അപൂര്‍വതകളുമായി ഇരട്ട സഹോദരിമാര്‍; ഒടുവില്‍ ലോക റെക്കോര്‍ഡും...

By Web Team  |  First Published Feb 27, 2023, 7:52 PM IST

'കുട്ടികള്‍ എന്നെ ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്താല്‍ സഹായത്തിന് ഞാൻ ഇവളെ വിളിക്കും. ഞങ്ങളെ കുറിച്ച് പുറംലോകമറിയണം. എന്തെന്നാല്‍ ഇതുപോലുള്ള ശാരീരിക സവിശേഷതകളുള്ളവര്‍ക്ക് അതൊരു പ്രചോദനമാകണം. ഏതൊരു സാധാരണക്കാരെയും പോലെ ഈ സാഹചര്യം വച്ച് ജീവിക്കാമെന്നത് കാണിക്കണം...' - മിഷി പറയുന്നു. 


ഇരട്ടക്കുട്ടികള്‍ എപ്പോഴും ഏവരിലും കൗതുകം നിറയ്ക്കാറുണ്ട്. ഇരട്ടകളില്‍ ഒരു വിഭാഗം മുഖസാമ്യതയുള്ളവരും മറുവിഭാഗം കാഴ്ചയില്‍ സാമ്യതയില്ലാത്തവരും ആയിരിക്കും. ഇരട്ടകളാണെന്ന് വച്ച് സ്വഭാവത്തിലോ വ്യക്തിത്വത്തിലോ ഒന്നും സാമ്യതകളുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ചിലരില്‍ ഇക്കാര്യങ്ങളും ഏകദേശം ഒരുപോലെ വരാം.

ഇവിടെയിതാ ഏറെ അപൂര്‍വതകളുള്ള  ഇരട്ടകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ജപ്പാനിലെ ഒകയാമ സ്വദേശികളാണ് യോഷിയും മിഷിയും. ഇവര്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് ഏറ്റവും വലിയ പ്രത്യേകത. 

Latest Videos

യോഷിക്ക് അഞ്ചടി നാലിഞ്ചും മിഷിക്ക് രണ്ടടി 10.5 ഇഞ്ചുമാണ് ഉയരം. രണ്ടടി ഉയരം, നമുക്കറിയാം അത്ര സാധാരണമല്ല. ചില ജനിതക കാരണങ്ങളാലാണ് ഇത്തരത്തില്‍ ഉയരം അസാധാരണമാംവിധം കുറഞ്ഞുപോകാറ്. മിഷിയെ സംബന്ധിച്ച് എല്ലിനെ ബാധിച്ച അപൂര്‍വരോഗമാണ് ഉയരത്തിന്‍റെ രൂപത്തില്‍ വില്ലനായി എത്തിയത്. എന്തായാലും ഇരട്ടകളില്‍ ഒരാള്‍ക്ക് സാധാരണ ഉയരവും മറ്റെയാള്‍ അസാധാരണ ഉയരത്തിലും ആകുന്നത് അപൂര്‍വം തന്നെയാണ്. 

ഇതിന്‍റെ പേരിലിപ്പോള്‍ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഇവര്‍. ലോകത്തില്‍ വച്ച് ഏറ്റവും ഉയരവ്യത്യാസമുള്ള ഇരട്ട സഹോദരങ്ങള്‍ എന്ന പ്രത്യേകതയാണ് ഇവര്‍ക്ക് നേട്ടം സമ്മാനിച്ചിരിക്കുന്നത്. 

സാധാരണ ഉയരമുള്ളതിനാല്‍ തന്നെ യോഷി തന്‍റെ ജീവിതത്തില്‍ കാര്യമായ പ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ല. എന്നാല്‍ മിഷിയാകട്ടെ ഓരോ ഘട്ടത്തിലും പൊരുതിയാണ് മുന്നേറുന്നത്. സ്കൂളില്‍ പഠിക്കുമ്പോഴേ താൻ മറ്റുള്ളവരില്‍ നിന്ന് മാനസികമായ പീഡനം നേരിട്ടിട്ടുണ്ടെന്ന് മിഷി പറയുന്നു. ഇപ്പോഴും പുറത്തുപോകുമ്പോള്‍ ആളുകള്‍ തന്നെ തുറിച്ചുനോക്കാറുണ്ട്. അത് തനിക്ക് കുഴപ്പമില്ല. എന്നാല്‍ അവര്‍ പരസ്പരം സ്വകാര്യം പറയുകയും, തന്‍റെ തല നോക്കി- ഇവരുടെ തല മാത്രം വലുതാണല്ലോ എന്നൊക്കെ പറയുകയും ചെയ്താല്‍ അത് തന്നെ ഇപ്പോഴും വിഷമിപ്പിക്കാറുണ്ടെന്ന് മിഷി പറയുന്നു. 

'കുട്ടികള്‍ എന്നെ ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്താല്‍ സഹായത്തിന് ഞാൻ ഇവളെ വിളിക്കും. ഞങ്ങളെ കുറിച്ച് പുറംലോകമറിയണം. എന്തെന്നാല്‍ ഇതുപോലുള്ള ശാരീരിക സവിശേഷതകളുള്ളവര്‍ക്ക് അതൊരു പ്രചോദനമാകണം. ഏതൊരു സാധാരണക്കാരെയും പോലെ ഈ സാഹചര്യം വച്ച് ജീവിക്കാമെന്നത് കാണിക്കണം...' - മിഷി പറയുന്നു. 

'ഞങ്ങള്‍ ഒരുപാട് വ്യത്യാസങ്ങളുള്ളവരാണ്. ഇവള്‍ പെട്ടെന്ന് കരയും. ഭയങ്കര സെന്‍റിമെന്‍റലാണ്. ഞാൻ മുൻശുണ്ഠിക്കാരിയുമാണ്...'- യോഷി പറയുന്നു. ഞങ്ങളുടെ അഭിരുചികളും ഇഷ്ടങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന് മിഷിയും കൂട്ടിച്ചേര്‍ക്കുന്നു. 

യോഷി പുറത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മിഷി അച്ഛനമ്മാരുടെ കൂടെയാണ് താമസം. അവിടെ അവര്‍ക്കൊരു അമ്പലവുമുണ്ട്. അവിടത്തെ കാര്യങ്ങള്‍ നോക്കിനടത്താൻ അച്ഛനെ സഹായിക്കലും അത്യാവശ്യം ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യലുമാണ് മിഷിയുടെ ജോലി. 

ഇരുവരുടെയും മനോഹരമായ വീഡിയോ 'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്' സോഷ്യല്‍ മീഡിയിയല്‍ പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

വീഡിയോ...

 

New record: Greatest height differential in living fraternal twins (female) - 75.0 cm (2 ft 5.5 in) between Yoshie and Michie Kikuchi (Japan) 🇯🇵

Despite their differences, Yoshie and Michie remain the closest of sisters 🥰️ pic.twitter.com/B5LZ4aswaf

— Guinness World Records (@GWR)

 

Also Read:- ട്രെയിനില്‍ പഴ്സ് മറന്നുവച്ച് വിദേശവനിത, പിന്നീട് സംഭവിച്ചത്; വീഡിയോ...

 

click me!