മനുഷ്യരെ പ്രണയിച്ച ജിന്നുകള്‍, ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും മലയാളത്തില്‍ പ്രണയിച്ച് ഒന്നര നൂറ്റാണ്ട്

By Suhail Ahammed  |  First Published May 9, 2022, 3:22 PM IST

ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും. അറബി മലയാളത്തില്‍ പ്രണയം പൂത്തി 150 വര്‍ഷങ്ങള്‍. സുഹൈല്‍ അഹ്മദ് എഴുതുന്നു


മലയാളത്തിലെ ആദ്യപ്രണയ കാവ്യമാണിതെന്ന് അഭിപ്രായങ്ങളുണ്ട്. പ്രണയസാഫല്യത്തിനായി നാടും വീടും വിട്ട് പോരാടിയ യുവതിയെ കേന്ദ്രമാക്കിയുള്ള രചനയ്ക്ക് സ്ത്രീപക്ഷ മുഖമാണ് എന്നും പില്‍ക്കാലം ഈ കവിതയെ വിലയിരുത്തി.മാപ്പിളപ്പാട്ടുകളില്‍ ശൃംഗാരമോ പ്രണയ സങ്കല്‍പ്പങ്ങളോ പൊറുപ്പിക്കാത്ത കാലത്ത്, നാട്ടുനടപ്പുകളെ സധൈര്യം വെല്ലുവിളിച്ചാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികവും ആദിമവുമായ ചോദനകളെ വൈദ്യര്‍ പാട്ടിലേക്ക് കുടിയിരുത്തിയത്. ആ നിലയ്ക്ക് ഇതൊരു വിപ്ലവം കൂടിയായിരുന്നു അക്കാലത്ത്. ഇണയെ തിരഞ്ഞെടുക്കാന്‍ സ്ത്രീക്കും തുല്യ അവകാശമുണ്ടെന്ന് വൈദ്യര്‍ പാടിപ്പറഞ്ഞപ്പോള്‍ അത് യാഥാസ്ഥിതികരെ ചൊടിപ്പിച്ചിരിക്കണം. 20-കാരനായ വൈദ്യര്‍ക്ക് സാമൂഹികമായ എതിര്‍പ്പുകള്‍ നേരിടേണ്ടിയും വന്നിരിക്കണം. അതാവണം പിന്നീട് അദ്ദേഹത്തിന്റെ രചനകള്‍ പ്രണയഭാവത്തിനു പകരം ആത്മീയവും മതപരവുമായ വഴികളിലേക്ക് തിരിഞ്ഞത്.

Latest Videos

undefined

''പൂമകളാനെ ഹുസുനുല്‍ ജമാല്‍
പുന്നാരത്താളം മികന്തെ ബീവി
ഹേമങ്ങള്‍ മെത്ത പണി ചിത്തിരം
ആഭരണക്കോവ അണിന്ത ബീവി

മോയിക്കുട്ടി വൈദ്യരെന്ന മഹാകവിയുടെ ബദറുല്‍ മുനീര്‍ -ഹുസുനുല്‍ ജമാല്‍ എന്ന പ്രണയ കാവ്യം. അനുരാഗ കുളിര്‍കാറ്റായി ചുണ്ടുകളില്‍ തത്തിക്കളിച്ച വരികള്‍. കല്യാണ വിടുകളിലെ ആഘോഷ രാവുകളില്‍ കൈ കൊട്ടി പാടാനും ആടാനും ഒരു തലമുറ തെരഞ്ഞെടുത്ത സങ്കീര്‍ത്തനം.

വാക്കുകളുടെ ഔചിത്യം കൊണ്ട് ബദ്‌റുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്ന പ്രണയ കാവ്യത്തെയോ, ഇരുവരുടേയും പ്രണയത്തെയോ നിര്‍വചിക്കുക എളുപ്പമല്ല. കാവ്യ രചനയുടെ 150-ാം വര്‍ഷത്തിലും പുതിയ തലമുറയും ആവേശത്തോടെയാണ് ഈ മനോഹരപ്രണയഗാനത്തെ നെഞ്ചേറ്റുന്നത്.


''നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ
നവരത്നച്ചിങ്കാരം പൂണ്ട ബീവി
കാണ്‍മാനക്കാഴ്ചക്കദൃപ്പമെന്താം
കത്തും തഖ്ത്തില്‍ മരുങ്ങും ബീവി
കാണ്‍മാനക്കാഴ്ചക്കദൃപ്പമെന്താം
കത്തും തഖ്ത്തില്‍ മരുങ്ങും ബീവി
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈ രണ്ടെറിന്തുവീശി
പരുക്കിത്തലമുടിയും കുനിത്ത്
പെരുമാന്‍ കളുത്തും ചരിത്തും കൊണ്ട്
കരിപോല്‍ ഇടത്തും വലത്തീട്ടൂന്നി
കണ്‍പീലി വെട്ടിച്ചുഴറ്റീടലില്‍
പരിനൂല്‍മദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും
പുഞ്ചിരിത്തന്നനടച്ചായലില്‍
പൂമാനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ജിന്നും മനുവര്‍ കണ്ടാല്‍
തന്‍പോതം വിട്ടു മദപ്പെടുമേ''

പഴയൊരു കാലത്തെ അറബിമലയാളത്തിന്റെ നാട്ടുതനിമയില്‍ വൈദ്യര്‍ ഹുസുനുല്‍ ജമാലെന്ന നായികയെ വര്‍ണ്ണിക്കുന്നത് കാണുക.

പ്രണയവര്‍ണനയിലേക്ക് കാവ്യഭാവന പടരുളമ്പോള്‍ അതിന് ചേലു കൂടുന്നു. സ്വതസിദ്ധമായ ശൈലിയില്‍ വൈദ്യര്‍ പാടിപ്പറഞ്ഞ കഥ അച്ചടി മഷി പുരളും മുമ്പേ വാമൊഴിയായി ഉറ്റവര്‍ ഏറ്റുപാടി. അങ്ങനെ ഈ പ്രണയ സങ്കീര്‍ത്തനം മാപ്പിള സാഹിത്യത്തിലെ അനശ്വരമായ പൈത്യക സ്വത്തായി.

അറബിക്ക് പുറമെ പേര്‍ഷ്യന്‍ ഭാഷയുടെ ആധിക്യവും കവിതയിലുണ്ട്. അന്നത്തെ മാപ്പിളപ്പാട്ടുകളില്‍ സഹജമായിരുന്ന തമിഴ് ഭാഷാപദങ്ങളുടെ സ്വാധീനവും കാണാം.

ഈ മനോഹര കാവ്യം പിറന്നതിങ്ങനെ

പേര്‍ഷ്യന്‍ സാഹിത്യകാരന്‍ ഖാജാ മുഈനുദ്ദീന്‍ ശാഹ് ശീറാസ് രചിച്ച പ്രണയ നോവലാണ് ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍. 1872-ലാണ് അറബി മലയാളത്തിലൂടെ ആ പ്രണയാഖ്യാനം മോയിന്‍കുട്ടി വൈദ്യര്‍ നിര്‍വഹിച്ചത്. അന്ന് വൈദ്യര്‍ക്ക് പ്രായം വെറും20 വയസ്സായിരുന്നുവെന്ന് ഓര്‍ക്കണം.

മോയിന്‍കുട്ടി വൈദ്യര്‍ എങ്ങനെയാണ് ആ പേര്‍ഷ്യ നോവലിലേക്ക് എത്തിയത? അതിനു പിന്നില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു കഥയുണ്ട്. അതില്‍ അന്നത്തെ പ്രബലനായ കൊണ്ടോക്കി തങ്ങളുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു പേര്‍ഷ്യന്‍ പണ്ഡിതനായിരുന്ന നിസാമുദ്ദീന്‍ ശൈഖ്. കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹം കൊണ്ടോട്ടി തങ്ങളുടെ ആതിഥ്യം സ്വീകരിക്കുന്നത് പതിവായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ പിതാവ് കൊണ്ടോട്ടി തങ്ങളുടെ സഹായി ആയിരുന്നു.

