സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കണം; വ്യത്യസ്തനിയമവുമായി ഒരു ഗ്രാമം

By Web Team  |  First Published Sep 25, 2022, 7:05 PM IST

പലപ്പോഴും ഫോൺ അഡിക്ഷൻ ഉള്ളവര്‍ക്ക് തന്നെ അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ഫോണ്‍ മാറ്റിവച്ചുകൊണ്ട് തന്നെ ചിലവിടാൻ സാധിക്കണം.


സ്മാര്‍ട് ഫോണിന്‍റെ വരവോടുകൂടി പ്രായ-ലിംഗ ഭേദമെന്യേ ഏവരും ഇന്‍റര്‍നെറ്റ് ലോകത്തില്‍ കൂടുതല്‍ സജീവമായിത്തുടങ്ങി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യൂട്യൂബും മറ്റ് വീഡിയോ- സിനിമാ-സീരീസ് പ്ലാറ്റ്ഫോമുകളുമെല്ലാമായി ഇന്‍റര്‍നെറ്റ് ലോകത്തില്‍ തന്നെ ദിവസത്തിന്‍റെ വലിയൊരു പങ്കും ജനം ചെലവിടാൻ തുടങ്ങി. 

ഇത് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് തന്നെയാണ് ക്രമേണ വഴിയൊരുക്കുക. മണിക്കൂറുകളോളം ഫോണില്‍ ചെലവിടുന്നത് ശരീരത്തെ മാത്രമല്ല, മനസിനെയും ദോഷകരമായാണ് ബാധിക്കുക. 

Latest Videos

എന്നാല്‍ പലപ്പോഴും ഫോൺ അഡിക്ഷൻ ഉള്ളവര്‍ക്ക് തന്നെ അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ഫോണ്‍ മാറ്റിവച്ചുകൊണ്ട് തന്നെ ചിലവിടാൻ സാധിക്കണം. ഇത്തരത്തില്‍ ഫോണ്‍ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം കണ്ടെത്തിയിരിക്കുന്ന വ്യത്യസ്തമായൊരു മാര്‍ഗം ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ ഉയര്‍ത്തുകയാണ്. 

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ മോഹിത്യാഞ്ചെ വഡ്ഗാവോൻ എന്ന ഗ്രാമത്തിലാണ് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ വ്യത്യസ്തമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ദിവസത്തിലെ ഒന്നര മണിക്കൂര്‍ ഫോൺ മാറ്റിവയ്ക്കുകയെന്നതാണ് ഇവര്‍ നടപ്പിലാക്കിയിരിക്കുന്ന നിയമം. 

ഇതെങ്ങനെയാണ് നടപ്പിലാക്കുകയെന്നാല്‍ വൈകീട്ട് ഏഴ് മണിയോടെ ഒരു സൈറണ്‍ മുഴങ്ങും. ഇതോടെ ഫോണ്‍ മാറ്റിവയ്ക്കണം. ഫോൺ മാത്രമല്ല, ടിവി, റേഡിയോ, കംപ്യൂട്ടര്‍ അടക്കമുള്ള ഇത്തരത്തിലുള്ള ഉപകരണങ്ങളെല്ലാം മാറ്റിവയ്ക്കണം. എട്ടര വരെ വായന, എഴുത്ത്, പഠനം, മുതിര്‍ന്നവരാണെങ്കില്‍ കുടുംബാംഗങ്ങളുമായോ മറ്റോ സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം. 

ഈ നിയമം എല്ലാവരും പാലിക്കുന്നുണ്ടോ എന്നറിയാൻ വാര്‍ഡ് തലത്തില്‍ പ്രത്യേകസമിതിയെയും പഞ്ചായത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആദ്യമെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുമ്പോള്‍ ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും എന്നാ്‍ പിന്നീട് എതിര്‍ത്തവര്‍ പോലും ഇതിനോട് താല്‍പര്യം കാണിക്കുകയായിരുന്നുവെന്നും ഗ്രാമമുഖ്യനായ വിജയ് മോഹിത് പറയുന്നു. എന്തായാലും വ്യത്യസ്തമായ ഈ ചുവടുവയ്പ് വലിയ രീതിയിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

മൊബൈല്‍ ഫോണ്‍ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതോടെ മനുഷ്യബന്ധങ്ങളും, മനുഷ്യരുടെ ബൗദ്ധികമായ നിവാരവും തകര്‍ച്ചയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നുവെന്നും അതിന് പരിഹാരമാണ് ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെന്നും വാര്‍ത്തയോട് യോജിപ്പായി പ്രതികരിച്ചവരാണ് ഏറെയും. അതേസമയം ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരത്തിലുള്ള നിര്‍ബന്ധിതമായ നിയന്ത്രണമേര്‍പ്പെടുത്തരുതെന്ന് പറയുന്നവരും ഉണ്ട്. 

Also Read:- കുട്ടികള്‍ അധികനേരം ഫോണില്‍ ചെലവിടുന്നത് ഒഴിവാക്കാം; ചെയ്യേണ്ടത്...

click me!