സോഷ്യൽ മീഡിയയിൽ ഒരൊറ്റ ദിവസംകൊണ്ട് താരമായി മാറിയ ഒരു 52 -കാരിയുണ്ട് അങ്ങ് കണ്ണൂരിൽ. കണ്ണൂർ ആലക്കോട് സ്വദേശിനിയായ ചന്ദ്രികേച്ചിയുടെ മുഖം ഇന്ന് കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമാണ്.
സോഷ്യൽ മീഡിയയിൽ ഒരൊറ്റ ദിവസംകൊണ്ട് താരമായി മാറിയ ഒരു 52 -കാരിയുണ്ട് അങ്ങ് കണ്ണൂരിൽ. കണ്ണൂർ ആലക്കോട് സ്വദേശിനിയായ ചന്ദ്രികേച്ചിയുടെ മുഖം ഇന്ന് കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമാണ്. രണ്ടു മൂന്ന് ദിവസമായുള്ള സോഷ്യൽ മീഡിയ, വാർത്താ ചിത്രങ്ങളിൽ നിറഞ്ഞ് വീണ്ടും തന്റെ ജോലിയുടെ സാധാരണമായ തിരക്കിലേക്ക് ചന്ദ്രികേച്ചി തിരിച്ചുപോയിരിക്കുന്നു.
എന്തായാലും തനിക്ക് കിട്ടിയ സ്നേഹത്തിൽ ഏറ്റവും വലുതായി ചന്ദ്രികേച്ചി കാണുന്നത്, ആരും തട്ടിക്കൊണ്ടുപോകാതെ നോക്കണമെന്ന ഭർത്താവിന്റെ കമന്റാണ്. അതുപോലെ തന്റെ വീഡിയോ വൈറലായതൊന്നും അല്ല, ചന്ദ്രികേച്ചി സന്തോഷം. അത് മറ്റൊന്നാണ്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ കഴിയാത്ത താൻ, മേക്കപ്പ് ചെയ്ത് ഇറങ്ങിയപ്പോൾ കണ്ട ആ രൂപം വലിയ സന്തോഷവും ആത്മവിശ്വസവും നൽകിയെന്നാണ് ചന്ദ്രികേച്ചി പറയുന്നത്. വീട്ടിൽ ജോലി ചെയ്യുന്ന ചന്ദ്രികേച്ചിയെ മേക്കോവർ നടത്തിയ ജിൻസിയും പറയുന്നത് അപ്രതീക്ഷിതമായൊരു ഹിറ്റ് മേക്കോവർ നടത്തിയതിനെ കുറിച്ചാണ്.
വീട്ടിൽ ജോലിയൊക്കെ ചെയ്യുന്ന ചന്ദ്രികേച്ചി ഞങ്ങളുടെ കുടുംബാഗത്തെ പോലെയാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നതിനൊപ്പം ഇടയ്ക്ക്, വൃത്തിയാക്കാൻ കടയിലും ചേച്ചി വരാറുണ്ട്. അപ്പോഴൊക്കെ എന്താണ് ഇതിനുള്ളിൽ നടക്കുന്നതെന്ന് കൌതുകത്തോടെ നോക്കാറുണ്ടായിരുന്നു ചേച്ചി. എന്നെയും സുന്ദരിയാക്കാമോ എന്ന് ചോദിക്കാറുമുണ്ട്. ഒരു ഞായറാഴ്ച ദിവസം കടയിലേക്ക് പോകണ്ടേയെന്ന് ചോദിച്ച് വിളിച്ചപ്പോൾ, ചന്ദ്രികേച്ചി റെഡിയാണെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്കൂർ എടുത്താണ് ജോലി പൂർത്തിയാക്കിയത്. അത് കണ്ടപ്പോൾ താൻ തന്നെയാണോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നായിരുന്നു ചന്ദ്രികേച്ചിയുടെ പറഞ്ഞത്. മോക്കോവർ കഴിഞ്ഞപ്പോൾ ചേച്ചി തന്നെ പല പോസിൽ നിന്ന് ചിത്രങ്ങൾ എടുപ്പിക്കുകയായിരുന്നു. ആ ഊർജം കണ്ടപ്പോൾ ഞങ്ങൾക്കു തന്നെ അത്ഭുതം തോന്നി. ചിത്രത്തിലെ പോസുകളൊന്നും ചേച്ചിയൊക്കൊണ്ട് ഞങ്ങൾ ചെയ്യിച്ചതല്ല, എല്ലാം ഇഷ്ടപ്രകാരം നിന്ന് എടുപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി മാധ്യമങ്ങളും മറ്റുമായി ചന്ദ്രികേച്ചിയെ കാണാനായി എത്തുന്നുണ്ട്. ഇപ്പോൾ തിരക്കൊഴിഞ്ഞ്, ഞങ്ങൾ രണ്ടുപേരും അവരവരുടെ ജോലിയിലേക്ക് തിരികെ എത്തിത്തുടങ്ങി. ഇന്ന് കടയിലേക്ക് വരുമ്പോൾ ചേച്ചിയെ കണ്ടിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ചിരിക്കുകയായിരുന്നു ചേച്ചി. എന്തായാലും വലിയ സന്തോഷത്തിലാണ് അവർ. ഭർത്താവും കുട്ടികളും പറഞ്ഞ കമന്റുകൾ, എല്ലാവരോടും പറയും, ഞങ്ങളൊക്കെ ഔട്ടായല്ലോ, വല്ലോരും തട്ടിക്കൊണ്ടുപോകാതെ നോക്കണം ഈ സുന്ദരിയെ എന്ന് പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് വലിയ സന്തോഷം കാണാം.
Read more: തങ്കശ്ശേരിയിൽ നാമാവശേഷമാകുന്ന ചരിത്ര സ്മാരകങ്ങൾ
ഒരു പ്രൊമോഷന് വേണ്ടിയൊന്നും ചെയ്തതല്ല ഈ വീഡിയോ. ചേച്ചി പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ഏറെ സമയമെടുക്കുന്ന വർക്ക് ആയതിനാൽ സമയം കിട്ടിയപ്പോ, ഞങ്ങൾ ഒരു സർപ്രൈസായി ചേച്ചിയെ സന്തോഷിപ്പിക്കാൻ ചെയ്തതായിരുന്നു. ആ വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു എന്ന് മാത്രം. ഇത്രയും നല്ല പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും സംഭവം ഹിറ്റായതിൽ ഞാനും ചന്ദ്രികേച്ചിയും വലിയ ഹാപ്പിയാണെന്നും ജിൻസി രഞ്ജു പറഞ്ഞു. ആലക്കോടുള്ള മിയബെല്ല ബ്യൂട്ടി കെയർ സെന്റർ നടത്തുകയാണ് ജിൻസി.