ഏതു മുയല്‍ക്കുഴിയിലൂടെയാവും അവള്‍ അപ്രത്യക്ഷമായിരിക്കുക?

By Natalia Shine Arackal  |  First Published Aug 21, 2019, 7:56 PM IST

നൊമാദിക് റിപ്പബ്ലിക്. നതാലിയ ഷൈന്‍ അറയ്ക്കല്‍ എഴുതുന്ന കോളം ആരംഭിക്കുന്നു 


തിരിച്ചെത്തുമെന്നു പറഞ്ഞ ദിവസത്തിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞും കാണാതിരുന്നപ്പോള്‍ അവള്‍ തന്ന നാട്ടിലെ ഫോണ്‍ നമ്പറില്‍ ഞാന്‍ വിളിച്ചു നോക്കി. അവള്‍ അവിടെ എത്തിയിട്ടില്ല. അവര്‍ക്കൊരു കൂസലും ഇല്ലെന്നു കണ്ടപ്പോള്‍ ആരുമില്ലാത്തതിനെ കുറിച്ച് അവള്‍ പലതവണ ആകുലപ്പെട്ടതിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ചെന്നിരിക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഞാന്‍ അന്വേഷിച്ചു. എങ്ങുമില്ല. ഏതു മുയല്‍ക്കുഴിയിലൂടെയാവും അവള്‍ അപ്രത്യക്ഷമായിരിക്കുക? ഗ്രിഡിന് പുറത്ത് ജീവിക്കാനുള്ള അവളുടെ മോഹത്തെ ശപിച്ചു കൊണ്ട് ഞാന്‍ കാത്തിരുന്നു.

Latest Videos

 

'I knew when I met you an adventure was going to happen.' -A.A. Milne, Winnie the Pooh

കിട്ടുന്ന ഫെല്ലോഷിപ്പ് ഫീസിന് മാത്രം തികയുകയും താമസത്തിനും ഭക്ഷണത്തിനും ചെലവഴിക്കാനുള്ള കാശിനുമായി സര്‍വകലാശാലയുടെ അകത്തും പുറത്തുമായി രണ്ടു ജോലികള്‍ ചെയ്തു വരവെയാണ് ജര്‍മനിയിലെ  മ്യൂണിക്ക് നഗരത്തിൽ അവളെ ഞാന്‍ കണ്ടു മുട്ടുന്നത്. ഇന്ത്യന്‍ വംശജര്‍ക്ക് ഒരിക്കലും ഹൗസിംഗ് കവര്‍ ചെയ്യാന്‍ പാകത്തിന് സ്‌കോളര്‍ഷിപ്പ് കൊടുക്കാത്ത സായിപ്പിന്റെ അല്‍പത്തത്തെയും സമ്പന്നരായ മാതാപിതാക്കള്‍ക്ക് പിറക്കാന്‍ പറ്റാതിരുന്ന വിധിയെയും പഴിച്ചു കൊണ്ട് ആത്മാവിനെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്താന്‍ മാത്രം പാകത്തിന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു, ബാല്‍സാക്കിന്റെ പുസ്തകങ്ങളെ കുറിച്ചും ജാക്സണ്‍ ബ്രൗണിന്റെ നൂറാവര്‍ത്തി കേട്ടാലും മതി വരാത്ത ആ ഒരു പാട്ടിനെ കുറിച്ചും മടുപ്പില്ലാതെ ചര്‍ച്ച ചെയ്ത് അവള്‍ ജോലി ചെയ്തിരുന്ന റെസ്റ്ററന്റിലെ പഴയ കോഫി മെഷീനിന്റെ അടുത്തിട്ട ഒരു ചെറിയ വട്ട മേശയുടെ അപ്പുറവും ഇപ്പുറവും ഞങ്ങള്‍ പൂച്ചകളെ പോലെ ചുരുണ്ടു കൂടി ഇരുന്നു. 

