'ഒരുപ്പയും മരിക്കാൻ നോക്കി പരാജയപ്പെട്ട് ജീവിതത്തിലേക്ക് തിരികെവന്ന മകന് സിഗരറ്റ് വാങ്ങി കൊടുത്തുകാണില്ല'

By hyrunneesa A  |  First Published Jan 6, 2023, 8:57 PM IST

''കണ്ണീര് വീണ് സിഗരറ്റ് നനഞ്ഞു. ലോകത്ത് ഒരുപ്പയും മരിക്കാൻ നോക്കി പരാജയപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങി വന്ന വിഡ്ഢിയായ മകന് വലിക്കാൻ സിഗരറ്റ് വാങ്ങി കൊടുത്തിട്ടുണ്ടാവില്ല. ഉപ്പാന്റെ കൈകൾ എൻ്റെ മുതുകിൽ തൊട്ടപ്പോൾ,വിദൂരമായ ഒരു കാലത്തിൻ്റെ നെൽപ്പാടങ്ങളിലൂടെ ആകാശത്തോളം ഉയരം തോന്നിയ ഉപ്പാന്‍റെ തോളിലിരുന്ന് കണ്ട കാഴ്ച്കളെ ഞാൻ ഓർത്തു...''...


ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം നിരവധി പേര്‍ പങ്കുവച്ചൊരു കുറിപ്പുണ്ട്. മുഹമ്മദ് അബ്ബാസ് എന്ന കോട്ടക്കല്‍ സ്വദേശിയായ എഴുത്തുകാരൻ തന്‍റെ ഉപ്പയെ കുറിച്ചെഴുതിയ കുറിപ്പാണിത്. വായിച്ചവരെല്ലാം തന്നെ കണ്ണ് നനയിച്ചുവെന്നും, നെഞ്ച് പൊള്ളിച്ചുവെന്നും അദ്ദേഹത്തിന്‍റെ  കുറിപ്പിന് താഴെ കമന്‍റുകളായി എഴുതിയിരിക്കുന്നു. 

ലളിതമായ ഭാഷയില്‍ എന്നാല്‍ ഉള്ളിലേക്കാഴ്ന്നിറങ്ങും വിധം വൈകാരികമായി അബ്ബാസ് തന്‍റെ ഉപ്പയെ ഓര്‍മ്മിക്കുകയാണ്. പെയിന്‍റ് പണിക്കാരനായ അബ്ബാസ്, മലയാളം വായിക്കാനും എഴുതാനുമെല്ലാം പഠിച്ചത് സ്വന്തമായിട്ടാണ്. അതുകൊണ്ട് തന്നെ ഭാഷയ്ക്ക് പരിമിതികളുണ്ട് എന്നാണ് അബ്ബാസിന്‍റെ വാദം. 

Latest Videos

ജീവിതം ചുറ്റിലും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെ വായിക്കാനും, അക്ഷരങ്ങളുടെ ലോകത്ത് തന്നെ നില്‍ക്കാനും അബ്ബാസ് ശ്രമിച്ചു. തിരിച്ചുപറഞ്ഞാല്‍ മറ്റൊരു ലോകം അബ്ബാസിന് അപ്രാപ്യമാണ്.രണ്ട് പുസ്തകങ്ങള്‍ അബ്ബാസിന്‍റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.'വിശപ്പ് പ്രണയം ഉന്മാദം', 'ഒരു പെയിന്‍റ് പണിക്കാരന്‍റെ ലോകസഞ്ചാരങ്ങള്‍' എന്നിവയാണ് പുസ്തകങ്ങള്‍. 

അബ്ബാസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'തന്‍റെ എല്ലാ ഭ്രാന്തിനുമൊപ്പം നില്‍ക്കുന്ന' ജീവിതപങ്കാളിയും മൂന്ന് മക്കളുമാണ് അബ്ബാസിന്‍റെ സമ്പാദ്യം. ഇപ്പോള്‍ കഴിയുന്നത് കോട്ടക്കലില്‍ തന്നെ ഒരു വാടക വീട്ടിലാണ്.

