ഒരേ സിനിമ 20 തവണ കണ്ട ശേഷം അനുകരിച്ചു; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

By Web Team  |  First Published Aug 13, 2022, 12:37 PM IST

സിനിമ 'പൊളിറ്റിക്കലി കറക്ട്' ആയാല്‍ പോലും വികലമായി സിനിമയെ അനുകരിക്കുന്നവര്‍ തീര്‍ച്ചയായും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കാം. അത്തരത്തില്‍ ദാരുണമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുമാകുരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 


സിനിമയെ ജനകീയ മാധ്യമമെന്ന് വിളിക്കുന്നത് തന്നെ അത് വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കുന്നു എന്നതിനാലാണ്. മറ്റേത് കലയെക്കാളും മാധ്യമത്തെക്കാളും പെട്ടെന്ന് തന്നെ മനുഷ്യമനസിലേക്ക് സിനിമ ഇറങ്ങിച്ചെല്ലുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ 'പൊളിറ്റിക്കലി കറക്ട്' ആയിരിക്കണമെന്ന് വാദിക്കുന്നവരും ഏറെയാണ്. കാരണം സിനിമയില്‍ കാണുന്ന തെറ്റുകളും സാമൂഹിക- സദാചാര സങ്കല്‍പങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പലരും യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കാം. 

എന്നാല്‍ സിനിമ 'പൊളിറ്റിക്കലി കറക്ട്' ആയാല്‍ പോലും വികലമായി സിനിമയെ അനുകരിക്കുന്നവര്‍ തീര്‍ച്ചയായും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കാം. അത്തരത്തില്‍ ദാരുണമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുമാകുരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

Latest Videos

തെലുങ്ക് ഹൊറര്‍ സിനിമയായ 'അരുന്ധതി'യിലെ രംഗം അനുകരിച്ചുകൊണ്ട് ഒരു യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നതാണ് വാര്‍ത്ത. ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള രേണുക പ്രസാദ് എന്ന യുവാവാണ് അതിദാരുണമായി മരിച്ചത്. 

പൊതുവെ സിനിമകളോട് ഭ്രമമുള്ള യുവാവ് ഈ സിനിമ,  ഇരുപത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നാണ് വീട്ടുകാര്‍ അറിയിക്കുന്നത്. ഇതെക്കുറിച്ച് മാതാപിതാക്കള്‍ അടക്കം പലരോടും മുമ്പ് പറഞ്ഞിട്ടുമുണ്ടത്രേ. സിനിമയിലെ രംഗത്തിലുള്ളത് പോലെ 20 ലിറ്റര്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തിയാണ് രേണുക പ്രസാദ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രേണുക പ്രസാദിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സ ഫലം കണ്ടില്ല. ഇന്നലെയോടെ മരണം സംഭവിക്കുകയും ചെയ്തു. 

എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ ശേഷം ഉന്നത പഠനം നടത്തുന്നതിനിടെ സിനിമാഭ്രമം മൂത്ത് പഠനം ഉപേക്ഷിച്ചതായിരുന്നുവത്രേ രേണുക പ്രസാദ്. പിന്നീട് പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്ന രീതിയായി. സിനിമ കാണല്‍ തന്നെയായിരുന്നു പ്രധാന വിനോദം.

ഏറെ പ്രാധാന്യമുള്ളൊരു വിഷയത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. സിനിമയും ഗെയിമുമെല്ലാം ആസ്വാദനത്തിനുള്ളതാണെന്നും, അറിവ് സമ്പാദിക്കുന്നതിനോ സര്‍ഗാത്മകതയെ വളര്‍ത്തുന്നതിനോ അവ പ്രയോജനപ്പെടുത്തുന്നതില്‍ അധികം മറ്റൊരു തലത്തിലേക്ക് അവയിലേക്ക് ഇറങ്ങിപ്പോകുന്നത് എത്രമാത്രം അപകടം പിടിച്ച മാനസികാവസ്ഥയാണെന്നാണ് ഇതോര്‍മ്മപ്പെടുത്തുന്നത്. 

പ്രത്യേകിച്ചും ചെറുപ്പക്കാരാണ് ഇത്തരത്തില്‍ സിനിമകളോടോ സീരീസുകളോടോ എല്ലാം 'അഡിക്ഷൻ' ( ലഹരിയോടുള്ളത് പോലെ വിധേയത്വം) മൂലം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുക. സിനിമകളില്‍ കാണുന്ന ക്രൈം സന്ദര്‍ഭങ്ങള്‍, സാഹസികതകള്‍ എല്ലാം അനുകരിക്കാൻ ഒരുപക്ഷേ യുവാക്കള്‍ക്ക് ആവേശം തോന്നിയേക്കാം. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുന്നത് മാനസിക പാകതയില്ലായ്മ തന്നെയാണെന്ന് മനസിലാക്കണം. ഇങ്ങനെയുള്ള ചിന്തകള്‍ തോന്നുന്നപക്ഷം തന്നെ സ്വയം മനസിനെ തിരുത്താനുള്ള ശ്രമമാണ് വേണ്ടത്. അല്ലാത്തപക്ഷം കൗണ്‍സിലിംഗ് അടക്കമുള്ള സഹായം തേടാവുന്നതാണ്. 

ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ യുവാക്കള്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് നിരുത്സാഹപ്പെടുത്തുന്നതിനും സ്നേഹപൂര്‍വം അവരെ പിന്തിരിപ്പിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുന്നതിനും മാതാപിതാക്കള്‍ അടക്കമുള്ള മുതിര്‍ന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.  

നേരത്തെ മോഹൻ ലാല്‍ പ്രധാന വേഷത്തിലെത്തിയ 'ദൃശ്യം' എന്ന സിനിമ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുമെന്നും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും കാണിച്ച് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ദൃശ്യം മോഡലില്‍ പല കൊലപാതകങ്ങളും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവിടെ സിനിമകളെ ശുദ്ധീകരിക്കുക എന്ന ഉദ്യമത്തെക്കാളുപരി സിനിമ കാണുന്ന പ്രേക്ഷകര്‍ സ്വയം പാകതപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യമാണ് ചര്‍ച്ചയ്ക്ക് വരേണ്ടത്. ഇനിയും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ കരുതല്‍ ഏറെ ആവശ്യമാണ്.

Also Read:-  9 വര്‍ഷം മുമ്പ് കുട്ടികളില്ലാത്ത ദമ്പതികള്‍ തട്ടിക്കൊണ്ടുപോയ മകളെ തിരികെ കിട്ടിയപ്പോള്‍...

click me!