സാധാരണ സൗഹൃദങ്ങള്‍ സമ്മാനിക്കാനിടയില്ലാത്ത ദാരിദ്ര്യം ആണ് ഞങ്ങളെ ഇത്രയും അടുപ്പിച്ചു നിര്‍ത്തിയിരുന്നത് എന്നത് കൗതുകമായിരുന്നു.  എത്ര പാളികളായി മൂടിയാലും ഉള്ളിലേയ്ക്ക് തണുപ്പ് ഇരച്ചു കയറുന്ന ശൈത്യകാലത്തില്‍ ചൂടുള്ള ഒരു പ്രാതല്‍ ലഭിക്കാനുള്ള സാധ്യതയെ കുറിച്ച് സ്വപ്നം മാത്രം കണ്ടു ഞങ്ങള്‍ തണുത്തുറഞ്ഞ മയോണേസ് തേച്ച റൊട്ടി കഷണങ്ങള്‍, ഡിസ്‌പെന്‍സറില്‍ നാണയങ്ങള്‍ ഇട്ടാല്‍ കിട്ടുന്ന ചായയുടെ കൂടെ ഭക്ഷിച്ചു കൊണ്ട് ദയനീയ ജീവിതം കഴിച്ചു കൂട്ടി.

അവളെ പോലെ തന്നെ വിചിത്രമായിരുന്നു എന്നിലേക്കുള്ള അവളുടെ വരവ്. 

ഒക്‌ടോബര്‍ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കിടയില്‍ പെട്ടെന്ന് നോക്കുമ്പോള്‍ ഒരു പരിചയച്ചിരി. മലയാളിയാണ്. സാധാരണ എതിര്‍ ദിശയിലേയ്ക്ക് ഓടി രക്ഷപെടാന്‍ നോക്കുകയാണ് പതിവ്. പക്ഷെ അവളുടെ ജിപ്‌സി വേഷത്തിലും കണ്ണുകളിലെ ഇളകുന്ന തിളക്കത്തിലും എന്നെത്തന്നെ എനിക്ക് കാണാനായി. ആഗോള മലയാളികളുടെ ആ ചോദ്യം ഞാനും ചോദിച്ചു, "നാട്ടില്‍ എവിടെയാ?" "ഞാനൊരു കൊച്ചിക്കാരിയാണ്" അവള്‍ പറഞ്ഞു. ഭ്രാന്തായിരുന്നു അവള്‍ക്ക്. അല്ലെങ്കില്‍ ലോകത്തുള്ള സകല സര്‍വകലാശാലകളിലും ഉള്ള സോഷ്യോളജി ഗവേഷണത്തിന് ഇത്രദൂരം സഞ്ചരിച്ച് ഈ നഗരത്തിലെ സര്‍വകലാശാലയില്‍ എത്തുമോ? അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെ. "We should start where it all went wrong."

...................................................................................................................

മലയാളികളുടെ ആ ചോദ്യം ഞാനും ചോദിച്ചു, "നാട്ടില്‍ എവിടെയാ?" "ഞാനൊരു കൊച്ചിക്കാരിയാണ്" അവള്‍ പറഞ്ഞു.

വിളക്കുകളുടെ ഉത്സവത്തിന് റൈനിനു കുറുകെ ഒഴുകുന്ന സഞ്ചാരികള്‍ക്കായുള്ള തോണികളിലൊന്നില്‍ സെപ്റ്റംബറിന്റെ നേര്‍ത്ത തണുപ്പുള്ള കാറ്റേറ്റ് കിടക്കുമ്പോള്‍ ഞാന്‍ അവളോട് പേരു ചോദിച്ചു, നിന്റെ പേരെന്താ ഇങ്ങനെയായത്? 

അതിനു മറുപടി പറയാതെ അവളെന്നോട് തിരിച്ചു ചോദിച്ചു, നിന്റെ പേരെന്താ ഇങ്ങനെ?

റഷ്യന്‍ എഴുത്തുകാരന്‍ മിഖായില്‍ ഷോളെഖോവിന്റെ ശാന്തമായൊഴുകുന്ന ഡോണിൽ  നിന്നാണ് പപ്പയെന്റെ പേര് കണ്ടെത്തിയത്.

'ഡോണ്‍ വീണ്ടും ഒഴുകിയപ്പോള്‍ തീരത്തടിഞ്ഞവളാണ് ഞാന്‍'. 

അവള്‍ക്കു വിഷമമായി. 

'ഞാന്‍ ഏതു പുസ്തകത്തില്‍ നിന്നും വന്നെന്ന് ആരും എന്നോട് പറഞ്ഞില്ല'. 

'വിഷമിക്കണ്ട നിനക്ക് വേണ്ടി ഞാനൊരു പുസ്തകം എഴുതാം'. 

'എഴുതുമോ?'

വിനോദത്തിനു വേണ്ടി ബ്ലാക്ക് ജാക്ക് മുതല്‍ കത്തിയേറു വരെ നടക്കുന്ന ബവാരിയയിലെ ഒരു ബിസ്ട്രോയില്‍ വെച്ച് എനിക്ക് ഡ്രിങ്ക് ഓഫര്‍ ചെയ്തവനോട് അവള്‍ പറഞ്ഞു,  വേണ്ട വേണ്ട. ഇവള്‍ എന്‍േറത് മാത്രമാണ്!

