ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനെ തുടര്‍ന്ന് യുവാവ് യുവതിയെ അടിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതി തന്‍റെ കൈവശമുണ്ടായിരുന്ന, ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന കത്തി കൊണ്ട് യുവാവിന്‍റെ കഴുത്തിന് കുത്തുകയായിരുന്നു.
പ്രണയബന്ധത്തിനകത്ത് അഭിപ്രായ ഐക്യം പോലെ തന്നെ അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ അത് കയ്യേറ്റത്തിലോ അക്രമത്തിലോ എത്തുന്ന മാനസികാവസ്ഥ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തായി പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രണയപ്പക കവര്‍ന്നെടുത്ത ജീവനുകള്‍ തന്നെ എത്രയാണ്! കേരളത്തില്‍ തന്നെ ഇങ്ങനെ എത്ര സംഭവങ്ങളാണ് മാസങ്ങള്‍ക്കുള്ളില്‍ പോലും പുറത്തുവരുന്നത്.
സമാനമായ രീതിലുള്ളൊരു സംഭവമാണിന്ന് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ തന്നെ മര്‍ദ്ദിച്ച കാമുകനെ കത്തി കൊണ്ട് കുത്തി മാരകമായി പരുക്കേല്‍പിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന യുവാവും യുവതിയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവത്രേ. ഇതിനിടെ ബുധനാഴ്ച യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാൻ വരാമെന്ന് പറഞ്ഞ യുവാവ് വരാൻ വൈകി.
ഒരു റെസ്റ്റോറന്‍റില്‍ വച്ച് കാണാമെന്നായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ യുവാവ് എത്താൻ വൈകിയത് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതിന് കാരണമായി. രണ്ട് മണിക്കൂറോളം വൈകിയ യുവാവിനൊപ്പം പിന്നീട് പോകാൻ യുവതി വിസമ്മതിച്ചു. ഈ സമയത്ത് യുവാവ് മദ്യപിക്കുകയും ചെയ്തിരുന്നു.
ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനെ തുടര്‍ന്ന് യുവാവ് യുവതിയെ അടിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതി തന്‍റെ കൈവശമുണ്ടായിരുന്ന, ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന കത്തി കൊണ്ട് യുവാവിന്‍റെ കഴുത്തിന് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള പരുക്കേറ്റിട്ടുണ്ട്. എങ്കിലും യുവാവ് അപകടനില തരണം ചെയ്തതായാണ് പൊലീസ് അറിയിക്കുന്നത്. യുവതിയെ ബുധനാഴ്ച പുലര്‍ച്ചെ തന്നെ അറസ്റ്റ് ചെയ്തു.
ഓണ്‍ലൈൻ ബന്ധങ്ങളിലോ, ഡേറ്റിംഗ് ആപ്പുകള്‍ വഴിയുണ്ടാകുന്ന ബന്ധങ്ങളിലോ എല്ലാം മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് ചര്‍ച്ചകളുയരുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങളും മറന്നുപോകരുത്. വൈവാഹികബന്ധത്തിലോ പ്രണയബന്ധത്തിലോ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കായികമായ ആക്രമണത്തിലേക്ക് എത്തുന്നത് തീര്‍ച്ചയായും അംഗീകരിക്കാനാകാത്ത പ്രവണതയാണ്.
പലപ്പോഴും ബന്ധങ്ങള്‍ക്ക് അകത്ത് ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പുറത്ത് അറിയാതിരിക്കുന്ന അവസ്ഥ പോലും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടെന്ന് മനസിലാക്കുക. പല സര്‍വേകളും നേരത്തെ തന്നെ ഇന്ത്യയിലെ ഈ പശ്ചാത്തലങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഈ വിഷയങ്ങളില്‍ കൂടുതല്‍ അവബോധം നല്‍കുന്നതിന് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമെല്ലാം സാധ്യമാകണം. ബന്ധങ്ങളിലെ പരസ്പര ബഹുമാനത്തെ കുറിച്ച് തീര്‍ച്ചയായും പുതിയ തലമുറ മനസിലാക്കി മുന്നോട്ടുപോകട്ടെ.
Also Read:- ഒരു പ്രണയബന്ധം എങ്ങനെ പരാജയപ്പെടാം? ഇതാ മൂന്ന് കാരണങ്ങൾ