Funny Video : കാഴ്ചയ്ക്ക് 'ബര്‍ഗര്‍', എന്നാല്‍ സംഭവം മറ്റൊന്ന്; രസകരമായ വീഡിയോ

By Web Team  |  First Published Feb 27, 2022, 10:45 PM IST

നീയെന്തിനാണ് എന്നോടിത് ചെയ്യുന്നത് എന്ന ചോദ്യവുമായി തുടങ്ങുന്ന ഭര്‍ത്താവിന്റെ പ്രതികരണം ഏറെ രസകരമാണ്. നിവധി പേരാണ് ഈ വീഡിയോ ഇതനോടകം തന്നെ കണ്ടിരിക്കുന്നത്. പലരും ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്


കൊവിഡ് കാലം വന്നതോടെ ( Covid 19 ) നമ്മുടെ ജീവിതരീതികളില്‍ ആകെ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്. ഏവരും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ ( Mental Stress) കടന്നുപോയ കാലം കൂടിയാണിതെന്ന് പറയാം. ഒരുപക്ഷേ ഇക്കാരണം കൊണ്ടാകാം, ഭക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കും മറ്റും സോഷ്യല്‍ മീഡിയയില്‍ കാര്യമായ സ്വീകരണം ഈ സമയങ്ങളില്‍ ലഭിച്ചിരുന്നു. 

അത്തരത്തില്‍ 2020ല്‍ ട്രെന്‍ഡിംഗ് ആയൊരു വിഷയമായിരുന്നു കേക്കിലെ പരീക്ഷണങ്ങള്‍. ഷെഫുമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള നിരവധി പേര്‍ ഈ രീതിയില്‍ കേക്കില്‍ പുതുമകള്‍ പരീക്ഷിക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Latest Videos

അങ്ങനെ പല ഫേസ്ബുക്ക് പേജുകളും ഇന്‍സ്റ്റഗ്രാം പേജുകളും വ്യക്തികളുമെല്ലാം കേക്കിലെ പരീക്ഷണങ്ങള്‍ കൊണ്ട് മാത്രം ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി നമ്മള്‍ പ്രതീക്ഷിക്കാത്ത പല ഘടനയിലും രൂപത്തിലുമെല്ലാം കേക്ക് നിര്‍മ്മിക്കുകയെന്നതായിരുന്നു ഈ സമയങ്ങളില്‍ ഉയര്‍ന്നുവന്ന പ്രധാന ട്രെന്‍ഡ്. 

വീടുകളില്‍ നാം നിത്യോപയോഗത്തിനായി എടുക്കുന്ന സാധനങ്ങളുടെയും, മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെയുമെല്ലാം ആകൃതിയില്‍ കേക്ക് നിര്‍മ്മാതാക്കള്‍ കേക്കുകള്‍ നിര്‍മ്മിച്ചു. പലപ്പോഴും ഇത് കണ്ട് ആളുകള്‍ ആശയക്കുഴപ്പത്തിലാവുകയും പറ്റിക്കപ്പെടുകയും ചെയ്തു എന്നതും വാസ്തവം. 

എന്തായാലും അത്തരമൊരു സംഭവം ഉള്‍പ്പെടുന്ന വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ബര്‍ഗര്‍ ആണെന്ന് പറഞ്ഞ് ബര്‍ഗറിന്റെ രൂപത്തിലുള്ള കേക്ക് നല്‍കി ഭര്‍ത്താവിനെ പറ്റിക്കുന്ന ഭാര്യയാണ് വീഡിയോയിലുള്ളത്. 'റിയല്‍' ബര്‍ഗറിനെ വെല്ലുവിളിക്കുന്ന തരത്തില്‍ അത്രയും മനോഹരമായാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്.

ബണ്ണും, അകത്തെ പാറ്റീസും ചീസും ലെറ്റൂസുമെല്ലാം സംഗതി യഥാര്‍ത്ഥ ബര്‍ഗര്‍ ആണെന്ന് എളുപ്പത്തില്‍ നമ്മെ തോന്നിക്കും. എന്നാലിത് മുറിച്ചുകഴിഞ്ഞാല്‍ നല്ല കിടിലം കേക്കാണുതാനും. വീഡിയോ തുടങ്ങുന്നതിന് മുമ്പ് തന്നെ ക്രിസ്റ്റി സാറ എന്ന യുവതി ഇത് കേക്കാണെന്ന് സമര്‍ത്ഥിക്കാന്‍ നമ്മെ മുറിച്ചുകാണിക്കുന്നുണ്ട്.

ശേഷം സ്വാഭാവികതയോടെ ഭര്‍ത്താവിനെ 'ബര്‍ഗര്‍' കഴിക്കാന്‍ ക്ഷണിക്കുന്നു. ഇതൊന്നുമറിയാതെ ബര്‍ഗര്‍ കഴിക്കാന്‍ വേണ്ടി എത്തുകയാണ് ഭര്‍ത്താവ്. കാഴ്ചയില്‍ സംശയമൊന്നും തോന്നാതിരുന്ന അദ്ദേഹം പക്ഷേ കേക്ക് കടിച്ചുകഴിയുമ്പോഴേക്ക് പറ്റിയ അമളി തിരിച്ചറിയുന്നുണ്ട്. 

നീയെന്തിനാണ് എന്നോടിത് ചെയ്യുന്നത് എന്ന ചോദ്യവുമായി തുടങ്ങുന്ന ഭര്‍ത്താവിന്റെ പ്രതികരണം ഏറെ രസകരമാണ്. നിവധി പേരാണ് ഈ വീഡിയോ ഇതനോടകം തന്നെ കണ്ടിരിക്കുന്നത്. പലരും ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. സംഗതി കാഴ്ചയ്ക്ക് ഒരു തമാശ പോലെ തോന്നുമെങ്കിലും ഇത്രയും 'റിയലിസ്റ്റിക്' ആയി കേക്ക് തയ്യാറാക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് കമന്റ് ബോക്‌സില്‍ ഓര്‍മ്മിപ്പിക്കുന്ന ധാരാളം പേരെയും വീഡിയോയ്ക്ക് താഴെ കാണാം. 

വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kristy Sarah (@kristy.sarah)

Also Read:- കുറച്ച് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ പാൻ കേക്ക്

click me!