴുതി പ്രവാസികളുടെ കണ്ണ് നനയിച്ചു. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നെഴുതി പ്രേക്ഷകരെ ചിരിപ്പിച്ചു. എങ്ങനെയാണ് ഈ വ്യത്യസ്തമായ അവസ്ഥകളിലുള്ള കവിതകളും ​ഗാനങ്ങളും ഉണ്ടാകുന്നതെന്ന് ചിലപ്പോഴെങ്കിലും അമ്പരന്നിട്ടുണ്ടാകാം. അതെങ്ങനെയുണ്ടായി എന്ന് അനിൽ പനച്ചൂരാൻ പറയുന്നു. ടിഎൻ ​ഗോപകുമാർ നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍.

അനില്‍ പനച്ചൂരാന്‍റെ കവിതകളില്‍ രണ്ടുമൂന്നുതരം ഭാവങ്ങളുണ്ട്, മനസിന്‍റെ അവസ്ഥകളുണ്ട്... ചോര വീണ മണ്ണുണ്ട്, തിരികെ ഞാന്‍ വരുമെന്ന നൊസ്റ്റാള്‍ജിയ ഉണ്ട്. പിന്നെ തനി ഹ്യൂമര്‍, വ്യത്യസ്തനാം ബാലനുണ്ട്...

Latest Videos

എനിക്ക് തോന്നുന്നത് ഞാന്‍ ജീവിതത്തെ ഹാസ്യോക്തിയോടെ കാണാന്‍ ശ്രമിക്കുന്നുവെന്നാണ്.

ഏയ്, അങ്ങനെ പൂര്‍ണമായും ഹാസ്യോക്തി എന്ന് പറയാന്‍ പറ്റില്ല. ചോരവീണ മണ്ണിലൊക്കെ എഴുതാന്‍ അങ്ങനെ പറ്റില്ല, തിരികെ ഞാന്‍ വരുമെന്നൊരു കവിത എഴുതാന്‍ പറ്റില്ല.

ജീവിതത്തെ ഹാസ്യോക്തിയോടെ കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ്. എന്തിനെയും ഹാസ്യാത്മകമായി എനിക്ക് കാണാന്‍ കഴിയും എന്ന വശമാണത്. മനസില്‍ ഞാനങ്ങനെയൊരു ഹാസ്യോക്തി സൂക്ഷിക്കുന്നുണ്ട്. 

ഈ എന്തിനെയും എന്ന കാര്യത്തിലാണ് എനിക്ക് സംശയം...

എന്തിനെയും അങ്ങനെ കാണാന്‍ പറ്റുമെന്നുള്ളതാണ്. ചോര വീണ മണ്ണില്‍ നിന്നും എന്ന കവിതയ്ക്ക് ഞാന്‍ വേണമെങ്കില്‍ സുന്ദരമായ പാരഡിയുണ്ടാക്കാം. ഞാന്‍ ചോര വീണ മണ്ണ് എന്ന കവിതയെഴുതിയ ഒരാളാണ്. ​ഗൗരവമുള്ള കവിതയാണത്. ഒരു തിരുത്തല്‍ ശക്തി പോലെയുള്ള കവിതയാണ്. ഒരു പാര്‍ട്ടിയോട് തിരുത്താന്‍ പറയുക എന്ന സാഹസമുള്ള കവിതയാണത്. അതെഴുതിയ ഞാന്‍ സത്യത്തില്‍ ബാര്‍ബറാം ബാലനെഴുതാന്‍ പോകുമ്പോള്‍ ശ്രീനിയേട്ടനോട് ഇതേ ചോദ്യം ചോദിച്ചു. ഞാനെഴുതണോ എന്ന്. കാരണം, ഈ കാരക്ടറൊരു കുകവിയാണ്. കവിയല്ല, കവിയാണെന്ന് പുള്ളി സ്വയം തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കുകയും ചെയ്യുന്നൊരാളാണ്. അവിടെയാണ് ഞാന്‍ സ്വയം തിരിച്ചറിഞ്ഞത് എനിക്ക് ഹാസ്യം എന്നുള്ള സംഭവം വഴങ്ങുമെന്നത്. 

ഇപ്പോ എത്ര ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനമെഴുതി?

