കുട്ടികളെ കിടത്താനായി ഉപയോഗിക്കുന്ന തൊട്ടിലിന് സമാനമായ രൂപകൽപനയുള്ള ഉത്പന്നങ്ങളായ ബേബി ലോഞ്ചറുകളെ കുറിച്ചാണ് മുന്നറിയിപ്പ്
ന്യൂയോർക്ക്: ആറ് നവജാത ശിശുക്കളുടെ ശ്വാസംമുട്ടിയുള്ള മരണത്തിന് പിന്നാലെ ചിലയിനം തൊട്ടിലുകളും കുട്ടികളെ കിടത്താനുള്ള കിടക്കളും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഫെഡറൽ സുരക്ഷാ റെഗുലേറ്റർ. വ്യാഴാഴ്ചയാണ് രക്ഷിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കുമുള്ള മുന്നറിയിപ്പ് പുറത്ത് വന്നത്. മാമിബേബി, യൂക്ക, കോസി നേഷൻ, ഹൈഹൂഡ്ത്ത്, ഡിഎച്ച്ഇസ്ഡ് എന്നീ ബ്രാൻഡുകളുടെ ബേബി ലോഞ്ചറുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഇതിന് പിന്നാലെ സമാനരീതിയിലുള്ള ചില ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ സ്വന്തം നിലയിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളെ കിടത്താനായി ഉപയോഗിക്കുന്ന തൊട്ടിലിന് സമാനമായ രൂപകൽപനയുള്ള ഉത്പന്നങ്ങളാണ് ബേബി ലോഞ്ചറുകൾ. 2020, 2021 വർഷങ്ങളിലുണ്ടായ ദാരുണ സംഭവങ്ങളേക്കുറിച്ചുള്ള റിപ്പോർട്ടിന് പിന്നാലെ ആറ് നവജാത ശിശുക്കളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടതെന്നാണ് യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ വിശദമാക്കുന്നത്. പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് വരെയാണ് ബേബി ലോഞ്ചറുകളിൽ ശ്വാസം മുട്ടി മരിച്ചതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ വിശദമാക്കുന്നത്. കിടക്കയ്ക്കും മുറിയിലെ ഭിത്തിക്കും ഇടയിലായി കുടുങ്ങി കുട്ടികൾ മരിച്ചതടക്കമുള്ള സംഭവത്തേ തുടർന്നാണ് റിപ്പോർട്ട്.
undefined
ഫെഡറൽ സുരക്ഷാ റെഗുലേറ്ററിന്റെ പല നിർദ്ദേശങ്ങളും അവഗണിച്ചായിരുന്നു ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാണമെന്നും യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ വിശദമാക്കുന്നു. ചിലതിൽ ആവശ്യമായ ബലം ഉത്പന്നത്തിന് ഇല്ലെന്നും ചിലത് നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ ശിശുക്കൾക്ക് ശ്വാസംമുട്ടലുണ്ടാക്കുന്നതാണെന്നും യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ വിശദമാക്കിയിട്ടുണ്ട്. നിലവാരത്തകർച്ചയുള്ള ഉത്പന്നങ്ങളെ വിപണിയിൽ നിന്ന് പിൻവലിക്കാനാണ് യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. 47 ഡോളർ മുതൽ 87 ഡോളർ വിലവരുന്ന ഇത്തരം ലോഞ്ചറുകൾ പ്രധാനമായും ഓൺലൈൻ സൈറ്റുകളിലാണ് ലഭ്യമായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം