'മാളൂട്ടി' സിനിമയെ ഓ‍ര്‍മ്മിപ്പിക്കുന്ന സംഭവം; കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താൻ മണിക്കൂറുകളുടെ പരിശ്രമം

By Web Team  |  First Published Feb 8, 2023, 7:37 PM IST

42 അടി താഴ്ചയുണ്ടായിരുന്ന ചെറിയ കുഴല്‍ക്കിണറിന് സമാനമായ കിണറ്റിലേക്ക് ഇറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തുകയെന്നത് സാധ്യമല്ലായിരുന്നു.മുപ്പത് സെന്‍റിമീറ്റര്‍ മാത്രമായിരുന്നു ഈ കിണറിന്‍റെ വായ്‍വട്ടം. 


'മാളൂട്ടി' എന്ന ഭരതൻ സിനിമ കാണാത്ത മലയാളികള്‍ കുറവായിരിക്കും. ബന്ധങ്ങളുടെ കഥ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു സാധാരണ സിനിമ, പക്ഷേ ചെന്നെത്തുന്നത് തീര്‍ത്തും അസാധാരണമായ- അന്നുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത ചലച്ചിത്രാനുഭവത്തിലായിരുന്നു. 

അഞ്ച് വയസ് മാത്രം പ്രായമുള്ളൊരു പെണ്‍കുഞ്ഞ് അബദ്ധത്തില്‍ അവധിക്കാലം ചെലവിടാൻ കുടുംബത്തോടൊപ്പമെത്തിയ എസ്റ്റേറ്റിലെ കുഴല്‍ക്കിണറില്‍ വീഴുകയും അവിടെ നിന്ന് അവളെ രക്ഷപ്പെടുത്താൻ അച്ഛനും അമ്മയും മറ്റുള്ളവരുമെല്ലാം കിണഞ്ഞ് പരിശ്രമിക്കുന്നതുമായിരുന്നു 'മാളൂട്ടി'യുടെ ഇതിവൃത്തം. 

Latest Videos

ശ്വാസമടക്കി പിടിച്ചുകൊണ്ടേ പ്രേക്ഷകര്‍ക്ക് ഈ സിനിമയുടെ ക്ലൈമാക്സ് വരെ കാണാനൊക്കൂ. അത്രമാത്രം ചങ്കിടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തില്‍ പകുതിക്ക് വച്ച് അങ്ങോട്ടുള്ളത്. സമാനമായൊരു സംഭവമാണിപ്പോള്‍ തായ്‍ലാൻഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒന്നര വയസ് കഴിഞ്ഞ ഒരു കുഞ്ഞ്. അബദ്ധത്തില്‍ അത് ആഴത്തിലുള്ളൊരു കിണറിലേക്ക് വീഴുകയും അതിനെ രക്ഷപ്പെടുത്താൻ മണിക്കൂറുകള്‍ എടുക്കുകയും ചെയ്തിരിക്കുകയാണ്. തായ്‍ലാൻഡിലെ താക് പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. മ്യാൻമറില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ കുഞ്ഞാണിത്.

ഒരു ഫാമില്‍ ചെയ്യുന്ന ദമ്പതികള്‍ തങ്ങള്‍ ജോലി ചെയ്യുന്നതിന് സമീപത്തായി ഒരു മരച്ചുവട്ടില്‍ കുഞ്ഞിനെ കിടത്തിയതായിരുന്നുവത്രേ. ഇടയ്ക്ക് വന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനായി തിരച്ചില്‍ നടത്തുന്നതിനിടെ അവിടെ അടുത്തുണ്ടായിരുന്ന ഒരു കിണറ്റില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.

ഇതോടെ ഇവര്‍ ബഹളം വച്ച് എല്ലാവരെയും കാര്യമറിയിച്ചു. ഉടൻ തന്നെ അടുത്ത പ്രദേശങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകരെത്തി. എന്നാല്‍ 42 അടി താഴ്ചയുണ്ടായിരുന്ന ചെറിയ കുഴല്‍ക്കിണറിന് സമാനമായ കിണറ്റിലേക്ക് ഇറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തുകയെന്നത് സാധ്യമല്ലായിരുന്നു.മുപ്പത് സെന്‍റിമീറ്റര്‍ മാത്രമായിരുന്നു ഈ കിണറിന്‍റെ വായ്‍വട്ടം. 

ആദ്യം ഒരു ട്യൂബില്‍ ക്യാമറ ഘടിപ്പിച്ച് കുഞ്ഞ് തടഞ്ഞിരിക്കുന്ന സ്ഥലം സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ മനസിലാക്കി. ശേഷം കുഞ്ഞിന് ഓക്സിജനെത്തിക്കാനുള്ള കുഴലും കുഴിയിലേക്കിറക്കി. ഇത് കഴിഞ്ഞ് കിണറിന് സമാന്തരമായി വേറെ കുഴിയെടുത്ത് ഇതുവഴി കുഞ്ഞിനെ രക്ഷപ്പെടുത്താനായിരുന്നു ശ്രമം.

ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകുമെന്ന് കരുതിയെങ്കിലും പിന്നീട് ഇത് ദുഷ്കരമായി മാറുകയായിരുന്നു. കുഴിയെടുക്കുമ്പോള്‍ കിണറിടിഞ്ഞ് കുഞ്ഞ് അതിനകത്ത് പെടാനുള്ള സാധ്യതകളുയര്‍ന്നു. അതുകഴിഞ്ഞ് എടുത്തുകൊണ്ടിരുന്ന കുഴിക്കകത്ത് പാറ കണ്ടു. ഇതും തുരന്ന് കുഴി വിസ്തൃതമാക്കാൻ ഏറെ സമയമെടുത്തു.

അങ്ങനെ ഏവരുടെയും പരിശ്രമത്തില്‍ 18 മണിക്കൂര്‍ നേരത്തെ നീണ്ട ശ്രമത്തിന് ശേഷം സാരമായ പരുക്കുകളൊന്നും കൂടാതെ കുഞ്ഞിനെ രക്ഷപ്പെടുത്തിയിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. 

 

കുഞ്ഞിന് നല്ലതോതില്‍ ക്ഷീണമുണ്ടെന്നും എന്താല്‍ ആന്തരീകാവയവങ്ങള്‍ക്കടക്കം വേറെ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും അപകടം നടന്ന ജില്ലയിലെ ഭരണാധികാരിയായ സാന്യ ഫെറ്റ്‍സെറ്റ് അറിയിച്ചു. 

എങ്കിലും ഇത്രയധികം മണിക്കൂറുകള്‍ ജീവൻ നഷ്ടപ്പെടാതെ ആഴത്തിലുള്ള കിണറിനകത്ത് കുഞ്ഞ് പിടിച്ചുനിന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ദാനിലെ അമ്മാവില്‍ റെസിഡെന്‍ഷ്യല്‍ ബില്‍ഡിംഗ് പൊട്ടി വീണ്, ഇതിന്‍റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 24 മണിക്കൂറോളം കിടന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് പിന്നീട് രക്ഷാപ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തും വരെ പിടിച്ചുനിന്നതും സമാനമായ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് തന്നെയാണ് ഈ കുഞ്ഞുങ്ങളെന്ന് നിസംശയം പറയാം. ഇപ്പോള്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ നിന്ന് ഇതുപോലെ കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ട സംഭവങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്. 

Also Read:- ഒമ്പത് ദിവസം ഭൂമിക്കടിയില്‍ ജീവനും മരണത്തിനും ഇടയ്ക്ക്; തൊഴിലാളികള്‍ക്ക് രക്ഷയായത് കാപ്പിപ്പൊടി

click me!