പതഞ്ഞു പൊന്തിയ സ്വര്‍ണ്ണമെന്നു അവള്‍ വിശേഷിപ്പിക്കുന്ന കിന്‍ഡലെ വൈസ് കുടിച്ച്, പാതിരാ കഴിഞ്ഞും കരിയോക്കെ പാടിയ ഞങ്ങള്‍ പ്രണയിതാക്കളാണെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ടാവണം. സംഗീതം മറ്റെന്തിനേക്കാളും ഉപരി ലഹരി പിടിപ്പിച്ചിരുന്ന നാളുകളില്‍ വല്ലപ്പോഴും മാത്രം കിട്ടുന്ന നല്ല ടിപ്പുകളെ ഇങ്ങനെ അവിസ്മരണീയമായ അനുഭവങ്ങള്‍ ആക്കി മാറ്റാന്‍ ഞങ്ങളന്നു ശ്രമിച്ചിരുന്നു.

വളരെ വേഗമടുക്കുന്ന ക്രിസ്മസ് കാലത്ത്, 'നേരില്‍ കാണുമ്പോള്‍ ഒരു വലിയ ചുവന്ന റിബ്ബണ്‍ കെട്ടി എന്നെ തരാം' എന്ന പതിവ് പല്ലവിക്കപ്പുറം എന്തെങ്കിലുമൊരു സമ്മാനം മറ്റൊരു രാജ്യത്തു താമസിക്കുന്ന കൂട്ടുകാരന് അയയ്ക്കണമെന്ന ഉദ്ദേശത്തോടെ, ഒരു സീനിയറിന്റെ സൈറ്റേഷന്‍ ജോലി ചെയ്തു വരവേ, രാവിലെ തന്നെ അവള്‍ പ്രത്യക്ഷപ്പെട്ടു. പ്രൊഫഷണല്‍ ഫോട്ടോ എടുത്തു കൊടുക്കാമെന്നു ഞാന്‍ ഏറ്റു പോയി. പ്രായമുള്ളവരാണ്. നീ എന്തിനിതൊക്കെ ഏല്‍ക്കുന്നു. അവളും, ഞാനും, ഒരധ്യാപകന്റെ കടം വാങ്ങിയ ഒളിമ്പസ് ഇ-10 ക്യാമറയും, എവിടുന്നോ പഠിച്ച മുറി ഫ്രഞ്ചും. അന്നത്തെ കൂട്ടുകാരന്‍, ഇന്നത്തെ ഭര്‍ത്താവാണ്. അദ്ദേഹം ഇന്നും  vintage പോലെ സൂക്ഷിക്കുന്ന ആ പഴയ ps2 ഗെയിം വന്നത് അങ്ങനെയാണ്. 

ആ സമ്മാനവും വാങ്ങി അയച്ച് അധികം വൈകാതെ കടല്‍ കടന്ന്  എന്നെ തേടി എത്തിയ Snow country എന്ന പുസ്തകവുമായി ഞങ്ങള്‍ ആ കോഫി മെഷീനിനടുത്തു ചുരുണ്ടു കൂടി. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിനായി വീട്ടിലേയ്ക്കു ഓടുന്ന തിരക്കുകള്‍ ചില്ലു ഭിത്തിയുടെ മഞ്ഞു വീണ മങ്ങലിലൂടെ കണ്ട് കൊണ്ട് എങ്ങും പോകാനില്ലാത്ത രണ്ടു പേര്‍. 

'നിന്നെ തിരഞ്ഞു വരാന്‍ ആളുണ്ട്. മഴക്കാടുകള്‍ തോല്‍ക്കുന്ന പുരികങ്ങള്‍ എന്ന് പറഞ്ഞില്ലേ. അവയ്ക്കിടയിലാണ് നിനക്ക് വീട്. എനിക്കാണ് വേരുകള്‍ ഇല്ലാത്തത്. ആദ്യം പ്രത്യക്ഷപ്പെടുന്ന മുയല്‍ക്കുഴിയിലൂടെ അത്ഭുതലോകത്തെ ആലീസിനെപ്പോലെ താഴേയ്ക്ക് വീഴുന്നത് ഞാനായിരിക്കും'.

Again she lost herself in the talk, and again her words seemed to be warming her whole body*1.

