എന്തുകൊണ്ട് ജീൻസ് അധികവും നീല നിറത്തില്‍?

By Web Team  |  First Published Aug 10, 2023, 9:04 PM IST

എന്തുകൊണ്ടാണ് ജീൻസ് ഇങ്ങനെ അധികവും നീല നിറത്തില്‍ വരുന്നത് എന്നതിനെ കുറിച്ച് പലരും ചിന്തിച്ച് കാണില്ല. ഇതിനുള്ള കാരണം- അല്ലെങ്കില്‍ കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്.


ജീൻസ് പാന്‍റ്സുകളെടുത്താല്‍ ഇതില്‍ മഹാഭൂരിപക്ഷവും നീല നിറത്തിലുള്ളത് തന്നെയായിരിക്കും. വെള്ള, കറുപ്പ്, ചാരനിറങ്ങളിലൊക്കെയുള്ള ജീൻസുകള്‍ ഇത്രയും പ്രചാരത്തില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങളായിട്ടേ ഉണ്ടാകൂ. 

എന്നാല്‍ എന്തുകൊണ്ടാണ് ജീൻസ് ഇങ്ങനെ അധികവും നീല നിറത്തില്‍ വരുന്നത് എന്നതിനെ കുറിച്ച് പലരും ചിന്തിച്ച് കാണില്ല. ഇതിനുള്ള കാരണം- അല്ലെങ്കില്‍ കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. ചരിത്രപരവം, സാംസ്കാരികപരവും, മനശസാത്രപരവുമായുള്ള കാരണങ്ങളും കച്ചവടതന്ത്രങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു.

Latest Videos

undefined

നീല ജീൻസിന്‍റെ ചരിത്രം...

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡെനിം ജീൻസുകള്‍ക്ക് പ്രചാരം കിട്ടുന്ന സമയത്ത്, ആദ്യമായി ഇവരിത് ഇറക്കുന്നത് വര്‍ക്‍വെയര്‍ അഥവാ ജോലിക്കാര്‍ക്ക്, ജോലി സമയത്ത് ധരിക്കുന്നതിനായാണ്. 'ഇൻഡിഗോഫെറ' എന്ന ചെടിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഇൻഡിഗോ (നീലയോട് അടുത്തുനില്‍ക്കുന്ന ഷെയ്ഡുകള്‍ വരുന്ന നിറം)  ആണ് ജീൻസിന് നിറം നല്‍കാനായി തെരഞ്ഞെടുത്തത്. 

ഇൻഡിഗോ ദീര്‍ഘകാലം നില്‍ക്കുമെന്നതിനാലാണ് ഈ നിറം തന്നെ തെരഞ്ഞെടുത്തത്. എന്നുമാത്രമല്ല വളരെയധികം ലഭ്യതയുള്ള നിറവും ഇൻഡിഗോ ഡൈ തന്നെയായിരുന്നു. ഡെനിം തുണിയില്‍ നന്നായി പിടിക്കുകയും വളരെ പതിയെ മാത്രം മങ്ങുകയും ചെയ്യുന്നതാണ് ഇൻഡിഗോ. ഇക്കാരണങ്ങളെല്ലാം കൊണ്ട് ജീൻസിന്‍റെ നിറം നീലയായി മാറി.

സാംസ്കാരിക പശ്ചാത്തലം...

ഇരുപതാം നൂറ്റാണ്ടായപ്പോഴേക്ക് ചോരത്തിളപ്പുള്ള യുവതയുടെ നിറം എന്ന നിലയില്‍ നീല ജീൻസ് ആഘോഷിക്കപ്പെട്ടു. പ്രത്യേകിച്ച് അമേരിക്കയിലായിരുന്നു ഇത്തരത്തില്‍ യുവാക്കളുടെയൊരു ഫാഷൻ മുന്നേറ്റമുണ്ടാകുന്നത്. ഇത് പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ടു. 

വിപ്ലവമനോഭാവമുള്ള യുവാക്കളുടെ പ്രതീകമായി ബ്ലൂ ജീൻസ് ആഘോഷിക്കപ്പെട്ട കാലത്തിന്‍റെ ഒരു തുടര്‍ച്ച ഇന്നും നമുക്ക് കാണാവുന്നതാണ്. 

മനശാസ്ത്രപരമായ കാരണങ്ങളും...

നീല നിറത്തിന് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. നമ്മെ എളുപ്പത്തില്‍ 'കംഫര്‍ട്ട്' ആക്കാൻ, അതായത് നമുക്ക് ആശ്വാസമാകാനും സമാധാനം അനുഭവപ്പെടുത്താനുമെല്ലാം നീല നിറത്തിനാകും. ഇക്കാരണം കൊണ്ടാണ് ആശുപത്രികളില്‍ പോലും കിടക്കവിരിയും കര്‍ട്ടനുകളും സ്ക്രീനുകളും മറ്റും നീല നിറത്തില്‍ തന്നെ ചെയ്യുന്നത്. 'ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍' എന്ന പ്രയോഗം കേട്ടിട്ടില്ലേ? 

ഇതും ബ്ലൂ ജീൻസ് ഇത്രമാത്രം പ്രചാരത്തില്‍ വരുന്നതിന് ഒരു കാരണമായിട്ടുണ്ട്. 

കച്ചവടം...

ബ്ലൂ ജീൻസ് പല മേഖലകളിലും ആളുകള്‍ സ്ഥിരമായി വര്‍ക്‍വെയറായി ഉപയോഗിച്ചുപോന്നു. ആത്മവിശ്വാസത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും പര്യായമായി ബ്ലൂ ജീൻസ് മാറി. ഇതോടെ ബ്ലൂ ജീൻസ് തന്നെ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടു. 'ലിവൈസ്', 'റാംഗ്ലര്‍' എന്നിങ്ങനെയുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ഇത്തരത്തില്‍ ബ്ലൂ ജീൻസ് തന്നെ കൂടുതലും ഉത്പാദിപ്പിച്ചെടുത്തു. ഇന്നും ബ്ലൂ ജീൻസിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. അത്രമാത്രം ഏവരുടെയും മനസില്‍ സ്ഥാനം നേടിയൊരു ഔട്ട്ഫിറ്റ് തന്നെയാണ് ബ്ലൂ ജീൻസ് എന്ന് പറയാം.

Also Read:- സ്തനങ്ങള്‍ ഭംഗിയാക്കാൻ ചെയ്ത ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ; യുവതി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!