' ഒരു കാര്യത്തിൽ താൻ പരാജയപ്പെട്ടു എന്നതിനർത്ഥം താൻ ഒരു തോൽവിയാണ് എന്നവർ ചിന്തിക്കും'

By Priya Varghese  |  First Published Sep 18, 2024, 1:55 PM IST

ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും, പരാജയത്തെ ഭയപ്പെടാതെ സ്വന്തം കഴിവുകൾക്കു പ്രാധാന്യം കൊടുക്കുന്നവരായി അവരെ മാറ്റിയെടുക്കാനും മനഃശാസ്ത്ര ചികിത്സ സഹായിക്കും. സ്വയവും സമൂഹത്തിനോടും ഉള്ള ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തിയെടുക്കണം. 


ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. ജീവിതത്തിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.

ഗ്രോത്ത് മൈൻഡ്സെറ്റ് (ജീവിതത്തിൽ വളരണം, വിജയിക്കണം എന്ന മനോഭാവം), ഫിക്സഡ് മൈൻഡ്സെറ്റ് (അചലമായ, മാറി ചിന്തിക്കാൻ തയ്യാറാവാത്ത മനോഭാവം) എന്നിങ്ങനെ രണ്ടുതരം മനോഭാവങ്ങളാണ് ഉള്ളത്. ഇതിൽ ഏതാണ് നിങ്ങളുടേത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തിൽ വിജയിക്കണം എന്ന മനോഭാവമുള്ള വ്യക്തിയാണോ നിങ്ങൾ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില ചോദ്യങ്ങൾ സ്വയം മനസ്സിലാക്കാം. 

Latest Videos

undefined

1.  വെല്ലുവിളികളെ നേരിടാൻ തയ്യാറായ വ്യക്തിത്വമാണോ നിങ്ങളുടേത് ?
2.  മറ്റുള്ളവർ നിങ്ങളെപ്പറ്റി പറയുന്ന അഭിപ്രായങ്ങളിൽ നിന്നും കുറ്റപ്പെടുത്തലുകളിൽ നിന്നും വേണ്ടതിനെ മാത്രം ഉൾകൊണ്ട് നല്ല മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുന്ന വ്യക്തിയാണോ നിങ്ങൾ?
3.  പരാജയങ്ങളെ മുന്നോട്ടുള്ള നല്ല പാഠങ്ങൾ പഠിക്കാനുള്ള അവസരമായി എടുക്കാറുണ്ടോ?
4.  മറ്റുള്ളവരുടെ വിജയത്തിൽ അവരോടൊപ്പം സന്തോഷിക്കാൻ കഴിയുന്ന വ്യക്തിയാണോ നിങ്ങൾ? അവർ വിജയിക്കുന്നത് കാണുമ്പോൾ നിങ്ങൾക്കും വിജയം സാധ്യമാണ് എന്ന ആത്മവിശ്വാസം നിറഞ്ഞ ചിന്ത മനസ്സിൽ വരാറുണ്ടോ?
5.  പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ കഴിവിനെ കൂടുതൽ മെച്ചപ്പെടുത്താനും എപ്പോഴും ശ്രമിക്കാറുണ്ടോ?
6.  ദിവസവും നിങ്ങളുടെ പ്രവർത്തികളെ വിലയിരുത്തുകയും എങ്ങനെ മെച്ചപ്പെടാം എന്ന് സമാധാനമായി ചിന്തിക്കുകയും ചെയ്യാറുണ്ടോ?

എന്താണ് ഫിക്സഡ് മൈൻഡ്സെറ്റ്?