അങ്ങനെയൊരു സന്ദര്‍ശന വേളയിലാണ് നിസാമുദ്ദീന്‍ ശൈഖ് അന്ന് ചെറുപ്പമായിരുന്ന മോയിന്‍കുട്ടി വൈദ്യരുമായി പരിചയപ്പെട്ടത്. വൈദ്യരുടെ അറിവിലും ഭാവനയുടെ തലപ്പൊക്കത്തിലും സംപ്രീതനായ നിസാമുദ്ദീന്‍ ശൈഖ്, പേര്‍ഷ്യല്‍ പ്രശസ്തമായ ബദറുല്‍ മുനീറിന്റെയും ഹുസുനുല്‍ ജമാലിന്റെയും പ്രണയകഥ വൈദ്യര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. 20 വയസ്സിന്റെ കാല്‍പ്പനികാകാശങ്ങളില്‍ പെറന്നുകാണ്ടിരുന്ന വൈദ്യരുടെ മനസ്സില്‍ ആ ഇണപ്പക്ഷികള്‍ കൂടുകൂട്ടി. വൈകാതെ, അറബി മലയാള ഭാഷയില്‍ ആ മനോഹര കാവ്യം വാര്‍ന്നുവീണു.

1889- ലാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ഇന്ദുലേഖ ഒ. ചന്ദുമേനോന്‍ എഴുതുന്നത്. അതിനും 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1872-ലാണ് മോയിന്‍കുട്ടി വൈദ്യരുടെ ഈ അനശ്വരപ്രണയഗീതം വരുന്നത് എന്നാണ് കരുതുന്നത്.

The Lovers, dated A.H. 1039/ A.D. 1630. Artist Riza. (Photo by Heritage Art/Heritage Images via Getty Images)

കഥ ചുരുക്കി ചുരുക്കി ചുരുക്കി ഇങ്ങനെ പറയാം:

പേര്‍ഷ്യയില്‍ നടക്കുന്ന കഥയെ ഇന്ത്യയിലെ അസ്മീര്‍ (അജ്മീര്‍) പട്ടണത്തിലേക്കാണ് വൈദ്യര്‍ പറിച്ചുനടുന്നത്. എന്നാല്‍, ഭൂമി മാത്രമല്ല, കടലുമാകാശങ്ങളും മനുഷ്യരും ജിന്നുകളുമെല്ലാം ഇതിലെ കഥാപാത്രങ്ങളാവുന്നു. അസ്മീറിലെ ചക്രവര്‍ത്തി മഹാസീന്റെ മകള്‍ ഹുസുനുല്‍ ജമാലും മന്ത്രി മസാമീറിന്റെ മകന്‍ ബദറുല്‍ മുനീറും തമ്മിലുള്ള പ്രണയത്തിന്റെ ഇഴയടുപ്പമാണ് കവിതയുടെ പ്രമേയം.

മനുഷ്യരും ജിന്നും പ്രണയവും ഇഴപാകിയ കഥ

കളിക്കൂട്ടുകാരാണ് ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും. മുതിര്‍ന്നപ്പോള്‍ ആ അടുപ്പം പ്രണയമായി മാറി. പിരിയാനാവാത്ത അടുപ്പം. ഇത് ആളുകള്‍ പറഞ്ഞറിഞ്ഞതോടെ അപകടം മണത്ത രാജാവ് ബദറുല്‍ മുനീറിനെ കൊട്ടാരത്തില്‍ വരുന്നത് വിലക്കുന്നു. എന്നാല്‍ മുനീറും രാജകുമാരിയായ ഹുസുനുല്‍ ജമാലും കൊട്ടാരത്തിലെ വിശ്വസ്തനായ അടിമയുടെ സഹായത്തോടെ ഒളിച്ചോടാന്‍ പദ്ധതിയിട്ടു. ഇത് രഹസ്യമായി കേട്ട അബുസയ്യാദ് എന്നൊരാള്‍ മന്ത്രിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം മുനീറിനെ തടവിലാക്കി. ഇതറിയാതെ ഹുസുനുല്‍ ജമാല്‍ സംഗമസ്ഥാനത്ത് കാത്തിരുന്നു. രാത്രിയില്‍ വേഷംമാറിയെത്തിയ അബുസയ്യാദ് ഹുസുനുല്‍ ജമാലിനേയും കൂട്ടി നാടുവിട്ടു. നേരം വെളുത്തപ്പോഴാണ് കബളിക്കപ്പെട്ട വിവരം രാജകുമാരി തിരിച്ചറിഞ്ഞത്.

രാജകുമാരിയോടുള്ള ഇംഗിതം അബൂസയ്യാദ് അറിയിച്ചുവെങ്കിലും രാജകുമാരി വഴങ്ങിയില്ല. ബഹ്ജര്‍ രാജാവിന്റെ നാട്ടിലാണ് ഇരുവരും എത്തിയത്. ഹുസുനുല്‍ ജമാലിനെ കണ്ടതോടെ രാജാവിനും തോന്നി പ്രണയം. രാജാവ് സൈനികരെ അയച്ചെങ്കിലും ഹുസുനുല്‍ ജമാല്‍ അവരെ തുരത്തി കുതിരപ്പുറത്തേറി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ ക്ഷീണംമൂലം ഒരു പൂന്തോട്ടത്തില്‍ ഉറങ്ങിപ്പോയ ഹുസുനുല്‍ ജമാലിനെ ജിന്നുകളുടെ രാജകുമാരനായ മുഷ്താഖ് പിടികൂടി ആകാശേലാകങ്ങളിലെ കൊട്ടാരത്തിലെത്തിച്ചു. മുഷ്താഖിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് എന്നാല്‍, അയാളെ പിണക്കാതെ മുനീറിനോടുള്ള പ്രണയം നിലനിര്‍ത്തി അവള്‍ ജിന്നുകളുടെ രാജ്യത്ത് കഴിയുന്നു.

മുനീറിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ രാജ്ഞിക്ക് അയാളോട് പ്രണയം. അവന്‍ വഴങ്ങുന്നില്ല. എങ്കിലുമവിടെ താമസിച്ചു. ഒരുനാള്‍ പൂന്തോട്ടത്തില്‍ ഉറങ്ങിയപ്പോയ മുനീറിനെ ജിന്നു രാജാവ് മുശ്താഖിന്റെ സഹോദരി സുഫൈറ കണ്ടു. അവള്‍ അയാളെ തന്റെ കൊട്ടാരത്തിലെത്തിച്ചു. പ്രണയം മുറുകിയപ്പോള്‍ സഫീറ തന്നെ വിവാഹം ചെയ്യാന്‍ അവനോട് ആവശ്യപ്പെട്ടു. ജമാലിനെ ഓര്‍ത്തുരുകുന്ന അവന്‍ അവളെ പിണക്കാതെ ആ വിഷയത്തില്‍നിന്നും ഒഴിഞ്ഞുമാറി അവിടെ താമസിച്ചു. സഫീറയുടെ പ്രണയം പകയായി, അവളയാളെ കൊടും ശിക്ഷകള്‍ക്ക് വിധേയയാക്കി. സഹോദരിയുടെ കൊട്ടാരത്തില്‍ ഒരു മനുഷ്യന്‍ പെട്ടുകിടക്കുന്നതറിഞ്ഞ് ജിന്നുരാജാവ് മുഷ്താഖ് അയാളെ തന്റെ മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. മുഷ്താഖിന്റെ മുന്നിലെത്തിയ മുനീര്‍ തന്റെ പ്രണയകഥ അയാളോട് പറഞ്ഞു. തന്റെ കൊട്ടാരത്തിലുള്ള യുവതിയാണ് മുനീര്‍ തേടുന്നതെന്ന് മനസ്സിലാക്കിയ രാജാവ് മുഷ്താഖ് ഇരുവരെയും ഒന്നിപ്പിച്ചു. അസ്മീറില്‍ തിരിച്ചെത്തിയ ഇരുവരും വിവാഹിതരാകുന്നു. മഹാസീന്‍ രാജാവ് സിംഹാസനം ബദറുല്‍ മുനീറിന് കൈമാറുന്നതോടെ കഥ തീരുന്നു.

