പ്രസവവേദനയെ തുടർന്ന് ഭർത്താവിനൊപ്പം കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് വഴിയരികിൽ തന്നെ പ്രസവിക്കേണ്ടി വന്നതാണ് സംഭവം. എമിലി വാഡെൽ എന്ന യുവതിയാണ് സാഹസികമായി പെൺകുഞ്ഞിന് ജന്മം നൽകിയത്.
സമയത്തിന് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തത് കൊണ്ട് വഴിയരികിലും വാഹത്തിനകത്തും വച്ചെല്ലാം പ്രസവിച്ചിട്ടുള്ള സ്ത്രീകൾ നിരവധിയാണ്. ഒരുപാട് റിസ്കുള്ളൊരു സാഹചര്യമാണിത്. എങ്കിലും പലപ്പോഴും ആരുടെയും നിയന്ത്രണത്തലല്ലല്ലോ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. എന്തായാലും സമാനമായൊരു സംഭവമാണിപ്പോൾ വാർത്താശ്രദ്ധ നേടുന്നത്.
യുഎസിലാണ് സംഭവം. പ്രസവവേദനയെ തുടർന്ന് ഭർത്താവിനൊപ്പം കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് വഴിയരികിൽ തന്നെ പ്രസവിക്കേണ്ടി വന്നതാണ് സംഭവം. എമിലി വാഡെൽ എന്ന യുവതിയാണ് സാഹസികമായി പെൺകുഞ്ഞിന് ജന്മം നൽകിയത്. എല്ലാ സഹായവും ചെയ്ത് കൂടെ നിന്ന ഭർത്താവ് സ്റ്റീഫൻ വാഡെലിനും ഏവരും അഭിനന്ദനമറിയിക്കുകയാണ്.
വേദന അനുഭവപ്പെട്ട് അധികം വൈകാതെ തന്നെ സ്റ്റീഫനും എമിലിയും ആശുപത്രിയിലേക്ക് തിരിച്ചുവെങ്കിലും ആശുപത്രി എത്തും മുമ്പ് തന്നെ പ്രസവം നടക്കുമെന്ന് ഉറപ്പ് തോന്നിയതിനാൽ എമിലി വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് തന്നെ വാഹനത്തിന് പുറത്ത് കിടത്താനും ഇവർ ആവശ്യപ്പെട്ടു. സഹോദരിയെയും ഒരു നഴ്സിനെയും ഫോണിൽ ഹോൾഡ് ചെയ്തുവച്ചു. ഇതിനിടെ കുഞ്ഞിന്‍റെ തല പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു.
'കുഞ്ഞിന്‍റെ തല എന്‍റെ കയ്യിൽ തട്ടുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ ഭർത്താവിനോട് ഉച്ചത്തിൽ കുഞ്ഞിനെ വലിച്ചെടുക്കാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. സ്റ്റീഫൻ മൊബൈൽ ചാർജറുപയോഗിച്ചാണ് പൊക്കിൾക്കൊടി കെട്ടിയത്. കുഞ്ഞിന്‍റെ വായയും മൂക്കും എന്‍റെ വായ വച്ച് ഞാനാണ് സക്ഷൻ ചെയ്തത്. വലിയ ബുദ്ധിമുട്ടായിരുന്നു അന്നേരം അനുഭവപ്പെട്ടത്. എങ്കിലും എല്ലാം നല്ലതുപോലെ നടന്നു...'- എമിലി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആരോഗ്യകരമായ ശരീരഭാരത്തോടെയാണ് കുഞ്ഞിന്‍റെ ജനനം. നിലവിൽ ഇരുവരും ആശുപത്രിയിലാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും എമിലിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിക്കുന്നു. ഇത്രയേറെ വിഷമങ്ങളുണ്ടായെങ്കിലും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളും അനുഭവവുമായിരുന്നു അതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
Also Read:- മൊബൈൽ വെളിച്ചത്തിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ; വീഡിയോ