'മേക്കപ്പ് സാധനങ്ങള്‍ വാങ്ങിത്തരുന്നില്ല, പണവും നല്‍കില്ല';ഡിവോഴ്സ് ഫയല്‍ ചെയ്ത് യുവതി

By Web Team  |  First Published Dec 24, 2022, 8:13 PM IST

തന്നെ കാണാൻ ഭംഗിയില്ലെന്ന് ഇടയ്ക്കിടെ ഭര്‍ത്താവ് പറയാറുണ്ട്. എന്നാല്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് മേക്കപ്പ് സാധനങ്ങളൊന്നും വാങ്ങി തരികയോ ഇതിന് പണം നല്‍കുകയോ ചെയ്യാറില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. 


വിവാഹമോ വിവാഹമോചനവുമായോ ബന്ധപ്പെട്ട വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഭര്‍ത്താവ് മേക്കപ്പ് സാധനങ്ങള്‍ വാങ്ങിനല്‍കുന്നില്ലെന്നാരോപിച്ച് ഒരു യുവതി വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.

Latest Videos

ഇവിടെയൊരു കുടുംബകോടതിയിലാണ് യുവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്നെ കാണാൻ ഭംഗിയില്ലെന്ന് ഇടയ്ക്കിടെ ഭര്‍ത്താവ് പറയാറുണ്ട്. എന്നാല്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് മേക്കപ്പ് സാധനങ്ങളൊന്നും വാങ്ങി തരികയോ ഇതിന് പണം നല്‍കുകയോ ചെയ്യാറില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. 

ഈ വിവാഹമോചന കേസ് ഒത്തുതീര്‍പ്പാക്കാൻ അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും ഇത് ഒത്തുതീര്‍പ്പായില്ലത്രേ. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്‍റെ തീരുമാനമെന്നാണ് യുവതി പറയുന്നത്. 

2015ലാണ് ദില്ലി സ്വദേശിയായ ആളെ യുവതി വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവും പരസ്പരം അഭിപ്രായഭിന്നതയും വഴക്കും തുടങ്ങി. തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് തന്നെ ഇവര്‍ വേര്‍പിരിഞ്ഞ് താമസവും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് ശേഷമാണ് വിവാഹമോചനത്തിന് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്ക് ചെലവിനുള്ള പണവും ഭര്‍ത്താവ് നല്‍കാറില്ലെന്ന് ഇവര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയ്ക്കുമെതിരെയും പല ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്. 

വിവാഹം കഴിഞ്ഞ ശേഷം ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചെങ്കിലും ഇത് നടന്നില്ലെന്നും കുഞ്ഞുണ്ടാകണമെങ്കില്‍ ഒരു ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു, എന്നാല്‍ ഇതിനും ഭര്‍ത്താവോ വീട്ടുകാരോ പണം നല്‍കിയില്ലെന്നും യുവതി ആരോപിച്ചു. എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചാല്‍ ഭര്‍ത്താവ് തിരിച്ച് അസഭ്യം പറയുകയാണ് പതിവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്തായാലും വ്യത്യസ്തമായ കാരണം കാണിച്ചുള്ള വിവാഹമോചന കേസ് ഇപ്പോള്‍ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read:- വിവാഹം കഴിക്കാൻ പെണ്‍കുട്ടികളെ കിട്ടാനില്ല; മാര്‍ച്ച് നടത്തി ചെറുപ്പക്കാര്‍

click me!