പത്തുനാല്‍പ്പതോളം എഴുതിയിട്ടുണ്ടാകുമെന്ന് തോന്നുന്നു

സിനിമാവ്യവസായം വിശ്വസിക്കാനാവാത്തൊരു വ്യവസായമാണ്. നേരാംവണ്ണം കാശൊക്കെ തരുന്നുണ്ടോ?

രണ്ടുതരവുമുണ്ട്. കയ്യില്‍ പൈസയില്ലാതെ, വാങ്ങാതെ എഴുതിയതുമുണ്ട്. അല്ലാത്തതുമുണ്ട്.

അതുകൊണ്ട് വല്ല ഗുണവുമുണ്ടോ? ഒരു നടനെന്നോട് പറഞ്ഞതാണ്. പണമില്ലാതെ അഭിനയിച്ചുകഴിഞ്ഞാല്‍ അയാളെ പിന്നെയും വിളിക്കാം. പണം കൊടുക്കണ്ടല്ലോ എന്ന്.

പലപ്പോഴും നമ്മള്‍ ചെയ്യുന്ന ജോലിയുടെ കൂലി കിട്ടാത്തതാണ് ഇവിടെ പ്രശ്നം. ചെയ്യുന്ന ജോലിയുടെ കൂലി നോക്കുകയാണെങ്കില്‍ ഏറ്റവും കൂലി കുറച്ചുവാങ്ങുന്ന ആളുകള്‍ സിനിമയിലെ ഗാനരചയിതാക്കളാണ്. അതില്‍ യാതൊരു സംശയവുമില്ല. ഒരു ഗാനരചയിതാവും ഞാനീ പറയുന്നതിനെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. കാരണം, മറ്റുള്ളവർ നോക്കുമ്പോള്‍ ഇവര് ചെയ്യുന്നത് ചെറിയ പണിയാണ്. ഒരു ചെറിയ പേപ്പറിലെഴുതിയാ മതി. ചേട്ടന്‍റെ മുമ്പിലിരിക്കുന്ന ഈ പേപ്പറില്‍ പത്തുപന്ത്രണ്ട് വരിയെഴുതുന്ന ഈ പണി ചെയ്തിട്ട് ഒരുദിവസം കൊണ്ട് പോകുന്നൊരാള്‍ മാത്രമാണ് അവരുടെ കണ്ണിൽ ​ഗാനരചയിതാക്കൾ. 

തിരികെ ഞാന്‍ വരുമെന്ന എഴുതിയ വികാരമെന്താണ്, എപ്പോഴാണ് അതെഴുതുന്നത്, അതെഴുതിയ മാനസികാവസ്ഥയെന്തായിരുന്നു?

കുവൈറ്റില് യുദ്ധമുണ്ടാകുന്ന കാലം. ഇറാഖ് കുവൈറ്റ് പിടിക്കുന്ന ആ കാലഘട്ടമാണ്. ആ കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരുപാട് പേര് കുവൈറ്റില് കുടുങ്ങിപ്പോകുന്ന അവസ്ഥയുള്ള കാലമാണ്. ഇതേ സമയത്ത് ഞാന്‍ ബാംഗ്ലൂരിലാണ്. ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവിടെ കറങ്ങി നടക്കുകയാണ്. ആ യാത്രയിലൊരു സമയത്ത് കപ്പബാറിലിരുന്ന് എഴുതിയ കവിതയാണിത്. ഇപ്പോഴുമെനിക്കോര്‍മ്മയുണ്ട്, ആ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട് എന്നുമുള്ള വരികള്‍. ശരിക്കും ആ സമയത്ത് എന്‍റെ മനസില്‍ ഈ കുവൈറ്റുമുണ്ട്. 

താങ്കളുടെ കവിതാസമാഹാരങ്ങളിപ്പോള്‍ പുറത്തുണ്ട്. താങ്കളുടെ കാസറ്റുകള്‍ വിറ്റുപോകുന്നു. ഇനി ഞാനേത് രീതിയിലാവണമെന്നാണ് കരുതുന്നത്. എന്‍റെ ഒരുദിവസത്തെ ഇത്ര മണിക്കൂറുകള്‍ എങ്ങനെ ചെലവഴിക്കണമെന്നാണ്? 