പത്ത് മക്കളുള്ള ഉപ്പായെ കുറിച്ച് അബ്ബാസ് ഓര്‍ക്കുന്നത് എത്രയോ ആഴത്തിലാണ്. അത് വായനക്കാരിലേക്കും ഭാഗികമായി പകര്‍ന്നുകിട്ടുന്നുണ്ട്. ആരെയും സ്പര്‍ശിക്കുന്ന അബ്ബാസിന്‍റെ എഴുത്ത് വായിച്ചുനോക്കൂ...

''എൻ്റെ ഉപ്പ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു. അതും പതിഞ്ഞ ശബ്ദത്തിൽ. പലപ്പോഴും ഉപ്പ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്ന് ഞങ്ങൾ മക്കൾ ഊഹിച്ചെടുക്കാറാണ് പതിവ്. ഉപ്പാക്ക് വീട്ടിലും കവലയിലും തൊഴിലിടത്തിലും പൂച്ചകൾ ഉണ്ടായിരുന്നു. പത്ത് മക്കൾക്ക് ജന്മം നൽകിയ ആ മനുഷ്യന് വർദ്ധക്യത്തിൽ കൂട്ടായത് പൂച്ചകളാണ്.

ഉപ്പ പള്ളിയിലേക്ക് പോവുമ്പോൾ പൂച്ചകളും കൂടെ പോവും. എന്നിട്ട് പള്ളിയുടെ വാതിൽക്കൽ അച്ചടക്കത്തോടെ ഉപ്പ മടങ്ങി വരാനായി കാത്ത് നിൽക്കും. ഉപ്പ അവർക്ക് സ്വന്തം കാശിന് മീൻ വാങ്ങിക്കൊടുക്കും. മടിയിൽ ഇരുത്തി ഓമനിക്കും. ഉപ്പാക്കും അവർക്കും മാത്രം മനസ്സിലാവുന്ന ഭാഷയിൽ വർത്താനം പറയും. കവലയിലെ ചെറു കിളികൾക്കും കാക്കകൾക്കും കുടിക്കാനായി ഉപ്പ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കുമായിരുന്നു. വെള്ളം കുടിക്കുന്ന കിളികളെയും പൂച്ചകളെയും ആരെങ്കിലും ശല്യം ചെയ്താൽ ഉപ്പ അവരെ വഴക്ക് പറയും.

വീട്ടിൽ ഉപ്പാൻ്റെ പൂച്ചകൾക്ക് മീൻ തലകൾ പ്രത്യേകമായി വേവിക്കും. നല്ല എരിവുണ്ടെങ്കിലേ ഉപ്പാൻ്റെ പൂച്ചകൾ അത് തിന്നുകയുള്ളൂ. കയ്യും കണക്കുമില്ലാത്ത ആ പൂച്ചകൾ വീട്ടിൽ ഞങ്ങളെക്കാൾ അധികാരത്തോടെ ജീവിച്ചു. ഉമ്മ വിളമ്പി കൊടുക്കുന്നത് പോരാഞ്ഞ് അവർ ഉപ്പാൻ്റെ ചോറും പൊരിച്ച മീനും ഇറച്ചിയുമൊക്കെ ശാപ്പിട്ടു. എന്നിട്ട് ഒട്ടും നന്ദിയില്ലാതെ വീടിനകത്ത് തൂറി വെച്ചു. ഉമ്മയും ഞങ്ങളും ആ തീട്ടം കോരി മടുത്തു. പൂച്ചകളെ തൊടാൻ ഉപ്പ സമ്മതിക്കില്ല. അയൽവാസികളുടെ അടുക്കളയിൽ കയറി പൂച്ചകൾ കട്ടുതിന്നുവെന്ന വിവരം അറിയുമ്പോൾ ഉപ്പ തല താഴ്ത്തിയിരുന്ന് ഒച്ചയില്ലാതെ ചിരിക്കും.

