ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് ഈ സംഭവം ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയാണ് വീഡിയോ എടുത്തിരിക്കുന്ന വ്‌ളോഗര്‍ കൂടിയായ അരുണ്‍. തെങ്കാശിയിലേക്കുള്ള യാത്രമാധ്യേ റോഡില്‍ വച്ച് ഒരു പൊലീസുകാരന്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിക്കുന്നു
സാധാരണഗതിയില്‍ ബൈക്ക് യാത്രികരെയോ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയോ റോഡില്‍ വച്ച് പൊലീസ് കൈ കാണിച്ച് നിര്‍ത്തിക്കുന്നത് അല്‍പം 'ഡാര്‍ക്ക് സീന്‍' ആണ്, അല്ലേ? ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടാകാം പൊലീസ് വണ്ടി നിര്‍ത്തിക്കുന്നത്, അതല്ലെങ്കില്‍ പരിശോധനയ്ക്ക്. രണ്ടായാലും 'പണി' തന്നെ.
എന്നാല്‍ വ്യത്യസ്തമായൊരു കാരണത്തിന് വേണ്ടി ബൈക്ക് റൈഡറെ റോഡില്‍ വച്ച് തടഞ്ഞുനിര്‍ത്തിയ ഒരു പൊലീസുകാരനെ കുറിച്ചാണ് ഇനി പറയുന്നത്. ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് ഈ സംഭവം ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയാണ് വീഡിയോ എടുത്തിരിക്കുന്ന വ്‌ളോഗര്‍ കൂടിയായ അരുണ്‍. തെങ്കാശിയിലേക്കുള്ള യാത്രമാധ്യേ റോഡില്‍ വച്ച് ഒരു പൊലീസുകാരന്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിക്കുന്നു.
ആദ്യം സൂചിപ്പിച്ചത് പോലെ സ്വാഭാവികമായി, പൊലീസുകാരന്‍ ബൈക്ക് റൈഡറുടെ പേരും വിശദവിവരങ്ങളും ചോദിക്കുകയോ പരിശോധന നടത്തുകയോ ചെയ്യുമെന്നാണ് നമ്മള്‍ കരുതുക. ഒരുപക്ഷേ അരുണും അതുതന്നെയാകാം കരുതിയിരുന്നിട്ടുണ്ടാവുക. എന്നാല്‍ നമ്മുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പൊലീസുകാരന്‍ മറ്റൊരു കാര്യം അവതരിപ്പിക്കുന്നു.
അതുവഴി കടന്നുപോയ സര്‍ക്കാര്‍ ബസിലെ യാത്രികയായ വൃദ്ധയുടെ പക്കല്‍ നിന്നും മരുന്നുകുപ്പി താഴെ വീണുപോയി. ആ കുപ്പി എങ്ങനെയെങ്കിലും അവരുടെ കൈവശം തിരിച്ചെത്തിക്കുകയെന്നതാണ് പൊലീസുകാരന്റെ ലക്ഷ്യം. ഇതിന് വേണ്ടി ബസിന് പിറകെയായി വന്ന ബൈക്ക് റൈഡറെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് എങ്ങനെയും ബസ് പിടിച്ച് മരുന്ന് അവര്‍ക്ക് നല്‍കാന്‍ പൊലീസുകാരന്‍ അരുണിനോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഈ നിര്‍ദേശം കിട്ടിയതോടെ ഉടന്‍ തന്നെ അരുണ്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുന്നതും ഏറെ വൈകാതെ തന്നെ പൊലീസുകാരന്‍ പറഞ്ഞ ബസ് കണ്ടെത്തുകയും മരുന്ന് കൈമാറുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും ജനനന്മ കാംക്ഷിച്ച പൊലീസുകാരന്റെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. അരുണിന്റെ വീഡിയോയും വ്യാപകമായ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്.
വീഡിയോ കാണാം...
Also Read:- സർക്കസിനിടെ ആനകളുടെ അടിപിടി; വെെറലായി വീഡിയോ...