റോത്താന്‍ബര്‍ഗിലെ ഒരു കഫെയില്‍ പുറത്തേയ്ക്കു ഇറക്കിയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ ഇരുന്നു ആ തെരുവിന്റെ ഒരു ചാര്‍ക്കോള്‍ സ്‌കെച്ച് വരച്ചു കൊണ്ടിരിക്കുമ്പോഴുണ്ട് മെയ് ദിന റാലിക്കാര്‍ക്കിടയില്‍ അവള്‍!

'നീ ചുവപ്പ്‌സേനക്കാരിയാണോ?'

'ഹേയ് അത്തരം പകര്‍ച്ചവ്യാധികള്‍ ഒന്നുമില്ല. പിന്നെ ഇതുമൊരു ആഘോഷമാണല്ലോ'. 

You're entirely bonkers. But I will tell you a secret, all the best people are*2.

ജോലിയുപേക്ഷിച്ച്, പ്രതികൂല സാഹചര്യങ്ങളില്‍ തെരുവിലാക്കപ്പെടുന്ന കുട്ടികളെ സഹായിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനുമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സംഘടനയിലായി അവളുടെ ശ്രദ്ധ. അടുത്ത മാസത്തെ വാടകയ്ക്കുള്ള വകയുണ്ടാക്കിയില്ലെങ്കില്‍ അവിടെ തന്നെ രണ്ട് വലിയ കുട്ടികള്‍ക്കുള്ള സ്ഥലം നോക്കിക്കോളാന്‍ പറയേണ്ടി വന്നു അവളോട്. ക്ലേശകരമായ ജീവിതത്തില്‍ ആ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ ഒരു മിന്നൊളി കാട്ടാന്‍ ആ സംഘത്തോടൊപ്പം അവള്‍ ശ്രമിച്ചു വരവേ അതിലൊരുവന്‍ ഇസാറില്‍ ചാടി ജീവനൊടുക്കി. എന്തിനു എന്ന് മറുപടി കിട്ടാതെ ചോദിച്ചു കൊണ്ട് അത്ര ദിവസം അവളെന്റെ അടുക്കലിരുന്നു. ആ കുട്ടികളില്‍ അവള്‍ അവളെ തന്നെ കണ്ടിരുന്നുവോ?

...................................................................................................................

'നിന്നെ തിരഞ്ഞു വരാന്‍ ആളുണ്ട്. മഴക്കാടുകള്‍ തോല്‍ക്കുന്ന പുരികങ്ങള്‍ എന്ന് പറഞ്ഞില്ലേ. അവയ്ക്കിടയിലാണ് നിനക്ക് വീട്. എനിക്കാണ് വേരുകള്‍ ഇല്ലാത്തത്. ആദ്യം പ്രത്യക്ഷപ്പെടുന്ന മുയല്‍ക്കുഴിയിലൂടെ അത്ഭുതലോകത്തെ ആലീസിനെപ്പോലെ താഴേയ്ക്ക് വീഴുന്നത് ഞാനായിരിക്കും'.



ബെഥോവന്‍ ഫെസ്റ്റില്‍ പങ്കെടുക്കാനായി ബോണ്‍ നഗരത്തിലേക്കുള്ള തീവണ്ടിയില്‍ ഇരുന്നപ്പോളാണ് അവളൊരു യാത്രയുടെ കാര്യം സൂചിപ്പിച്ചത്. വീടെന്നു പറയുന്ന ഒരിടത്തേയ്ക്കു കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അവള്‍ക്കു പോകേണ്ടിയിരിക്കുന്നു. 'വിമന്‍ ഇന്‍ മ്യൂനിച്ച്' എന്ന ടൂര്‍ ഗ്രൂപ്പില്‍ ഗൈഡായി പുതിയ ജോലിയുടെ തിരക്കുകളില്‍ മുങ്ങിയതോടെ അവള്‍ വീണ്ടും മാനസിക ദൃഢത കൈവരിച്ചതായി അക്കാലത്ത് എനിക്ക് തോന്നി തുടങ്ങിയിരുന്നു.

ബെഥോവന്‍ ഫെസ്റ്റ്് -ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ബോണിലേയ്ക്ക് ആവാഹിക്കുന്ന സംഗീതത്തിന്റെ ഉത്സവം. ബെഥോവന്‍ സൊനാറ്റകളുടെ അസാമാന്യമായ വ്യാഖ്യാനങ്ങളുടെ മാസ്മരികതയില്‍ ഞങ്ങള്‍ മുങ്ങിയ ദിവസങ്ങള്‍. 