ഉപ്പ ഞങ്ങൾ പത്ത് മക്കളെയും മതം പഠിക്കാൻ വിട്ടു. ഞങ്ങൾ മതം പഠിക്കുകയും ചെയ്തു. മക്കളിൽ ആരോടും മതം പറയുന്നത് അനുസരിക്കാൻ ഉപ്പ കൽപ്പിച്ചില്ല. ഒരു പിതാവിൻ്റെ യാതൊരു അധികാരവും ഞങ്ങളിൽ പ്രയോഗിച്ചില്ല. മക്കളിൽ ചിലർ മതനിയമങ്ങൾ അനുസരിച്ചു ചിലർ ധിക്കരിച്ചു. നോമ്പുകാലത്ത് നോമ്പില്ലാത്തവർ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കണമെന്നും, ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കണമെന്നും നോമ്പുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും മാത്രമാണ് ഉപ്പ പറഞ്ഞിട്ടുള്ളത്.

ഉറച്ച ലീഗുകാരനായി ജീവിച്ചിട്ടും മക്കളുടെ രാഷ്ട്രീയത്തിൽ ഉപ്പ ഇടപെട്ടിട്ടേയില്ല.ചിലർ ഇടതുപക്ഷക്കാരായി .വേറെ ചിലർ പിഡിപിയും, ജമാഅത്തെ ഇസ്ലാമിയും ഒക്കെയായി. ആരോടും ഉപ്പ ഇലക്ഷൻ കാലത്തുപോലും രാഷ്ട്രീയം പറഞ്ഞില്ല. യാതൊരു വിവേചനവും കാണിച്ചില്ല.

എൻ്റെ അന്തം വിട്ട വായനയിൽ ഉപ്പാക്ക് യാതൊരു മുഷിച്ചിലും ഉണ്ടായിരുന്നില്ല. മാർക്സിന്റെയും ലെനിൻ്റെയും പുസ്തകങ്ങൾ ഉപ്പ മറിച്ച് നോക്കും .ഒന്നും പറയില്ല. പണിയില്ലാത്ത ദിവസങ്ങളിൽ ഞാൻ പുലരുവോളം മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്ന് വായിക്കും. ഉമ്മയും സഹോദരങ്ങളും എന്തെങ്കിലുമൊക്കെ എതിര് പറയുമ്പോഴും, ഉപ്പ മാത്രം ഒന്നും പറയാറില്ല.

പറയത്തക്ക ആനന്ദങ്ങളൊന്നും ഞാൻ ഉപ്പാക്ക് നൽകിയിട്ടില്ല. അറുപത് ഉറക്കഗുളികകൾ ഒരുമിച്ച് വിഴുങ്ങി ചാവാൻ നോക്കിയ ഞാൻ പിറ്റേന്നും അതിൻ്റെ പിറ്റേന്നും കഴിഞ്ഞ് ആശുപത്രി മുറിയിൽ കണ്ണ് തുറക്കുമ്പോൾ ഉപ്പാനെയാണ് ആദ്യം കണ്ടത്. ആ മുഖത്ത് അപ്പോഴും നേർത്ത ചിരിയുണ്ടായിരുന്നു. തൻ്റെ എട്ടാമത്തെ സന്തതി എന്തിന് മരിക്കാൻ നോക്കിയെന്ന് ഉപ്പ ചോദിച്ചില്ല.പകരം ,

"അനക്കെന്താ തിന്നാൻ മാണ്ടത് ?" എന്ന ആ ചോദ്യത്തിൽ എന്നെ അലട്ടിയ സന്ദേഹങ്ങളും ഉന്മാദവും ഞാൻ മറന്നു. ഞാനാ മുഖത്തേക്ക് തന്നെ നോക്കി. കിടക്കപ്പായയിൽ അഴിഞ്ഞു വീണ ഉടുമുണ്ട് പോലെ ബാക്കിയായ ജീവിതത്തിന്‍റെ ആ അതിരിൽ കിടന്ന് ഞാൻ പതിയെ പറഞ്ഞു.

