പാചകത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പെട്ടെന്ന് കുഞ്ഞ് സന്തോഷത്തോടെ അമ്മയ്ക്ക് നന്ദി പറയുകയും അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും 'ഐ ലവ് യൂ' പറയുകയും ഇത് കേട്ട് അമ്മ കണ്ണീരണിഞ്ഞപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതാണ് സത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വൈറലാകാൻ കാരണമായത്
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് വേണ്ടിത്തന്നെ തയ്യാറാക്കുന്നവ ആകാറുണ്ട്. ഇവയാകട്ടെ കണ്ടുകഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ നാം മറന്നുപോകാറുമുണ്ട്.
എന്നാല്‍ മറ്റ് ചീല വീഡിയോകള്‍ അങ്ങനെയല്ല. കണ്ടുതീര്‍ന്നാലും മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ നമ്മുടെ മനസില്‍ വീണ്ടും തികട്ടിവരുന്ന രംഗങ്ങള്‍. ഒരുപക്ഷേ സന്തോഷമാകാം അവയെ നമ്മളിലേക്ക് അടുപ്പിക്കുന്നത്. അല്ലെങ്കില്‍ മനസ് നിറയ്ക്കുന്ന - ആര്‍ദ്രമായ എന്തെങ്കിലുമൊരു രംഗം.
അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നാല് വയസുകാരനായ കുഞ്ഞും കണ്ടന്‍റ് ക്രിയേറ്ററായ അമ്മയും ചേര്‍ന്ന് ഒരുമിച്ച് ക്രിസ്മസ് സ്പെഷ്യല്‍ കുക്കീസുകള്‍ തയ്യാറാക്കുന്നതാണ് വീഡിയോ. ഷെഫിനെ പോലെ വസ്ത്രം ധരിച്ച് ഉത്തരവാദിത്തപൂര്‍വം അമ്മയെ സഹായിക്കുന്ന മിടുക്കനെയാണ് നമുക്ക് ഈ വീഡിയോയില്‍ കാണാൻ സാധിക്കുക.
പാചകത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പെട്ടെന്ന് കുഞ്ഞ് സന്തോഷത്തോടെ അമ്മയ്ക്ക് നന്ദി പറയുകയും അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും 'ഐ ലവ് യൂ' പറയുകയും ഇത് കേട്ട് അമ്മ കണ്ണീരണിഞ്ഞപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതാണ് സത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വൈറലാകാൻ കാരണമായത്. അത്രമാത്രം വൈകാരികമായ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ വീഡിയോയില്‍ കണ്ട അമ്മയും കുഞ്ഞും ആരാണെന്നോ എന്താണ് ഇതിലിത്രയും വൈകാരികത വന്നുനിറഞ്ഞിരിക്കുന്നതെന്നോ ഒന്നും ആരുമറിഞ്ഞില്ല.
എന്നാലീ വീഡിയോയെ കുറിച്ച് വീഡിയോയില്‍ കാണുന്ന കണ്ടന്‍റ് ക്രിയേറ്ററായ ജെയ്‍ല ഹെൻറി തന്നെ പങ്കുവച്ചതോടെയാണ് ഏവരും എല്ലാമറിയുന്നത്.ജെയ്‍ലിയും മകൻ ബ്രേലണുമാണ് വീഡിയോയിലുള്ളത്. ബ്രേലണിന് ഒന്നര വയസുള്ളപ്പോഴാണ് ഇവന് സംസാരിക്കാൻ ചില പ്രയാസങ്ങളുണ്ടെന്നത് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ഇതിന് ശേഷം ചികിത്സകള്‍ പലതും ചെയ്തു. വളരെ സാവധാനമായിരുന്നുവത്രേ കുഞ്ഞ് ഓരോന്നും പറഞ്ഞ് ശീലിച്ചത്.
അപ്പോഴും ഇത്രയും വര്‍ഷങ്ങള്‍ക്കിടെ അവൻ അമ്മയോട് 'ഐ ലവ് യൂ മമ്മി' എന്ന് പറഞ്ഞിട്ടേയില്ല. ആദ്യമായി ഈ വീഡിയോ പകര്‍ത്തവേയാണ് ആകസ്മികമായി ജെയ്‍ലയോട് അവനിത് പറയുന്നത്. വര്‍ഷങ്ങളായുള്ള തന്‍റെ കാത്തിരിപ്പിന്‍റെ ശുഭകരമായ അവസാനമാണ് വീഡിയോയില്‍ കാണുന്നതെന്നും ആ നിമിഷം തന്നെ എത്രമാത്രം സ്പര്‍ശിച്ചുവെന്ന് ഒരുപക്ഷേ ഇക്കഥകളൊന്നും അറിയാത്ത കാഴ്ചക്കാര്‍ക്ക് മനസിലാകില്ലെന്നും ജെയ്‍ല പറയുന്നു.
ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇത്രയും കാര്യങ്ങള്‍ പങ്കുവച്ചത്. മകൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ ആ അമ്മ കണ്ണീരണിഞ്ഞത് എന്തിനായിരുന്നുവെന്നും അതിന്‍റെ ആഴമെത്രയായിരുന്നുവെന്നും ഇപ്പോഴാണ് മനസിലാകുന്നതെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് പലരും കുറിക്കുന്നു. ഭാഗ്യവതിയായ അമ്മ തന്നെയാണ് ജെയ്‍ലയെന്നും സന്തോഷത്തിന്‍റെ നാളുകളായിരിക്കും ഇനി നിങ്ങള്‍ക്ക് വരാനിരിക്കുന്നതുമെല്ലാം ആശംസിക്കുന്നവരും ഏറെയാണ്.
എന്തായാലും ഹൃദയസ്പര്‍ശിയായി വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- കുഞ്ഞിനെ 'ക്യൂട്ട്' ആയി പറ്റിക്കുന്ന അമ്മ; രസകരമായ വീഡിയോ കണ്ടുനോക്കൂ...