1. നമ്മുടെ കഴിവുകളും ബുദ്ധിയുമെല്ലാം ജന്മനാ ഉള്ളതാണ്. അതൊരിക്കലും ശ്രമങ്ങളിലൂടെ മാറ്റം വരുത്താൻ കഴിയാത്തവിധം ഉറച്ചതാണ് എന്ന് വിശ്വസിക്കുക. (ഞാൻ കോൺഫിഡൻസ് കുറഞ്ഞ ആളാണ്, ഞാൻ കണക്കിൽ പിന്നോട്ടാണ്, അതിനാൽ ഒരുകാരണവശാലും എനിക്ക് മെച്ചെപ്പെടുക സാധ്യമല്ല എന്ന ചിന്ത).
2.    പരാജയത്തെ അമിതമായി ഭയക്കുകയും പുതിയ കാര്യങ്ങളെ ശ്രമിച്ചുനോക്കാതെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക. എളുപ്പം എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോവുക.
3.    പ്രതിസന്ധികൾ വരുന്നു എന്ന് കാണുമ്പോൾ അവയെ നേരിടാതെ പിന്മാറുക (ജോലിയിൽ പുതുതായി ഒരു ടാസ്ക് വരുമ്പോൾ പരാജയപ്പെടുമോ എന്ന് ഭയക്കുക, മുന്നോട്ടു പോകാതെ ജോലി ഉപേക്ഷിക്കുക).
4.    അഭിപ്രായങ്ങൾ കേൾക്കാൻ താല്പര്യമില്ലാതെ ഇരിക്കുക, അവയെല്ലാം വിമർശങ്ങളായി തോന്നുകയും, വളരെ വ്യക്തിപരമായി എടുക്കുകയും ചെയ്യുക.
5.    പരിശ്രമം കൊണ്ട് നേടുന്നതല്ല വിജയം എന്നും, വിജയം കൈവരിക്കുക എന്നത് ഒരു വ്യക്തിക്ക് ജന്മനാ ഉള്ള കഴിവിനെ അടിസ്ഥാനമാക്കി മാത്രമാണ് എന്ന് വിശ്വസിക്കുക. (ഒരാൾ ഒരു കാര്യത്തിനായി തീവ്ര ശ്രമം നടത്തുന്നു എങ്കിൽ അതിനർത്ഥം അയാൾക്ക് അതിനുള്ള കഴിവില്ല എന്നാണ് എന്ന തെറ്റായ ചിന്ത)
6.    മറ്റുള്ളവർ തന്നെപ്പറ്റി നല്ല അഭിപ്രായങ്ങൾ എന്തെല്ലാം പറയുന്നു എന്ന അമിതമായ ശ്രദ്ധ. അവർ നല്ല അഭിപ്രായം പറയുന്നില്ല എങ്കിൽ ഒരു ശ്രമവും അർത്ഥവത്തല്ല എന്ന തോന്നൽ. 
7.    മറ്റൊരാൾ വിജയം കൈവരിക്കുന്നു എന്ന് കാണുമ്പോൾ ഭയപ്പെടുകയും ടെൻഷൻ അനുഭവിക്കുകയും ചെയ്യുക. (അയാൾ വിജയം നേടിയത് അയാളുടെ ഭാഗ്യവും ജന്മസിദ്ധമായ കഴിവ് കാരണവുമാണ് എന്നും, എനിക്കയാൾക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയില്ല എന്നുമുള്ള തെറ്റായ ചിന്ത)
8.   താൻ ഒരിക്കൽ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു എന്നതിനാൽ ഇനി ഒരിക്കലും ശ്രമങ്ങൾ ആവശ്യമില്ല എന്ന തെറ്റായ ധാരണ. 
9.    ശ്രമങ്ങൾ നടത്താതെപോയതിനെ ന്യായീകരിക്കാൻ സാഹചര്യങ്ങളെ പഴിക്കുക. 
10.    കൂടുതൽ മെച്ചപ്പെടാനായി പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, എനിക്ക് ഇതൊന്നും സാധ്യമല്ല എന്ന ചിന്ത.
11.    വിജയത്തിലെത്താനുള്ള പ്രയത്നങ്ങൾക്കു പ്രാധാന്യം കുറച്ചു കൊടുക്കുകയും, എന്തായിരിക്കും ഫലം എന്നതിന് അമിത പ്രാധാന്യം കൊടുക്കുകയും ചെയ്യുക. ചെറിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അവയൊന്നും പ്രധാനമല്ല വലിയ നേട്ടങ്ങൾ മാത്രമാണ് പ്രധാനം എന്നു ചിന്തിക്കുക.

ഫിക്സഡ് മൈൻഡ്സെറ്റിൽ നിന്നും ഗ്രോത്ത് മൈൻഡ്സെറ്റിലേക്കു മാറാൻ ശ്രമിക്കുമ്പോൾ പരാജയങ്ങളെ ധൈര്യമായി നേരിടാനും അംഗീകരിക്കാനും കഴിയും. പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കും. 
ഫിക്സഡ് മൈൻഡ്സെറ്റ് ഉള്ളവരിൽ വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവയ്ക്കു സാധ്യത കൂടുതലാണ്.

ഒരു കാര്യത്തിൽ താൻ പരാജയപ്പെട്ടു എന്നതിനർത്ഥം താൻ ഒരു തോൽവിയാണ് എന്നവർ ചിന്തിക്കും. വീണ്ടും ശ്രമിക്കുന്നത് വീണ്ടും വീണ്ടും താൻ ഒരു പരാജയമാണ് എന്ന് ബോധ്യപ്പെടുത്താനാണോ എന്ന വളരെ നെഗറ്റീവ് ചിന്താഗതി അവരിൽ ഉണ്ടായിരിക്കും.

സ്വയം വിലകുറച്ചു കാണുക, മനസ്സിൽ നിരന്തരം സ്വയം കുറ്റപ്പെടുത്തി സംസാരിക്കുക എന്നീ രീതികൾ ഉണ്ടായിരിക്കും. മറ്റുള്ളവരോട് അസൂയ തോന്നുക, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുക എന്നീ ബുദ്ധിമുട്ടുകൾ അവർക്ക് അനുഭവപ്പെടും. 

ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും, പരാജയത്തെ ഭയപ്പെടാതെ സ്വന്തം കഴിവുകൾക്കു പ്രാധാന്യം കൊടുക്കുന്നവരായി അവരെ മാറ്റിയെടുക്കാനും മനഃശാസ്ത്ര ചികിത്സ സഹായിക്കും. സ്വയവും സമൂഹത്തിനോടും ഉള്ള ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തിയെടുക്കണം. Cognitive Behaviour Therapy (CBT), mindfulness training എന്നിവ ഗുണകരമാണ്.

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

 

 

ആത്മവിശ്വാസത്തോടെ 'നോ' പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ?

click me!