പ്രണയത്തിന്റെ വിപ്ലവഭാവന

മലയാളത്തിലെ ആദ്യപ്രണയ കാവ്യമാണിതെന്ന് അഭിപ്രായങ്ങളുണ്ട്. പ്രണയസാഫല്യത്തിനായി നാടും വീടും വിട്ട് പോരാടിയ യുവതിയെ കേന്ദ്രമാക്കിയുള്ള രചനയ്ക്ക് സ്ത്രീപക്ഷ മുഖമാണ് എന്നും പില്‍ക്കാലം ഈ കവിതയെ വിലയിരുത്തി. അതോടൊപ്പം, സാഹിത്യകൃതി എന്നതിനപ്പുറം അക്കാലത്തെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ കൃതി. ചരിത്രകാരന്‍മാര്‍ക്ക് ഏറെ സഹായകമായ വിവരങ്ങള്‍ ഇതിലുണ്ട്. മാപ്പിളപ്പാട്ടുകളില്‍ ശൃംഗാരമോ പ്രണയ സങ്കല്‍പ്പങ്ങളോ പൊറുപ്പിക്കാത്ത കാലത്ത്, നാട്ടുനടപ്പുകളെ സധൈര്യം വെല്ലുവിളിച്ചാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികവും ആദിമവുമായ ചേദനകളെ വൈദ്യര്‍ പാട്ടിലേക്ക് കുടിയിരുത്തിയത്. ആ നിലയ്ക്ക് ഇതൊരു വിപ്ലവം കൂടിയായിരുന്നു അക്കാലത്ത്.

ഇണയെ തിരഞ്ഞെടുക്കാന്‍ സ്ത്രീക്കും തുല്യ അവകാശമുണ്ടെന്ന് വൈദ്യര്‍ പാടിപ്പറഞ്ഞപ്പോള്‍ അത് യാഥാസ്ഥിതികരെ ചൊടിപ്പിച്ചിരിക്കണം. 20-കാരനായ വൈദ്യര്‍ക്ക് സാമൂഹികമായ എതിര്‍പ്പുകള്‍ നേരിടേണ്ടിയും വന്നിരിക്കണം. അതാവണം പിന്നീട് അദ്ദേഹത്തിന്റെ രചനകള്‍ പ്രണയഭാവത്തിനു പകരം ആത്മീയവും മതപരവുമായ വഴികളിലേക്ക് തിരിഞ്ഞത്.

പറയാന്‍ ഏറെ കാര്യങ്ങളുള്ളപ്പോഴും മലയാളത്തിന്റെ കാവ്യഭാവനയില്‍ പ്രണയത്തിന്റെ പകര്‍ത്തെഴുത്തായി ഇന്നും തുടരുകയാണ് ഈ മഹാകാവ്യം. നൂറ്റമ്പതാം വയസ്സിലേക്ക് എത്തുമ്പോള്‍ പാട്ടായും നാടകമായും സിനിമയായും ഒക്കെ മലയാളത്തിന്റെ ഭാവന ഈ അറബിമലയാള കാവ്യത്തെ ഏറ്റടുത്തതായി കാണാം.

click me!