ഇപ്പോള്‍ ഞാന്‍ ചെലവഴിക്കുന്നത് തിരക്കഥയെഴുതുക എന്നുള്ളതിലാണ്. എന്നാല്‍ തിരക്കഥയെഴുതുക എന്ന ജോലിയോടൊപ്പം ഞാന്‍ ഒരു നോവലും എഴുതുന്നുണ്ട്. നോവലെഴുതുക എന്നത് എന്‍റെ ആദ്യത്തെയും അവസാനത്തെയും നോവലാണ്. അതെന്ന് പ്രസിദ്ധീകരിക്കുമെന്ന് പറയാന്‍ പറ്റില്ല. അത്ര ബൃഹത്തായ, ഞാന്‍ കണ്ട ഒരുപാട് ജീവിതങ്ങളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണ് ആ നോവല്‍. അത് പരസ്പരബന്ധം ഇതുവരെയില്ലാതെ കിടക്കുകയാണ്. ആത്മകഥ ഒരാള്‍ക്ക് ശരിക്കും എഴുതാന്‍ പറ്റില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പ്രത്യേകിച്ച് എന്‍റെ പ്രായത്തിലുള്ള ഒരാള്‍ക്ക് ആത്മകഥയെഴുതുകയെന്നത് ഒരാവശ്യവുമില്ലാത്ത കാര്യമാണ്. ഞാൻ എയ്യാന്‍ ആവനാഴി നിറച്ചുകൊണ്ടിരിക്കയാണ്. 

എന്നാല്‍, കവിത സ്വാഭാവികമായും സംഭവിക്കുന്നതാണ്. അതിനുവേണ്ടി ഞാന്‍ പ്രത്യേകിച്ച് സമയം കളയാറില്ല. ഇന്നൊരു കവിത എഴുതിക്കളയണം എന്നു പറഞ്ഞൊരു കാര്യമില്ല. അത് വന്നോളും. അതെപ്പോഴെങ്കിലും വരും. മനസില്‍ അശാന്തമായൊരു കവിതയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുണ്ടെനിക്ക്. പക്ഷേ, കവിത വരണമെങ്കില്‍ വളരെ പുതുമയുള്ളൊരു രീതിയിലൊരു കാര്യത്തെ കാണാന്‍ പറ്റണം. കാരണം എനിക്ക് സത്യത്തിലൊന്നും എഴുതാനില്ല ബാക്കിയെന്നാണ് എന്‍റെ വിശ്വാസം. വ്യാസോച്ചിഷ്ടം ജഗത് സര്‍വം എന്നുള്ളത് വിശ്വസിക്കാമെങ്കില്‍, അത് സത്യമാണെങ്കില്‍ എനിക്കിനി പ്രത്യേകിച്ച് ഒന്നുമെഴുതാനില്ല. എന്നാലെനിക്കെന്തെങ്കിലും എഴുതാന്‍ തോന്നണം. അപ്പോള്‍ ഞാന്‍ വ്യാസനേക്കാള്‍ മുകളില്‍ ചെല്ലണം. ആ ഒരു നിമിഷത്തില്‍ മാത്രമേ ഞാനെഴുത്തുകാരനായി സംഭവിക്കുന്നുള്ളൂ. ഏതെഴുത്തുകാരനും അപ്പോഴാണ് സംഭവിക്കുന്നത്. നമ്മുടെ എതിരാളിയെവിടെയാണെപ്പോഴും വ്യാസോച്ചിഷ്ടം ജഗത് സര്‍വം എന്ന് എഴുതിവച്ചിരിക്കുന്നതിനും അപ്പുറത്താണ് എന്നാണ്. ഈ ഉച്ചിഷ്ടത്തില്‍ നിന്നും എനിക്കെന്താണ് എന്‍റെ ഭാഗമെടുത്ത് മിനുക്കാനുള്ളത് എന്നത് അന്വേഷിക്കുന്നൊരാളാണ് എല്ലാ എഴുത്തുകാരനും. 

വ്യാസനില്ലായിരുന്നെങ്കിലോ എന്ത് ചെയ്തേനെ നാം

വ്യാസനില്ലെങ്കിലോ എന്ന ചോദ്യമില്ലല്ലോ, പിന്നെ എഴുത്തില്ലല്ലോ. അക്ഷരകലയില്ലെങ്കിലെന്ത് ചെയ്തേനെ എന്നതുപോലെയല്ലേ ഉള്ളൂവത്. 

click me!