"പൊടിച്ചായയും ഉഴുന്നുവടയും മാണം ". ഫ്ലാഷ്ക്കുമായി ഉപ്പ പോയി. ആ മനുഷ്യൻ ഇരുപത്തൊമ്പത് മണിക്കൂറായി എൻ്റെ അബോധത്തിന് കൂട്ടിയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞപ്പോൾ, ഉള്ള് നൊന്ത് ഞാൻ ജീവിതത്തിനായി വിലപിച്ചു.തിരികെ കിട്ടിയ സ്വബോധത്തിനും ആയുസ്സിനും നന്ദി പറഞ്ഞു.

ചായുമായി മടങ്ങിവന്ന ഉപ്പാന്‍റെ കയ്യിൽ ഉഴുന്നുവട ഉണ്ടായിരുന്നു. അത് മേശപ്പുറത്ത് വെച്ച്, ഉപ്പ എൻ്റെ അരികിലായി കട്ടിലിൽ ഇരുന്നു. എന്നിട്ട് പോക്കറ്റിൽ നിന്ന്  ഒരു ചെറിയ പൊതിയെടുത്ത് മറ്റാരും കാണാതെ എനിക്ക് തന്നു.

അതൊരു ജനുവരിക്കാലമായിരുന്നു. തണുത്ത കാറ്റുകൾ എന്നെ വന്ന്  തൊട്ടു. ആശുപത്രിമുറിയുടെ മരുന്നിൻ മണങ്ങൾക്കിടയിൽ ഞാൻ ഉപ്പാൻ്റെ വിയർപ്പിൻ്റെ മണം തിരിച്ചറിഞ്ഞു.

ഉമ്മയും മറ്റുള്ളവരും കാണാതിരിക്കാൻ ചുമരിന്‍റെ ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്ന് ഞാൻ ഉപ്പ തന്ന പൊതിയഴിച്ചു. അതിൽ ഒരു സിഗരറ്റും തീപ്പെട്ടിയും ഉണ്ടായിരുന്നു. എൻ്റെ തൊണ്ടയിൽ ജീവൻ്റെ വിലയുള്ള വാക്കുകൾ തടഞ്ഞു നിന്നു. അക്കണ്ട കാലമത്രയും ഉപ്പ കാണാതെ പുകവലിച്ചിരുന്ന ഞാനെന്ന മകൻ ആ നിമിഷത്തിൽ ഒരു കടുകു മണിയോളം ചെറുതായി. കണ്ണീര് വീണ് സിഗരറ്റ് നനഞ്ഞു. ലോകത്ത് ഒരുപ്പയും മരിക്കാൻ നോക്കി പരാജയപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങി വന്ന വിഡ്ഢിയായ മകന് വലിക്കാൻ സിഗരറ്റ് വാങ്ങി കൊടുത്തിട്ടുണ്ടാവില്ല. ഉപ്പാന്റെ കൈകൾ എൻ്റെ മുതുകിൽ തൊട്ടപ്പോൾ,വിദൂരമായ ഒരു കാലത്തിൻ്റെ നെൽപ്പാടങ്ങളിലൂടെ ആകാശത്തോളം ഉയരം തോന്നിയ ഉപ്പാന്‍റെ തോളിലിരുന്ന് കണ്ട കാഴ്ച്കളെ ഞാൻ ഓർത്തു. 

അന്ന് എന്നെ തൊട്ട അതേ കാറ്റുകൾ ആ ആശുപത്രി മുറിയിലേക്ക് മടങ്ങി വന്നു .താഴെ വീണുപോവാതിരിക്കാൻ ഉപ്പ എന്നെ രണ്ട് കൈ കൊണ്ടും അമർത്തി പിടിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ നെൽപ്പാടങ്ങളിലൂടെ തിരമാലകളായി കാറ്റുകൾ കടന്നു പോയിരുന്നു.

