ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാതിലിന് പുറത്ത് വച്ച് ഡെലിവറി ബോയ് തിരിച്ചുപോയി. ശേഷം പൊതിയെടുക്കാനായി പുറത്തേക്കിറങ്ങിയ യുവതി കണ്ടത് അല്‍പം പേടിപ്പെടുത്തുന്നൊരു കാഴ്ചയായിരുന്നു
ഓണ്‍ലൈന്‍ ഭക്ഷണം ഇപ്പോള്‍ നമ്മളില്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് അരിസോണ സ്വദേശിയായ ഒരു യുവതിയെ കഴിഞ്ഞ ദിവസം തേടിയെത്തിയത്.
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാതിലിന് പുറത്ത് വച്ച് ഡെലിവറി ബോയ് തിരിച്ചുപോയി. ശേഷം പൊതിയെടുക്കാനായി പുറത്തേക്കിറങ്ങിയ യുവതി കണ്ടത് അല്‍പം പേടിപ്പെടുത്തുന്നൊരു കാഴ്ചയായിരുന്നു.
സംഭവമെന്താണെന്നല്ലേ! ഭക്ഷണപ്പൊതിക്ക് സമീപം ഉഗ്രനൊരു പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നു. പൊതിയില്‍ തൊട്ടാല്‍ ആ അനക്കം മൂലം പാമ്പ് അക്രമിക്കാന്‍ തിരിഞ്ഞാലോ എന്ന ഭയത്താല്‍ അവര്‍ ഭക്ഷണപ്പൊതി എടുത്തതേയില്ല. കാഴ്ചയില്‍ 'റാറ്റില്‍ സ്‌നേക്ക്' എന്ന ഇനത്തില്‍ പെട്ട പാമ്പാണെന്ന് തോന്നിയതിനാല്‍ അടുത്തുള്ള 'റാറ്റില്‍ സ്‌നേക്ക് സൊലൂഷന്‍സ്' എന്ന സ്ഥാപനത്തില്‍ വിവരമറിയിച്ചു.
വൈകാതെ തന്നെ അവിടെ നിന്ന് പാമ്പിനെ പിടികൂടാനറിയാവുന്ന വിദഗ്ധനെത്തി. ശേഷം ബക്കറ്റുപയോഗിച്ച് പാമ്പിനെ പിടികൂടി. 'ദ വെസ്റ്റേണ്‍ ഡയമണ്ട് ബാക്ക് റാറ്റില്‍ സനേക്ക്' എന്ന ഇനത്തില്‍പ്പെടുന്ന പാമ്പായിരുന്നുവത്രേ അത്. യുഎസിലെ പലയിടങ്ങളിലും മെക്‌സിക്കോയിലുമാണ് അധികവും ഈ ഇനത്തെ കാണാനാവുക. വിഷമുള്ള ഇനമായതിനാല്‍ തന്നെ ഇവയെ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാണ്. ഈ പ്രദേശങ്ങളില്‍ ഏറ്റവുമധികം പേരെ ആക്രമിച്ചിട്ടുള്ള പാമ്പും ഇതുതന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്തായാലും ഭക്ഷണപ്പൊതിയെടുക്കാന്‍ ശ്രമിക്കാതെ അധികം ശബ്ദമോ ബഹളമോ ഉണ്ടാക്കാതെ ഉടന്‍ തന്നെ തങ്ങളെ വിവരമറിയിക്കാന്‍ യുവതി കാണിച്ച ധൈര്യം നിസാരമല്ലെന്നും ഇത്തരത്തിലാണ് അസമയത്തോ, തനിച്ചുള്ളപ്പോഴോ പാമ്പുകളെ കണ്ടുകഴിഞ്ഞാല്‍ പ്രതികരിക്കേണ്ടതെന്നും 'റാറ്റില്‍ സ്‌നേക്ക് സൊലൂഷന്‍സ്' ജിവനക്കാര്‍ പ്രതികരിക്കുന്നു. പാമ്പിന്റെ ചിത്രവും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
അത്ര എളുപ്പം കാണത്തക്കവിധത്തിലല്ല പാമ്പ് കിടന്നിരുന്നത്. എന്നിട്ടും യുവതിയുടെ ശ്രദ്ധയില്‍ അത് പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.
Also Read:- പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ...