കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...

By Priya Varghese  |  First Published Aug 1, 2023, 1:57 PM IST

ചെറുപ്പ കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികളെ ഭാവി ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്. പലപ്പോഴും തന്നെ രക്ഷിക്കാൻ ആരുമില്ല എന്ന തോന്നൽ അവരിൽ വളർന്നേക്കാം. ഏറ്റവും അടുത്ത വ്യക്തികളിൽ നിന്നും അതിക്രമം നേരിടുന്നു എന്നത് തന്നെയാണ് അവരിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നത്. 


കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ചൈൽഡ് അബ്യൂസ് എന്ന് പറയാം. കുട്ടികളെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് രക്ഷിതാക്കൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്നതിനെ കുറിച്ച് ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ് പ്രിയ വർഗീസ് എഴുതുന്നു...

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥ ആകുമ്പോൾ അത് കേൾക്കേണ്ടി വരുന്ന മാതാപിതാക്കൾക്ക് ഭയമോ അരക്ഷിതത്വമോ ഒക്കെ തോന്നും എന്നുറപ്പ്. ആരെയാണ് വിശ്വസിക്കാനാവുക എന്ന തരത്തിൽ പൊതുവെ എല്ലാവരെയും സംശയിക്കുന്ന മാനസികാവസ്ഥയിലേക്ക് മാതാപിതാക്കൾ പോയേകാം എന്ന അപകടംപോലും ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നു.

Latest Videos

undefined

ചെറുപ്പ കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികളെ ഭാവി ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്. പലപ്പോഴും തന്നെ രക്ഷിക്കാൻ ആരുമില്ല എന്ന തോന്നൽ അവരിൽ വളർന്നേക്കാം. ഏറ്റവും അടുത്ത വ്യക്തികളിൽ നിന്നും അതിക്രമം നേരിടുന്നു എന്നത് തന്നെയാണ് അവരിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നത്. 

ഒരു പെൺകുട്ടി അവൾ നേരിട്ട ദുരനുഭവം പറഞ്ഞതിങ്ങനെ- അവളുടെ അടുത്ത ബന്ധുവിൽ നിന്നായിരുന്നു അവൾക്കാ ക്രൂരത നേരിടേണ്ടി വന്നത്. അമ്മയോടവൾ അതു പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയാണ് അമ്മ ചെയ്തത്. വലിയ കുടുംബ പ്രശ്നങ്ങൾ ഉണ്ടാകും, മിണ്ടരുത് എന്നമ്മ പറഞ്ഞു. അമ്മയ്ക്കും അത് വിശ്വസിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. അവൾ നുണ പറഞ്ഞതാണ് എന്നവർ കരുതി.

മിക്ക കേസുകളിലും കുട്ടിക്ക് വളരെ പരിചയം ഉള്ള മാതാപിതാക്കൾ വിശ്വസ്തതയയോടെ കുട്ടികളെ ഏൽപ്പിക്കുന്ന ആളുകൾ ഒക്കെ തന്നെയാവും അവർക്കു നേരെ കൊടുംക്രൂരത കാട്ടുന്നത്. ഇത് അംഗീകരിക്കുക നമുക്ക് അത്ര എളുപ്പമാകില്ല.

പെൺകുട്ടികൾ മാത്രമായിരിക്കും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുക എന്നതായിരിക്കും പൊതുവെ ഉള്ള ധാരണ. എന്നാൽ 50% പെൺകുട്ടികളും 50% ആൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നു എന്നതാണ് കണക്കുകൾ കാണിക്കുന്നത്.

ചെറിയ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് അവരെ മറ്റൊരാൾ ദുരുപയോഗം ചെയ്യുകയാണ് എന്നുപോലും മനസ്സിലാകണം എന്നില്ല. മറ്റൊരാളുടെ മാന്യമായ പെരുമാറ്റരീതി എന്ത് അതിരുകടന്ന രീതിയെന്ത് എന്നുള്ളതു വേർതിരിച്ചു കുട്ടികൾക്കു പറഞ്ഞു കൊടുക്കാം. 

കുട്ടിയുടെ ശരീര ഭാഗങ്ങളിൽ ആർക്കൊക്കെ സ്പർശിക്കാം. ഉദാ: അമ്മ കുട്ടിയെ കുളിപ്പിക്കുമ്പോൾ കുട്ടിയുടെ ശരീരത്തിൽ തൊടുന്നുണ്ട്. എന്നാൽ അമ്മയോ  അച്ഛനോ അമ്മൂമ്മയോ അങ്ങനെ ചിലർ അല്ലാതെ മറ്റാരും അങ്ങനെ തൊടുന്നത് അനുവദിക്കാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണം എന്ന് കുട്ടിക്കു മനസ്സിലാകുന്ന രീതിയിൽ പറയണം. ഇത് കുട്ടിയിൽ വലിയ ഭയം ജനിപ്പിക്കുന്ന രീതിയിലാകാനും പാടില്ല.

മറ്റൊരാൾ മോശമായി പെരുമാറുന്നത് കുട്ടിയുടെ തെറ്റല്ല, അതയാളുടെ മോശം സ്വഭാവമാണ് എന്നുകൂടി പറയണം. കാരണം അതു പറഞ്ഞില്ല എങ്കിൽ കുട്ടി ആദ്യം വിചാരിക്കുക കുട്ടിയുടെ കുഴപ്പം കാരണമാണ് മോശം പെരുമാറ്റം ഉള്ള വ്യക്തിക്ക് ഇരയാകേണ്ടി വന്നത് എന്നായിരിക്കും. അങ്ങനെ ഒരു തെറ്റായ ധാരണ കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാൻ പാടില്ല. അത് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

പല അക്രമികളും കുട്ടി ഇതൊന്നും ആരോടും പറയാതെ ഇരിക്കാനായി മാതാപിതാക്കളെ കൊല്ലുമെന്നോ കുട്ടിയെ അപകപ്പെടുത്തും എന്നോ ഒക്കെ പറഞ്ഞു ഭയപ്പെടുത്തിയേക്കാം. നമുക്ക് കുട്ടികളോടു പറഞ്ഞുകൊടുക്കാം- എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഞങ്ങൾ നിനക്കൊപ്പം ഉണ്ട് എന്ന്. മാതാപിതാക്കൾ പകർന്നു കൊടുക്കുന്ന ഈ ആത്മവിശ്വാസവും കുട്ടിയുടെ മനസ്സിനു വലിയ കരുത്തു നൽകും. 

Read more  എപ്പോഴും ഒറ്റപ്പെടൽ തോന്നുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

'ക്വാളിറ്റി ടൈം പ്രധാനം'...

കുട്ടികൾക്കൊപ്പം എല്ലാ ദിവസവും സമയം കണ്ടെത്തുക ജോലി തിരക്കിലും മറ്റും മാതാപിതാക്കൾ ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയാണ്. കുട്ടികൾക്കൊപ്പം ക്വാളിറ്റി ടൈം കണ്ടെത്താൻ ശ്രമിക്കണം. കുട്ടി എന്തിനെ എങ്കിലും ഭയക്കുന്നുണ്ടോ എന്നറിയാൻ ഇതത്യാവശ്യമാണ്. 

ലേഖനം എഴുതിയത്...

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

 

click me!