ബിക്കിനി വാക്സ് ചെയ്തപ്പോള്‍ തൊലി പറിഞ്ഞുപോന്നു; യുവതിക്ക് സലൂണ്‍ നഷ്ടപരിഹാരം നല്‍കണം

By Web Team  |  First Published Apr 18, 2023, 4:04 PM IST

ബിക്കിനി വാക്സിംഗിനിടെ ഇവരുടെ തൊലി ശരീരത്തില്‍ നിന്ന് പറിഞ്ഞുപോരുകയായിരുന്നുവത്രേ. തുടര്‍ന്ന് ഈ സലൂണിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.


ബ്യൂട്ടി പാര്‍ലറിലോ സലൂണിലോ പോകുമ്പോള്‍ മിക്കവര്‍ക്കും കാര്യമായ ആശങ്കകളൊന്നും കാണില്ല. എല്ലാം പഠിച്ച് പരിശീലനം നേടിയവരാണല്ലോ ഓരോന്നും ചെയ്യുന്നതും എന്ന ആത്മവിശ്വാസം തന്നെയായിരിക്കും എല്ലാവരിലും ഉണ്ടാവുക. എന്നാല്‍ ചില വാര്‍ത്തകള്‍ ഈ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുന്നത് തന്നെയാണ്. 

ഇത്തരത്തിലൊരു വാര്‍ത്ത ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഇൻഡോറില്‍ ബിക്കിനി വാക്സിം ഗ് ചെയ്ത യുവതിക്ക് സംഭവിച്ച അപകടമാണ് വാര്‍ത്തയ്ക്ക് ആധാരം. ബിക്കിനി വാക്സിംഗിനിടെ ഇവരുടെ തൊലി ശരീരത്തില്‍ നിന്ന് പറിഞ്ഞുപോരുകയായിരുന്നുവത്രേ. തുടര്‍ന്ന് ഈ സലൂണിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.

Latest Videos

undefined

2021 നവംബറിലാണ് സംഭവം നടന്നത്. ബിക്കിനി വാക്സിംഗിനായി സലൂണിലെത്തിയ യുവതി, വാക്സിംഗ് തുടങ്ങിയപ്പോള്‍ തന്നെ പൊള്ളുന്നു എന്ന് ഇത് ചെയ്യുന്നയാളോട് പരാതിപ്പെട്ടിരുന്നുവത്രേ. എന്നാലിവര്‍ അത് സ്വാഭാവികമാണ് പേടിക്കാനൊന്നുമില്ലെന്നായിരുന്നു മറുപടി നല്‍കിയത്. സമയം ചെല്ലുംതോറും പൊള്ളുന്നത് കൂടിവന്നുവെന്ന് യുവതി പറയുന്നു. അവസാനം സ്ട്രിപ് വലിച്ചെടുത്തപ്പോള്‍ അവിടെയുള്ള തൊലി കൂടി പറിഞ്ഞുപോരുകയായിരുന്നുവത്രേ. 

ഇതോടെ ഇവര്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് തിരിച്ചു. 2022 ജനുവരിയില്‍ തന്നെ കേസില്‍ സലൂണ്‍ ഉടമസ്ഥരെ കോടതിയിലെത്തിക്കാൻ യുവതിക്ക് കഴിഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നായിരുന്നു ഇവര്‍ കോടതിയില്‍ വാദിച്ചത്. പക്ഷേ ഈ ഏപ്രില്‍ 14ഓടെ കോടതി കേസില്‍ തങ്ങളുടെ വിധി അറിയിക്കുകയായിരുന്നു. 

വാക്സിംഗിനിടെ യുവതിക്ക് അപകടം സംഭവിച്ചതും, കാര്യമായ പരുക്കേറ്റതും സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും ഉപഭോക്താവ് പറയുന്നത് ജീവനക്കാര്‍ കേള്‍ക്കേണ്ടതുണ്ടായിരുന്നു, ആദ്യം വാക്സ് മറ്റെവിടെയെങ്കില്‍ അല്‍പം പുരട്ടി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമായിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് സലൂണിനോട് നഷ്ടപരിഹാരം നല്‍കാൻ ആവശ്യപ്പെട്ടത്. 

30,000 രൂപ നഷ്ചപരിഹാരമായും 20,000 രൂപ മാനസികമായ ആഘാതത്തിനും , 20,000 രൂപ ആശുപത്രി ച്ചെലവിനുമായി ആകെ 70,000 രൂപയാണ് സലൂണ്‍ യുവതിക്ക് നല്‍കേണ്ടത്. മുപ്പത് ദിവസത്തിനകം സലൂണ്‍ ഈ പണം യുവതിക്ക് കൈമാറുകയും വേണം.

Also Read:- 'ഡിവോഴ്‍സ്' കഴിഞ്ഞ് വീണ്ടും 'സിംഗിള്‍' ആയെന്നറിയിക്കുവാൻ ഒരാള്‍ ചെയ്തത് കണ്ടോ?

 

click me!