കുറെയേറെ നേരം പുക വലിക്കാതിരുന്ന എനിക്ക് ചായ കുടിച്ചിട്ട് പുക വലിക്കണമായിരുന്നു. പക്ഷേ അത് ഉപ്പാനോടോ ഉമ്മാനോടോ പറയാൻ പറ്റിയ സമയമോ പ്രായമോ ആയിരുന്നില്ല. കണ്ണീര് വീണു നനഞ്ഞ ആ സിഗരറ്റ് അരയിൽ  തിരുകി കുളിമുറിയിലേക്ക് കടന്ന്, ഞാൻ പുകവലിക്കുമ്പോൾ ഉപ്പ ഒരു ദിവസത്തിനും അഞ്ച് മണിക്കൂറുകൾക്കും ശേഷം അന്നം കഴിച്ചു.

ഓർക്കുന്നതും ഓർക്കാത്തതുമായ അനേകം വേദനകൾ ഉപ്പാക്ക് നൽകിയ ഞാനെന്ന മകൻ ഇത് എഴുതുമ്പോൾ ഉപ്പ മരിച്ചിട്ട് എട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. എട്ട് വർഷങ്ങൾ .... എട്ട് ദിവസത്തിൻ്റെ ദൂരം പോലും തോന്നാത്ത എട്ട് വർഷങ്ങൾ.....

ഉപ്പാ.....

ഉപ്പാന്റെ മകൻ ഈ ഭൂമിയിൽ സ്വബോധത്തോടെ ജീവിച്ചിരിപ്പുണ്ട് . അന്ന് എന്തിനാണ് നീ മരിക്കാൻ നോക്കിയതെന്ന് ഉപ്പ ചോദിച്ചിരുന്നെങ്കിൽ എനിക്ക് ഉത്തരം ഉണ്ടാവുമായിരുന്നില്ല. എന്തിനാണ് ഞാൻ ചാവാൻ നോക്കിയത് ?അന്നത്തെ എൻ്റെ ഭയ സന്ദേഹങ്ങൾ ഇന്ന് എവിടെയാണ് ? പൊട്ടത്തരങ്ങളുടെ തമ്പുരാനായ ഈ മകന് ഉത്തരമില്ല. ജീവിതം പോലെ എനിക്ക് അതിനും ഉത്തരമില്ല.

ഉപ്പാന്‍റെ പൂച്ചകളും അവയുടെ സന്തതിപരമ്പരകളും ഇന്നും തറവാട്ടിലുണ്ട്. ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഇടയ്ക്ക് അവിടെ എത്തുമ്പോൾ ഞാൻ ഉപ്പാന്‍റെ വിയർപ്പ് മണക്കാറുണ്ട്. ദുർബലമായ കയ്യിൽ ചുരട്ടിപ്പിടിച്ച് ഉപ്പ ഈ മകന് നീട്ടിയ നോട്ടുകളെ ഓർക്കാറുണ്ട്. ഓരോ പരാജയത്തിലും വിജയം പ്രതീക്ഷിച്ച് ഞാനിപ്പോഴും ആ മുഷിഞ്ഞ നോട്ടുകളെ എണ്ണി നോക്കാറുണ്ട്. മറ്റ് മക്കൾ ഉപ്പാക്ക് നൽകിയ നോട്ടുകളുടെ ഓഹരിയായിരുന്നു അത്. അന്നത് വേണ്ടാന്ന് പറയാൻ എനിക്ക് കഴിയാതെ പോയി. വേണ്ടതൊന്നും ഉപ്പാക്ക് തരാനും കഴിയാതെ പോയി.

ഉപ്പാനെക്കുറിച്ച്‌ ഇനിയും ഞാൻ എന്താണ് എഴുതേണ്ടത് ? വാക്കുകൾ അവയുടെ പടം പൊഴിച്ച് ഇവിടെ തളർന്ന് വീഴുന്നു. വിരലുകളിലേക്ക് വേദനയുടെ മുള്ളുകൾ തറഞ്ഞ് കയറുന്നു.

മാപ്പ്.
തരാൻ കഴിയാതെ പോയ എല്ലാത്തിനും ഈ മകന് മാപ്പ് തരിക .
സസ്നേഹം
ഉപ്പാൻ്റെ എട്ടാമത്തെ പൊട്ടൻ...''

 

click me!