Viral Video : ആരുമില്ലാത്തവര്‍ക്ക് കാവലായി 'സ്‌നേഹം'; ഹൃദയം തൊടുന്ന വീഡിയോ

By Web Team  |  First Published Jan 2, 2022, 10:05 PM IST

ഏതാനും നിമിഷനേരത്തേക്ക് ഒന്നും ചെയ്യാതിരുന്നെങ്കിലും വൈകാതെ തന്നെ നായയുടെ സ്‌നേഹവായ്പിലേക്ക് അമരുകയാണ് അയാളും. ആരോരുമില്ലാത്തവരുടെ കാവലാണ് സ്‌നേഹമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഹൃദ്യമായ വീഡിയോ നടത്തുന്നത്


നിത്യവും എത്രയോ വിഷയങ്ങളെ കുറിച്ചാണ് നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media )  വായിക്കുകയും കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകാം. തമാശയോ, സംഗീതമോ, കൗതുകമോ എല്ലാം പകരുന്ന ഇങ്ങനെയുള്ള ചിത്രങ്ങളും വീഡിയോകളും ( Viral Photos and Videos ) എഴുത്തുകളുമെല്ലാം നമുക്ക് ഇഷ്ടമാണ്. 

എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലത്, നമ്മെ അല്‍പനേരത്തേക്ക് എങ്കിലും ചിന്തിപ്പിക്കുന്നതോ, നമ്മുടെ ഹൃദയത്തെ ഒരു നിമിഷത്തേക്കെങ്കിലും സ്പര്‍ശിക്കുന്നതോ ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

വീടില്ലാതെ തെരുവില്‍ കഴിയുന്ന എത്രയോ പേരെ നാം കണ്ടിട്ടുണ്ട്, അല്ലേ? പലപ്പോഴും കാഴ്ചവട്ടത്തില്‍ ഇവര്‍ വരുമ്പോള്‍ എങ്ങനെയായിരിക്കും ഈ ജീവിതങ്ങള്‍ മുന്നോട്ടുപോകുന്നത് എന്ന ആലോചന നമ്മെ അലട്ടിയിട്ടുമുണ്ടാകാം. എന്തെന്നോ ഏതെന്നോ ചോദിക്കാന്‍ ആരുമില്ലാത്തവര്‍, കഴിച്ചോ- ഉറങ്ങിയോ- സുഖമാണോ എന്നന്വേഷിക്കാന്‍ പ്രിയപ്പെട്ടവരില്ലാത്ത അനാഥര്‍, ആശ്രയത്വത്തോടെ പോയി മതികെട്ടുറങ്ങാന്‍ സ്വന്തമായി മേല്‍ക്കൂരയില്ലാത്തവര്‍. 

ഇവരും ഇവിടെ ജീവിച്ചുപോകുന്നുണ്ട്. ഇങ്ങനെയൊരു മനുഷ്യനെയാണ് വീഡിയോയില്‍ കാണുന്നത്. ഏതോ കടത്തിണ്ണയില്‍ ഇരിക്കെ, അദ്ദേഹത്തിനരികിലേക്ക് ഒരു തെരുവുനായ വരികയാണ്. പിന്നീടത് സ്‌നേഹത്തോടെ, ആ മനുഷ്യനിലേക്ക് ചേര്‍ന്നുനില്‍ക്കുകയും അനുവാദത്തിന് കാത്തുനില്‍ക്കാതെ തന്നെ തന്റെ സ്‌നേഹത്തിന്റെ ഒരു പങ്ക് ആ മനുഷ്യന് പങ്കിട്ട് നല്‍കുകയുമാണ്. 

ഏതാനും നിമിഷനേരത്തേക്ക് ഒന്നും ചെയ്യാതിരുന്നെങ്കിലും വൈകാതെ തന്നെ നായയുടെ സ്‌നേഹവായ്പിലേക്ക് അമരുകയാണ് അയാളും. ആരോരുമില്ലാത്തവരുടെ കാവലാണ് സ്‌നേഹമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഹൃദ്യമായ വീഡിയോ നടത്തുന്നത്. ട്വിറ്ററില്‍ മാത്രം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ അത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

നായ്ക്കളുടെ നന്ദിയും സ്‌നേഹവും സമാനതകളില്ലാത്തതാണെന്നും, അനാഥരുടെ ആശ്രയം ഇതുപോലുള്ള സ്‌നേഹസാമീപ്യങ്ങളാണെന്നും ധാരാളം പേര്‍ കമന്റുകളില്‍ കുറിച്ചിരിക്കുന്നു. ഏതായാലും വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

This dog approaches a homeless man and seems to know what he needs.. 🥺 pic.twitter.com/uGWL351fCR

— Buitengebieden (@buitengebieden_)

 

Also Read:- ടോയ് ട്രെയിന്‍ കളിക്കുന്ന വയോധികന്‍; ക്യൂട്ട് വീഡിയോ എന്ന് സൈബര്‍ ലോകം

click me!