മരിച്ചെന്ന് ഡോക്ടര്‍മാര്‍, 'ബോഡി' പെട്ടിയിലാക്കിയ ശേഷം അകത്തുനിന്ന് തട്ടലും മുട്ടലും...

By Web Team  |  First Published Jun 12, 2023, 3:29 PM IST

പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ബെല്ലയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി വൈകാതെ തന്നെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.


ബന്ധുക്കളോ കൂടെയുള്ളവരോ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശേഷം പിന്നീട് ജീവിതത്തിലേക്ക് വന്നിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുള്ള ഡോക്ടര്‍മാരുമുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെയുള്ള പിഴവ് സംഭവിക്കുന്നത് പക്ഷേ അംഗീകരിക്കാനാകുന്നതല്ല. എങ്കില്‍പ്പോലും അപൂര്‍വം കേസുകളില്‍ ഈ തെറ്റ് പറ്റാം. 

എന്തായാലും ഇപ്പോള്‍ സമാനമായൊരു കേസ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. ശേഷം മക്കളും മറ്റ് ബന്ധുക്കളും ചേര്‍ന്ന് സംസ്കാരച്ചടങ്ങിന് ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ പെട്ടിയില്‍ നിന്ന് എഴുന്നേറ്റ് ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണൊരു സ്ത്രീ. 

Latest Videos

undefined

ഇക്വഡോറിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഇവരുടെ മകൻ തന്നെയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. 

പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ബെല്ലയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി വൈകാതെ തന്നെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശ്വാസമെടുക്കാതിരുന്നതോടെ ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം വിലയിരുത്തുകയായിരുന്നു.

മകൻ ഉള്‍പ്പെടെയുള്ള വീട്ടുകാരോട് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി അറിയിക്കുകയും ചെയ്തു. ശേഷം ശവപ്പെട്ടി വാങ്ങി ഇതിനകത്തേക്ക് ബെല്ലയുടെ ശരീരം കിടത്തി. ഏതാണ്ട് അഞ്ച് മണിക്കൂറോളം അവര്‍ അതേ കിടപ്പ് കിടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് ശേഷം പെട്ടിക്കകത്ത് നിന്ന് തട്ടലും മുട്ടലും കേട്ടതോടെ വീട്ടുകാര്‍ പെട്ടി തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് ബെല്ല മരിച്ചിട്ടില്ലെന്ന് മനസിലായത്. നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇവരുടെ മരണം തെറ്റായി സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണം തേടിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 

Also Read:- പുഴുക്കളെ തിന്നും സ്വന്തം മൂത്രം കുടിച്ചും ആമസോൺ കാട്ടില്‍ 31 ദിവസം അതിജീവിച്ച യുവാവ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!