വീട്ടുപറമ്പിന് അല്‍പം അകലെയുള്ള ജലാശയത്തില്‍ നിന്ന് വീട്ടിലേക്ക് യഥേഷ്ടം വെള്ളമെടുക്കാൻ കറണ്ടോ മറ്റ് ആധുനിക സംവിധാനങ്ങളോ ഒന്നും പ്രയോജനപ്പെടുത്താതെ തീര്‍ത്തും മനുഷ്യനിര്‍മ്മിതമായി സജ്ജീകരിച്ചൊരു പമ്പ് ആണ് വീഡിയോയില്‍ കാണിക്കുന്നത്.
ടെക്നോളജിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ തീര്‍ച്ചയായും മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റിമറിച്ചിട്ടുണ്ട്. ഇപ്പോഴും പുതിയ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് മനുഷ്യരുടെ പരിസരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ വൈദ്യുതി കണ്ടെത്തുന്നതിനും, അല്ലെങ്കില്‍ അത് വ്യാപകമായി ലഭ്യമാകുന്നതിനും മുമ്പ് നാമിന്ന് കാണുന്ന- അനുഭവിക്കുന്ന പലതും എങ്ങനെയാണ് നടന്നിരുന്നത് എന്നോര്‍ത്തിട്ടുണ്ടോ? ഓരോ കാലത്തും മനുഷ്യര്‍ അവരവര്‍ക്ക് കഴിയുന്നത് പോലുള്ള കണ്ടെത്തലുകള്‍ ഓരോ ആവശ്യങ്ങള്‍ക്കുമായി നടത്തിയിരുന്നു. വൈദ്യുതിയുടെ ഉപയോഗങ്ങള്‍ക്കും ബദല്‍ മാര്‍ഗങ്ങള്‍ മനുഷ്യര്‍ നിര്‍മ്മിച്ചിരുന്നു എന്നതാണ് വാസ്തവം.
ഇത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വീട്ടുപറമ്പിന് അല്‍പം അകലെയുള്ള ജലാശയത്തില്‍ നിന്ന് വീട്ടിലേക്ക് യഥേഷ്ടം വെള്ളമെടുക്കാൻ കറണ്ടോ മറ്റ് ആധുനിക സംവിധാനങ്ങളോ ഒന്നും പ്രയോജനപ്പെടുത്താതെ തീര്‍ത്തും മനുഷ്യനിര്‍മ്മിതമായി സജ്ജീകരിച്ചൊരു പമ്പ് ആണ് വീഡിയോയില്‍ കാണിക്കുന്നത്.
ഇത് പക്ഷേ പണ്ടുകാലത്തൊന്നും ചെയ്ത പരീക്ഷണമല്ല എന്നതാണ് കൗതുകം. പുതിയ കാലത്ത് തന്നെ. എന്നാല്‍ ഉള്‍നാടൻ ഗ്രാമങ്ങളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആവശ്യമുള്ള വെള്ളമെത്തിക്കാൻ ഈ സൂത്രമൊക്കെ ധാരാളമാണ്.
ഒരു നീണ്ട മുളയില്‍ സമാന്തരമായി പൈപ്പ് ഘടിപ്പിച്ചിരിക്കുന്നു. അതിന്‍റെ അറ്റത്തായി ഒരു ടയര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആ ഭാഗം ജലാശയത്തിന് മുകളിലായി പൊങ്ങി നില്‍ക്കും. ഇങ്ങേയറ്റത്ത് വീട്ടുവളപ്പില്‍ മുളയുടെ തുടക്കത്തില്‍ കനം വെച്ച് ഇത് താഴ്ത്തിയുമിരിക്കും. വെള്ളമെടുക്കേണ്ട സമയത്ത് കനമുള്ള ഭാഗം പതിയെ പൊക്കുമ്പോള്‍ ടയറടക്കമുള്ള മുളയുടെ അങ്ങേ അറ്റം വെള്ളത്തിലേക്ക് താഴുന്നു.
അങ്ങനെ ടയറിനകത്തുകൂടി കയറുന്ന വെള്ളം, തുടര്‍ന്ന് പൈപ്പിനകത്തേക്ക് കയറുന്നു. മുള ചരിക്കുന്നതോടെ ആ വെള്ളം വേഗതയില്‍ ഇങ്ങേ അറ്റത്തേക്ക്. ഇവിടെ വച്ചിട്ടുള്ള ബക്കറ്റിലേക്കാണ് വെള്ളം വന്നുവീഴുന്നത്.
ചുരുങ്ങിയ സമയത്തിനകം ആവശ്യമായ വെള്ളം റെഡി. ഇത്രയും ബുദ്ധിയുണ്ടെങ്കില്‍ ലോകം തന്നെ മാറ്റിമറിക്കാവുന്ന എഞ്ചിനീയറോ മറ്റോ ഇത് സജ്ജീകരിച്ചയാള്‍ക്ക് ആകാമെന്നും, ഏറെ അഭിമാനം തോന്നുന്നു ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ കാണുമ്പോള്‍ എന്നുമെല്ലാം ചെറുവീഡിയോ കണ്ട ശേഷം നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. ഒരു ബാലനാണ് ഇത് പ്രവര്‍ത്തപ്പിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് ക്രമീകരിച്ചത് ഈ ബാലൻ തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.
'മൈൻഡ്‍സെറ്റ് മെഷീൻ' എന്ന പേജാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ദിവസത്തിനകം തന്നെ മൂന്നര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Also Read:- പരാതിയുമായി യുവതി, സിസിടിവി വീഡിയോയില്‍ കുടുങ്ങി 'സീരിയല്‍ കിസ്സര്‍'...