കൊവിഡ് പേടിയില്‍ മകനുമൊത്ത് പൂട്ടിയിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലം

By Web Team  |  First Published Feb 22, 2023, 9:52 PM IST

മിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ലോക്ഡൗണിലേക്ക് നീങ്ങി. ഈ സമയത്ത് ഒട്ടേറെ പേര്‍ക്ക് സാധാരണയില്‍ കവിഞ്ഞ കൊവിഡ് ആശങ്കയുണ്ടായി. അതായത് കൊവിഡ് ഭയത്തില്‍ മനസിന്‍റെ താളം തന്നെ തെറ്റുന്ന അവസ്ഥ.എന്നാല്‍ പോകെപ്പോകെ മിക്കവരും ഇതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്നു.


കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2019 അവസാനത്തിലാണ്. അന്ന് പക്ഷേ ആദ്യമൊന്നും കൊവിഡിന്‍റെ തീവ്രത എന്താണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനുഷ്യരാശിക്ക് മുകളില്‍ ഉയര്‍ന്നുവന്നിരിക്കുന്ന വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് തിരിച്ചറിയപ്പെട്ടു.

വൈകാതെ തന്നെ മിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ലോക്ഡൗണിലേക്ക് നീങ്ങി. ഈ സമയത്ത് ഒട്ടേറെ പേര്‍ക്ക് സാധാരണയില്‍ കവിഞ്ഞ കൊവിഡ് ആശങ്കയുണ്ടായി. അതായത് കൊവിഡ് ഭയത്തില്‍ മനസിന്‍റെ താളം തന്നെ തെറ്റുന്ന അവസ്ഥ.

Latest Videos

എന്നാല്‍ പോകെപ്പോകെ മിക്കവരും ഇതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്നു. എന്നാലിപ്പോഴും കൊവിഡ് പേടിയുമായി തുടരുന്നവരുണ്ട്. ഒരു പരിധിയില്‍ അപ്പുറം വരുന്ന ഭയം, അത് ഏതിനോടുള്ളതായാലും മാനസികമായ പ്രശ്നമായിത്തന്നെയാണ് കണക്കാക്കേണ്ടത്. സമാനമായ രീതിയിലുള്ളൊരു സംഭവമാണിപ്പോള്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് ഭീതിയില്‍ പത്തുയസുകാരനായ മകനുമൊത്ത് പൂട്ടിയിട്ട വീടിനുള്ളില്‍ മൂന്ന് കൊല്ലത്തോളം ഒരു യുവതി തുടര്‍ന്നുവെന്നതാണ് വാര്‍ത്ത. മുപ്പത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവ് ഇതേ നഗരത്തില്‍ തന്നെ എഞ്ചിനീയറാണ്. ലോക്ഡൗണ്‍ പിൻവലിക്കും വരെ ഇദ്ദേഹവും ഇവര്‍ക്കൊപ്പം വാടകവീട്ടിലുണ്ടായിരുന്നു. 

എന്നാല്‍ പിന്നീട് ഇദ്ദേഹം ജോലിക്ക് പോയിത്തുടങ്ങിയതോടെ ഇദ്ദേഹത്തെ യുവതി വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു.  ആദ്യമെല്ലാം ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തുടര്‍ന്ന ഇദ്ദേഹം പിന്നീട് മറ്റൊരു വീട് വാടകയ്ക്കെടുത്ത് അങ്ങോട്ട് മാറി.

യുവതിക്കും കുഞ്ഞിനും വേണ്ട വീട്ടുസാധനങ്ങളും മറ്റും ഇദ്ദേഹം തന്നെ ഗേറ്റിന് പുറത്ത് വാങ്ങിവയ്ക്കും. വീടിന്‍റെ വാടകയും കറണ്ട്- വെള്ളം എന്നിവയുടെയെല്ലാം ചാര്‍ജും അടച്ചിരുന്നത് ഇദ്ദേഹം തന്നെയാണ്. വീഡിയോ കോളിലൂടെ എപ്പോഴും ഇവരുമായി ബന്ധപ്പെടാം. പക്ഷേ നേരിട്ടുള്ള ബന്ധം ഇല്ല.  മാസങ്ങള്‍ കൂടുംതോറും ഭാര്യയുടെ മാറ്റത്തില്‍ ഇദ്ദേഹത്തിന്‍റെ ഭയം ഏറിവന്നു. 

അങ്ങനെ ഫെബ്രുവരി 17നാണ് ഇദ്ദേഹം പൊലീസില്‍ പരാതിപ്പെടുന്നത്. ഒടുവില്‍ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെത്തി പൂട്ട് തകര്‍ത്ത് വീട്ടിലേക്ക് പ്രവേശിക്കുകയും യുവതിയെയും കുട്ടിയെയും അവിടെ നിന്ന് മാറ്റുകയും ചെയ്യുകയായിരുന്നു. യുവതിക്ക് മാനസിപ്രശ്നങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മനശാസ്ത്ര വിദഗ്ധരുടെ കീഴില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വേസ്റ്റുകളിരുന്ന് കൂടി, അത് കാര്യമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഇവര്‍ പാചകവാതകമോ വെള്ളം സ്റ്റോര്‍ ചെയ്തതോ പോലും വീട്ടില്‍ ഉപയോഗിക്കാറില്ലായിരുന്നുവെന്നും മകനെ സൂര്യപ്രകാശമേല്‍ക്കാൻ പോലും പുറത്ത് വിടില്ലായിരുന്നുവെന്നും പൊലീസ് അറിയിക്കുന്നു. 

Also Read:- പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 1200 കല്ല്!

 

click me!