'2020ല്‍ ബെതോവനു 250 വയസ്സാവും. ആ വര്‍ഷത്തെ ബെഥോവന്‍ ഫെസ്റ്റിനു ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നീ വരണം. ഞാനിവിടെ ഉണ്ടാവും.'

'ഞാന്‍ വരും. ബെതോവനോളം മറ്റാരെയെങ്കിലും നീ എന്നെങ്കിലും പ്രണയിക്കുമോ?'

'സംശയമാണ്', പ്രണയം അങ്ങനെ മനപൂര്‍വം ഉണ്ടാവുന്നതല്ലല്ലോ, അതൊരു ദുരന്തമല്ലേ?

Love ins't something you choose, you catch it like a disease, you get trapped in it, like a disaster'*3.

അതികഠിനമായിരുന്നു അക്കൊല്ലത്തെ ശൈത്യം. അഡ്വെണ്ട് കാലത്ത് കൊളോണ്‍ നഗരത്തില്‍ ഹോസ്റ്റ് ചെയ്യപ്പെടുന്ന ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ചിലവാക്കാനുള്ള പണം സമ്പാദിക്കാനും, ഒരു അപൂര്‍വ്വമായ ബോബിള്‍ (ഒരു ക്രിസ്മസ് അലങ്കാരം) അദ്ദേഹത്തിനായി വാങ്ങാനും, താമസയിടത്തെ ഹീറ്റിങ്ങിന് വീട്ടുടമസ്ഥ ഈടാക്കുന്ന അധിക വാടകയില്‍ നിന്നും രക്ഷപെടാനുമായി സര്‍വകലാശാലയ്ക്കു പിന്നിലുള്ള ഒരു റാമന്‍ ഷോപ്പിലാണ് ഞാന്‍ അക്കാലത്തു ജോലി ചെയ്തിരുന്നത്. ഒരു നേരം ചൂടുള്ള ഭക്ഷണം വെച്ചു നീട്ടുന്ന ജാപ്പനീസ് കടയുടമസ്ഥയോടു വളരെ നന്ദി തോന്നിയിരുന്നതായി ഓര്‍ക്കുന്നു.

തലമുടി മറച്ചു, ഏപ്രണും കെട്ടി tempuraയ്ക്കുള്ള കൊഞ്ചിനെ വൃത്തിയാക്കുന്നതിനിടയില്‍ ധൃതിയില്‍ അവള്‍ വന്നു കേറി. പതിവ് പോലെ അവള്‍ക്കായൊരു ബൗള്‍ മിസോ സൂപ്പുമായി ഞാന്‍ വന്നപ്പോള്‍ അവള്‍ പോകാന്‍ നില്‍ക്കയാണ്. 

വൈകിട്ട് പോകണം, അത്യാവശ്യം ആണ്. 

അപ്പോള്‍ നമ്മുടെ കൊളോണ്‍ യാത്ര? 

ഞാനുടനെ വരും, ഏറിയാല്‍ രണ്ടാഴ്ച്ച. ക്രിസ്മസിനു കൊളോണില്‍ പോകാം. ഞാന്‍ ഒരു ചെറിയ ബാഗ് മാത്രമേ കൊണ്ട് പോകുന്നുള്ളൂ. പുറത്ത്  ശക്തമായി മഞ്ഞു വീഴാന്‍ തുടങ്ങുന്നു. പോകട്ടെ.

In the falling quiet there was no sky or earth, only nsow lifting in the wind, frosting the window glass, chilling the rooms, deadening and hushing the city*4. 

തിരിച്ചെത്തുമെന്നു പറഞ്ഞ ദിവസത്തിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞും കാണാതിരുന്നപ്പോള്‍ അവള്‍ തന്ന നാട്ടിലെ ഫോണ്‍ നമ്പറില്‍ ഞാന്‍ വിളിച്ചു നോക്കി. അവള്‍ അവിടെ എത്തിയിട്ടില്ല. അവര്‍ക്കൊരു കൂസലും ഇല്ലെന്നു കണ്ടപ്പോള്‍ ആരുമില്ലാത്തതിനെ കുറിച്ച് അവള്‍ പലതവണ ആകുലപ്പെട്ടതിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ചെന്നിരിക്കാന്‍ സാധ്യതയുള്ളിടത്തൊക്കെ ഞാന്‍ അന്വേഷിച്ചു. എങ്ങുമില്ല. ഏതു മുയല്‍ക്കുഴിയിലൂടെയാവും അവള്‍ അപ്രത്യക്ഷമായിരിക്കുക? ഗ്രിഡിന് പുറത്ത് ജീവിക്കാനുള്ള അവളുടെ മോഹത്തെ ശപിച്ചു കൊണ്ട് ഞാന്‍ കാത്തിരുന്നു.

ക്രിസ്മസും ന്യൂയറും വന്നു പോയി. കൂട്ടുകാരനുള്ള സമ്മാനവുമായി എന്നില്‍നിന്നും മറ്റൊരു എയര്‍ മെയില്‍ കൂടി പറന്നകന്നു. 

ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡോമില്‍ ഒരൊഴിവ് വന്നപ്പോള്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുടെ ശുപാര്‍ശയോടെ ഞാന്‍ അങ്ങോട്ടേയ്ക്ക് കുടിയേറി. അവളുടെ പുസ്തകങ്ങളും പെട്ടികളും ഡോം റൂമിന്റെ ഒരു മൂലയ്ക്ക് ഒതുക്കി വെച്ചു. പഠനം പൂര്‍ത്തിയാക്കാനോ പ്രബന്ധം സമര്‍പ്പിക്കാനോ പോലും മെനക്കെടാതെ അവള്‍ എന്നന്നേയ്ക്കുമായി മാഞ്ഞു പോയി. 

വിയലിനില്‍ അവള്‍ വായിക്കുന്ന ചോപ്പിന്റെ നൊക്ക്റ്റര്‍ണ്, കൈത്തണ്ടയിലെ Kyle Broflovski ടാറ്റൂ, നിര്‍ജീവ വസ്തുക്കളോടും മരങ്ങളോടും സംസാരിക്കുന്ന അവളുടെ കിറുക്ക്, ശരത്കാലത്തിന്റെ ഏറിയ പങ്കും അവള്‍ ചിലവഴിക്കുന്ന സ്‌പൈഡര്‍ ഗ്വന്‍ ഹുഡി, അവളെ അവളാക്കുന്ന നൂറു നൂറു ചെറിയ വൈചിത്ര്യങ്ങള്‍, എല്ലാം ഓരോന്നായി അവളോടൊപ്പം മറവിയിലേക്കാഴ്ന്നു പോയി.

ഓപ്പണ്‍ ഡിഫന്‍സു കഴിഞ്ഞു ഞാന്‍ വീട്ടിലേയ്ക്കുള്ള വിമാനം കയറി. അധികം താമസിയാതെ എന്നെ സ്വന്തമാക്കാന്‍ കടല്‍ കടന്നു വന്ന, ആ കൂട്ടുകാരനൊപ്പം മറ്റൊരു രാജ്യത്തേയ്ക്കു ഞാന്‍ ജീവിതം പറിച്ചു നട്ടു. രാജ്യം വിടുന്നത് വരെ ഒരു ദിവസം എവിടെ നിന്നെങ്കിലും അവള്‍ വന്നു കേറുമെന്നു ഉണ്ടായിരുന്ന പ്രതീക്ഷയും അതോടെ ഇല്ലാതായി.

അതുകഴിഞ്ഞെത്ര യുഗങ്ങള്‍ പിന്നിട്ടു. 

അടുത്ത വര്‍ഷമാണ് ബെഥോവന്റെ ഇരുനൂറ്റമ്പതാം പിറന്നാള്‍ ആഘോഷം. കുഞ്ഞുകുട്ടി പരിവാരങ്ങളെയും കൂട്ടി ബോണിലെ ആഘോഷത്തില്‍ ഞാനും ഉണ്ടാവും. അവള്‍ക്കു വാക്ക് കൊടുത്ത എന്റെ പുസ്തകം പൂര്‍ണ്ണമായിരിക്കുന്നു. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ശാസ്ത്ര സാഹിത്യ ശൈലിയില്‍ അവളെ നായികയാക്കി ഞാന്‍ എഴുതിയത്.

ആഡെലിന്‍, സ്ത്രീകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവളെ, നിന്റെ ലക്ഷ്യം പൂര്‍ത്തിയായെങ്കില്‍ മടങ്ങി വരിക. നീയാണ്, നിനക്കാണ് ഈ പുസ്തകം.

----------------------

*1 Snow country - Yasunari Kawabata
*2  Alice's adventures in wonderland - Lewis Carroll
*3 A tale of love and darkness- Amos Oz
*4 American fantastic tales - Truman Capote

 

 

click me!